സലാഹ് കരാര്‍ പുതുക്കി, പ്രതിഫലം അറിയാം

ലിവര്‍പൂള്‍ - അനിശ്ചിതത്വം അവസാനിപ്പിച്ച് മുഹമ്മദ് സലാഹ് ലിവര്‍പൂളുമായുള്ള കരാര്‍ 2025 വരെ നീട്ടി. ഇതോടെ ക്ലബ്ബിലെ ഏറ്റവും പ്രതിഫലം പറ്റുന്ന കളിക്കാരനാവും ഈജിപ്തുകാരന്‍ -ആഴ്ചയില്‍ മൂന്നര ലക്ഷം പൗണ്ട് (33.5 ലക്ഷം രൂപ). കഴിഞ്ഞ അഞ്ചു വര്‍ഷം ലിവര്‍പൂളിനായി 254 മത്സരങ്ങളില്‍ കളിച്ച മുപ്പതുകാരന്‍ 156 ഗോളടിച്ചിരുന്നു. 
ലിവര്‍പൂളിന്റെ നിര്‍ണായക വിജയങ്ങളിലെല്ലാം സലാഹിന്റെ പാദമുദ്രയുണ്ട്. 2019 ല്‍ ടോട്ടനത്തിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ വിജയത്തില്‍ സലാഹ് സ്‌കോര്‍ ചെയ്തു. 2020 ല്‍ 30 വര്‍ഷത്തിനിടയിലാദ്യമായി ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായപ്പോള്‍ ടോപ്‌സ്‌കോററായിരുന്നു. കഴിഞ്ഞ വര്‍ഷം കളിക്കാരുടെ സംഘടനയും കളിയെഴുത്തുകാരുടെ സംഘടനയും മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. സലാഹ് 31 ഗോളടിച്ച കഴിഞ്ഞ സീസണില്‍ അവസാനം വരെ നാല് കിരീടം നേടാമെന്ന പ്രതീക്ഷയിലായിരുന്നു ലിവര്‍പൂള്‍. 
സലാഹിന്റെ സ്‌ട്രൈക്കിംഗ് പാര്‍ട്ണറായ സാദിയൊ മാനെ കഴിഞ്ഞയാഴ്ച ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍ ബെന്‍ഫിക്കയില്‍ നിന്ന് ഉറുഗ്വായ് താരം ഡാര്‍വിന്‍ നൂനസ് എത്തിയിട്ടുണ്ട്. 

Latest News