12 മണിക്ക് കൗണ്ടര്‍ തുറക്കും, ലോകകപ്പ് ടിക്കറ്റിന് അവസാന ചാന്‍സ്

ദോഹ- ലോകകപ്പ് മാമാങ്കത്തിന്റെ ഭാഗമാവാന്‍ കാല്‍പന്ത് ആരാധകര്‍ക്ക് അവസാന അവസരം. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന ബാച്ച് ടിക്കറ്റ് ചൊവ്വാഴ്ച മുതല്‍ സ്വന്തമാക്കാം. 40 ദിവസം നീളുന്ന ജാലകമുണ്ടെങ്കിലും ആദ്യമാദ്യം വരുന്നവര്‍ക്കാണ് ടിക്കറ്റ് എന്നതിനാല്‍ എളുപ്പം വിറ്റഴിയാന്‍ സാധ്യതയുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിലും അപേക്ഷകരില്‍ നിന്ന് നറുക്കെടുത്താണ് അര്‍ഹരെ കണ്ടെത്തിയത്. ഇത്തവണ അപേക്ഷ നല്‍കുകയും പണമടക്കുകയും ചെയ്താല്‍ ടിക്കറ്റ് ഉറപ്പായതായി സന്ദേശം ലഭിക്കും. അതിനായി ഫിഫ വെബ്‌സൈറ്റിലെ ടിക്കറ്റ് പോര്‍ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 
ഇന്ന് സൗദി സമയം ഉച്ച 12 മുതല്‍ ടിക്കറ്റ് ലഭ്യമാവും. ഓഗസ്റ്റ് 16 ഉച്ച 12 മണി വരെ ടിക്കറ്റെടുക്കാന്‍ സമയമുണ്ടെങ്കിലും അതിന് മുമ്പെ ടിക്കറ്റ് വിറ്റഴിയാനാണ് സാധ്യത. ഒരാള്‍ക്ക് ഒരു മത്സരത്തിന്റെ ആറു ടിക്കറ്റുകള്‍ വരെ വാങ്ങാം. ലോകകപ്പിലെ എല്ലാ മത്സരങ്ങളുടേതുമായി 60 ടിക്കറ്റുകള്‍ വരെ ലഭിക്കും. ഫിഫ വെബ്‌സൈറ്റിലൂടെ മാത്രമാണ് ടിക്കറ്റ് ലഭിക്കുക. 
ആദ്യ രണ്ടു ഘട്ടങ്ങളിലായി 18 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെയായിരുന്നു ഇത്രയും ടിക്കറ്റുകള്‍ വിറ്റത്. ഇനി എത്ര ടിക്കറ്റുകളാണ് വില്‍പനക്കുണ്ടാവുക എന്ന് ഫിഫ വെളിപ്പെടുത്തിയില്ല. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ദോഹക്കും ചുറ്റുമുള്ള എട്ട് സ്‌റ്റേഡിയങ്ങളിലാണ് ലോകകപ്പ്. ഖത്തറിലെ താമസക്കാര്‍ക്കു മാത്രമുള്ള ടിക്കറ്റുകള്‍ വില്‍പനക്കുണ്ട്. ഏറ്റവും കൂടുതല്‍ ടിക്കറ്റെടുത്തത് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരാണെന്നും ഫിഫ വെളിപ്പെടുത്തി. 24 ലക്ഷം ജനസംഖ്യയുള്ള ദോഹയില്‍ ലോകകപ്പ് കാലത്താണ് ഫുട്‌ബോള്‍ ആരാധകരുടെ വന്‍ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. 12 ലക്ഷത്തോളം സന്ദര്‍ശകര്‍ ലോകകപ്പ് കാലത്ത് ഖത്തറിലെത്തുമെന്നാണ് കരുതുന്നത്. മൊത്തം ജനസംഖ്യയുടെ പകുതി. 

Latest News