തലസ്ഥാന നഗരയിലേക്ക്് പിന്നിട്ട വാരത്തിൽ ട്രെയിൻ യാത്ര നടത്തി. കാസർകോട്ടു നിന്ന് അതിവേഗം ആളുകളെ തലസ്ഥാനത്തെത്തിക്കാനുള്ള ആലോചനകളാണല്ലോ എങ്ങും. അപ്പോഴൊക്കെ പരാമർശിച്ചു കേട്ടത് നിലവിൽ കേരളത്തിൽ ഏറ്റവും വേഗത്തിൽ ഓടുന്ന ട്രെയിൻ രാജധാനിയാണെന്നാണ്. തിരുവനന്തപുരം-നിസാമുദ്ദീൻ റൂട്ടിലോടുന്ന രാജധാനി കോഴിക്കോട്ടെത്താൻ എട്ട്് മണിക്കൂറിലേറെ സമയെടുക്കുന്നു. എന്നാൽ മാവേലിയും നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റും ഇതേ ദൂരം ഇത്രയും സമയമെടുക്കാതെ എത്തുന്നുണ്ട്. സ്റ്റോപ്പുകൾ കുറഞ്ഞതും ആലപ്പുഴ വഴി യാത്ര ചെയ്യുന്നതുമാണ് ഇരു ട്രെയിനുകൾക്കും ഗുണകരമാവുന്നത്. ഏതാണ്ട്് രണ്ട്് ദശകങ്ങളുടെ ഇടവേളയിലാണ് ചുറ്റും വന്ന മാറ്റങ്ങൾ നിരീക്ഷിച്ചുള്ള യാത്ര. കോഴിക്കോട് സ്‌റ്റേഷൻ വാസ്‌കോഡഗാമയ്ക്ക് പോലും ടീ സ്റ്റാളുകളുടെയും വെയിറ്റിംഗ് റൂമിന്റേയും സ്ഥാനം കണ്ടു പിടിക്കാൻ പാകത്തിൽ ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്നു. തിരുവനന്തപുരത്തിന്റെ എം.പി സദാ തിരക്കിലാണ്. ഇംഗ്ലീഷിൽ പുതിയ വാക്കുകൾ കണ്ടുപിടിക്കണം.
പാർലമെന്റിലെ വനിതാ എം.പിമാർക്കൊപ്പം ഫോട്ടോയെടുത്ത് ട്വിറ്ററിൽ പോസ്റ്റി വിവാദമുണ്ടാക്കണം. മോഡി വഴി തെറ്റുമ്പോഴൊക്കെ തിരുത്താൻ ഇടപെടുകയും വേണം. ഇത്രയൊക്കെ തിരക്കുണ്ടെങ്കിലും തിരുവനന്തപുരവും കൊച്ചുവേളിയും ശശി തരൂർ ശ്രദ്ധിക്കുന്നതിന്റെ ഗുണം കാണാനുണ്ട്. എറണാകുളമെന്നാൽ സൗത്ത് ജംഗ്്ഷനെന്നതായിരുന്നു സങ്കൽപം. അത് മാറി നോർത്തിലും പല വികസന പരിപാടികളും നടക്കുന്നു. വെൽഡൺ ഹൈബി ഏഡൻ. പാവം കുറ്റിപ്പുറം. ലീഡർ കരുണാകരന്റെ കാലശേഷം ഗതികേടിലായി. പണ്ടാണെങ്കിൽ ഗുരുവായൂരിന്റേയും പുതുപൊന്നാനിയുടേയും പേര് പറഞ്ഞ്് എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ്് അനുവദിപ്പിക്കുമായിരുന്നു. ചരിത്ര സ്മരണകളുറങ്ങുന്ന തിരൂരിനും സംസാരിക്കാൻ ആളില്ലാതായി.
