ആധുനിക യാത്രാ സംവിധാനങ്ങൾ വ്യാപകവും സൗകര്യപ്രദവുമായ ഇക്കാലത്ത് ഹജ് തീർഥാടനം, സുഗമവും ആസ്വാദ്യവുമായ അനുഭവമാണ്. എന്നാൽ ക്ലേശങ്ങൾ നിറഞ്ഞ ഒരു കാലത്ത്, വ്യത്യസ്ത കാലാവസ്ഥകളിൽമരുഭൂമിയും മുൾപ്പാതകളും താണ്ടി ഹജിനെത്തിയവരുടെ ത്യാഗത്തിന്റെയും തീക്ഷ്ണാനുഭവങ്ങളുടേയും സാഹസിക കഥ, അവിശ്വസനീയമായ അദ്ഭുതങ്ങളുടെ അക്ഷയഖനി കൂടിയാണ്. ഗതകാലതീർഥാടനത്തിന്റെ,കാലം മായ്ക്കാത്ത കാൽപ്പാടുകളുടെ കഥ...
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായ ഹജ് കർമം നിർവഹിക്കുകയെന്ന ജീവിതാഭിലാഷം നിറവേറ്റാൻ ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്ന് വിമാന മാർഗവും ബസ് മാർഗവും പുണ്യഭൂമിയിലെത്തുന്നവരുണ്ട്.
ചുരുക്കം ചിലർ കപ്പൽ മാർഗവും എത്തുന്നു. ഇപ്പോൾ സുഡാനിൽ നിന്നു മാത്രമാണ് ഹജ് കപ്പൽ സർവീസുകളുള്ളത്. ആരോഗ്യ, സുരക്ഷാ കാരണങ്ങളാലാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഹജ് കപ്പൽ സർവീസുകളെ ഇപ്പോൾ സൗദി അറേബ്യ സ്വീകരിക്കാത്തത്. വിദേശങ്ങളിൽ നിന്നുള്ള ഹാജിമാരിൽ 90 ശതമാനത്തിലേറെയും വിമാന മാർഗമാണ് പുണ്യഭൂമിയിലെത്തുന്നത്. സ്വന്തം നാടുകളിൽ നിന്ന് മണിക്കൂറുകൾക്കകം പുണ്യഭൂമിയിലെത്താൻ ഹാജിമാർക്ക് സാധിക്കുന്നു. ദീർഘയാത്രയുടെ എടുത്തുപറയത്തക്ക പ്രയാസങ്ങളൊന്നും ഇക്കാലത്ത് തീർഥാടകർക്ക് അനുഭവിക്കേണ്ടിവരുന്നില്ല.
എന്നാൽ പഴയ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. ആദ്യ കാലങ്ങളിൽ ദൂരദിക്കുകളിൽ നിന്ന് കാൽനടയായാണ് ഹാജിമാർ പുണ്യഭൂമി ലക്ഷ്യമാക്കി വർഷങ്ങൾ നീളുന്ന യാത്രകൾ നടത്തിയിരുന്നത്. ഇങ്ങിനെ പുണ്യഭൂമിയിലേക്ക് യാത്ര തിരിക്കുന്നവരെ അന്ത്യയാത്രയെന്ന പോലെയാണ് ബന്ധുക്കളും ഇഷ്ടജനങ്ങളും കൂട്ടബാങ്ക് മുഴക്കി യാത്രയാക്കിയിരുന്നത്. ഹജ് കർമം നിർവഹിച്ച് സുരക്ഷിതമായി സ്വദേശങ്ങളിൽ തിരിച്ചെത്തുന്നവർക്ക് യഥാർഥത്തിൽ പുതുജീവനാണ് ലഭിച്ചിരുന്നത്. മാസങ്ങളും വർഷങ്ങളും നീളുന്ന, ക്ലേശകരമായ യാത്രകൾക്കിടെ രോഗങ്ങൾ ബാധിച്ചും ഭക്ഷണവും വെള്ളവും ലഭിക്കാതെയും മരിച്ചുവീഴുന്നവരും കൊള്ളക്കാരുടെയും സാമൂഹികദ്രോഹികളുടെയും ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരും കുറവായിരുന്നില്ല.
