Sorry, you need to enable JavaScript to visit this website.

നിൽക്കണോ പോകണോ?

വിരമിക്കേണ്ടതെപ്പോഴാണ്, ഫോമിൽ നിൽക്കുമ്പോഴോ എല്ലാം കഴിഞ്ഞാലോ? ശരീരം നൽകുന്ന സൂചനകൾ വലിയ കളിക്കാർക്കു പോലും മനസ്സിലാവാതെ പോവുന്നതെന്തു കൊണ്ടാണ്. നല്ല കാലം കഴിഞ്ഞിട്ടും കളിയിൽ തുടരുകയും പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാവുകയും ചെയ്ത കളിക്കാരുടെ പട്ടികയിലേക്കാണോ സെറീന വില്യംസിന്റെയും സഞ്ചാരം?...

വിരമിക്കേണ്ടതെപ്പോഴാണ്, ഫോമിൽ നിൽക്കുമ്പോഴോ എല്ലാം കഴിഞ്ഞാലോ? ശരീരം നൽകുന്ന സൂചനകൾ വലിയ കളിക്കാർക്കു പോലും മനസ്സിലാവാതെ പോവുന്നതെന്തു കൊണ്ടാണ്. നല്ല കാലം കഴിഞ്ഞിട്ടും കളിയിൽ തുടരുകയും പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാവുകയും ചെയ്ത കളിക്കാരുടെ പട്ടികയിലേക്കാണോ സെറീന വില്യംസിന്റെയും സഞ്ചാരം?.....ടൈമിംഗ് പ്രധാനമാണ്. കളിയിൽ മാത്രമല്ല. കളിയിൽ നിന്ന് പിരിയാനും. മിക്ക കളിക്കാർക്കും അതിന്റെ ഭാഗ്യം ലഭിക്കാറില്ല. ഫോമിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ വിട പറയാൻ അവസരം ലഭിക്കുന്നവർ അപൂർവമാണ്. ഉയർച്ച താഴ്ചകളിലൂടെ കടന്നുപോവുന്നവരാണ് മിക്ക കളിക്കാരും. ഫോമിലല്ലാതാവുമ്പോഴും അവർ പ്രതീക്ഷിക്കുന്നത് അടുത്ത കളിയിൽ തിരിച്ചുവരാനാവുമെന്നാണ്. ആ അടുത്ത കളി നീണ്ടു നീണ്ടു പോവും. ഒടുവിൽ വിരമിക്കാൻ തീരുമാനിക്കുമ്പോഴേക്കും ആർക്കും വേണ്ടാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത എടുക്കാചരക്കാവും അവർ. 
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സെറീന വില്യംസ്. ഒരു വർഷമായി വിട്ടുനിൽക്കുകയായിരുന്ന നാൽപതുകാരി വലിയ പ്രതീക്ഷയോടെയാണ് വിംബിൾഡണിനെത്തിയത്. ആദ്യ റൗണ്ടിൽ പുറത്തായി. എന്നിട്ടും തോൽവി തനിക്ക് പ്രചോദനമാണെന്നും യു.എസ് ഓപണിൽ പൊരുതുമെന്നുമാണ് സെറീന പ്രഖ്യാപിച്ചത്. 2017 ലാണ് സെറീന അവസാന ഗ്രാന്റ്സ്ലാം നേടിയത്. ചരിത്രം ആവർത്തിക്കുകയാണ്. 
സെറീന മാത്രമല്ല വിഖ്യാത ബോക്‌സർ മുഹമ്മദലിയും ഫോർമുല വണ്ണിൽ താരസിംഹാസനം സ്വന്തമാക്കിയ മൈക്കിൾ ഷുമാക്കറും ആരാധകരുടെയും പെൺമനസ്സുകളുടെയും റൊമാന്റിക് ഹീറോ ആയ ജോർജ് ബെസ്റ്റുമൊക്കെ ടൈമിംഗ് പിഴച്ചു പോയവരാണ്.
മുഹമ്മദലി ചരിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഹെവിവെയ്റ്റ് ബോക്‌സറാണ്. ഇരുപതാം നൂറ്റാണ്ടിൽ മുഹമ്മദലിയെ പോലെ സ്വാധീനം ചെലുത്തിയ കായികതാരങ്ങൾ തന്നെ അപൂർവമാണ്. 1964 ൽ ഇരുപത്തിരണ്ടാം വയസ്സിലാണ് മുഹമ്മദലി ലോക കിരീടം നേടിയത്. അതും സോണി ലിസ്റ്റനെ ഐതിഹാസികമായി തോൽപിച്ച്. 
