Sorry, you need to enable JavaScript to visit this website.

ശ്രേയസി സിംഗിന് സ്വർണം  

  • മേരികോം ഫൈനലിൽ  
  • രണ്ട് വെങ്കലം കൂടി

ഗോൾഡ് കോസ്റ്റ്- ഏഴാം ദിനം ഒരു സ്വർണം കൂടി വെടിവെച്ചിട്ട് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. വനിതകളുടെ ഡബിൾ ട്രാപ്പിൽ ശ്രേയസി സിംഗാണ് ഇന്നലെ സ്വർണം നേടിയത്. ഗ്ലാസ്‌ഗോ ഗെയിംസിൽ നേടിയ വെള്ളി ഗോൾഡ് കോസ്റ്റിൽ സ്വർണമായി മെച്ചപ്പെടുത്തുകയായിരുന്നു ശ്രേയസി.
ഷൂട്ടിംഗിൽ തന്നെ ഇന്നലെ രണ്ട് വെങ്കലം കൂടി ഇന്ത്യ നേടിയപ്പോൾ, ബോക്‌സിംഗിൽ സ്വർണ പ്രതീക്ഷയുമായി ലോക ചാമ്പ്യൻ മേരികോം ഫൈനലിൽ കടന്നു. പുരുഷ ഹോക്കിയിൽ ഇംഗ്ലണ്ടിനെ അവസാന നിമിഷം കീഴടക്കി ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി. 12 സ്വർണമടക്കം 24 മെഡലുകളാണ് ഇതുവരെ ഇന്ത്യൻ സംഘം സ്വന്തമാക്കിയത്.
പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റളിൽ ഓം മിത്രവാൾ, ഡബിൾ ട്രാപ്പിൽ അങ്കുർ മിത്തൽ എന്നിവരാണ് ഇന്നലെ വെങ്കലം നേടിയത്. കഴിഞ്ഞ ദിവസം പത്ത് മീറ്റർ എയർ പിസ്റ്റളിലും വെങ്കലം നേടിയ മിത്രവാളിന് ഇത് രണ്ടാം മെഡലാണ്. യോഗ്യതാ റൗണ്ടിലും ഫൈനൽ റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച മിത്രവാളായിരുന്നു ഇന്നലെ ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവ്. എന്നാൽ കഴിഞ്ഞ ദിവസം സ്വർണം നേടിയ ജിത്തു റായി, ഈയിനത്തിൽ ഏറ്റവും താഴെയായി.
പിന്നീടാണ് അതിശക്തമായ മത്സരം അതിജീവിച്ച് ശ്രേയസി സ്വർണം നേടുന്നത്. നാല് റൗണ്ടുകളിൽ ഓസ്‌ട്രേലിയയുടെ എമ്മ കോക്‌സിനൊപ്പം പോയന്റ് നേടിയ 26 കാരി ഷൂട്ടോഫിലാണ് സ്വർണം സ്വന്തമാക്കുന്നത്. വനിതകളുടെ ഡബിൾ ട്രാപ്പിൽ വർഷ വർമന് വെങ്കലം നഷ്ടമായത് കഷ്ടിച്ച് ഒരു പോയന്റിനാണ്.
ബോക്‌സിംഗ് റിംഗിൽ ഇന്ത്യക്ക് ഇന്നലെ വിജയത്തിന്റെ ദിനമായിരുന്നു. 48 കിലോ വിഭാഗത്തിൽ ശ്രീലങ്കയുടെ അനുഷ ദിൽറുക്ഷിയെ 5-0ന് തോൽപിച്ചാണ് മേരികോം ഫൈനലിലെത്തുന്നത്.
പുരുഷന്മാരുടെ 72 കിലോ വിഭാഗത്തിൽ വികാസ് കൃഷ്ണൻ സെമിയിലെത്തി. ക്വാർട്ടറിൽ സാംബിയയുടെ ബെന്നി മുസിയോയെയാണ് വികാസ് തോൽപിച്ചത്.
60 കിലോ വിഭാഗത്തിൽ മനീഷ് കൗശിക്കും, 52 കിലോ വിഭാഗത്തിൽ ഗൗരവ് സോളങ്കിയും സെമിയിലെത്തിയതോടെ മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. ക്വാർട്ടറിൽ പാപുവ ന്യൂഗിനിയുടെ ചാൾസ് കീമയെ 5-0നാണ് സോളങ്കി തോൽപ്പിച്ചത്. മനീഷ് ഇംഗ്ലണ്ടിന്റെ കാളം ഫ്രെഞ്ചിനെ തോൽപിച്ചു.
എന്നാൽ വനിതകളുടെ 65 കിലോ വിഭാഗത്തിൽ സരിതാ ദേവി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ഗ്ലാസ്‌ഗോയിൽ മെഡൽ നേടിയ സരിതയെ ഓസ്‌ട്രേലിയയുടെ അൻജ സ്ട്രിഡ്‌സ്മാനാണ് ക്വാർട്ടറിൽ തോൽപിക്കുന്നത്. 51 കിലോ വിഭാഗത്തിൽ കഴിഞ്ഞ തവണ വെങ്കലം നേടിയ പിങ്കി സിംഗും ക്വാർട്ടറിൽ പുറത്തായി. 
പുരുഷ ഹോക്കിയിൽ അവസാന മിനിറ്റ് ത്രില്ലറിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 4-3ന് കീഴടക്കിയത്. കളി തീരാൻ ഒരു മിനിറ്റുള്ളപ്പോൾ 3-2ന് പിന്നിലായിരുന്ന ഇന്ത്യ അവസാന മിനിറ്റിൽ അവിശ്വസനീയമാംവിധം രണ്ട് ഗോളുകൾ അടിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. നേരത്തെ തന്നെ സെമിയിൽ കടന്നിരുന്ന ഇന്ത്യക്ക് ഈ വിജയത്തോടെ ഗ്രൂപ്പ് ബി ജേതാക്കളാകാനായി. ഒപ്പം സെമിയിൽ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടുന്നത് ഒഴിവാക്കാനും. സ്‌ക്വാഷിൽ പുരുഷ, വനിതാ ഡബിൾസുകളിലും മിക്‌സ്ഡ് ഡബിൾസിലും ഇന്ത്യൻ ടീമുകൾ വിജയിച്ചു. എന്നാൽ ലോൺ ബൗൾസിൽ ഇന്ത്യൻ ടീമുകൾ തോറ്റു. 



 

Latest News