ഹൂഡക്ക് സെഞ്ചുറി, ഇന്ത്യ കുതിക്കുന്നു

ഡബ്ലിന്‍ - അയര്‍ലന്റിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ വമ്പന്‍ സ്‌കോറിലേക്ക്. ഇശാന്‍ കിഷനെ (3) തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട ശേഷം ദീപക് ഹൂഡയും (55 പന്തില്‍ 100 നോട്ടൗട്ട്) സഞ്ജു സാംസണും (42 പന്തില്‍ 77, 6x4, 4x9)ട്ടൗട്ട്) സ്‌കോര്‍ 200 കടത്തി. ഇരുവരും ഇന്ത്യന്‍ റെക്കോര്‍ഡായ 176 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആറ് സിക്‌സറുണ്ട് ഹൂഡയുടെ ഇന്നിംഗ്‌സില്‍. ഇന്റര്‍നാഷനല്‍ ട്വന്റി20യില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ഹൂഡ. രോഹിത് ശര്‍മയും കെ.എല്‍. രാഹുലും സുരേഷ് റയ്‌നയുമാണ് നേരത്തെ സെഞ്ചുറിയടിച്ചത്. 
ഇന്ത്യ അനായാസം ഏഴു വിക്കറ്റിന് ജയിച്ച ആദ്യ കളിയില്‍ സഞ്ജുവിന് പകരം അവസരം കിട്ടിയ ദീപക് ഹൂഡ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐ.പി.എല്‍ ഹീറോ രാഹുല്‍ ത്രിപാഠിയും അര്‍ഷദീപ് സിംഗും അവസരം കിട്ടാന്‍ കാത്തുനില്‍ക്കണം. ഉംറാന്‍ മാലിക് സ്ഥാനം നിലനിര്‍ത്തി. 
12 ഓവര്‍ വീതമായി ചുരുക്കിയ ആദ്യ കളിയില്‍ ഓപണറായി ഇറങ്ങിയ ഹൂഡ 29 പന്തില്‍ പുറത്താവാതെ 47 റണ്‍സടിച്ചിരുന്നു. ഇശാന്‍ കിഷനും (11 പന്തില്‍ 26) ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കുമൊപ്പം (12 പന്തില്‍ 24) ഹൂഡ 9.2 ഓവറില്‍ ഇന്ത്യയെ ലക്ഷ്യം കടത്തി. ഓപണര്‍ റിതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതിനാലാണ് ഹൂഡ ഓപണറായത്. രണ്ടാം മത്സരത്തില്‍ റിതുരാജിനു പകരം സഞ്ജുവിന് ടീമില്‍ ഇടം കിട്ടി.
 

Latest News