ജോ ഫ്രേസർക്കും ജോർജ് ഫോർമാനുമെതിരായ മുഹമ്മദലിയുടെ പോരാട്ടങ്ങൾ തലമുറകൾ കൈമാറുന്ന വീരേതിഹാസങ്ങളാണ്. എന്നാൽ 1978 ൽ അറിയപ്പെടാത്ത ലിയോൺ സ്പിൻക്‌സ് എന്ന കളിക്കാരൻ മുഹമ്മദലിയെ തോൽപിച്ചു. പക്ഷെ ആ വർഷം തന്നെ മുഹമ്മദലി പകരം ചോദിച്ചു. മൂന്നു തവണ ലോക ഹെവിവെയ്റ്റ് കിരീടം നേടുന്ന ആദ്യത്തെ ബോക്‌സറായി. 
ആ നേട്ടങ്ങളുടെ പാരമ്യത്തിൽ മുഹമ്മദലി വിരമിച്ചു. എന്നാൽ മനം മാറുകയും 1980 ൽ ലാസ്‌വെഗാസിൽ ലാറി ഹോംസുമായി പൊരുതാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോഴേക്കും ഫോമും ഫിറ്റ്‌നസും മുഹമ്മദലിയെ കൈവിട്ടിരുന്നു. സോണി ലിസ്റ്റൻ അനായാസം ജയിച്ചു. ബോക്‌സിംഗ് നിർത്തി ലിസ്റ്റനെ വിജയിയായി പ്രഖ്യാപിക്കേണ്ടി വന്നു. ജീവിക്കുന്ന ഒരാളെ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതു പോലെ തോന്നി എന്നാണ് സിൽവർ സ്റ്റാലൻ അതിനെ വിശേഷിപ്പിച്ചത്. 
എന്നിട്ടും മുഹമ്മദലി വിരമിക്കാൻ തയാറായില്ല. മുപ്പത്തൊമ്പതാം വയസ്സിൽ 1981 ൽ ട്രെവർ ബെർബിക്കുമായി പൊരുതാൻ തീരുമാനിച്ചു. ഇരുപത്തേഴുകാരനായ ബെർബിക്കുമായുള്ള പോരാട്ടവും തുടർന്നുള്ള മത്സരങ്ങളും മുഹമ്മദലി എന്ന അതുല്യ ബോക്‌സറെ പരിഹാസപാത്രമാക്കി. 
കരിയറിൽ രണ്ടു ലക്ഷത്തിലേറെ ഇടികൾ മുഹമ്മദലി ശരീരത്തിൽ ഏറ്റുവാങ്ങിയിട്ടുണ്ടാവുമെന്നാണ് കണക്ക്. അത് 1984 ആവുമ്പോഴേക്കും അദ്ദേഹത്തെ പാർക്കിൻസൻസ് രോഗത്തിന് അടിമയാക്കി. 2016 ൽ എഴുപത്തിനാലാം വയസ്സിൽ അന്തരിച്ചു. 
മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്‌ബോൾ ക്ലബ്ബിലെ ഗ്ലാമർ ബോയ് ആയിരുന്നു ജോർജ് ബെസ്റ്റ്. കളിക്കളത്തിലും പുറത്തും നിറപ്പകിട്ടാർന്ന ശൈലിയിലൂടെ ബെസ്റ്റ് ആരാധകരുടെയും സുന്ദരിമാരുടെയും മനം കവർന്നു. നീളൻ മുടിയും സിനിമാ ലുക്കും കാരണം വടക്കൻ അയർലന്റുകാരനായ വിംഗർ അഞ്ചാം ബീറ്റിൽ എന്നാണ് അറിയപ്പെട്ടത്. 1968 ൽ യുനൈറ്റഡ് യൂറോപ്യൻ കപ്പ് നേടിയതും രണ്ടു തവണ ഇംഗ്ലിഷ് ലീഗ് ചാമ്പ്യന്മാരായതും ബെസ്റ്റിന്റെ കളി മികവിന്റെ കരുത്തിലാണ്. യുനൈറ്റഡ് ജഴ്‌സിയിൽ 470 മത്സരങ്ങളിൽ 179 ഗോളടിച്ചു. യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദ ഇയറായി. 
