Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിറ്റിയുടെ കരൾ പിളർന്ന് ലിവർപൂൾ

ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയ മുഹമ്മദ് സലാഹിനെ സയിദോ മാനെ അഭിനന്ദിക്കുന്നു.

മാഞ്ചസ്റ്റർ- വീറോടെ പൊരുതിയിട്ടും തോൽക്കാനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിധി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പാദത്തിൽ ഒരു ഗോളിന് മുന്നിലെത്തിയിട്ടും 2-1ന് തോറ്റു. അതോടെ മൊത്തം 5-1 മാർജിനിൽ ലിവർപൂൾ സെമിയിലേക്ക് മുന്നേറി. ആൻഫീൽഡിൽ നടന്ന ആദ്യ പാദത്തിൽ 3-0 നാണ് ലിവർപൂൾ ജയിച്ചത്.
റഫറിയുടെ തെറ്റായ തീരുമാനങ്ങളാണ് രണ്ടാം പാദത്തിൽ സിറ്റിയുടെ തോൽവിക്ക് ഇടയാക്കിയതെന്നതാണ് വാസ്തവം. ഉറപ്പായ ഗോളിന് ഓഫ്‌സൈഡ് വിളിച്ചതടക്കം സ്പാനിഷ് റഫറി അന്റോണിയോ മത്തിയു ലഹോസിന്റെ തീരുമാനങ്ങൾക്കെതിരെ ബാഴ്‌സ കോച്ച് പെപ് ഗ്വാഡിയോള ശബ്ദമുയർത്തി. ഇതോടെ ഗ്വാഡിയോളയെ റഫറി ടച്ച് ലൈനിൽനിന്ന് പുറത്താക്കുകയും രണ്ടാം പകുതിയിൽ കോച്ചിന് സ്റ്റാൻഡ്‌സിൽ ഇരിക്കേണ്ടി വരികയും ചെയ്തു.
ഇത്തിഹാദ് സ്റ്റേഡിയത്തിൽ തുടക്കം മുതൽ ഇരച്ചു കയറിയ സിറ്റി ആദ്യ പകുതിയിൽ കുറഞ്ഞത് രണ്ട് ഗോളിനെങ്കിലും ലീഡ് ചെയ്യേണ്ടതായിരുന്നു. രണ്ടാം മിനിറ്റിൽ ഗബ്രിയേൽ ജീസസിലൂടെ അവർ മുന്നിലെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ലിറോയ് സെയ്ൻ നേടിയ ഗോൾ, റഫറി ഓഫ്‌സൈഡ് വിളിച്ചു കളഞ്ഞു.
ആദ്യ പകുതിയിലെ അമ്പരപ്പ് മാറിയ ലിവർപൂൾ ഇടവേളക്കു ശേഷം മുഹമ്മദ് സലാഹിലൂടെ സമനില നേടി. ഈജിപ്ഷ്യൻ താരം ഈ സീസണിൽ നേടുന്ന 39-ാമത് ഗോളായിരുന്നു അത്. റോബർട്ടോ ഫേമിനോയാണ് ലിവർപൂളിന്റെ വിജയഗോൾ നേടുന്നത്. ഒരാഴ്ചക്കിടെ സിറ്റി നേരിടുന്ന തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്. കഴിഞ്ഞ സീസണിൽ ഗ്വാഡിയോള പരിശീലക സ്ഥാനത്തെത്തിയശേഷം ആദ്യമാണ് ഇത്തരമൊരു അനുഭവം.
എന്നാൽ ആദ്യ പകുതിയിൽ 2-0 ലീഡ് കിട്ടിയിരുന്നെങ്കിൽ കളി മാറിയേനെയെന്ന് ഗ്വാഡിയോള പറഞ്ഞു. ടീമുകൾ തുല്യ ശക്തികളാവുമ്പോൾ, ഇത്തരം റഫറിയിംഗ് പിഴവുകൾ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എങ്കിലും ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് സിറ്റി. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിനെക്കാൾ 17 പോയന്റ് ലീഡുണ്ട് അവർക്ക്.


 

Latest News