ആദ്യ കാലത്ത് പുണ്യഭൂമി ലക്ഷ്യമിട്ടുള്ള യാത്രകൾക്കും ലഗേജുകൾ കൊണ്ടുപോകാനുമുള്ള വാഹനങ്ങളായി ഒട്ടകങ്ങളെയാണ് ആശ്രയിച്ചിരുന്നത്. കാലക്രമേണ കപ്പലുകളും കാറുകളും വിമാനങ്ങളും ആശ്രയിക്കാൻ തുടങ്ങി. പുരാതന കാലത്ത് പുണ്യഭൂമിയിലെത്തിപ്പെടാൻ വിശ്വാസികൾ പ്രധാനമായും ഏഴു പാതകളാണ് ഉപയോഗിച്ചിരുന്നത്.
ഈജിപ്ത്
പുരാതന ഹജ് പാതകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈജിപ്ത് ഹജ് പാത. ഈജിപ്തുകാർ മാത്രമല്ല, ഉത്തരാഫ്രിക്കയിൽ നിന്നും നിലവിലെ പോർച്ചുഗലും സ്‌പെയിനും അടങ്ങിയ, ഐബീരിയൻ ഉപദ്വീപായ അൽഅന്ദലുസിൽ നിന്നും മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും പുണ്യഭൂമിയിലെത്താൻ സീനായ് ഉപദ്വീപിലൂടെയുള്ള ഈ പാതയാണ് ഉപയോഗിച്ചിരുന്നത്. ഈജിപ്ത് ഭരണാധികാരിയായിരുന്ന അബ്ബാസ് ഹിൽമി രണ്ടാമന്റെ കാലത്ത് (1892-1914) ഹജോ ഉംറയോ നിർവഹിക്കാൻ മൂന്നു പൗണ്ട് മാത്രമായിരുന്നു ചെലവ്. ഈജിപ്തിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്ക് ഒട്ടകത്തെ വാടകക്കെടുക്കാൻ ഒരു പൗണ്ടും സീനായ് മരുഭൂമിക്ക് തെക്ക് അഖബ ഉൾക്കടൽ തീരത്തെ നുവൈബഇൽ നിന്ന് ഉത്തര സൗദി തീരത്തേക്കുള്ള കപ്പൽ യാത്രക്ക് 50 ഗിർഷും യാത്രക്കിടെ ഒട്ടകത്തിന്റെ ഭക്ഷണത്തിന് ഒന്നേകാൽ പൗണ്ടുമാണ് ചെലവ് വന്നിരുന്നത്.
ഹജ് തീർഥാടകർ ഹിജാസിലെത്തിയാൽ മക്കയിലും മദീനയിലും ഈജിപ്ഷ്യൻ സത്രങ്ങളിലാണ് തങ്ങിയിരുന്നത്. ഇവിടുത്തെ താമസ കാലത്ത് തീർഥാടകരുടെ ഭക്ഷണ, താമസ, ആരോഗ്യ പരിചരണ ചെലവുകളെല്ലാം ഈജിപ്ഷ്യൻ ഗവൺമെന്റാണ് വഹിച്ചിരുന്നത്. ഈജിപ്തിൽ നിന്നുള്ള ഹാജിമാർ മാത്രമല്ല, മറ്റു ലോക രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരും മക്ക നിവാസികളുമെല്ലാം ഈജിപ്ഷ്യൻ സത്രങ്ങളുടെ സഹായം സ്വീകരിച്ചിരുന്നു.
ഇറാഖ്
പുരാതന കാലത്ത് ഇറാഖിൽ നിന്നുള്ള ഹജ് തീർഥാടകർ രണ്ടു പാതകൾ ഉപയോഗിച്ചിരുന്നു. കൂഫയിൽ നിന്ന് ആരംഭിക്കുന്ന ആദ്യ പാദ സുബൈദിയ പാത എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഹാറൂൺ അൽറശീദിന്റെ സഹധർമ്മിണി സുബൈദ രാജ്ഞിയുടെ സ്മരണാർഥമാണ് ഈ പാതക്ക് ഈ പേര് ലഭിച്ചത്. ഈ പാതയുടെ പരിചരണത്തിന് സുബൈദ രാജ്ഞി നിർലോഭം പണം ചെലവഴിച്ചു. ഇതിലൂടെ സഞ്ചരിക്കുന്ന തീർഥാടകരുടെ ജലയാവശ്യങ്ങൾക്കും വിശ്രമത്തിനും സുബൈദ രാജ്ഞിയുടെ നിർദേശാനുസരണം കിണറുകൾ കുഴിക്കുകയും അണക്കെട്ടുകളും വിശ്രമ കേന്ദ്രങ്ങളും നിർമിക്കുകയും ചെയ്തു.