അപ്പോഴേക്കും പരസ്ത്രീഗമനവും മദ്യപാനവും ബെസ്റ്റിനെ തളർത്തി. 1974 ൽ യുനൈറ്റഡ് വിട്ട ശേഷം ക്ലബ്ബുകളിൽനിന്ന് ക്ലബ്ബുകളിലേക്ക് ബെസ്റ്റ് നീങ്ങി. പലപ്പോഴും പരിശീലനത്തിന് സമയത്ത് എത്തിയില്ല. ചിലപ്പോൾ പൂർണമായും വിട്ടുനിന്നു. ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ ജൂയിഷ് ഗിൽഡിനും അമേരിക്കയിൽ ലോസ്ആഞ്ചലസ് ആസ്‌റ്റെക്‌സ്, സാൻജോസ് എർത്‌ക്വെയ്ക്‌സ്, ഫോർട് ലോഡർഡെയ്ൽ സ്‌ട്രൈക്കേഴ്‌സിനും കളിച്ചു. യുനൈറ്റഡിന്റെ ഇതിഹാസ താരം ഒടുവിൽ ഹോങ്കോംഗിലും സ്‌കോട്‌ലന്റിലും വരെ കളിച്ചു. 2005 ൽ അമ്പത്തൊമ്പതാം വയസ്സിൽ മരിച്ചു. 
ഫോർമുല വണ്ണിലെ രോമാഞ്ചമായിരുന്നു മൈക്കിൾ ഷുമാക്കർ. ഏഴു തവണ ലോക ചാമ്പ്യനായി -1994 നും 2004 നുമിടയിൽ. പിന്നീട് ലൂയിസ് ഹാമിൽടന് മാത്രം അനുകരിക്കാനായ നേട്ടം. പ്രതാപകാലത്ത് ബെനറ്റന്റെയും ഫെരാരിയുടെയും ഡ്രൈവറായിരുന്നു. ആകെ 91 വിജയങ്ങൾ നേടി. 68 തവണ പോൾ പൊസിഷനിലെത്തി. 155 തവണ വിജയപീഠത്തിൽ കയറി. 
2006 ൽ ഷുമാക്കർ വിരമിക്കാൻ തീരുമാനിച്ചു. അവസാന റെയ്‌സിൽ ഫെരാരിയെ 19ാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തെത്തിച്ചു. അവിശ്വസനീയമായ ഡ്രൈവിംഗായിരുന്നു അത്. എന്നാൽ 2010 ൽ ഷുമാക്കർ ഫോർമുല വണ്ണിലേക്ക് തിരിച്ചുവന്നു 41 വയസ്സായിരുന്നു അപ്പോൾ. ഷുമാക്കർ ഓടിച്ച മെഴ്‌സിഡസ് 1955 നുശേഷം ആദ്യമായി മത്സരത്തിനെത്തി. പക്ഷെ ഷുമാക്കർക്ക് ഒമ്പതാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഒരു വിജയമോ ഒരു പോൾ പൊസിഷനോ ഇല്ലാതെ ആ സീസൺ അവസാനിപ്പിക്കേണ്ടി വന്നു. 
ഒരു തവണ വിജയപീഠത്തിൽ കയറാനായില്ല. എന്തിന് 1991 നു ശേഷം ആദ്യമായി ഷുമാക്കറുടെ ഫാസ്റ്റസ്റ്റ് ലാപ് ഇല്ലാതെ ആ സീസണിന് തിരശ്ശീല വീണു. 
2011 ൽ എട്ടാം  സ്ഥാനത്തും അവസാന വർഷം പതിമൂന്നാം സ്ഥാനത്തുമായിരുന്നു. 2013 ഡിസംബറിൽ സ്‌കീയിംഗിനിടെ വീണ് ഷുമാക്കർക്ക് ഗുരുതരമായി പരിക്കേറ്റു. ഏറെക്കാലം കോമയിലായിരുന്നു. പിന്നീട് ഷുമാക്കറെ പൊതുമധ്യത്തിൽ കണ്ടിട്ടില്ല. 

Latest News