Sorry, you need to enable JavaScript to visit this website.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍  ഇന്ത്യ ചരിത്രം കുറിക്കുമോ?

ന്യൂദല്‍ഹി - ബേമിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടീം ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയില്‍ അത്‌ലറ്റിക് ഫെഡറേഷന്‍. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ ഫോം മാത്രമല്ല ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം പകരുന്നത്. സ്വര്‍ണപ്രതീക്ഷ പുലര്‍ത്തുന്ന മറ്റു നാലു പേര്‍ കൂടി ടീമിലുണ്ട്. ജൂലൈ 28 നാണ് ഗെയിംസ് ആരംഭിക്കുന്നത്. നീരജ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഒരേയൊരു ഒളിംപിക് ചാമ്പ്യനാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയാണ് ഹരിയാനക്കാരന്‍. 
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ അഞ്ച് സ്വര്‍ണം നേടാനേ ഇന്ത്യക്ക് സാധിച്ചിട്ടുള്ളൂ -മില്‍ഖാ സിംഗ് (400 മീ., 1958), കൃഷ്ണ പൂനിയ (വനിതാ ഡിസ്‌കസ്), 4x400 വനിതാ റിലേ ടീം (2010), വികാസ് ഗൗഡ (ഡിസ്‌കസ്, 2014), നീരജ് (ജാവലിന്‍, 2018) എന്നിവര്‍. 
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഈ വര്‍ഷം നീരജിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒരാളുണ്ട് - ഗ്രനേഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് (93.07 മീ.). വനിതാ ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത അനു റാണി കോമണ്‍വെല്‍ത്തില്‍ ഒന്നാം സ്ഥാനത്താണ്. പുരുഷ ലോംഗ്ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കറാണ് ഇന്ത്യയുടെ മറ്റൊരു സുവര്‍ണപ്രതീക്ഷ. കോമണ്‍വെല്‍ത്ത് അത്‌ലറ്റുകളില്‍ ഈ സീസണിലെ മികച്ച രണ്ടു ചാട്ടങ്ങളും ശ്രീശങ്കറിന്റെ പേരിലാണ്. 
വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളേ 17 മീറ്ററിലേറെ ചാടിയുള്ളൂ -അതില്‍ മൂന്നും ഈ വര്‍ഷമാണ്. അതില്‍ മലയാളികളായ അബ്ദുല്ല അബൂബക്കറും കാര്‍ത്തിക് ഉണ്ണിക്കൃഷ്ണനുമുണ്ട്. പ്രവീണ്‍ ചിത്രവേലാണ് മൂന്നാമന്‍. 
3000 മീ. സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്‌ലെ, പുരുഷന്മാരുടെ 4x400 റിലേ ടീം, വനിതാ ട്രിപ്പിള്‍ജമ്പില്‍ ഐശ്വര്യ ബാബു എന്നിവരും മെഡല്‍ പ്രതീക്ഷകളാണ്. 

Latest News