Sorry, you need to enable JavaScript to visit this website.

തുനീഷ്യയുടെ ഫെദരർ

ഗ്രാന്റ്സ്ലാം ടെന്നിസിൽ ഒട്ടേറെ അറബ് റെക്കോർഡുകളുമായി കുതിക്കുന്ന ലോക രണ്ടാം നമ്പർ വനിതാ താരം ഉൻസ് ജാബിർ കടന്നു വന്ന വഴികളിലൂടെ... 

15 വർഷം പിന്നിട്ടെങ്കിലും ഉമർ ലാബിദിക്ക് അത് അത്ര പെട്ടെന്ന് മറക്കാനാവില്ല. പന്ത്രണ്ടുകാരി പെൺകുട്ടി തന്നെ തുടരെ തോൽപിച്ചത്. റോജർ ഫെദരർ എന്നാണ് അവളെ വിളിച്ചിരുന്നതെന്ന് ലാബിദി ഓർക്കുന്നു. ലാബിദി പറയുന്നത് ഉൻസ് ജാബിറിനെക്കുറിച്ചാണ്. ഗ്രാന്റ്സ്ലാം ടെന്നിസിൽ ഒട്ടേറെ അറബ് റെക്കോർഡുകളുമായി കുതിക്കുന്ന ലോക രണ്ടാം നമ്പർ വനിതാ താരത്തെക്കുറിച്ച്. 
തുനീഷ്യയിലെ കടലോര നഗരമായ ഹമാം സൂസിൽ വെച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഒരിക്കൽ പരിശീലന മത്സരത്തിൽ ജാബിറിന്റെ ഡ്രോപ് ഷോട്ട് റിട്ടേൺ ചെയ്യാനുള്ള ശ്രമത്തിൽ തന്റെ കൈയൊടിഞ്ഞ കാര്യം ഇപ്പോഴും ലാബിദിക്ക് ഓർമയുണ്ട്. പ്രദേശത്തെ ഹോട്ടലുകളുടെ കോർടുകളിൽ കളിച്ചാണ് ഉൻസ് ജാബിർ ടെന്നിസിന്റെ ആദ്യ പടവുകൾ കയറിയത്. വൈകാതെ ഹമാം സൂസ് ടെന്നിസ് ക്ലബ്ബിലെത്തി. അക്കാദമിയുടെ ഏറ്റവും പ്രശസ്തയായ താരത്തിന്റെ കൂറ്റൻ ചിത്രമുണ്ട് ഇപ്പോൾ ഹമാം സൂസ് ടെന്നിസ് ക്ലബ്ബിൽ. 
പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെയും പൊരുതിത്തോൽപിക്കാൻ കെൽപുള്ള കളിക്കാരിയായിരുന്നു കുട്ടിക്കാലത്ത് ഉൻസ് ജാബിർ എന്ന് കോച്ച് നബീൽ മലിക ഓർമിക്കുന്നു. ഈ നിശ്ചയദാർഢ്യമാണ് തുനീഷ്യക്കാരിയെ ലോക റാങ്കിംഗിന്റെ ഉയരങ്ങളിലെത്തിച്ചത്. പോളണ്ടുകാരി ഈഗ ഷ്വിയോൻടെക് മാത്രമാണ് ഉൻസ് ജാബിറിനെക്കാൾ മുന്നിൽ. 
പത്തു വർഷത്തോളം ഉൻസ് ജാബിറിനെ നബീൽ മലിക പരിശീലിപ്പിച്ചിരുന്നു. ഒരു ഘട്ടത്തിൽ ടെന്നിസ് ഉപേക്ഷിക്കാൻ ഉൻസ് ആലോചിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു. നല്ല ഹാന്റ്‌ബോളറായിരുന്നു ഉൻസ്. ഒന്നാന്തരം പന്തടക്കമുണ്ടായിരുന്നു. അതിനാൽ ഹാന്റ്‌ബോൾ കോച്ചുമാർ അവളെ ആ കളിയിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ ഉൻസ് ഹാന്റ്‌ബോളിലേക്ക് മാറുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയും ചെയ്തു. ഭാഗ്യത്തിന് അവൾ ടെന്നിസിൽ തന്നെ തുടർന്നു. 
