Sorry, you need to enable JavaScript to visit this website.
Sunday , August   14, 2022
Sunday , August   14, 2022

ഖുർആൻ ബൈബിൾ : താരതമ്യ പഠനം

കെ.സി. സലീം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഖുർആൻ ബൈബിൾ ഒരു താരതമ്യ വായന എന്ന കൃതിയെക്കുറിച്ച വിലയിരുത്തൽ

ആഗോള സാഹചര്യങ്ങളിൽ മാത്രമല്ല ഇന്ത്യയിലും  കേരളത്തിലും തികച്ചും കാലികമെന്ന വിലയിരുത്താവുന്ന കൃതിയാണ് ഖുർആൻ ബൈബിൾ ഒരു താരതമ്യവായന. വിശുദ്ധ ഖുർആൻ പണ്ഡിതനായ ഡോ. സഫി കസ്‌കസ്, ബൈബിൾ പണ്ഡിതനായ ഡോ. ഡേവിഡ് ഹംഗർഫോർഡ് എന്നിവരുടെ ഒരു ദശകത്തിലേറെ നീണ്ട ലക്ഷ്യബോധത്തോടെയുള്ള കഠിനാധ്വാനത്തിന്റെ ഫലമായി രചിച്ച  The Quran: With reference to the Bible എന്ന കൃതിയുടെ മലയാള പരിഭാഷയാണിത് .ഖുർആൻ സൂക്തങ്ങൾക്ക് സമാനമായ ബൈബിൾ അടിക്കുറിപ്പുകളോട് കൂടിയ ചരിത്രത്തിലെ ആദ്യ ഖുർആൻ വിവർത്തനമാണിത്. വിവിധ ജനസമൂഹങ്ങൾ തമ്മിലുള്ള അനുരഞ്ജനവും സമാധാനവും ലക്ഷ്യമിട്ട് വർഷങ്ങൾ നീണ്ട ഗവേഷണ പഠനങ്ങൾക്ക് ശേഷം തയാറാക്കിയ ഖുർആൻ പരിഭാഷ. സെപ്തംബർ 11ന് ശേഷമുള്ള അമേരിക്കയിലെ തന്റെ ജീവിതത്തിന്റെ അനന്തരഫലമാണ് ഈ ഗ്രന്ഥമെന്ന് ഗ്രന്ഥകാരൻ പറയുന്നു. 
ഈ പരിഭാഷയും അതിലെ വിപുലമായ അടിക്കുറിപ്പുകളും വഴി ഇസ്‌ലാമിന്റെയോ ക്രിസ്തുമതത്തിന്റെയോ ഏതെങ്കിലും പ്രത്യേക ധാരയുടെ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്നതല്ല ഉദ്ദേശിക്കുന്നതെന്ന് എടുത്തുപറയുന്നുണ്ട്. മറിച്ച് ഉത്തമമായ പരസ്പര ധാരണയുടെ പാലങ്ങൾ പണിയുകയും വിപൽക്കരമായ മൗലിക വാദത്തിന് തടയിടുകയും, അജ്ഞതയുള്ളിടത്ത് വിളക്കു കൊളുത്തുകയുമാണ് പരിഭാഷകരുടെ ലക്ഷ്യം എന്ന് അവതാരികയിൽ ഡോ. മാർക്ക് സിൽജാൻഡർ എടുത്തുപറയുന്നത് പ്രസക്തമാണ്.
ഡോ. സഫി കസ്‌കസ് രണ്ടാം ലോക മഹായുദ്ധ കാലത്ത് ബെയ്‌റൂത്തിൽ ജനിച്ച വ്യക്തിയാണ്. ആദ്യം ക്രൈസ്തവരും മുസ്‌ലിംകളും തമ്മിലുള്ള സ്‌നേഹപൂർണമായ ബന്ധങ്ങൾക്കും പിൽക്കാലത്ത് അവർ തമ്മിലുളള പോരാട്ടത്തിനും അദ്ദേഹം സാക്ഷിയായി. അബ്രഹാമിക മതങ്ങളിൽ - യഹൂദ മതം, ക്രിസ്തു മതം, ഇസ്‌ലാം - പാണ്ഡിത്യം നേടിയ അദ്ദേഹം വേദ പണ്ഡിതനായിരുന്നു. സഹപരിഭാഷകനായ ഡോ. ഡേവിഡ് ഹംഗർഫോർഡ് അമേരിക്കയിൽ (ന്യൂയോർക്ക്) ജനിച്ചു. ജോൺസ് ഹോപ്കിൻസ് യൂനിവേഴ്‌സിറ്റിയിൽ ഓർത്തോപീഡിക്‌സ് വിഭാഗം മേധാവിയായിരുന്നു. ബൈബിൾ പണ്ഡിതനാണ്. 
