Sorry, you need to enable JavaScript to visit this website.

അകം ദീപ്തമാക്കുന്ന യാത്രാമൊഴികൾ

സ്‌കൂൾ പഠനകാലം അവസാനിച്ചപ്പോഴാണ് ആദ്യമായി വേർപാടും വിരഹവും  യാത്രയയപ്പ് മൊഴികളും  എന്തെന്നത് നമ്മളിൽ പലരും  അനുഭവിച്ചു തുടങ്ങിയത്.  പത്താം തരം കഴിഞ്ഞ് പഠനം തുടരാൻ മറ്റു വിദ്യാലയങ്ങളിലേക്ക് പോകുന്ന, അല്ലെങ്കിൽ പല കാരണങ്ങൾ കൊണ്ടും പഠനം തുടരാൻ കഴിയാത്ത  സഹപാഠികളെ  പിരിയുമ്പോൾ ഗതകാല സ്മൃതികൾ പെയ്തിറങ്ങി ഈറനണിയാത്ത കണ്ണുകൾ വിരളമായിരിക്കും.   പരസ്പരം സമ്മാനങ്ങൾ കൈമാറിയും  ഓട്ടോഗ്രഫുകളിൽ ഹൃദയവായ്പ് എഴുതിയും എഴുതിച്ചു വാങ്ങിക്കുകയും  ചെയ്ത  ആ കൗമാരപ്പകലുകൾ അതീവ രസകരവും അവിസ്മരണീയവും തന്നെയാണ്.   തുടർന്ന്  കോളേജുകളിൽ നിന്നും ഓരോ കോഴ്‌സ് പൂർത്തിയാക്കുമ്പോഴും നാം യാത്ര പറഞ്ഞു പിരിഞ്ഞപ്പോഴും പറഞ്ഞും പറയാതെയും അറിഞ്ഞും അറിയിക്കാതെയും വേർപാടിന്റെ വേപഥു   പക്വതയോടെ തരണം ചെയ്തു.  തുടർന്ന് ജോലിയിൽ പ്രവേശിച്ചതിന് ശേഷവും  ചിലരെ  സംബന്ധിച്ചിടത്തോളം യാത്രയയപ്പുകൾ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് സ്ഥലംമാറ്റമോ സ്ഥാനക്കയറ്റമോ  ഉണ്ടാകുമ്പോൾ യാത്രയയപ്പ് സർവസാധാരണമാണ്. ഉദ്യോഗത്തിൽ നിന്ന് വിരമിക്കുമ്പോഴുള്ള യാത്രയയപ്പിനാവട്ടെ തീവ്രത കൂടും.

ചില യാത്ര പറച്ചിലുകൾ അടക്കാനാവാത്ത വിങ്ങലായി നമ്മുടെ ഉള്ളിലിപ്പോഴും നാം  സൂക്ഷിച്ചുവെയ്ക്കാറുണ്ട്. ശരിയല്ലേ? ചിലരുടെ വാക്കുകൾ, നെടുവീർപ്പുകൾ, നിറകണ്ണുകൾ, എഴുത്തുകൾ, ആംഗ്യങ്ങൾ ; വർഷങ്ങൾ എത്ര കഴിഞ്ഞാലും നമ്മുടെ ഹൃദയത്തിൽ തെളിഞ്ഞു നിൽക്കും. അവയിൽ ചിലത് ഏകാന്തതയുടെ നീൾനിമിഷങ്ങളിൽ  അകതാരിൽ അനുപമ വാൽസല്യ  ശ്രുതി മീട്ടിക്കൊണ്ടേയിരിക്കും.

