ലോകകപ്പിനോടൊപ്പം വിവിധ പരിപാടികളുമായി ഖത്തര്‍

ദോഹ- ലോകകപ്പിന്റെ ആവേശം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തിലേക്ക് വിവിധ പരിപാടികളും പ്രഖ്യാപിച്ച് ഖത്തര്‍. ഫാഷന്‍ ഷോ ഉള്‍പ്പെടെയുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 

ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ് ഡിസംബര്‍ 16ന് സ്‌റ്റേഡിയം 974ലാണ് സി ആര്‍ റണ്‍വേയുടെ ഖത്തര്‍ ഫാഷന്‍ യുണൈറ്റഡ് അരങ്ങേറുക. ഖത്തര്‍ ക്രിയേഷന്‍സിന്റെ പരിപാടിയുടെ ഭാഗമായാണ് ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുന്ന എട്ട് വേദികളിലൊന്നാണ് സ്റ്റേഡിയം 974.

പ്രശസ്തര്‍ മുതല്‍ വളര്‍ന്നുവരുന്ന യുവ ഡിസൈനര്‍മാരെ വരെ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള നൂറിലേറെ ബ്രാന്റുകളാണ് ഫാഷന്‍ ഷോയില്‍ അവതരിപ്പിക്കുക. മികച്ച അന്തര്‍ദേശീയ സംഗീത കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീത പരിപാടിയും ഇതിന്റെ ഭാഗമായി അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഫ്രഞ്ച് ഫാഷന്‍ എഡിറ്ററും മുന്‍ ഫാഷന്‍ മോഡലുമായ എഴുത്തുകാരിയും സി ആര്‍ റണ്‍വേയുടെ സഹസ്ഥാപകനുമായ കാരിന്‍ റോയിറ്റ്‌ഫെല്‍ഡ് ഷോയ്ക്ക് നേതൃത്വം നല്കും.

Tags

Latest News