ഇന്ത്യന്‍ ബൗളിംഗ് പാളി, ഇംഗ്ലണ്ട് കടിഞ്ഞാണേറ്റെടുത്തു

ബേമിംഗ്ഹാം - റെക്കോര്‍ഡ് ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ജയിക്കാനുള്ള ദൗത്യമേറ്റെടുത്ത് ഇംഗ്ലണ്ട്. ജയിക്കാന്‍ 378 റണ്‍സ് വേണ്ട ആതിഥേയര്‍ നാലാം ദിനം അവസാനിച്ചപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് പിന്നിട്ടു. ഏഴു വിക്കറ്റ് ശേഷിക്കെ 128 റണ്‍സിന്റെ ദൂരമേയുള്ളൂ അത്യുജ്വല വിജയത്തിലേക്ക്. ജയിച്ചാല്‍ അഞ്ചു മത്സര പരമ്പര 2-2 സമനിലയാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കും. ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയുമാണ് അര്‍ധ ശതകങ്ങളുമായി ഇംഗ്ലണ്ടിന്റെ പോരാട്ടം നയിക്കുന്നത്. 
എജ്ബാസ്റ്റണിന്റെ ചരിത്രത്തില്‍ രണ്ടു തവണയേ ഇരുനൂറിലേറെ റണ്‍സെടുത്ത് ടീമുകള്‍ ജയിച്ചിട്ടുള്ളൂ -2008 ല്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയാണ് ഏറ്റവും വലിയ വിജയലക്ഷ്യം മറികടന്നത്, അഞ്ചിന് 283. 1999 ല്‍ ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ട് മൂന്നിന് 211 റണ്‍സെടുത്ത് ജയിച്ചു. ന്യൂസിലാന്റിനെതിരായ കഴിഞ്ഞ പരമ്പരയിലെ മൂന്നു ടെസ്റ്റുകളിലും പ്രയാസകരമായ 277, 299, 296 റണ്‍സെടുത്ത് ജയിച്ച ഇംഗ്ലണ്ട് അതിനെ കവച്ചുവെക്കുന്ന രീതിയിലാണ് മുന്നേറുന്നത്. ജയിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ചെയ്‌സ് കൂടിയാവും ഇത്. 2019 ല്‍ ഒമ്പതിന് 362 റണ്‍സടിച്ച് ലീഡ്‌സില്‍ അവര്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചിരുന്നു. 
അലക്‌സ് ലീസും (56) സാക് ക്രോളിയും (46) ആദ്യ വിക്കറ്റില്‍ 107 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ട് വിജയത്തിന് ഉറച്ച അടിത്തറ പാകിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്നു വിക്കറ്റെടുത്ത് ഇന്ത്യ തിരിച്ചടിച്ചു. വിജയത്തിലേക്ക് അത് വാതില്‍ തുറക്കുമെന്ന സന്ദര്‍ശകരുടെ സ്വപ്‌നം തകര്‍ത്താണ് റൂട്ടും (80 നോട്ടൗട്ട്) ബെയര്‍സ്‌റ്റോയും (70 നോട്ടൗട്ട്) സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്. ചായക്ക് അല്‍പം മുമ്പ് കളിക്കാതെ വിട്ട പന്തില്‍ ക്രോളിയെ ബൗള്‍ഡാക്കി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബ്രെയ്ക്ത്രൂ നല്‍കിയത്. അടുത്ത ഓവറില്‍ ഒല്ലി പോപ്പിനെ (0) ബുംറ വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. രണ്ട് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും റൂട്ടുമായുള്ള കനത്ത ആശയക്കുഴപ്പത്തില്‍ ഓപണര്‍ ലീസ് റണ്ണൗട്ടായി. പിന്നീട് റൂട്ടും ബെയര്‍‌സ്റ്റോയും ഇന്ത്യന്‍ ബൗളിംഗിന് മേല്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. 
 

Latest News