സ്വകാര്യ പങ്കാളിത്തത്തോടെ റെയിൽവേ സ്റ്റേഷനുകൾ വിമാനതാവളങ്ങൾ പോലെ വികസിപ്പിക്കാൻ ഏതാനും വർഷം മുമ്പ് ആദ്യം തെരഞ്ഞെടുത്തത് ചെന്നൈയേയും കോഴിക്കോടിനെയുമാണ്. ഒന്നും സംഭവിച്ചില്ല. ലോക്്‌സഭ എം.പിക്കു പുറമേ നിരവധി രാജ്യസഭാ എം.പിമാരും കോഴിേേക്കാടും പരിസര പ്രദേശങ്ങളിൽ നിന്നുമുണ്ട്. എണ്ണത്തിൽ കൂടുതലുണ്ടെങ്കിലും എല്ലാം കൽപറ്റയിലെ എസ്.എഫ്.ഐക്കാർ പറഞ്ഞ ടൈപ്പാണെന്ന്് മാത്രം. അതിനിടയ്ക്കാണ് മോഡി സർക്കാർ ഇന്ത്യയുടെ അഭിമാനമായ കായിക താരം പി.ടി ഉഷയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. നല്ല കാര്യം. ലോബിയിംഗൊന്നുമില്ലാതെ ചേമഞ്ചേരി കുഞ്ഞിരാമൻ ഭാഗവതരേയും അലി മണിക്്ഫാനെയും കളരി ടീച്ചറേയും പത്മ നൽകി ആദരിച്ചത് പോലൊരു സൽക്കർമ്മം. റെയിൽവേയോട് വിട പറഞ്ഞാണ് പയ്യോളി എക്‌സ്പ്രസ് പാർലമെന്റിലെത്തുന്നത്. ഉഷയുടെ കീർത്തിയുമായി ബന്ധപ്പെട്ടാണ് ചില എക്‌സ്പ്രസ് ട്രെയിനുകൾ വടകരയ്ക്കടുത്ത ലോക്കൽ സ്‌റ്റേഷനായ പയ്യോളിയിൽ നിർത്തുന്നത്. ഉഷ വന്നിട്ടെങ്കിലും മരവാഴകളുടെ നാട്ടിൽ കാർഷിക സമൃദ്ധിയുടെ കാലം വരട്ടെ.
*** *** ***
ലൈംഗിക പീഡനക്കേസുകൾക്ക് രണ്ട് വശങ്ങളുണ്ടെന്ന് നടി മംമ്ത മോഹൻദാസ്. ചുരുക്കം ചില സംഭവങ്ങളൊഴിച്ചാൽ ഇരയാവാൻ സ്ത്രീകൾ നിന്നുകൊടുക്കുകയാണെന്നും മംമ്ത പറഞ്ഞു. യഥാർത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാൻ സാധിക്കില്ലെന്നും ഇതൊക്കെ അടച്ചിട്ട മുറിയിൽ വെച്ചാണ് സംസാരിക്കേണ്ടതാണെന്നാണ് അഭിപ്രായമെന്നും അവർ മീഡിയ വൺ ടിവിയോട് പറഞ്ഞു. ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ കൂട്ടത്തിലുണ്ട്. അമ്മയിൽ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. യഥാർത്ഥ ഇരകൾക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാൻ ഡബ്ലൂ.സി.സിക്ക് കഴിഞ്ഞാൽ അത് നല്ലതാണ്. ലോകത്ത് തന്നെ ഒരു ഡിവിഷനുണ്ട്. അത് ഇൻഡസ്ട്രിയിലുമുണ്ട്. എല്ലാത്തിനും രണ്ട് വശങ്ങളുണ്ടാവും, രണ്ട് വശങ്ങളെ പറ്റിയും അറിയാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. തെറ്റ് സംഭവിച്ചാൽ രണ്ട് വശത്ത് നിന്നും തുല്യപങ്കാളിത്തമുണ്ടായിരിക്കും. ഒരു സ്ഥലത്തേക്ക് പോയി അവിടെ നിന്ന് എന്തെങ്കിലും സംഭവിച്ചിട്ട് ഞാൻ അതിന്റെ ഇരയാണെന്ന് പറയുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. ഏത് സിറ്റുവേഷനിലേക്ക് പോകുമ്പോഴും ചിന്തിക്കുക.
