Sorry, you need to enable JavaScript to visit this website.

കാലം കാത്തുവെച്ച കാവ്യനീതി

കൊടിയ ഭർതൃപീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്യാൻ കിണറ്റിൻകരയിലെത്തിയതായിരുന്നു നൗജിഷ. എന്നാൽ കിണറിന്റെ ആഴപ്പരപ്പ് കണ്ട് ഭയന്ന് അവൾ പിന്മാറുകയായിരുന്നു. അന്നവൾ ആത്മഹത്യയിൽ അഭയം തേടിയെങ്കിൽ ഇന്ന് നമുക്കു മുന്നിൽ ചിരിച്ചുനിൽക്കുന്ന ധീരയായ ഒരു പോലീസ് ഓഫീസറെ നമുക്ക് നഷ്ടമായേനെ. 

കണ്ണൂർ മാങ്ങാട്ടുപറമ്പിലെ പോലീസ് ക്യാമ്പിൽ ജോലിയുടെ തിരക്കിൽ മുഴുകുമ്പോൾ അവൾ പഴയ കാര്യങ്ങളൊന്നും ഓർക്കാൻ ആഗ്രഹിക്കാറില്ല. എങ്കിലും കടന്നുവന്ന വഴികൾ അത്ര സുഗമമായിരുന്നില്ലെന്ന് അവൾ ഓർമ്മിക്കുന്നു. ഭർതൃവീട്ടിലെ പീഡനം സഹിക്കാനാവാതെ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന വാർത്തകൾ നിത്യവും മാധ്യമങ്ങളിൽ നിറയുമ്പോൾ നൗജിഷ അതിന് അപവാദമായി മാറുകയാണ്. തന്റെ സമാന അവസ്ഥകളിലൂടെ കടന്നുപോകുന്ന പെൺകുട്ടികൾക്ക് ഉയർത്തെഴുന്നേൽപാണ് നൗജിഷയുടെ ജീവിതം. പരാജയപ്പെട്ട വിവാഹം ജീവിതത്തിന്റെ അവസാനമല്ലെന്ന് സ്വന്തം ജീവിതംകൊണ്ട് അവൾ കാണിച്ചുതരികയാണ്്.
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ പേരാമ്പ്രക്കടുത്ത് പന്തിരിക്കരയിൽ അരീക്കൽ അബ്ദുള്ളയുടെയും ഫാത്തിമയുടെയും മകളാണ് നൗജിഷ. മൂന്നു മക്കളിൽ ഇളയവൾ. മക്കളെ നല്ല നിലയിൽ പഠിപ്പിക്കണമെന്നായിരുന്നു ആ മാതാപിതാക്കളുടെ ആഗ്രഹം. ഉപ്പ പനി പിടിച്ചാൽ കൂടി കൂലിപ്പണിക്കു പോകുമായിരുന്നു. പെരുന്നാളിന് പുതുവസ്ത്രം വാങ്ങിയില്ലെങ്കിലും പഠിക്കാനുള്ള ഒരു പുസ്തകം പോലും വാങ്ങാതിരുന്നിട്ടില്ല. എം.സി.എയ്ക്ക്് ചാലക്കുടിയിൽ പഠിക്കുമ്പോൾ ഹോസ്റ്റൽ ഫീസടയ്ക്കാനെല്ലാം ശരിക്കും ബുദ്ധിമുട്ടിയിരുന്നു- നൗജിഷ ഓർക്കുന്നു.