ഓരോ യാത്രയയപ്പുകളും നമ്മെക്കുറിച്ച് ഇത്തിരിയെങ്കിലും  ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന അപൂർവ അവസരങ്ങളാണ്.  പ്രവാസി സംഘടനകൾക്ക് അജണ്ടയിലെ ഒരു പ്രധാന ഇനമാണ് യാത്രയയപ്പ് പരിപാടി.  അതൊരു ആഘോഷം തന്നെയാണ് പലപ്പോഴും.  കുറേക്കാലം അന്യരാജ്യത്ത് അവിടുത്തെ വേറിട്ട കാലാവസ്ഥകളിൽ, സാഹചര്യങ്ങളിൽ ഒത്തു പ്രവർത്തിക്കുകയും ഒത്തു ജീവിക്കുകയും സാമൂഹ്യമായി ഇടപെടുകയും ചെയ്ത ആരെങ്കിലും പ്രവാസ ജീവിതം മതിയാക്കി  നാട്ടിലേക്ക് മടങ്ങുമ്പോൾ ബന്ധപ്പെട്ട സംഘടനകളും സുഹൃത്തുക്കളും നൽകുന്ന യാത്രയയപ്പുകൾ തികച്ചും വേറിട്ട അനുഭവങ്ങൾ  തന്നെയാണ്.   പലപ്പോഴും ഇത്തരം യാത്രയയപ്പ് യോഗങ്ങളിൽ നാം പങ്കെടുക്കാറുണ്ട്.   നമ്മുടെ ജീവിതത്തിൽ  പകർത്താവുന്ന  ഒരുപാട് മൂല്യങ്ങളെക്കുറിച്ച് തിരിച്ചറിവ്  ഉണ്ടാക്കുകയും  മറ്റുള്ളവരുടെ ജീവിതത്തിൽ അധികമാരും  ശ്രദ്ധിക്കാതെ പോയ പല സവിശേഷ കാര്യങ്ങളെ കുറിച്ച്  കൂടുതൽ മനസ്സിലാക്കാനും യാത്രയയപ്പ് യോഗങ്ങൾ സഹായിക്കുന്നുണ്ട്.
ചില  യാത്രയയപ്പ് യോഗങ്ങൾ ജീവനില്ലാത്ത  പ്രേരിത അപദാന പ്രഘോഷണങ്ങളായി പരിണമിക്കാറുള്ളതും നാം കാണാറുള്ളതാണ്. പൊതുവെ  അപൂർവമായിരിക്കുമെങ്കിലും അത്തരം യോഗങ്ങൾ   എളുപ്പത്തിൽ കഴിഞ്ഞ് കിട്ടിയിട്ട് വേണം  തടിയെടുക്കാൻ എന്ന് ആലോചിക്കുന്നവരായിരിക്കും അധികവും.  

ജിദ്ദയിൽ നിന്ന് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുമ്പോൾ  എനിക്ക് ലഭിച്ച  യാത്രയയപ്പുകൾ ഇത്തരം പതിവ് വിരസ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
പ്രതിവാരം മലയാളം ന്യൂസിൽ എഴുതുന്ന പൂമരച്ചോട്ടിൽ എന്ന ഈ കോളത്തെ സംബന്ധിച്ച വായനക്കാരുടെ  ചർച്ച സംഘടിപ്പിച്ച് ഗ്രന്ഥപ്പുര എനിക്ക് യാത്രാ മൊഴി നൽകിയപ്പോൾ  ജിദ്ദയിലെ പ്രശസ്ത ഗായകരെ അണിനിരത്തി മെഹ്ഫിൽ രാവൊരുക്കുന്നതോടൊപ്പം നാട്ടിലും ജിദ്ദയിലുമുള്ള എന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും പങ്കെടുപ്പിച്ച് എന്റെ കർമ മണ്ഡലത്തെ സദസ്സിന് പരിചയപ്പെടുത്തിയാണ് ഹിഫ്‌സുറഹ്മാനും ഇഖ്ബാൽ പൊക്കുന്നും അനിൽ മുഹമ്മദും നേതൃത്വം നൽകുന്ന കോഴിക്കോട് ഡിസ്ട്രിക്റ്റ് ഫോറം വിടയോതിയത്.