ഞാൻ ഒരു വ്യക്തിയുടെ അടുത്തേക്ക് പോകുമ്പോൾ അയാളെന്താണ് എന്നെ പറ്റി ചിന്തിക്കുന്നതെന്ന് തിരിച്ചറിയണം. പരാതി കൊടുക്കാനുള്ള ബുദ്ധി ഉണ്ടെങ്കിൽ ഇതൊക്കെ നേരത്തെ മനസിലാക്കാനുള്ള ബുദ്ധിയും ഒരു പെൺകുട്ടിക്കുണ്ട്. ജനുവിനായ ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. ആ ഇരക്കൊപ്പം നിൽക്കണം. സിനിമ മേഖലയിലെ ചൂഷണങ്ങൾക്ക് രണ്ടു പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. മാനസികമായോ ശാരീരികമായോ പീഡനമുണ്ടായാൽ അവിടെ നിന്ന് ഇറങ്ങിപ്പോരാൻ കഴിയണം- മംമ്ത പറഞ്ഞു.
മമത ടിവി അഭിമുഖത്തിൽ ഇത് പറഞ്ഞ ദിവസം തന്നെയാണ് കേരള ഹൈക്കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം പുറത്തു വന്നത്.
വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അഭിഭാഷകൻ നവനീത് എൻ.നാഥിന് ജാമ്യം പരിഗണിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം.
ഒരുമിച്ച് ജീവിച്ച ശേഷം സ്‌നേഹ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെ ബലാത്സംഗമായി കാണാനാവില്ല. ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണ്. വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്ന കാലമാണിത്. സ്‌നേഹ ബന്ധത്തിൽ ഭിന്നതയുണ്ടാകുമ്പോൾ ഒരാൾ ഉയർത്തുന്ന ആരോപണങ്ങൾ മറ്റേയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ നമ്മുടെ നാട്ടിലും ഇപ്പോൾ ലിവ് ഇൻ ബന്ധങ്ങൾ സാധാരണമായിട്ടുണ്ട്. ബന്ധം ഏറെ മുന്നോട്ടുപോയി കഴിയുമ്പോഴാണ് ഇവരിൽ ഒരാൾക്ക് ഇത് തുടരാനാകില്ലെന്ന് ബോധ്യപ്പെടുക. അത്തരം സാഹചര്യങ്ങളിൽ ഒരാൾക്കെതിരെ ബലാത്സംഗ കുറ്റം നിലനിൽക്കില്ല. അത് വിശ്വാസ വഞ്ചന മാത്രമാണെന്നും കോടതി വ്യക്തമാക്കി.
*** *** ***
ഇപ്പോഴത്തെ മലയാള സിനിമകളിൽ ചിലത് റിലീസ് ചെയ്യുമ്പോൾ മിക്ക തിയേറ്ററുകളിലും അത് തന്നെയാവും പ്രദർശിപ്പിക്കുക. ആദ്യ വാരത്തിൽ വരാനുള്ളതെല്ലാം ഇങ്ങ് പോരട്ടെയെന്ന ലൈൻ. പെരുന്നാൾ റിലീസായെത്തിയ പൃഥ്വിരാജിന്റെ കടുവ കോഴിക്കോട് നഗരത്തിൽ രാധ ഉൾപ്പെടെ വിവിധ പ്രദർശന ശാലകളിലുണ്ട്. വടകരയിലെ അഞ്ച്് തിയേറ്ററുകളിലെ എല്ലാ സ്‌ക്രീനുകളിലും കടുവയുടെ അഴിഞ്ഞാട്ടമാണ്. അതായത് ആസ്വാദകർക്ക് മറ്റൊരു ചോയ്‌സില്ലെന്ന് ചുരുക്കം. മലയാള സിനിമയിൽ കുറച്ച് വർഷങ്ങളായി ഇല്ലാതെയിരുന്ന നാടൻ മാസ്സ് ആക്ഷൻ ചിത്രങ്ങൾ ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ കടുവയിലൂടെ തിരിച്ചെത്തി. അന്യഭാഷാ മാസ്സ് ചിത്രങ്ങൾ കണ്ട് രസിച്ചു പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു ഈ സിനിമ.
