Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ഇത് ചെയ്ത 'കുട്ടികളോട്' ഒരു ദേഷ്യവുമില്ല

ആക്ഷേപ ഹാസ്യം  ലോകത്തു എല്ലായിടത്തുമുള്ള കാര്യമാണ്. അറിയാനുള്ള അവകാശത്തിന്റെ ഭാഗം തന്നെയാണത്.   ഹിറ്റ്്‌ലറെപ്പോലും കൂസാത്ത ചാർളി ചാപ്ലിന്റെ ആക്ഷേപ ഹാസ്യം ലോകം ഇന്നും അത്ഭുതത്തോടെയാണ് കാണുന്നത്. മോഡേൺ ടൈംസും ഗ്രേറ്റ് ഡിറ്റേക്ടറും ഏതെങ്കിലും തിയേറ്ററിൽ കാണിക്കുന്നുണ്ടെങ്കിൽ ഇപ്പോഴും കാണാൻ ഏവരും റെഡി. വിവിധ വിഷയങ്ങൾ കാർട്ടൂണുകളും ആക്ഷേപഹാസ്യമായി എത്തുന്നതു കൊണ്ടാണ് അവ ജനങ്ങൾ ശ്രദ്ധിക്കുന്നതും അറിയുന്നതും. നല്ല പെരുമാറ്റവും പ്രവർത്തനവും നിയമസഭാംഗങ്ങൾ നടത്തിയാൽ ആക്ഷേപ ഹാസ്യത്തെ പേടിക്കേണ്ടതില്ല. 
കേരള  നിയമസഭയിലെ കോമഡി പ്രധാനമായ ദൃശ്യങ്ങൾ ഇനി വെളിച്ചം കാണില്ലെന്ന്് ആശങ്കയുണ്ട്. തെരഞ്ഞെടുത്തു വിട്ട സാമാജികർ അവിടെ എന്താണ് കാണിച്ചു കൊണ്ടിരിക്കുന്നതെന്ന്  അറിയാനുള്ള അവകാശം ജനങ്ങളുടേതാണ്.  അവരുടെ പെരുമാറ്റവും പ്രവൃത്തിയുമൊക്കെ അതിൽ വരും. അതിൽ പലതും വലിയ കോമഡിയായി മാറുന്നുവെന്ന് മാത്രം. എന്നാൽ ഇനി സഭ ാദൃശ്യങ്ങൾ ആക്ഷേപഹാസ്യ പരിപാടികളിൽ ഉപയോഗിക്കരുതെന്ന്് സഭാ നാഥനായ സ്പീക്കർ എം.ബി രാജേഷ് റൂളിംഗ് നൽകിയിരിക്കുകയാണ്. മീഡിയ റൂം ഒഴികെയുള്ള സ്ഥലങ്ങളിൽ ക്യാമറ അനുവദിക്കില്ല; നിയമസഭാ ദൃശ്യങ്ങൾ സഭാ ടിവിയിലൂടെ മാത്രം കാണിക്കും. എന്നാൽ മാധ്യമ നിരോധനമില്ല താനും.
നിയമസഭയിലെ ദൃശ്യങ്ങൾ ആക്ഷേപ ഹാസ്യ പരിപാടികൾക്കോ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും സ്പീക്കർ റൂളിങ്ങിലൂടെ വ്യക്തമാക്കി. 2002ലെ മാർഗ നിർദേശത്തിൽ ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നുണ്ടത്രേ. സഭയിലെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നത് സഭയോടുള്ള അവഹേളനമാണ് എന്നും. ഇത്തരം പ്രവർത്തനങ്ങളിൽ മാധ്യമ പ്രവർത്തകർ ഏർപ്പെടുന്നത് അപലപനീയമാണെന്നും  സ്പീക്കർ വ്യക്തമാക്കി. ഇത്തരത്തിലുള്ള നടപടികൾ ഇനി ഉണ്ടാൽ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.  ഇനിയങ്ങോട്ട്്് ചോദ്യോത്തരവേളയിലടക്കം ചോദ്യം ചോദിക്കുന്ന ആളിന്റെ മുഖവും ഉത്തരം പറയുന്ന ആളിന്റെ മുഖവും സ്പീക്കറുടെ മുഖവുമൊക്കെയാവും തെളിയുക. ഇത് മാത്രം കണ്ടാൽ ജനം ബോറടിക്കും. സഭയിലെ അംഗങ്ങളുടെ ഇരിപ്പും പെരുമാറ്റവും പലതും കോമഡി ആയതുകൊണ്ടാണ് അവ ആക്ഷേപഹാസ്യ പരിപാടികളിലൂടെ പുറത്തുവരുന്നത്. ജനം പലതും അറിയുന്നതും അങ്ങനെയാണ്.
ബാർകോഴ വിവാദക്കാലത്തു മാണിയുടെ ബജറ്റവതരണ സമയത്തു ഉണ്ടാക്കിയ കടിപിടിയും അക്രമവും ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയടക്കം പ്രതിക്കൂട്ടിലായതും അവയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് കൊണ്ടാണ്. ക്യാമറ തുറന്നിരുന്നിട്ടു പോലും പിടിവിട്ടു പോകുന്ന അംഗങ്ങൾ മാധ്യമ കാമറ ഇല്ലാത്ത അവസരം ഏത് വിധമാകും ഉപയോഗിക്കുക എന്നതും ചിന്തിക്കേണ്ട വിഷയമാണ്. ഇന്ത്യയിലെ ചില നിയമസഭകളിൽ അംഗങ്ങൾ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടത് പോലും കണ്ടുപിടിച്ചത് മാധ്യമങ്ങളാണ്. 