പഠനാനന്തരം വിവാഹജീവിതത്തിലേയ്ക്കു കാലെടുത്തുവയ്ക്കുമ്പോൾ നൗജിഷ ഒന്നേ ആവശ്യപ്പെട്ടുള്ളു. വിവാഹശേഷം ജോലിക്കു വിടണമെന്നായിരുന്നു ഭർതൃവീട്ടുകാരോട് അവൾ ആവശ്യപ്പെട്ടത്. അന്നവർ സമ്മതം മൂളുകയും ചെയ്തു. 2010 മേയ് മാസത്തിലായിരുന്നു വിവാഹം. വിവാഹത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോയിരുന്നു. വിവാഹം കഴിഞ്ഞതോടെ ഭർത്താവിന്റെ മനസ്സു മാറി. വീടിന് പുറത്തിറങ്ങാൻ പാടില്ലെന്നും അടുക്കളപ്പണിക്കാണ് കല്യാണം കഴിച്ചതെന്നും പറഞ്ഞപ്പോൾ അവളാകെ തകർന്നുപോയി. മണ്ണെണ്ണ വിളക്കിന്റെ ഇത്തിരിവെട്ടത്തിൽ ഉറക്കമിളച്ച് കഷ്ടപ്പെട്ട് പഠിച്ചത് അടുക്കളപ്പണിക്കായിരുന്നോ എന്നവൾ സങ്കടപ്പെട്ടു. എങ്കിലും വീട്ടുകാരെ അറിയിക്കാതെ അവൾ ആ വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞു. ഇതിനിടയിൽ ഭർത്താവിന്റെ ചില സ്വകാര്യ ബന്ധങ്ങൾ അറിഞ്ഞതോടെ അതിനെച്ചൊല്ലിയായി ബഹളം. അതോടെയാണ് ശരിക്കും മർദ്ദനമുറ പ്രയോഗിക്കാൻ തുടങ്ങിയത്. 
ഭർത്താവിന്റെ ഈ ക്രൂരത തുടരുമ്പോൾ ആശ്വാസവാക്കുകളുമായി ഭർതൃമാതാവും സഹോദരിയുമുണ്ടായിരുന്നു എന്നതായിരുന്നു അവളുടെ ധൈര്യം. ഒരു കുഞ്ഞു ജനിച്ചാൽ എല്ലാം ശരിയാകുമെന്ന ചിന്തയായിരുന്നു പിന്നീട്്. മകൻ പിറന്ന് ഒന്നര വയസ്സാകുമ്പോഴാണ് അവൾ ആ വീട്ടിൽനിന്നും പടയിറങ്ങിയത്. പീഡനവും അവഗണനയും ഇനിയും സഹിക്കാനാവില്ലെന്ന ചിന്തയാണ് ഇതിന് പ്രേരണയായത്. ഇനിയും അവിടെ താമസിച്ചാൽ തന്റെ ജീവൻ കൂടി അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ നൗജിഷ മകനെയും കൂട്ടി സ്വന്തം വീട്ടിൽ അഭയം തേടുകയായിരുന്നു. ആരുടെ മുന്നിലും തല കുനിക്കില്ലെന്ന നിശ്ചയദാർഢ്യമായിരുന്നു മനസ്സുനിറയെ.
സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്നില്ലെങ്കിലും ആ ഉപ്പയും ഉമ്മച്ചിയും മകളെ ചേർത്തുപിടിക്കുകയായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് അവളെ വിവാഹം കഴിച്ചയച്ചതെങ്കിലും അവിടത്തെ ജീവിതം അത്ര സുഖകരമല്ലെന്ന് അവരും മനസ്സിലാക്കിയിരുന്നു. മാസങ്ങൾ കഴിയുന്തോറും അവൾ തങ്ങളിൽനിന്നും എന്തൊക്കെയോ മറച്ചുവയ്ക്കുന്നുണ്ടെന്ന് അവരും തിരിച്ചറിഞ്ഞു. അവളുടെ ചുറുചുറുക്കും ഓജസ്സും നഷ്ടപ്പെടുന്നതും അവരറിഞ്ഞു. തിരിച്ചുപോരാൻ അന്നേ നിർബന്ധിച്ചിരുന്നെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെയാണ് ആ വീട്ടിൽനിന്നും ഇറങ്ങിയത്. സമൂഹത്തിന്റെ മുന്നിൽ നാണക്കേടുണ്ടാകുമെന്ന മിഥ്യാഭിമാനം ആ മാതാപിതാക്കൾ വച്ചുപുലർത്തിയില്ല. ഒരിക്കലും മകളോട് ഭർതൃവീട്ടിലേയ്ക്ക് മടങ്ങാനും അവർ നിർബന്ധിച്ചില്ല.