കെജിഎഫ്, ആർആർആർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ അടിയും ഇടിയും തിരിച്ചടിയും മാത്രം കൊണ്ടല്ല പ്രേക്ഷകർ സ്വീകരിച്ചത്. ആ അടിക്കുന്നത് എന്ത് കാരണം കൊണ്ടാണെന്ന് പ്രേക്ഷകന് മനസ്സിലാവണം. കഥാപാത്രവുമായി അടുപ്പം തോന്നണം. എന്നാൽ മാത്രമേ പ്രേക്ഷകന് അത് ആസ്വദിക്കാൻ സാധിക്കൂ. കടുവയ്ക്ക് സാധിക്കാതെ പോയതും അത് തന്നെയാണ്. കുര്യച്ചൻ എന്ന പൃഥ്വിരാജ് അഭിനയിക്കുന്ന കഥാപാത്രം തലങ്ങും വിലങ്ങും വില്ലന്മാരെയും പോലീസിനെയും ഒക്കെ അടിക്കുമ്പോൾ പോലും പ്രേക്ഷകന് അത് കണക്റ്റ് ആവുന്നില്ല. തിരക്കഥയിൽ പാളിച്ച സംഭവിച്ചിട്ടുണ്ട്. സിനിമയുടെ ടൈറ്റിൽ എഴുതി കാണിക്കുന്നതിന് മുൻപ് തന്നെ ഒരു സൂപ്പർ ഫൈറ്റോടെയാണ് തുടക്കം.
വലിച്ചുനീട്ടിയ തിരക്കഥയും കുറെ ഫൈറ്റ് രംഗങ്ങൾ കുത്തിനിറച്ചും ബോറായിട്ടുണ്ട്. തിരക്കഥ മെച്ചപ്പെടുത്തിയിരുന്നെങ്കിൽ മറ്റൊരു തലത്തിലേക്ക് സിനിമയ്ക്ക് ഉയരാൻ സാധിക്കുമായിരുന്നു. മാസ് അപ്പീൽ പ്രേക്ഷകരിലേക്ക് കൊണ്ടുവരാൻ പൃഥ്വിരാജ് കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നാൽ സ്‌ക്രീൻ പ്രെസൻസിൽ തന്നാൽ കഴിയും വിധം പൃഥ്വിരാജ് ശ്രമിക്കുന്നുണ്ട്. ആടുജീവിതവുമായി ബന്ധപ്പെട്ട് തടി കുറച്ചത് കുര്യാച്ചൻ എന്ന കഥാപാത്രത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ചില സംഭാഷണങ്ങളും വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിക്കുന്ന ഒട്ടും യോജിക്കാൻ കഴിയാത്തതായ ചില രംഗങ്ങളും ഉണ്ടായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ കുറിച്ചുള്ള സംഭാഷണം ഡിലീറ്റ്് ചെയ്യണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
പൃഥിരാജ് നായകനായ ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. മലയാളത്തിനൊപ്പം അന്യഭാഷ ചിത്രങ്ങളിലും സജീവമാണ് സംയുക്ത.