                             ****             ****               ****

തന്റെ സിനിമകൾ ഹിറ്റാവുന്നില്ലെന്ന പരിഭവവുമായി നടൻ ധ്യാൻ ശ്രീനിവാസൻ.  ഇന്റർവ്യു ഹിറ്റാവുന്നത് പോലെ സിനിമകൾ ഹിറ്റാവുന്നില്ലെന്നാണ് ധ്യാൻ പറയുന്നത്. നടൻ മാത്യൂസിനൊപ്പം ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ധ്യാൻ. മാത്യൂസിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ ഏത് പടവും ഹിറ്റാകുന്ന അവസ്ഥയാണെന്നും ധ്യാൻ പറഞ്ഞു.'എന്റെ ഇന്റർവ്യൂ മാത്രമേ ഹിറ്റാവുന്നുള്ളൂ. മാത്യൂസിന്റെ ഇറങ്ങിയ എല്ലാ പടവും ഹിറ്റാണ്. ഇന്റർവ്യൂ കാണുന്ന രണ്ടരലക്ഷം ആൾക്കാർ ഗുണം നൂറ് കൂട്ടിയാൽ തന്നെ രണ്ടര കോടി രൂപയായി. അത്രയും ആൾക്കാരൊന്നും പക്ഷേ തിയേറ്ററിലേക്ക് വരുന്നില്ല. അവസാനം ഇറങ്ങിയ പടങ്ങൾക്കൊന്നും ഇത്രയും കലക്ഷൻ പോലും വന്നിട്ടില്ല. ആൾക്കാർ ഇന്റർവ്യൂ മാത്രമേ കാണുന്നുള്ളൂ. ഒരു കാര്യവുമില്ല. അതുകൊണ്ട് സിനിമ വിട്ടിട്ട് ഇന്റർവ്യൂ മാത്രം കൊടുത്താൽ മതിയോ എന്നാണ് ആലോചിക്കുന്നത്- ധ്യാൻ പറഞ്ഞു.പണ്ട് മുതലേ താൻ തഗ്ഗ് ആണെന്ന് ധ്യാൻ പറയുന്നു. ഇന്റർവ്യൂവിൽ പറയുന്നതൊക്കെ ചെറുതാണ്. ഇന്റർവ്യൂവിൽ ഇതൊക്കെയല്ലേ പറയാൻ പറ്റൂ. തഗ്ഗ് എന്നുള്ള വാക്ക് ഉണ്ടാവുന്നതിന് മുന്നേ തഗ്ഗാ. ഇതോടെ ഇന്റർവ്യൂ നിന്നു. റിയൽ ലൈഫിലുള്ള കാര്യങ്ങളാണ് ഇന്റർവ്യൂവിൽ പറയുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു. പ്രേംനസീർ മരിച്ചതും കോവിഡ് വന്നതുമറിയാത്ത തിരുവമ്പാടി പ്രയോഗം സൂപ്പർ. ഇതിന് താരത്തിന് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽനിന്ന്് എണ്ണമറ്റ പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തു. 

