അമ്മയുടെ മൃതദേഹം കാണേണ്ടെന്ന് വിദേശത്ത് പഠിക്കുന്ന മക്കള്‍
അല്‍ ഐന്‍- അല്‍ ഐനിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഹെഡ് നഴ്‌സായ മലയാളി യുവതി ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിച്ച സുജ സിങ് ജനുവരിയിലാണ് ഈ ആശുപത്രിയില്‍ ജോലിക്കു ചേര്‍ന്നത്. ഇവര്‍ക്ക് നാല്‍പതിലേറെ പ്രായമുണ്ട്. ആത്മഹത്യയ്ക്കു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. മരണ വിവരമറിഞ്ഞ മക്കള്‍ അമ്മയുടെ മൃതദേഹം കാണേണ്ടെന്ന് അറിയിച്ചത് ഞെട്ടിച്ചെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവമറിഞ്ഞ് എല്ലാവരും ഞെട്ടിയിരിക്കുകയാണെന്നും എല്ലാവരോടും നല്ല രീതിയില്‍ പെരുമാറിയിരുന്ന ഇവര്‍ക്ക് ആശുപത്രിയില്‍ യാതൊരു പ്രശ്‌നങ്ങളും നേരിട്ടിട്ടുണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഉത്തരേന്ത്യക്കാരനായ ഭര്‍ത്താവില്‍ നിന്നും സുജ നേരത്തെ വിവാഹ മോചനം നേടിയിരുന്നു. ഇവരുടെ രണ്ടു മക്കളും വിദേശത്ത് പഠിക്കുകയാണ്. ആശുപത്രി അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്കു അമ്മയുടെ മൃതദേഹം കാണേണ്ടെന്നും ഏറ്റെടുക്കില്ലെന്നുമാണ് മക്കള്‍ അറിയിച്ചതെന്ന് ആശുപത്രി വക്താവ് പറഞ്ഞു. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകാന്‍ ബന്ധുക്കളും തയാറായിട്ടില്ല. അല്‍ ഐനില്‍ തന്നെ സംസ്‌കരിക്കാനാണു തീരുമാനം. കുടുംബത്തിന്റേയും ബന്ധുക്കളുടെയും അഭാവത്തില്‍ ആശുപത്രി അധികൃതര്‍ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിലാണ്.