അഭിനയിച്ചതിന് ശേഷം കിട്ടുന്ന ഫെയിമോ സക്‌സസോ പണമോ അല്ല തനിക്ക് പ്രധാനമെന്നും അഭിനയിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് പ്രയോറിറ്റിയെന്നും പറഞ്ഞിരിക്കുകയാണ് സംയുക്ത. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
തമിഴ് ഭാഷ ആദ്യമേ അറിയാമായിരുന്നു. തെലുങ്ക് പഠിക്കാനുളള കാരണം ഞാൻ സിനിമകൾ ചെയ്യുന്നു, അപ്പോൾ എനിക്ക് തന്നെ ഡബ്ബ് ചെയ്യണം എന്നുളളതുകൊണ്ടാണ്. ഡയലോഗുകൾ എനിക്ക് കൃത്യമായി ഡെലിവർ ചെയ്യണം എന്നുളളതുകൊണ്ടാണ്. വൺ ടു ത്രീ എന്നുപറയാൻ എനിക്ക് താൽപര്യമില്ല. കാരണം അത്രയും നല്ല അഭിനേതാക്കളുടെ കൂടെയാണ് എനിക്ക് അവസരം കിട്ടിയിട്ടുള്ളത്. സിനിമയിൽ അഭിനയിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ജോയ് ഉണ്ട്. അഭിനയിച്ചതിന് ശേഷം കിട്ടുന്ന ഫെയിമോ സക്‌സസോ പണമോ അല്ല, അഭിനയിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് എന്റെ പ്രയോറിറ്റി. അതുകൊണ്ട് തന്നെ കറക്ടായിട്ട് അഭിനിക്കണമെങ്കിൽ ഭാഷ അറിയണം. കന്നഡ മാത്രമാണ് എനിക്ക് കൃത്യമായി അറിയാത്തത്- സംയുക്ത പറഞ്ഞു. ഇതെല്ലാം നല്ല കാര്യങ്ങൾ. കൂടുതൽ ഫെയിം വരുന്നതോടെ നഴ്്‌സറി കുട്ടികളുടെ ഉടുപ്പുകളോട് താൽപര്യമേറുന്നതായി നെറ്റിസൺസ്.
*** *** ***
ബിഗ് ബോസ് മലയാളം സീസൺ 4 ടൈറ്റിൽ വിന്നറായി ദിൽഷ പ്രസന്നൻ. ബിഗ് ബോസ് അവതാരകനും സൂപ്പർതാരവുമായ മോഹൻലാലാണ് ഗ്രാന്റ് ഫിനാലെ വേദിയിൽ വിജയിയെ പ്രഖ്യാപിച്ചത്. അവസാന വാരത്തിൽ ഫൈനലിൽ ഏറ്റുമുട്ടിയ ആറ് മത്സരാർഥികൾക്ക് വേണ്ടി രേഖപ്പെടുത്തിയ വോട്ടുകളിൽ 39 ശതമാനം വോട്ടും ലഭിച്ചത് ദിൽഷയ്ക്ക്. മുഹമ്മദ് ദിലിജന്റ് ബ്ലെസ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. ആദ്യമായാണ് ബിഗ് ബോസ് മലയാളം ഷോയിൽ ഒരു വനിത മത്സരാർഥി കിരീടം ചൂടുന്നത്. ഇതിനു മുൻപുള്ള മൂന്ന് സീസണുകളിലും പുരുഷ മത്സരാർഥികളാണ് വിന്നറായത്. 50 ലക്ഷം രൂപയാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്.
ആറ് പേരാണ് അവസാന ലാപ്പിൽ ഉണ്ടായിരുന്നത്. ഫിനാലെ വേദിയിൽ വെച്ച് ഇതിൽ ഓരോരുത്തൽ എവിക്ട് ആയതായി ബിഗ് ബോസ് പ്രഖ്യാപിച്ചു. ആദ്യം പുറത്തായത് സൂരജ്. പിന്നീട് ധന്യ മേരി വർഗീസും ലക്ഷ്മിപ്രിയയും ബിഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങി. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസിലേക്ക് എത്തിയ റിയാസ് സലിം മൂന്നാമനായാണ് ബിഗ് ബോസിൽ നിന്ന് പുറത്തായത്. അവസാനം വീട്ടിൽ ശേഷിച്ച ദിൽഷയേയും ബ്ലെസ്‌ലിയേയും തന്റെ അടുത്തേക്ക് കൊണ്ടുവന്ന് മോഹൻലാലാണ് വിജയിയെ പ്രഖ്യാപിച്ചത്
*** *** ***
മൃഗത്തിന്റെ എല്ല് ഉപയോഗിച്ച് ചെണ്ട കൊട്ടിയ സംഭവത്തിൽ ക്ഷമ പറഞ്ഞ് ബോബി ചെമ്മണ്ണൂർ. താൻ കലാകാരന്മാരെ അപമാനിക്കാൻ ചെയ്തതല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയത്.