ജിദ്ദ വിട്ട് പോരുമ്പോൾ എനിക്ക് ഒരു പക്ഷേ ഏറെ മിസ് ചെയ്‌തേക്കാവുന്ന പി.ജി സ്മാരക സമീക്ഷാ പ്രതിമാസ വായന കൂട്ടായ്മ ഹൃദ്യമായ കവിതകളും കഥകളും മധുരവും പങ്കുവെച്ച് സ്‌നേഹാദരങ്ങൾ പകർന്നേകി.  ഉഷ്ണക്കാറ്റിൽ നീറുന്ന മരുഭൂവാരാന്ത്യ രാവുകളെ ഗസൽ മഴ പെയ്യിച്ച് കുളിര് കോരിയിടുന്ന കാലിക്കറ്റ് മ്യൂസിക് ലൗവേഴ്‌സ് ക്ലബ് മൻസൂർ ഭായിയുടെയും ഷാജഹാൻ ബാബുവിന്റെയും  നേതൃത്വത്തിൽ ഭാവ ഗാനങ്ങളുടെ ശ്രുതിമധുരിമയാർന്ന നിശീഥിനി സമ്മാനിച്ചപ്പോൾ മൈത്രി ജിദ്ദ കളിക്കളത്തിൽ മാറ്റുരയ്ക്കാനിറങ്ങിയ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കാനാണവസരമൊരുക്കിയത്.
ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ  അടുപ്പം പ്രകൃതിയോടുമാവട്ടെ എന്ന ബാനറിൽ ഒരുക്കിയ പരിപാടിയിൽ ഒരു മണിക്കൂർ നീണ്ട പ്രസന്റേഷന് വേദിയൊരുക്കിയാണ് ആദരം നൽകിയത്. കെ.എം.സി.സിയാവട്ടെ ഹജ് വളണ്ടിയർമാർക്ക് പരിശീലനമേകാൻ അവസരം  നൽകിയാണ് എന്റെ മടക്ക യാത്രാവേളയെ ധന്യമാക്കിയത്.
ഇസ്പാഫും  യൂനിവേഴ്‌സിറ്റി മലയാളി കൂട്ടായ്മയുമാവട്ടെ, അനുഭവ വിശകലനങ്ങളിലൂടെ യാത്രയയപ്പ് പരിപാടിയെ വിരസരഹിതവും വിജ്ഞാനപ്രദവുമാക്കി. ഔപചാരിക യാത്രയയപ്പ് കൂടാതെ  സുസ്‌മേര സായന്തനം പരിപാടി ഒരുക്കി ജി.ജി.ഐയും ജിദ്ദയിലെ വിവിധ സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തി   കേരള ജിദ്ദ പൗരാവലിയും കോൺസുലേറ്റ് അങ്കണത്തിൽ വൈവിധ്യമാർന്ന മൽസര പരിപാടികളുടെ വർണപ്പകിട്ടാർന്ന  പശ്ചാത്തലത്തിൽ കുബ്‌റ ലത്തീഫ് ടീമിന്റെ നേതൃത്വത്തിൽ  മലബാർ അടുക്കളയും ഒരുക്കിയ സ്‌നേഹാദരങ്ങൾ ഏറെ അവിസ്മരണീയം തന്നെ.

ഇതിലെല്ലാമുപരി ഇന്ത്യൻ കോൺസുലേറ്റിലെ  വൈസ് കോൺസൽ പി. ഹരിദാസ് സർ, കെ.ടി. അബൂബക്കർ, മുസാഫിർ, മൻസൂർ പൊന്നാനി, ഇബ്രാഹിം ഷംനാട്, ഷഫീഖ് കൊണ്ടോട്ടി  തുടങ്ങി ഒരുപാട് പേർ ഒരുക്കിയ സ്‌നേഹ കുടുംബ  സൽക്കാരങ്ങളും  സോഷ്യൽ മീഡിയ വഴി ചൊരിഞ്ഞ ഹൃദയവർജകമായ ആശംസകളും പ്രാർത്ഥനകളും എന്റെ മടക്കയാത്ര വേളയെ ഏറെ ഹൃദ്യമായ ഒരനുഭവമാക്കി മാറ്റിയിട്ടുണ്ടെന്ന് നന്ദിയോടെ സ്മരിക്കട്ടെ. ജനങ്ങളോട് നന്ദി കാണിക്കാത്തവൻ ദൈവത്തോട് നന്ദി കാണിക്കുന്നില്ല എന്ന പ്രവാചക വചനം കൊണ്ട് മനസ്സിപ്പോൾ ഏറെ  ദീപ്തമാണ്. 

Latest News