ക്രിസ്ത്യാനികളിലെ ഒട്ടേറെ വിഭാഗങ്ങളോട് ഖുർആൻ പ്രതികരിക്കുന്നുണ്ട്. അക്കാര്യത്തിൽ എടുത്തുപറയാവുന്ന ഒരൊറ്റ ഖുർആനിക ക്രിസ്ത്യാനിയുമില്ലെങ്കിലും ഒരു  തരം ഖുർആനിക ക്രൈസ്തവ മതം ഉണ്ട്്. അതിനെയാണ് ഈ കൃതി അഭിസംബോധന ചെയ്യുന്നതെന്ന് ഡോ. സി. ജോൺ ബ്ലോക്ക് (അവതാരിക രണ്ട്) ചൂണ്ടിക്കാട്ടുന്നു. ഖുർആൻ അതിന്റെ ഐക്യസന്ദേശം വളരെ കൃത്യമായി വ്യാപിപ്പിക്കുന്നുണ്ട്്. എങ്കിലും നിർഭാഗ്യവശാൽ, ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിൽ നടന്ന സഹസ്രാബ്ദയുദ്ധങ്ങളെ തുടർന്നുണ്ടായ ഒറ്റപ്പെടലുകളുടെ തീവ്രതയിൽ ഈ സന്ദേശം മിക്കവാറും ഫലം കാണാതെ പോകുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നുമുണ്ട്്.
ഇംഗ്ലീഷിലാണ് മൗലിക കൃതി. അമേരിക്കയിൽ വെർജീനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിഡ്ജസ് ഓഫ് റീ കൺസീലിയേഷൻ ആണ് പ്രസാധകർ. വിവിധ മതവിഭാഗങ്ങൾക്കിടയിൽ അനുരഞ്ജനത്തിനും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയാണിത്. എഴുത്തുകാരനും നിരവധി കൃതികളുടെ പരിഭാഷകനുമായ കെ.സി. സലീമാണ് പരിഭാഷകൻ. സംസ്ഥാന ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് വകുപ്പിൽ റീജനൽ ഡയരക്ടറായിരുന്ന സലീം ഒഴുക്കുള്ള ഭാഷാ ശൈലിയുടെ ഉടമയാണ്. കഴിഞ്ഞ ദിവസം തലശ്ശേരി മുസ്‌ലിം അസോസിയേഷന്റെ ഡോ. എം. അഹ്മദ് പുരസ്‌കാരത്തിന് സലീം അർഹനായി. 
മുൻമൊഴിയിൽ ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വിവർത്തകൻ വിശദീകരിക്കുന്നുണ്ട്്: 
ലോകജനസംഖ്യയിൽ പകുതിയിലേറെ വരുന്ന വിശ്വാസികൾ അബ്രഹാമിക മതങ്ങളിൽപെട്ടവരാണ്. മൊത്തം 760 കോടി ജനങ്ങളിൽ 230 കോടി പേർ ക്രൈസ്തവരും 180 കോടി പേർ മുസ്ലിംകളുമാണ്. മൊത്തം ജനസംഖ്യയുടെ 54 ശതമാനം. 
33 ദശലക്ഷം ജനങ്ങളുള്ള കേരളത്തിൽ 9 ദശലക്ഷത്തോളം മുസ് ലിംകളും ആറ് ദശലക്ഷത്തിലധികം ക്രൈസ്തവരുമുണ്ട്്. 2011 സെൻസസ് പ്രകാരം കേരള ജനസംഖ്യയുടെ 26.56 ശതമാനം മുസ് ലിംകളും 18.38 ശതമാനം ക്രിസ്ത്യാനികളുമാണ്. 
വ്യത്യസ്ത മതവിഭാഗങ്ങളെ അകറ്റിനിർത്താനും, അവരെ തമ്മിൽ ഭിന്നിപ്പിക്കാനും അതിൽ നിന്നും രാഷ്ട്രീയവും മറ്റുമായ മുതലെടുപ്പ് നടത്താനും എക്കാലവും  ശ്രമങ്ങളുണ്ടായിട്ടുണ്ട്. അതിന് വേദഗ്രന്ഥങ്ങൾ ഉപയോഗപ്പെടുത്താറുമുണ്ട്്. പറയുന്നതിന് ആധികാരികതയില്ലെങ്കിൽ പോലും പാമരൻമാർ ആ വാക്കുകൾ വിശ്വസിച്ചുപോകും. സാമുദായിക സൗഹൃദത്തിലുണ്ടാക്കുന്ന അത്തരം വിള്ളലുകളിലൂടെയാണ് മതസമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പിന്റെ വിഷം പരക്കുന്നത്. വേദങ്ങൾ സസ്വന്തം  മാതൃഭാഷയിൽ വായിക്കാൻ അവസരം ലഭിക്കാത്ത ഭൂരിഭാഗം പേരും ഈ ചതിക്കുഴിയിൽ പെട്ടുപോകുന്നുവെന്ന്് വിവർത്തകൻ ചൂണ്ടിക്കാണിക്കുന്നു. 