'പലരും എന്നെ സോഷ്യൽ മീഡിയയിലൂടെ കളിയാക്കാറുണ്ട്. ബോച്ചെ ആഴ്ചയിൽ രണ്ട് പ്രവശ്യമെങ്കിലും മാപ്പ് പറയും. ഇപ്പോഴെന്താ ബോച്ചെ മാപ്പ് പറയുന്നത് കാണാനില്ലല്ലോ എന്ന് പറഞ്ഞതേയുള്ളൂ.
അപ്പോഴേക്ക് ദാ മാപ്പ് പറയാനായി. എന്താ ചെയ്യാ..തെറ്റുപറ്റിയാൽ മനപൂർവ്വം അല്ലെങ്കിലും മാപ്പ് പറഞ്ഞാലല്ലേ മനസ്സിന് സമാധാനം ഉണ്ടാവൂ..കുറച്ച് ദിവസം മുമ്പ് എന്റെ ഒരു കച്ചവടം ബോച്ചെ ദ ബുച്ചർ മീറ്റ് ഷോപ്പ് തുടങ്ങി.
അതിന്റെ ഉദ്ഘാടനത്തിന് ഫ്രണ്ട്‌സ് ഒക്കെ പറഞ്ഞതാണ് കുറച്ച് വെറ്റൈറ്റി ആയിക്കോട്ടേന്ന്..എന്ന് പറഞ്ഞിട്ട് ചെണ്ട കൊട്ടുന്ന ഒരു സീൻ ഉണ്ടായിരുന്നു. ചെണ്ട കൊട്ടാൻ എനിക്ക് എടുത്തു തന്നത് ഒരു മൃഗത്തിന്റെ എല്ലാണ്..ആ എല്ല് വെച്ചിട്ടാണ് ഞാൻ ചെണ്ട കൊട്ടിയത്. ഞാൻ ഇതേക്കുറിച്ചൊന്നും ചിന്തിച്ചില്ല, പിന്നെ കുറേ ആളുകൾ പറഞ്ഞു. കലാകാരന്മാരെ മോശമായി കാണുന്ന രീതിയിലായിപ്പോയി, പലർക്കും വിഷമമായി എന്നു പറഞ്ഞു.
അപ്പോൾ ഉടൻ തന്നെ ഞാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരെ വിളിച്ചു പറഞ്ഞു..ഒരു അബദ്ധം പറ്റി..മനപൂർവ്വമല്ല ആരെയും വേദനിപ്പിക്കാനല്ല അപ്പോൾ അദ്ദേഹം പറഞ്ഞു സാരില്ല, മനപൂർവ്വം അല്ലല്ലോ എന്ന്..' ബോബ് ചെമ്മണ്ണൂർ പറഞ്ഞു. ഇതുകൂടി ഇറച്ചികടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി ഉണ്ടായി.
ജീപ്പിന് മുകളിൽ കയറി ബോബി ചെമ്മണൂർ യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് നടപടിക്കൊരുങ്ങുന്നതായാണ് റിപ്പോർട്ട്. വാഹന ഉടമയ്ക്ക് നോട്ടീസ് നൽകും. തന്റെ ഉടമസ്ഥതയിലുള്ള ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനായാണ് ജീപ്പിന് മുകളിൽ കയറി അറവുകാരന്റെ വേഷത്തിലാണ് ബോബി എത്തിയത്.






