കുലാലംപുർ- ഇന്ത്യ-പാക് അതിർത്തിയിലെ സംഘർഷം അനുദിനം വഷളാവുന്ന സാഹചര്യത്തിൽ ഈ വർഷം ഇന്ത്യയിൽ നടക്കാനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് യു.എ.ഇയിലേക്ക് മാറ്റി. സെപ്റ്റംബർ 13 മുതൽ 28 വരെയാവും യു.എ.ഇയിൽ ചാമ്പ്യൻഷിപ്പ് നടക്കുകയെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഡെവലപ്‌മെന്റ് മാനേജർ സുൽത്താൻ റാണ അറിയിച്ചു.
ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ നടത്തിയാൽ തങ്ങൾ പങ്കെടുക്കില്ലെന്നും വേറൊരു വേദിയിലേക്ക് മാറ്റണമെന്നും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമ്മർദം ചെലുത്തി വരികയായിരുന്നു.
ആറ് ടീമുകളാവും ഏകദിന ടൂർണമെന്റിൽ പങ്കെടുക്കുകയെന്നും റാണ അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവക്കു പുറമെ ഒരു ടീമിനെ യോഗ്യതാ റൗണ്ടിലൂടെ കണ്ടെത്തും.
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഏഷ്യാ കപ്പ് വിവാദത്തിലാവുന്നത് ഇതാദ്യമല്ല. പ്രധാനമായും ഇന്ത്യ-പാക് പ്രശ്‌നം തന്നെയാണ് ടൂർണമെന്റിനെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. 1984ൽ ഉദ്ഘാടന ടൂർണമെന്റ് നടന്നത് യു.എ.ഇയിലാണ്. 86ൽ ശ്രീലങ്കയിൽ നടന്ന ടൂർണമെന്റ് ഇന്ത്യ ബഹിഷ്‌കരിച്ചു. 91ൽ ഇന്ത്യയിൽ നടന്നപ്പോൾ പാക്കിസ്ഥാൻ ടീമിനെ അയച്ചില്ല. 2008ലെ മുംബൈ ആക്രമണത്തിന് പിന്നാലെ ഇന്ത്യാ -പാക് ബന്ധം വഷളായതോടെ ഏഷ്യാ കപ്പിന്റെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായി. അതിനുശേഷം പാക്കിസ്ഥാനിലേക്ക് ഇന്ത്യ ടീമിനെ അയച്ചിട്ടില്ല. 2012ലും, 14ലും, 16ലും തുടർച്ചയായി ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത് ബംഗ്ലാദേശാണ്.