രണ്ടാമത്തെ പാത ബസറ പാതയാണ്. കൂഫ-മക്ക പാതക്ക് സമാന്തരമായി ഈ പാത അറേബ്യൻ ഉപദ്വീപിന്റെ വടക്കുകിഴക്ക് വാദി അൽബാത്തിനിലൂടെ അൽഖസീം വരെയാണ് കടന്നുപോകുന്നത്. ഉമ്മുഖുർമാൻ (ഔതാസ്) ഇടത്താവളത്തിൽ വെച്ച് ഇരുപാതകളും പരസ്പരം സന്ധിക്കുന്നു. മഅ്ദൻ അൽനഖ്‌റ പ്രദേശത്തു വെച്ച് ഈ പാതയിൽ നിന്ന് മദീനയിലേക്ക് മറ്റൊരു പാത തിരിഞ്ഞുപോകുന്നു.
ശാം (സിറിയ)
ദമാസ്‌കസിൽനിന്ന് ദർആ, അദ്‌റആത്, ജോർദാനിലെ മആൻ, അൽമുദവ്വറ വഴി സൗദിയിൽ പ്രവേശിച്ച് ഹാല അമ്മാർ വഴി തബൂക്കിലെ ദാതുൽഹാജ്, അൽഅഖ്‌റഅ്, അൽഅഖ്ദർ, അൽമുഅ്‌സം, അൽഹജർ, അൽഉല, ഖർഹ് വഴിയാണ് ഈ പാത മക്കയിലെത്തുന്നത്. സിറിയയിൽ നിന്നുള്ള ഹജ് യാത്രകൾക്ക് ഭരണാധികാരികൾ വലിയ ശ്രദ്ധ കൽപിച്ചിരുന്നു. ശവ്വാൽ മധ്യത്തിൽ ഹജ് സംഘത്തിനൊപ്പം ദമാസ്‌കസിൽ നിന്ന് പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചിരുന്ന ഉസ്മാനി ഭരണാധികാരിയുടെ ഗവർണർ (വാലി) ഹജ് കർമം നിർവഹിച്ച് സ്വഫർ മധ്യത്തിൽ സ്വദേശത്ത് തിരിച്ചെത്തിയിരുന്നു.
1805 മുതൽ 1848 വരെ ഈജിപ്ഷ്യൻ ഭരണാധികാരിയായിരുന്ന മുഹമ്മദ് അലി ബാഷയുടെ കാലത്ത് സിറിയൻ ഹജ് പാത പരിശോധിക്കാനും അൽറംഥ, അയ്ൻ അൽസർഖാ, അൽഖത്‌റാന, അൽഹസ, ദുഹ്ർ അൽഉനൈസ, മആൻ, അൽഖസ്ബ കോട്ട, അൽമുദവ്വറ, ദാതുൽഹാജ് കോട്ട തുടങ്ങിയ പാതയിലെ വിശ്രമ കേന്ദ്രങ്ങളിലും കോട്ടകളിലും ജലാശയങ്ങളിലും നടത്തേണ്ട അറ്റകുറ്റപ്പണികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പ്രത്യേക സമിതിയെ നിയോഗിക്കാറുണ്ടായിരുന്നു.