വിവാഹത്തിന് ആഭരണങ്ങൾ വാങ്ങിയ വകയിൽത്തന്നെ നല്ല സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതിനാൽ എത്രയും വേഗം ഒരു ജോലി സംഘടിപ്പിക്കുക എന്നതായിരുന്നു നൗജിഷയുടെ മുന്നിലുള്ള വെല്ലുവിളി. മകനെ ഉമ്മയെ ഏല്പിച്ച് പേരാമ്പ്രയിലെ ഒരു പാരലൽ കോളേജിൽ അധ്യാപികയായി. ഇടവേളകളിൽ പി.എസ്.സിക്ക് പഠിക്കുകയും ചെയ്തു. 
കോഴിക്കോട് ജില്ലയിലെ ക്ലറിക്കൽ റാങ്ക് ലിസ്റ്റിൽ സപ്ലിമെന്ററി ലിസ്റ്റിൽ ഇടം നേടിയതോടെ ആത്മവിശ്വാസമായി. കഠിനമായി പരിശ്രമിച്ചാൽ ഒരു സർക്കാർ ജോലി തനിക്കും ലഭിക്കുമെന്ന ചിന്തയിൽ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം പരിശീലനത്തിന് ചേർന്നു. നൗജിഷയിലെ അവസ്ഥ കണ്ടറിഞ്ഞ കോച്ചിംഗ് സെന്ററുകാർ അവളോട് ഫീസൊന്നും വാങ്ങിയിരുന്നില്ല.
വിവാഹമോചനത്തിന് കോടതിയിലെത്തിയപ്പോൾ ഭർത്താവ് അനുകൂലിച്ചില്ല. ബന്ധം വേർപെടുത്താൻ അയാൾ ഒരുക്കമല്ലായിരുന്നു. ഒടുവിൽ പള്ളി കമ്മിറ്റിക്കാർ ഇടപെട്ടാണ് ആ ബന്ധത്തിൽനിന്നും മോചനം ലഭിച്ചത്. അതോടെ ആശ്വാസമായി. ഇക്കാലത്തുതന്നെയായിരുന്നു സംസ്ഥാന വനിതാ പോലീസ് റാങ്ക് ലിസ്റ്റിൽ 141 ാം റാങ്കിനുടമയായത്. എറണാകുളത്ത് പോലീസ് ലിസ്റ്റിൽ എൻ.സി.എ കാറ്റഗറിയിൽ എട്ടാം റാങ്കുണ്ടായിരുന്നു. കൂടാതെ തൃശൂർ പോലീസ് ലിസ്റ്റിലും എൻ.സി.എ കാറ്റഗറിയിൽ ഒന്നാം റാങ്കുണ്ടായിരുന്നു. 
കാസർകോടും പോലീസ് ലിസ്റ്റിലുണ്ടായിരുന്നു. നാട്ടിൽതന്നെ ജോലിക്കു ചേരണമെന്ന ചിന്തയിൽ 2021 ഏപ്രിൽ പതിനഞ്ചിന് ജോലിക്കു ചേർന്നു. നിയമന ശുപാർശ കൈപ്പറ്റുമ്പോൾ കണ്ണുകളിൽനിന്നും കണ്ണീർ ധാരധാരയായി ഒഴുകുകയായിരുന്നു. സ്വപ്‌നസാഫല്യത്തിന്റെ നിമിഷങ്ങളായിരുന്നു അത്-നൗജിഷ പറയുന്നു.