                            ****             ****               ****

സാംസ്‌കാരിക നായകരെന്നും ബുദ്ധിജീവികളുമൊന്നൊക്കെ മേനി നടിക്കുന്ന വിഭാഗത്തിന്റെ മഹത്തായ സംഭാവന ആരും കാണാതെ പോകരുത്. സിനിമയിൽ മാത്രമല്ല സാഹിത്യ ലോകത്തും ലൈംഗികാതിക്രമങ്ങൾ ശക്തമാണെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.  60 പിന്നിട്ട കൊടികെട്ടിയ സാഹിത്യ നായകർക്കെതിരെയും ആരോപണമുണ്ട്. സിനിമയിൽ അവസരങ്ങളുടെ മറവിലാണ് പ്രലോഭനമെങ്കിൽ ഇവിടെ സർഗ സൃഷ്ടികളുടെ പേരിലാണെന്ന് മാത്രം. സാഹിത്യലോകത്തെ കൂടിവരുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പ്രമുഖ എഴുത്തുകാരി ഇന്ദു മേനോൻ  തുറന്നെഴുതി. ഫേസ് ബുക്ക് കുറിപ്പിലാണ് ഇവർ മലയാള സാഹിത്യലോകത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ആഞ്ഞടിച്ചത്.
മലയാള സാഹിത്യ ലോകത്തെ പ്രമുഖരായ പല എഴുത്തുകാരും സ്ത്രീകളെ ലൈംഗികമായി ദുരപയോഗം ചെയ്യുന്നതിൽ മുമ്പിലാണെന്ന്്  അവർ പോസ്റ്റിൽ വെളിപ്പെടുത്തി. മീടു വെളിപ്പെടുത്തലുകൾ ഉണ്ടാവുമ്പോൾ അതു സ്ത്രീകളുടെ തെറ്റാണെന്നു വരുത്തിത്തീർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്ദു മേനോൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
'സ്ത്രീയാണ് മോശക്കാരിയെന്നു വരുത്തിത്തീർക്കാനുള്ള കഠിനശ്രമം. അവൾ പോക്കുകേസ്സാണെന്ന ഒരു സർട്ടിഫിക്കറ്റിൽ, ഒരപവാദ പ്രചാരണത്തിൽ തീരാവുന്നതോ, ഊരിപ്പോരാവുന്നതോ ആയ മീറ്റൂകളെ ഈ നാട്ടിലുള്ളൂ എന്ന ധാർഷ്ട്യം. ആണഹന്ത. സിനിമയിലാണ് ലൈംഗിക മൂലധനം ലിബറേറ്റ് ചെയ്ത് മനുഷ്യർ അവസരം വാങ്ങിയത്, കാസ്റ്റിങ്ങ് കൗച്ച് എന്നൊക്കെ ഏറെക്കേട്ടു. ഇന്നിപ്പോൾ സാഹിത്യനഭോമണ്ഡലത്തിലും കേൾക്കുന്നു. പുതിയതല്ല. മറച്ചു വെച്ചവ പൊന്തിപ്പൊന്തി വരികയാണ്'
നല്ലൊരു പരിഹാര മാർഗം നിർദേശിച്ചാണ് ഇന്ദു കുറിപ്പ് അവസാനിപ്പിച്ചത്. -സാംസ്‌കാരിക പ്രവർത്തകരോട് ഒരു അഭ്യർത്ഥന. ദയവു ചെയ്ത് ഇത്തരം ആളുകളിരിക്കുന്ന വേദിയിൽ നിന്നും എന്നെ ഒഴിവാക്കുക. ഗവണ്മെന്റിനോട്, യൂറോപ്യൻ രാജ്യങ്ങളിലെ പോലെ പോൺ ഹബ്ബുകളും പിഗാളുകളും പണിയുകയും രത്യുപകരണങ്ങൾ നിയമവിധേയമാക്കുകയും ചെയ്യുക. കോഴിത്തന്തമാരെ ദയവ് ചെയ്ത് സ്ത്രീകളെ വളർത്താൻ വരല്ലെ, തളർത്താനും. ഞങ്ങളെങ്ങനെയും ജീവിച്ചു പോയ്‌ക്കോട്ടെ..  ഇതെല്ലാം വായിക്കുമ്പോൾ കോട്ടയം വാരികകളിലെ ജനപ്രിയ നായകരെത്ര നല്ലവരെന്ന്  മനസ്സിലാക്കാം. റബർ തോട്ടത്തിലെ സ്വർണ ചെയിനിട്ട കാമുകനെ കുറിച്ച് തുടരൻ നോവലുകളെഴുതിയ ഇക്കൂട്ടർ വലിയ വീരവാദം പറഞ്ഞ് വരാറില്ല. പൈങ്കിളി സാഹിത്യത്തിന്റെ സുവർണ കാലത്ത്് മംഗളം, മാമാങ്കം, മനോരമ, പൗരദ്ധ്വനി, കുമാരി, മനോരാജ്യം വാരികകൾക്ക് പല കൈകൾ കൊണ്ട് വിശ്രമമില്ലാതെ നോവലുകൾ രചിച്ചതല്ലാതെ ഇവരാരും വലിയ പത്രത്തിലെ ജോലി വഴിയിൽ കണ്ടുമുട്ടുന്ന സുന്ദരിമാർക്ക്് ഓഫർ ചെയ്തതായി കേട്ടിട്ടില്ല.  