യെമൻ, ഒമാൻ
യെമനിൽനിന്ന് മക്കയിലേക്ക് വ്യത്യസ്ത പാതകളുണ്ടായിരുന്നു. ഇവയിൽ ഏറ്റവും പ്രധാനം ഏദൻ, തഇസ്, സൻആ, സുബൈദ്, സഅ്ദ പാതകളായിരുന്നു. തീരദേശ പാത, രാജ്യത്തിന്റെ മധ്യഭാഗത്തു കൂടിയുള്ള പാത, ഹൈറേഞ്ച് പാത എന്നീ മൂന്നിൽ ഒരു പാതയിലൂടെ യെമനിൽ നിന്നുള്ള ഹജ് തീർഥാടകർ കടന്നുപോകേണ്ടിയിരുന്നു. ഈ ഓരോ പാതകളിലും വിശ്രമ കേന്ദ്രങ്ങളും താൽക്കാലിക ഷെൽട്ടറുകളുമുണ്ടായിരുന്നു. ഒമാനിൽ നിന്നുള്ള ഹാജിമാർ യബ്‌രീൻ, അൽയെമാമ, ദരിയ വഴിയാണ് പുണ്യഭൂമി ലക്ഷ്യമാക്കി യാത്ര ചെയ്തിരുന്നത്.
ബഹ്‌റൈൻ
ബഹ്‌റൈൻ, അൽയെമാമ ഹജ് പാത ബസറ ഹജ് പാതയുടെ കൈവഴിയാണ്. അറേബ്യൻ ഉപദ്വീപിന്റെ മധ്യഭാഗത്തു കൂടിയാണ് ഈ പാത കടന്നുപോകുന്നത്. ഈ പാത ഹിജാസിനെയും ഇറാഖിനെയും ബന്ധിപ്പിക്കുന്നു. ഈ പാതയിലൂടെ സഞ്ചരിക്കുന്ന ഹാജിമാർക്ക് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ പ്രത്യേക പരിചരണങ്ങൾ ലഭിച്ചിരുന്നു.
ഏഷ്യൻ ഹാജിമാർ
ഇന്ത്യയിലെ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നും സിങ്കപ്പൂർ, കറാച്ചി, ജാവ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരും മസ്‌കത്ത്, ഏദൻ തുറമുഖങ്ങൾ വഴി ചെങ്കടലിലൂടെ ജിദ്ദയിലും പിന്നീട് മക്കയിലും എത്തുകയായിരുന്നു പതിവ്. മുംബൈയിൽ നിന്ന് കടൽ മാർഗം ജിദ്ദയിലെത്താൻ മൂന്നാഴ്ച എടുത്തിരുന്നു.
സൗദി അറേബ്യ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജിദ്ദ അടക്കം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ എത്തുന്ന തീർഥാടകർ ഒട്ടകപ്പുറത്താണ് മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും എത്തിയിരുന്നത്. ഹാജിമാർക്ക് ഒട്ടക സവാരി ഏർപ്പെടുത്താൻ പ്രത്യേക അതോറിറ്റിയുണ്ടായിരുന്നു. ഒട്ടകങ്ങളെയും ഒട്ടകങ്ങളെ നയിക്കുന്നവരെയും ഏർപ്പാടാക്കിയിരുന്നത് ഈ അതോറിറ്റി ആയിരുന്നു. ഒട്ടകങ്ങൾ വഹിക്കുന്ന, ഹാജിമാരുടെ ലഗേജുകളുടെ ഭാരം കണാക്കുന്ന മറ്റൊരു സംഘവുമുണ്ടായിരുന്നു. ഓരോ വർഷവും ഹജ് സീസണിന്റെ തുടക്കത്തിലാണ് ഒട്ടകങ്ങളുടെ കൂലി നിർണയിക്കുക. ഹജ് തീർഥാടകനെ വഹിക്കുന്ന ഒട്ടകത്തിനും തീർഥാടകന്റെ ലഗേജ് മാത്രം വഹിക്കന്ന ഒട്ടകത്തിനും പ്രത്യേകം പ്രത്യേകം കൂലിയുണ്ടായിരുന്നു.
