Sorry, you need to enable JavaScript to visit this website.

സുഹൃത്തിന്റെ കൊലയില്‍ പങ്ക്? ലാക്രയെ  ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഒഴിവാക്കിയേക്കും

ഭുവനേശ്വര്‍ - ഇന്ത്യന്‍ ഹോക്കി താരവും ഒളിംപ്യനുമായ ബിരേന്ദര്‍ ലാക്രക്ക് സുഹൃത്തിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണം. ബിരേന്ദറിന്റെ ബാല്യകാല സുഹൃത്ത് ആനന്ദ് ടോപ്പോയെ ഫെബ്രുവരിയില്‍ ഭുവനേശ്വറിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആനന്ദിന്റെ പിതാവ് ബന്ധന്‍ ടോപ്പോയാണ് ബിരേന്ദറാണ് കൊലപാതകത്തിനു പിന്നിലെന്നും ഹോക്കി താരത്തെ ഒഡിഷ പോലീസ് സംരക്ഷിക്കുകയാണെന്നും ആരോപിച്ചത്. ഒഡിഷ പോലീസില്‍ ഡി.എസ്.പിയാണ് ബിരേന്ദര്‍. നാലു മാസമായി താന്‍ ബിരേന്ദറിനെതിരെ എഫ്.ഐ.ഐര്‍ സമപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസ് സഹകരിക്കില്ലെന്നും ബന്ധന്‍ കുറ്റപ്പെടുത്തി. 
ടോക്കിയൊ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ബിരേന്ദര്‍. ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയ ഏഷ്യാ കപ്പില്‍ നായകനായിരുന്നു മുപ്പത്തിരണ്ടുകാരന്‍. 
ബിരേന്ദറിന്റെ അയല്‍വാസിയാണ് താനെന്നും മക്കള്‍ തമ്മില്‍ കുട്ടിക്കാലം മുതല്‍ പരിചയമുണ്ടെന്നും ബന്ധന്‍ പറഞ്ഞു. ഫെബ്രുവരി 28 ന് ബിരേന്ദറാണ് തന്നെ വിളിച്ച് ആനന്ദ് അബോധാവസ്ഥയിലാണെന്നും ആശുപത്രിയില്‍ കൊണ്ടുപോവുകയാണെന്നും അറിയിച്ചത്. അല്‍പസമയം കഴിഞ്ഞ് ആനന്ദ് മരിച്ചതായി അറിയിച്ചതും ബിരേന്ദര്‍ തന്നെ. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ ഭുവനേശ്വറില്‍ ഉടന്‍ എത്തണമെന്ന് മാത്രമാണ് മറുപടി നല്‍കിയത്. അവിടെ എത്തിയപ്പോള്‍ ആനന്ദ് ആത്മഹത്യ ചെയ്തതാണെന്ന് അറിയിച്ചു. പലതവണ ആവശ്യപ്പെട്ടപ്പോഴാണ് മൃതദേഹം കാണാന്‍ സമ്മതിച്ചത്. കഴുത്തില്‍ അടയാളങ്ങളുണ്ടായിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് -ബന്ധന്‍ പറഞ്ഞു.
ബിരേന്ദറിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റിലായിരുന്നു ആത്മഹത്യയെന്നാണ് പോലീസ് പറഞ്ഞത്. ബിരേന്ദറും മഞ്ജീത് ടെറ്റെയെന്ന പെണ്‍കുട്ടിയും മാത്രമാണ് ആ ഫഌറ്റില്‍ താമസിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ മകന്റെ മരണ സമയത്ത് ലാക്രയെയും മഞ്ജീതിനെയും കൂടാതെ ഒരാള്‍ കൂടി ഫഌറ്റില്‍ ഉണ്ടായിരുന്നുവെന്നും അയാളെ കൂടി പോലീസ് സംരക്ഷിക്കുകയാണെന്നും ബന്ധന്‍ ആരോപിച്ചു. 
ബിരേന്ദറും ആനന്ദും വിവാഹിതരാണ്. എന്നാല്‍ ഇരുവരും ഒരു പെണ്‍കുട്ടിയുമുള്‍പ്പെട്ട പ്രണയത്രികോണമാണ് കൊലപാതകത്തിന് കാരണമെന്ന് പിതാവ് കുറ്റപ്പെടുത്തി. വിവാഹിതനായി 12 ദിവസത്തിനു ശേഷമായിരുന്നു ആനന്ദ് മരിച്ചത്. ആനന്ദിന് മഞ്ജീതുമായി ബന്ധമുണ്ടായിരുന്നുവോയെന്ന് ചോദിച്ചപ്പോള്‍ ബന്ധന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇരുവരും ഭുവനേശ്വറില്‍ ഒരുമിച്ച് പഠിച്ചിരുന്നു. അതിനു ശേഷം എന്താണ് സംഭവിച്ചതെന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 
കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി ബംഗളൂരുവിലെ സായ് കേന്ദ്രത്തില്‍ നടക്കുന്ന പരിശീലന ക്യാമ്പിലാണ് ബിരേന്ദര്‍ ഇപ്പോള്‍. ബിരേന്ദറിനെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ വിഫലമായി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിരേന്ദറിനോട് ക്യാമ്പ് വിടാന്‍ നിര്‍ദേശിക്കുമെന്നാണ് സൂചന. 
2014 ല്‍ ഇഞ്ചിയോണ്‍ ഏഷ്യാഡില്‍ സ്വര്‍ണവും 2018 ലെ ജക്കാര്‍ത്ത ഏഷ്യാഡില്‍ വെങ്കലവും നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ബിരേന്ദര്‍. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും കരസ്ഥമാക്കിയിരുന്നു. 
 

Latest News