                               ****             ****               ****

വയനാട്ടിൽ എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച എംപി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശിച്ചു. ആക്രമണത്തിന് ശേഷം ആദ്യമായാണ് രാഹുൽ വയനാട്ടിലെത്തിയത്. വെള്ളിയാഴ്ച ഉച്ച മൂന്ന് മണിയോടെയാണ് രാഹുൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം തന്റെ ഓഫീസിൽ എത്തിയത്. കൽപറ്റയിലെ ഓഫീസ് അക്രമിച്ച സംഭവം നിർഭാഗ്യകരമാണ്. ഈ ഓഫീസ് വയനാട്ടിലെ ജനങ്ങളുടെതാണ്. അക്രമം ഒന്നിനും ഒരുപരിഹാരമല്ല. ഇത് ചെയ്തത് കുട്ടികളാണ്. അവരോട് ഒരു ദേഷ്യവുമില്ല. നിരുത്തരവാദപരമായാണ് അവർ പെരുമാറിയത്. അതിന്റെ പ്രത്യാഘാതം അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ഓഫീസ് സന്ദർശിച്ചശേഷം രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. വെറുതെയല്ല, തെരഞ്ഞെടുപ്പു കാലത്ത് ഒരു ലീഗ് നേതാവ് രാഹുൽ ഗാന്ധി മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയാണെന്ന്് വിശേഷിപ്പിച്ചത്. താമരശേരി ചൊരം കേറി മൂപ്പർ വരുന്നതറിഞ്ഞ് നമ്മൾ സൈബറിടങ്ങളിലെ അലമാരകളിൽ പഴംപൊരി, ബോണ്ട, സുഖീൻ പോലുള്ള പലഹാരങ്ങൾ കുത്തി നിറച്ച കാഴ്ചയും കുഞ്ഞിമ്മോൻ എൻജോയ് ചെയ്തു കാണും. 