ഹിജ്‌റ 1345 ൽ ആണ് കാർ കമ്പനി സ്ഥാപിച്ചത്. ഹിജ്‌റ 1346 ൽ കാർ സർവീസ് നിയമം പ്രഖ്യാപിച്ചതോടെ ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പ്രോത്സാഹന പ്രകാരം ഹിജാസിൽ സൗദി നാഷണൽ മോട്ടോർ വെഹിക്കിൾ കമ്പനി സ്ഥാപിച്ചു. ജിദ്ദക്കും മക്കക്കും മദീനക്കുമിടയിലെ പാതകളിൽ സുരക്ഷാ ഭദ്രത കാര്യമായി ഇല്ലാതിരുന്ന കാലത്ത് ഒട്ടകപ്പുറത്തും കാറുകളിലും ഹാജിമാർക്ക് യാത്രാ സൗകര്യം നൽകുന്നതിനുള്ള വ്യവസ്ഥാപിത ക്രമീകരണത്തിന്റെ പ്രാഥമിക രൂപമായിരുന്നു ഇത്.
അബ്ദുൽ അസീസ് രാജാവ് മക്കയിൽ പ്രവേശിച്ചപ്പോൾ 1343 ജുമാദാ അൽഊല 12 ന് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം മുതവ്വിഫുമാരും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരും വഴി ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് പ്രവർത്തിക്കാൻ തീരുമാനിച്ചു. 1345 റബീഉൽഅവ്വൽ 20 ന് ഹജ് മാനേജ്‌മെന്റ് നിയമവും പ്രഖ്യാപിച്ചു. സൗദി ഭരണ കാലത്ത് ഹജ് സേവനം വ്യവസ്ഥാപിതമാക്കാൻ അംഗീകരിച്ച ആദ്യ നിയമമായിരുന്നു ഇത്. ഇതോടെ മുത്വവ്വിഫുമാർക്ക് ഉത്തരവാദിത്തങ്ങളുണ്ടായി. മുത്വവ്വിഫുമാർ നൽകുന്ന സേവനങ്ങൾ ഹജ് തീർഥാടകരും മുത്വവ്വിഫുമാരും തമ്മിൽ കുടുംബബന്ധങ്ങൾ രൂപപ്പെടുന്നതിലേക്കു വരെ നയിച്ചു. ഹജ് തീർഥാടകരുടെ പെൺമക്കളെയും സഹോദരിമാരെയും വിവാഹം കഴിച്ച നിരവധി മുതവ്വിഫുമാർ പഴയ കാലത്തുണ്ടായിരുന്നു.
മക്കയിലെത്തുന്നതു മുതൽ ഹാജിമാരുടെ പൂർണ ഉത്തരവാദിത്തം മുത്വവ്വിഫുമാർക്കായിരുന്നു. രോഗികളെ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകുന്നതിന്റെയും മരണപ്പെടുന്ന തീർഥാടകരുടെ മയ്യിത്തുകൾ മറവു ചെയ്യുന്നതിന്റെയും ഹാജിമാരുടെ പണവും വസ്തുവകകളും ബന്ധുക്കൾക്ക് കൈമാറുന്നതിന്റെയും ചുമതല മുത്വവ്വിഫുമാർക്ക് ആയിരുന്നു. ഹജ് കർമം നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട കർമശാസ്ത്ര സംശയങ്ങൾ തീർക്കാനും ഹാജിമാർ മുത്വവ്വിഫുമാരെയാണ് സമീപിച്ചിരുന്നത്.
മുത്വവ്വിഫുമാർ തങ്ങളുടെ ഡ്യൂട്ടി നിർവഹിക്കുന്ന ഉദ്യോഗസ്ഥർ മാത്രമായിരുന്നില്ല, മറിച്ച് ഹാജിമാർക്കിടയിലെ പണ്ഡിതൻ (ശൈഖ്) ആയിരുന്നു. മുത്വവ്വിഫുമാരെ തുർക്കികൾ ഗൈഡുകൾ എന്നും ദക്ഷിണേഷ്യൻ ഹാജിമാർ അധ്യാപകൻ എന്നും കിഴക്കനേഷ്യൻ ഹാജിമാർ ശൈഖ് എന്നും വിളിച്ചിരുന്നു. ഹജ് തീർഥാടകർക്കിടയിൽ മുത്വവ്വിഫുമാർക്കുണ്ടായിരുന്ന പ്രത്യേക സ്ഥാനമാണ് ഇത് വ്യക്തമാക്കുന്നത്.






