വേദഗ്രന്ഥങ്ങളുടെ താരതമ്യ വായന

കെ.സി. സലീം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഖുർആൻ ബൈബിൾ ഒരു താരതമ്യ വായന എന്ന കൃതിയെക്കുറിച്ച വിലയിരുത്തലിന്റെ രണ്ടാം ഭാഗം

1733 ലാണ് വിശുദ്ധ ഖുർആന് പ്രഥമ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയത്. അതിന് ശേഷം ഇന്നോളം ഇരുനൂറിലേറെ ഇംഗ്ലീഷ് പരിഭാഷകൾ പുറത്തുവന്നു. എന്നാൽ ഇവിടെ പരാമർശിക്കുന്ന പരിഭാഷക്ക് നിരവധി സവിശേഷതകളുണ്ട്. ഖുർആൻ പണ്ഡിതനായ മുസ് ലിമും ബൈബിൾ പണ്ഡിതനായ ക്രൈസ്തവനും സഹകരിച്ച് തയാറാക്കിയ പരിഭാഷയെന്നതാണ് ഒന്നാമത്തേത്. അബ്രഹാമിക മതങ്ങളായ ഇസ് ലാമിനും ക്രൈസ്തവതക്കും ഇടയിൽപരസ്പര ധാരണയുടെ പാലം പണിയുന്നതിന് വേണ്ടി ഇരുവരും തയാറാക്കി എന്ന ഉദ്ദേശ്യമാണ് സുപ്രധാനമായ മറ്റൊന്ന്.
ഖുർആൻ സൂക്തങ്ങളും ബൈബിളും തമ്മിലുള്ള യോജിപ്പുള്ള 3000ത്തോളം വാക്യങ്ങൾ ഈ താരതമ്യവായനയിലുണ്ട്. ഖുർആൻ വാക്യത്തിന് അടിക്കുറിപ്പായി സമാന അർത്ഥം വരുന്ന ബൈബിൾ വാക്യം നൽകിയിരിക്കുന്നു. 
വളരെ കൗതുകകരമായ നിരവധി സാമ്യതകൾ നമുക്ക് കാണാനാകും.
ഭാവിയെക്കുറിച്ച് പറയുമ്പോൾ മുസ് ലിംകൾ പ്രയോഗിക്കുന്ന പദമാണ് ഇൻശാ അല്ലാഹ്  അഥവാ ദൈവം ഇഛിച്ചാൽ എന്നത്. വിശുദ്ധ ഖുർആനിലെ 18ാം അധ്യായം 18 അൽ കഹ്ഫിലെ ഒരു സൂക്തമാണ് അതിന് അടിസ്ഥാനം. 
18: 23,24 സൂക്തത്തിൽ ഖുർആൻ പറയുന്നു: യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീർച്ചയായും ചെയ്യുമെന്ന് നീ പറഞ്ഞുപോകരുത് (18:23). ദൈവം ഉദ്ദേശിച്ചാൽ എന്ന് കൂട്ടിച്ചേർത്ത് കൊണ്ടല്ലാതെ.
ഇതിന് 1261 അടിക്കുറിപ്പ് നോക്കുക: യാക്കോ: 4:15 നിങ്ങൾ ഇങ്ങിനെയാണ് പറയേണ്ടത്: കർത്താവ് മനസ്സാകുന്നൈങ്കിൽ, ഞങ്ങൾ ജീവിക്കുകയും യഥായുക്തം പ്രവർത്തിക്കുകയും ചെയ്യും. 
(ഖുർആൻ ബൈബിൾ താരതമ്യ വായന പേജ് 285) 
-----------
ഖുർആനിലെ ആദ്യ അധ്യായം ഫാതിഹയുടെ ആദ്യ സൂക്തങ്ങളുടെ മൊഴിമാറ്റം
പരമദയാലുവും എല്ലാവരോടും കരുണയുള്ളവനുമായ ദൈവത്തിന്റെ നാമത്തിൽ. സർവ  ലോകങ്ങളുടെയും പരിപാലകനായ ദൈവത്തിന് മാത്രമാകുന്നു സർവ സ്തുതിയും. പരമദയാലുവും കരുണാവാരിധിയും വിധിനാളിന്റെ ഉടമസ്ഥനുമാണവൻ 17 . നിന്നെ മാത്രമാണ് ഞങ്ങൾ ആരാധിക്കുന്നത്,നിന്നോട് മാത്രമാണ് ഞങ്ങൾ സഹായമർത്ഥിക്കുന്നത്. നീ ഞങ്ങളെ നേർവഴിയിൽ നയിക്കേണമേ; നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ, നിന്റെ കോപത്തിന് ഇരയായവരുടെയും വഴിപിഴച്ചവരുടെയും മാർഗത്തിലല്ല. 
17. മത്തായി 12: 36, വിധിനാളിന്റെ ഉടമസ്ഥനുമാണവൻ എന്ന സൂക്തത്തിന് അടിക്കുറിപ്പ് നൽകുന്നു: ഞാൻ നിങ്ങളോട് പറയുന്നു: മനുഷ്യർ പറയുന്ന ഓരോ വ്യർഥവാക്കിനും വിധി ദിവസത്തിൽ കണക്കുകൊടുക്കേണ്ടി വരും. (മത്തായി 12:36). മറ്റ് സൂക്തങ്ങൾക്ക് അടിക്കുറിപ്പായി ലൂക്ക 4: 8, സങ്കീർത്തനം 25:46, നിയമാവർത്തനം 6:25, നിയമാവർത്തനം 7:12,13; മത്തായി 6: 9-14 വാക്യങ്ങളാണ് നൽകുന്നത്. 
(താരതമ്യവായന പേജ് 1,2) 
*****
സൂറത്തുൽ ബഖറയിലെ ആയത്തുൽ കുർസിയ്യ് (സൂക്തം 255) പരിഭാഷ ഇങ്ങിനെ:

ദൈവം - അവനല്ലാതെ ദൈവമില്ല. എന്നെന്നും നിലനിൽക്കുന്നവൻ, പരാശ്രയമില്ലാത്തവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശ ഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ സന്നിധിയിൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും, അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇഛിക്കുന്നതല്ലാതെ മറ്റൊന്നും അവർക്ക് അറിയാൻ കഴിയില്ല. അവന്റെ അധികാര പീഠം ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവൻ അത്യുന്നതനും മഹാനുമാകുന്നു. ( 2: 255). ഇതിന് സമാനമായ ബൈബിൾ വചനമില്ല. (ഖുർആൻ ബൈബിൾ ഒരു താരതമ്യവായന: പേജ് 40) 
*****
വശ്യമനോഹരവും ഹൃദയഹാരിയുമായ വിശുദ്ധ ഖൂർആൻ സൂറ നൂർ: 35  സൂക്തം പരിഭാഷ: 

ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാണ് ദൈവം. 1552 അവന്റെ പ്രകാശത്തെ ഒരു ചില്ലുകൂട്ടിൽ വെച്ചിട്ടുള്ള വിളക്കുമാടത്തോട്് (അതിൽ നിന്നും വരുന്ന വെളിച്ചം) ഉപമിക്കാം; 1553  സ്ഫടികക്കൂട് ഒരനുഗൃഹീത വൃക്ഷത്തിൽ നിന്നും ഇന്ധനം നിറക്കപ്പെട്ട, ഒരു ജ്വലിക്കുന്ന  നക്ഷത്രത്തെ പോലെയും (തിളങ്ങുന്നു); പാശ്ചാത്യമോ പൗരസ്ത്യമോ അല്ലാത്ത ഒരു ഒലീവ് വൃക്ഷം. 
നീ തൊട്ടില്ലെങ്കിൽപോലും അതിന്റെ എണ്ണ സ്വയം  പ്രകാശിക്കുന്നു; വെളിച്ചത്തിന് മേൽ വെളിച്ചം; 1554  വെളിച്ചത്തിലേക്ക് (നയിക്കപ്പെടണമെന്ന്) ആഗ്രഹിക്കുന്നവരെ ദൈവം അവന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നു. ദൈവം ജനങ്ങൾക്ക് വേണ്ടി ഇത്തരം ഉപമകൾ അവതരിപ്പിക്കുന്നു, അവന് (മാത്രമാണ്) സർവ കാര്യങ്ങളെക്കുറിച്ചും ജ്ഞാനമുള്ളത്. (24: 35)  

1552 1. യോഹന്നാൻ 1:5 ഇതാണ് ഞങ്ങൾ അവനിൽ നിന്ന് കേൾക്കുകയും, നിങ്ങളോട് പ്രഖ്യാപിക്കുകയും ചെയ്യുന്ന സന്ദേശം:  ദൈവം പ്രകാശമാണ്.
1553 സങ്കീ. 119: 105  അങ്ങയുടെ വചനം എന്റെ പാദത്തിന് വിളക്കും പാതയിൽ പ്രകാശവുമാണ്. 
1554 ഏശയ്യ 42:16 അജ്ഞാതമായ മാർഗത്തിൽ കുരുടരെ ഞാൻ നയിക്കും. അപരിചിതമായ പാതയിൽ അവരെ ഞാൻ നടത്തും. അവരുടെ മുമ്പിലെ അന്ധകാരത്തെ ഞാൻ പ്രകാശമാക്കുകയും ദുർഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാൻ അവർക്ക് ചെയ്തുകൊടുക്കും; അവരെ ഉപേക്ഷിക്കുകയില്ല 
(ഖുർആൻ ബൈബിൾ ഒരു താരതമ്യവായന: പേജ് 346) 
****
അൽ ഇഖ് ലാസ് എന്ന് വിശുദ്ധ ഖുർആനിലെ 112ാം അധ്യായം. വിശ്വാസ  ശുദ്ധി എന്ന്് പരിഭാഷ നൽകിയിരിക്കുന്നു. വിവർത്തനം ഇങ്ങിനെ:
പരമദയാലുവും എല്ലവരോടും കരുണയുള്ളവനുമായ ദൈവത്തിന്റെ നാമത്തിൽ.
പറയൂ: അവനാണ് ദൈവം. അദ്വിതീയൻ.3174 ( 112: 01) നിതാന്തം (എല്ലാ സൃഷ്ടിയുടെയും ഹേതു വേണ്ടതില്ലാത്ത ഹേതു) (112: 02)ജനിപ്പിക്കുകയോ ജനിക്കുകയോ ചെയ്യാത്തവൻ (112:03). അവന്ന് തുല്യനായി ആരും ഇല്ല 3175 ( 112: 04)
3174 ഏശയ്യ 46:9 പഴയ കാര്യങ്ങൾ ഓർക്കുവിൻ, ഞാനാണ് ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. ഞാൻ തന്നെ ദൈവം, എന്നെപ്പോലെ മറ്റാരുമില്ല.

3175 നിയമ. 6:4  ഇസ്രായേലേ കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഒരേ ഒരു കർത്താവാണ്. 

(തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിചാരം ബുക്‌സാ ( ഐ.പി.എച്ച്. ടവർ, പോസ്റ്റ് ഓഫീസ് റോഡ്, തൃശൂർ 1680 001) ണ് കനപ്പെട്ട ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ. 700നടുത്ത് പേജുകളുള്ള ഗ്രന്ഥത്തിന് 750 രൂപയാണ് വില.) 

Latest News