                                ****             ****               ****

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി എ പ്ലസ് ഗ്രേഡ് തമാശയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഈ വർഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തത്.  കഴിഞ്ഞവർഷം ഒന്നേകാൽ ലക്ഷം വിദ്യാർഥികൾക്ക് എ പ്ലസ് കിട്ടിയത് ദേശീയതലത്തിൽ താമാശയായിരുന്നു. ഈ വർഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തത് എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ വിവാദ പരാമർശം. 1,25,509 പേരാണ് കഴിഞ്ഞ വർഷം എ പ്ലസ് ഗ്രേഡ് നേടിയത്. ഈ വർഷം ഇത് 44,363 വിദ്യാർഥികളാണ് ഈ വർഷം എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത്. വിദ്യാഭ്യാസ വകുപ്പ്് തന്നെ കുറച്ചു കാലമായി കോമഡിയാണല്ലോ. പ്ലസ് ടു ഫലം പ്രഖ്യാപിച്ച ദിവസം വയനാടിനെ കുറിച്ച് മന്ത്രി പറഞ്ഞ തൊള്ളായിരത്തി...  പ്രയോഗം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്നുവല്ലോ. മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് വിശ്രമം കൊടുക്കാത്ത വിധത്തിലാണ് പുതിയ മന്ത്രിയുടെ ചെയ്തികൾ. 

                               ****             ****               ****

ബാല്യകാലം മുതൽ താൻ നേരിടുന്ന പരിഹാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഖുശ്ബുവിന്റേയും നടനും സംവിധായകനുമായ സുന്ദർ സിയുടെയും മകൾ അനന്തിത. സോഷ്യൽ മീഡിയയിൽ സജീവമായ കാലം മുതൽ ഒരുപാട് ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് അനന്തിത പറയുന്നത്. അമ്മയെ താരതമ്യം ചെയ്തുപോലും പരിഹസിക്കപ്പെട്ടെന്നും തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരപുത്രി പറയുന്നു. താരകുടുംബത്തിലെ അംഗമായതിനാൽ എല്ലായ്‌പ്പോഴും ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അതിന്റെ നല്ല വശവും മോശം വശവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും അനന്തിത പറയുന്നു. സമൂഹമാധ്യമങ്ങളിൽ കുട്ടിക്കാലം മുതൽ തന്നെ സജീവമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ്  അത് കൈകാര്യം ചെയ്തത്. 
എന്നാൽ പലരുടെയും കമന്റുകൾ വേദനയുണ്ടാക്കി. നല്ല ഉയരവും വണ്ണവുമുള്ള കുട്ടിയാണ് ഞാൻ. ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരിൽ വല്ലാതെ പരിഹാസിക്കപ്പെട്ടു. അമ്മയുമായി താരതമ്യം ചെയ്യുന്നവരുമുണ്ടായിരുന്നു. അമ്മ സുന്ദരിയാണല്ലോ. 
അമ്മയെപ്പോലെ സൗന്ദര്യമില്ല, കാണാൻ ആകർഷണമില്ല തുടങ്ങിയ അഭിപ്രായങ്ങൾ വല്ലാതെ വേദനിപ്പിച്ചു- അനന്തിത പറഞ്ഞു. ശരീരഭാരം കുറച്ചതിനു ശേഷവും പലരീതിയിലും പരിഹാസത്തിന് ഇരയായെന്നും അവർ കൂട്ടിച്ചേർത്തു. മനുഷ്യന്മാർക്ക്് വേറെ പണിയൊന്നുമില്ലേ... 

Latest News