Sorry, you need to enable JavaScript to visit this website.

റെക്കോർഡുകൾ ഭേദിക്കാൻ റൊണാൾഡോ

മഡ്രീഡ്- യുവെന്റസിനെതിരെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അടിച്ച ബൈസിക്കിൾ കിക്ക് ഗോൾ ഫുട്‌ബോൾ ലോകം ഒരിക്കലും മറക്കില്ല. ക്രിസ്റ്റ്യാനോയുടെ ഗംഭീര പ്രകടനവുമായി 3-0ന് ജയിച്ച റയൽ മഡ്രീഡ്, സെമി ഫൈനൽ ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. ഇന്ന് റയലിന്റെ സ്വന്തം സ്റ്റേഡിയമായ സാന്തിയാഗോ ബെർണബാവുവിൽ യൂവിയെ രണ്ടാം പാദത്തിൽ വീണ്ടും നേരിടുമ്പോൾ, പുതിയൊരു റെക്കോഡാവും പോർച്ചുഗീസ് സ്‌ട്രൈക്കറുടെ ലക്ഷ്യം. ചാമ്പ്യൻസ് ലീഗിലെ ഒരു സീസണിൽ ഏറ്റവുമധികം ഗോളടിച്ച റെക്കോഡ്. ഇന്ന് കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ റൊണാൾഡോക്ക് അതിന് കഴിയുമെന്ന് റയൽ ആരാധകർ ഉറച്ചുവിശ്വസിക്കുന്നു. അങ്ങനെ റയലിന് ചാമ്പ്യൻപട്ടം നിലനിർത്താനാവുമെന്നും.
നിലവിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളടിച്ചതിന്റെ റെക്കോഡ് റൊണാൾഡോയുടെ പേരിൽതന്നെയാണ്. 2013-14ൽ നേടിയ 17 ഗോളിന്റെ റെക്കോഡ്. കൂടാതെ 2015-16ൽ 16 ഗോളുമടിച്ചു. ഈ രണ്ട് സീസണിലും റയൽ ചാമ്പ്യൻസ് ലീഗ് നേടുകയും ചെയ്തു. 
ഈ സീസണിൽ ഇതുവരെ ഒമ്പത് മത്സരങ്ങളിൽനിന്നായി 14 ഗോൾ റൊണാൾഡോ അടിച്ചുകഴിഞ്ഞു. യൂവെന്റസിനെതിരായ ആദ്യ പാദത്തിലടക്കം നാല് കളികളിൽ രണ്ട് വീതം സ്‌കോർ ചെയ്തു. ഈ 33ാം വയസ്സിലും അപാര ഫോമിൽ തുടരുന്ന ക്രിസ്റ്റ്യാനോക്ക് 17 ഗോളെന്ന റെക്കോഡ് മറികടക്കാൻ പ്രയാസമില്ലെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. റയൽ ഫൈനലിലെത്തുന്നപക്ഷം ഇന്നത്തേതടക്കം നാല് മത്സരങ്ങൾ ക്രിസ്റ്റ്യാനോക്കു മുന്നിലുണ്ട്.
കഴിഞ്ഞ മത്സരത്തിലും സ്‌കോർ ചെയ്തതോടെ തുടർച്ചയായി പത്ത് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോളടിച്ച് ക്രിസ്റ്റ്യാനോ റെക്കോഡ് സൃഷ്ടിച്ചിരുന്നു. ഒമ്പത് മത്സരങ്ങളിൽ തുടർച്ചയായി സ്‌കോർ ചെയ്ത മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മുൻ സ്‌ട്രൈക്കർ റൂഡ് വാൻ നിസ്റ്റൽറൂയിയെയാണ് ക്രിസ്റ്റ്യാനോ പിന്നിലാക്കിയത്. 
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളടിച്ച റെക്കോഡും ക്രിസ്റ്റ്യാനോയുടെ പേരിലാണ്, 119 ഗോൾ. ബദ്ധവൈരിയായ ലിയോണൽ മെസ്സി 100 ഗോളേ അടിച്ചിട്ടുള്ളു.
യൂവെന്റസിനെതിരായ മത്സരത്തിനു ശേഷം സ്പാനിഷ് ലീഗിൽ അത്‌ലറ്റിക്കോ മഡ്രീഡിനെതിരെയും ക്രിസ്റ്റ്യാനോ ഗോളടിച്ചിരുന്നു. ക്രിസ്റ്റാനോയെ പോലെ ഗോളടി മികവുള്ള ആരും ഇന്ന് ടീമിലില്ലെന്ന് മത്സരത്തിനുശേഷം റയൽ കോച്ച് സിനദിൻ സിദാൻ പറയുകയും ചെയ്തു.
ക്രിസ്റ്റ്യാനോക്ക് ഗോളടിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പാകത്തിലാണ് സിദാൻ ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്. 4--4-2 ശൈലിയിൽ സ്‌ട്രൈക്കിംഗ് പങ്കാളിയായ കരീം ബെൻസീമക്ക് പിന്തുണക്കാരന്റെ റോളാണ് നൽകിയിരിക്കുന്നത്. ഗ്രൗണ്ടിൽ അങ്ങോളമിങ്ങോളം ഓടിനടന്ന് ഊർജം കളയാതെ അവസരത്തിനായി ബോക്‌സിൽ ചുറ്റിപ്പറ്റി നിൽക്കുന്ന റൊണാൾഡോക്ക് പന്തെത്തിച്ചുകൊടുക്കുക എന്നതാണ് വിംഗർമാരുടെ ഉത്തരവാദിത്തം. കൃത്യമായി പന്ത് കിട്ടുമ്പോഴെല്ലാം ക്രിസ്റ്റ്യാനോ സ്‌കോർ ചെയ്യും. അർധാവസരം പോലും മുതലാക്കും. യൂവെന്റസിനെതിരായ ബൈസിക്കിൾ കിക്ക് ഗോൾ അർധാവസരം പോലുമല്ലായിരുന്നു. ഡാനി കർവാജൽ വലതുവിംഗിൽ നിന്ന് നൽകിയ ക്രോസ് രണ്ട് മീറ്റർ ഉയരത്തിൽ കാലുയർത്തിച്ചാടിയാണ് ക്രിസ്റ്റ്യാനോ വലയിലേക്ക് വെടിയുണ്ടപോലെ പായിച്ചത്. ഇന്ന് ബെർണബാവുവിലും അത്തരം മാജിക് പ്രതീക്ഷിക്കുകയാണ് റയൽ ആരാധകർ.
ഇന്ന് ചാമ്പ്യൻസ് ലീഗിലെ മറ്റൊരു ക്വാർട്ടറിൽ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക് സ്‌പെയിനിലെ സെവിയയെ നേരിടുന്നുണ്ട്. ആദ്യ പാദം ബയേൺ 2-1ന് ജയിച്ചിരുന്നു. 

Latest News