മതങ്ങൾ പരസ്പര മദമിളകി ആക്രമിക്കുന്നതിന് വേണ്ടിയുള്ള മാർഗമായി കാണുന്ന പലരും കേരളീയ സമൂഹത്തിലും അടുത്ത കാലത്തായി ഇത്തരം ശ്രമങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ സാമൂഹിക സാഹചര്യം വിവിധ മതങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലോകത്ത് സമാധാനാന്തരീക്ഷം ഉണ്ടാവണമെങ്കിൽ എല്ലാ സമൂഹങ്ങളിലും പരസ്പര ധാരണയുടെയും സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം  നിലനിൽക്കേണ്ടതുണ്ട്്. അത്  സമാധാനത്തിന് വഴിയൊരുക്കും. 
വിദ്വേഷത്തിന് പകരം വിശ്വാസി സമൂഹത്തിനിടയിൽ സ്‌നേഹവും സൗഹാർദവും പുലരുമ്പോൾ, ഭിന്നിപ്പുകളുണ്ടാക്കുക പ്രയാസമാകും. ഇതിന് വിവിധ മതവിഭാഗങ്ങൾക്കിടയിൽ പരസ്പര ധാരണയുടെ പാലം പണിയുകയാണ് ആവശ്യമെന്ന് വിവർത്തകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നിലക്കുള്ള എളിയതെങ്കിലും വളരെ മഹത്തായ ശ്രമമാണ് ഈ വിവർത്തനം. 
അറബിയിലും ഇറ്റാലിയൻ ഭാഷയിലും ഈ കൃതിയുടെ മൊഴിമാറ്റം പുറത്തുവന്നിട്ടുണ്ട്. 
റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന തവസ്സുൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഡയലോഗ് ഡയരക്ടറും ഭാഷാപണ്ഡിതയുമായ ഡോ. സബ്രീന ലീയാണ് ഇറ്റാലിയൻ വിവർത്തക. ഇറ്റാലിയൻ പരിഭാഷ മാർപ്പാപ്പക്ക് സമ്മാനിച്ചതും അത് ഔദ്യോഗിക ലൈബ്രറിയിൽ സ്ഥാനം  പിടിച്ചതും വാർത്തകളുണ്ടായിരുന്നു. 
വെളിപാടിൽനിന്ന് ഗ്രന്ഥത്തിലേക്ക് എന്ന തലക്കെട്ടിലുള്ള ഭാഗത്ത് 13 പേജുകളിൽ വിശുദ്ധ ഖുർആന്റെ ക്രോഡീകരണ ചരിത്രം സവിസ്തരമായി പ്രതിപാദിക്കുന്നുണ്ട്. ഖുർആന്റെ പഴയ ഏടുകളുടെ നിരവധി ഖണ്ഡങ്ങൾ 1972ൽ യമനിൽ കണ്ടെത്തിയിരുന്നു. ഖുർആനിന്റെ ഏറ്റവും പൗരാണിക പ്രതിയായി വിശ്വസിക്കപ്പെടുന്ന കൈയെഴുത്തു രേഖയാണിത്. സൻആയിലെ കൈയെഴുത്തുശാലയിൽ അവയുണ്ട്. 
തുർക്കി ഇസ്താംബൂളിലെ തോപ്കാപി കൊട്ടാരത്തിലെ മ്യൂസിയത്തിൽ ഖുർആനിന്റെ ഏറ്റവും പഴക്കമേറിയ കോപ്പി സൂക്ഷിച്ചിരിക്കുന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലെ കൈയെഴുത്ത് പ്രതിയാണത്. 
പ്രവാചകന്റെ വിയോഗത്തിന് 20-40 വർഷങ്ങൾക്ക് ശേഷം തയാറാക്കപ്പെട്ടതെന്ന് തെളിഞ്ഞ ഖുർആന്റെ വളരെ പഴക്കം ചെന്ന കൈയെഴുത്ത് പ്രതി തുംബിൻഗൻ സർവകലാശാലയുടെ ലൈബ്രറി ശേഖരത്തിലുണ്ട്്. ഇത് ഓൺലൈനായി കാണാനാവുമെന്ന വിവരവും ഈ കൃതി പങ്കുവെക്കുന്നു.
                                        ( അടുത്തയാഴ്ച തുടരും) 

Latest News