പോരാട്ടവീര്യമാണ് ഇരുപത്തേഴുകാരിയുടെ ഏറ്റവും വലിയ പ്രത്യേകത. മേയിൽ ഫ്രഞ്ച് ഓപണിൽ ആദ്യ റൗണ്ടിൽ ഉൻസ് പുറത്തായിരുന്നു. പക്ഷെ ആത്മവിശ്വാസത്തോടെ തിരിച്ചുവരികയും ബെർലിൻ ഡബ്ല്യു.ടി.എ കിരീടം നേടുകയും ചെയ്തു. അതിനു ശേഷം ഈസ്റ്റ്‌ബോൺ ടൂർണമെന്റിൽ സെറീന വില്യംസുമായി സെമി കളിക്കവെ കൈക്ക് പരിക്കേറ്റ് പിന്മാറേണ്ടി വന്നിരുന്നു. രണ്ടാഴ്ച പിന്നിടും മുമ്പാണ് വിംബിൾഡണിൽ വൻ കുതിപ്പ് നടത്തിയത്. വിംബിൾഡണിൽ ഉൻസ് സെമി കളിച്ചത് അടുത്ത സുഹൃത്തായ തതിയാന മരിയയുമായാണ്. 
ആഹ്ലാദത്തിന്റെ മന്ത്രി എന്നാണ് തുനീഷ്യക്കാർ ഉൻസ് ജാബിറിനെ വിശേഷിപ്പിക്കുന്നത്. തെക്കൻ കടലോര നഗരമായ കസർ ഹലാലിലായിരുന്നു ജാബിറിന്റെ ജനനം. നാലു മക്കളിൽ ഇളയവളായി. ഹാതിം, മർവാൻ എന്നീ ജ്യേഷ്ഠന്മാരും യാസ്മിൻ എന്ന ജ്യേഷ്ഠത്തിയുമുണ്ട്. പന്ത്രണ്ടാം വയസ്സിൽ തലസ്ഥാന നഗരമായ തൂനിസിലെത്തി. ഉന്നത നിലവാരമുള്ള ഹമാം സൂസ് അക്കാദമിയിൽ പരിശീലിക്കുകയായിരുന്നു ലക്ഷ്യം. 2015 തന്റെ ഫിസിക്കൽ ട്രയ്‌നറും മുൻ വാൾപയറ്റ് താരവുമായ കരീം കാമൂനുമായി വിവാഹിതയായി. 
അസാധ്യമായ സ്റ്റാമിനയും വ്യത്യസ്ത ശൈലിയിൽ കളിക്കാനുള്ള കഴിവുമാണ് ഉൻസിന്റെ പ്രത്യേകതയെന്ന് മലിക കരുതുന്നു. പല ഷോട്ടുകളും എതിരാളികളെ അമ്പരപ്പിക്കും. ഡ്രോപ് ഷോട്ടുകളുടെ രാജ്ഞിയാണ് ഉൻസ്. 
2011 ൽ പതിനാറാം വയസ്സിൽ ഫ്രഞ്ച് ഓപൺ ജൂനിയർ കിരീടം നേടിയാണ് ഉൻസ് ലോക ശ്രദ്ധയിലേക്കു വന്നത്. ആ സമയത്താണ് ലാബിദി അക്കാദമിയിലെത്തിയത്. പിന്നീട് ഉൻസിന്റെ ട്രയ്‌നിംഗ് പാർട്ണറായി ലാബിദി. നല്ല തമാശക്കാരിയും ആളുകളുമായി എളുപ്പം ഇടപഴകുന്ന പ്രകൃതവുമാണ് ഉൻസിന്റേതെന്ന് ലാബിദി പറയുന്നു. ഏതു വിഷയവും സംസാരിക്കാൻ സാധിക്കും. പ്രശസ്തയായെങ്കിലും പഴയ ഉൻസിൽ നിന്ന് വലിയ മാറ്റമൊന്നുമില്ലെന്ന് അക്കാദമിയിൽ ഉൻസിനെ അറിയുന്നവർ പറയുന്നു. പരിശീലന സമയത്ത് പന്ത് ഓടിയെടുക്കുന്നത് ഇപ്പോഴും ഉൻസ് തന്നെയാണ്. ഉൻസ് പ്രശസ്തയായതോടെ അക്കാദമിയുടെ പെരുമയും വർധിപ്പിച്ചു. 2018 ൽ 320 ട്രയ്‌നികളുണ്ടായിരുന്നത് ഇന്ന് ഇരട്ടിയിലേറെയായി. തുനീഷ്യൻ പെൺകുട്ടികൾക്ക് പ്രതീക്ഷയുടെ പ്രതീകമാണ് ഉൻസ് എന്ന് അക്കാദമി ട്രയ്‌നിയായ യാസ്മിന്റെ മാതാവ് യൂസ്‌റ പറയുന്നു.

Latest News