കോഴിക്കോട് ജില്ലയിൽ ആരംഭിച്ച ഡൊമസ്റ്റിക് കോൺഫ്ലക്ട് റസല്യൂഷൻ സെന്ററിന്റെ മസ്‌കോട്ടായി പരിശീലനകാലത്തുതന്നെ എന്നെ തിരഞ്ഞെടുത്തിരുന്നു. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ എങ്ങനെ നേരിടാമെന്ന് സ്ത്രീകളെ പരിശീലിപ്പിക്കുകയായിരുന്നു ദൗത്യം. ഇതിലൂടെ ഒട്ടേറെ സ്ത്രീകളെ കാണാനും അവരുടെ പ്രശ്‌നങ്ങൾക്ക് പോംവഴി നിർദ്ദേശിക്കാനും കഴിഞ്ഞിട്ടുണ്ടെന്നത് ഏറെ അഭിമാനത്തോടെയാണ് കാണുന്നത്.
പഠനത്തിലൂടെ ഉന്നതിയിലെത്താനുള്ള ഉപ്പയും ഉമ്മച്ചിയുടെയും ശ്രമങ്ങൾ വിഫലമായില്ല. ചേട്ടൻ റിയാസ് നല്ലളം ഹൈസ്‌കൂളിൽ അധ്യാപകനാണ്. ചേച്ചി നൗഫാകട്ടെ കായണ്ണ ഹൈസ്‌കൂളിൽ പ്ലസ് ടു ക്ലാസിലെ ലാബ് അസിസ്റ്റന്റും. 
മൂന്നുപേരും സർക്കാർ സർവ്വീസിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഉപ്പയും ഉമ്മച്ചിയും. എന്റെ സന്തോഷവും പ്രതീക്ഷയുമായ മകൻ ഐഹം നസൽ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. എന്റെ ആത്മവിശ്വാസം അടുത്തറിഞ്ഞാവണം വലുതായാൽ കലക്ടറാവുമെന്നാണ് അവൻ പറയുന്നത്. അമ്മയെക്കൊണ്ട് സെല്യൂട്ട് ചെയ്യിക്കുമെന്നും പറയുന്നു. അവന്റെ സ്വപ്‌നം സാർത്ഥകമാകട്ടെ എന്നാശംസിക്കാം.
ഭർതൃവീട്ടിൽനിന്നും പടിയിറങ്ങിയതിന്റെ അഞ്ചാം വർഷത്തിൽ അതും ഒരു മേയ് മാസത്തിൽ സർക്കാരിൽനിന്നും ആദ്യശമ്പളം വാങ്ങുമ്പോൾ കണ്ണിൽ ഉറഞ്ഞുകൂടിയ കണ്ണീര് അടക്കിപ്പിടിച്ച് അവൾ നിറഞ്ഞുചിരിക്കുകയായിരുന്നു. 
തൃശൂർ പോലീസ് അക്കാദമിയിൽനിന്നും പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ മൂന്നാമത് വനിതാ പോലീസ് ബറ്റാലിയനിൽ ജീവിതത്തിന്റെ മറുകര നീന്തിക്കടന്ന, ആത്മവിശ്വാസത്തിന്റെ നിറകുടമായി ഈ മുഖവുമുണ്ടായിരുന്നു. പാസിംഗ് ഔട്ട് പരേഡ് കാണാൻ ഉപ്പയും ഉമ്മച്ചിയുമെല്ലാമെത്തിയതിൽ വലിയ സന്തോഷത്തിലായിരുന്നു അവൾ. 
കാരണം അവരുടെകൂടി കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ ജോലി. മകന്റെ കാര്യങ്ങളെല്ലാം ഞങ്ങൾ നോക്കിക്കൊള്ളാം. നീ പഠിച്ചാൽ മാത്രം മതിയെന്ന്്് ഉപദേശിച്ച ഉമ്മയെ എവിടെ കിട്ടാൻ. കാലം തനിക്കായി കാത്തുവച്ച കാവ്യനീതിക്കു മുന്നിൽ ഉറച്ച കാൽവയ്പുകളോടെ ഒരു ബിഗ് സല്യൂട്ട് നൽകിക്കൊണ്ട് നൗജിഷ പറഞ്ഞുനിർത്തുന്നു.

Latest News