Sorry, you need to enable JavaScript to visit this website.
Monday , August   08, 2022
Monday , August   08, 2022

'റിപ്പബ്ലിക്കി'ന്റെ മനസ്സിൽ ലഡ്ഡു പൊട്ടി

കുറേകാലം അധ്വാനിച്ചിട്ടും ഫലമൊന്നും കാണാതിരുന്നാൽ ആർക്കായാലും മടുപ്പ് അനുഭവപ്പെടും. മുംബൈയിലെ ഉദ്ധവ് സർക്കാരിനെ കണ്ണിലെ കരട് പോലെ കണ്ട പ്രമുഖ ദേശീയ ചാനലുകളുടേയും അവസ്ഥ ഇതു പോലെയായിരുന്നു. രണ്ടര വർഷം പിന്നിട്ടപ്പോൾ എല്ലാവരും ഹാപ്പിയായി. മഹാരാഷ്ട്രയിലെ എം.എൽ.എമാരെ കൊണ്ടുപോയി പാർപ്പിച്ച അസം ഗുവാഹതിയിലെ പഞ്ച നക്ഷത്ര ഹോട്ടലിനും ഇത് വിൻഡ് ഫോൾ ഗെയിനാണ്.  ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളെ പ്രളയം വിഴുങ്ങി ടൂറിസ്റ്റുകളൊന്നും തിരിഞ്ഞു നോക്കാനില്ലാത്ത നാളുകൾ. അപ്പോഴാണ് ഏയ് ഓട്ടോ സിനിമയിൽ പപ്പുവിന്റെ ഓട്ടോയിൽ ദൈവം കയറി പണപ്പൊതി സമ്മാനമായി നൽകിയത് പോലെ ഷിൺഡേട്ടൻ ഡസൻ കണക്കിന് എം.എൽ.എമാരെയും തൂക്കിയെടുത്ത് വരുന്നു. ജനകീയ ജനാധിപത്യം നീണാൾ വാഴട്ടെ. ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ദേശീയ ചാനലുകൾ പരമാനന്ദത്തിലാണ്. പലരും ഓവർടൈം ജോലിയെടുക്കുന്നു. 
ടൈംസ് നൗ കങ്കണ റണാവതിന്റെ  വീട് അനധികൃതമാണെന്ന് കാണിച്ച് ഉദ്ധവ്  സർക്കാർ നിരപ്പാക്കിയതെല്ലാം പറഞ്ഞ് ബോളിവുഡിലെ ഫ്‌ളോപ്പ് താരത്തിന്റെ ആഹ്ലാദത്തിൽ പങ്കു ചേരുന്നു. ഇതാ എത്തിപ്പോയി മൂന്ന് പുതിയ എം.എൽ.എമാർ കൂടി അസമിലേക്ക് എന്നൊക്കെ വിളിച്ചു കൂവുന്നത് ഈ എക്‌സിക്ലൂസീവ് ഞങ്ങൾക്ക് മാത്രം എന്നു പറഞ്ഞാണ് റിപ്പോർട്ട് ചെയ്തത്. സീ ന്യൂസ്, റിപ്പബ്ലിക് ടിവി, ഇന്ത്യാ ടുഡേ, ആജ് തക് എന്നിവ ആഹ്ലാദ കൊടുമുടിയിലാണ്.  
ഉദ്ധവ് താക്കറെയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് റിപ്പബ്ലിക് ചാനൽ മേധാവി അർണാബ് ഗോസ്വാമിയാണ്. തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മഹാരാഷ്ട്ര സർക്കാർ വീഴണമെന്നത്  ആഗ്രഹിക്കുന്നത്  സ്വാഭാവികമാണ്. പ്രധാനമന്ത്രി മുതൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വരെ ബി.ജെ.പി ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാണ് അർണാബിനുള്ളത്. അറസ്റ്റിലായപ്പോൾ ഏറ്റവും ശക്തമായി പ്രതിരോധിക്കാൻ ഇറങ്ങിയതും ബി.ജെ.പിയാണ്.  
മഹാരാഷ്ട്ര ഗവർണർ വരെ ഈ വിഷയത്തിൽ ഇടപെടുന്ന അസാധാരണ സാഹചര്യവും ഉണ്ടായി. 'തന്നെ കൊല്ലുമെന്ന് അർണാബ് പോലീസ് വാനിൽ നിന്നും അലറി വിളിച്ചപ്പോൾ  പോലീസ് വാഹനത്തിനു പിന്നാലെ സംരക്ഷകരായി കുതിച്ചതും ബി.ജെ.പി പ്രവർത്തകരാണ്. അത്രയ്ക്കും ശക്തമാണ് ബി.ജെ.പിയും അർണാബ് ഗോസ്വാമിയും തമ്മിലുള്ള ബന്ധം. ഈ മാധ്യമ പ്രവർത്തകനു മുന്നിലേക്കാണ് ഇപ്പോൾ ശിവസേനയിലെ വിഷയം എത്തിയിരിക്കുന്നത്. ശരിക്കും ഒരു ആഘോഷമാക്കിയാണ് മഹാരാഷ്ട്ര സർക്കാറിന്റെ പ്രതിസന്ധി അർണാബും ചാനലും ആഘോഷിക്കുന്നത്.
2018ൽ, ആർക്കിടെക്റ്റ് അൻവേ നായിക്കിന്റെയും, അദ്ദേഹത്തിന്റെ അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണാബ് ഉൾപ്പെടെയുള്ളവരെ 2020 നവംബറിൽ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പണം നൽകാത്തതിനെ തുടർന്നാണ് അൻവേ നായിക്ക് ആത്മഹത്യ ചെയ്തതെന്നും ആത്മഹത്യാ കുറിപ്പിൽ അർണാബിന്റെ പേരുണ്ടെന്നുമാണ് മുംബൈ പോലീസ് വാദിച്ചിരുന്നത്.  മാധ്യമ ലോകത്തെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും ഞെട്ടിച്ച അറസ്റ്റായിരുന്നു ഇത്. അർണാബിന് പെട്ടെന്ന് ജാമ്യം ലഭിക്കാതിരിക്കാനും മഹാരാഷ്ട്ര സർക്കാരിന്റെ ഇടപെടലുണ്ടായി. ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തതിനാൽ ഹൈക്കോടതി പോലും അർണാബിന് ജാമ്യം നിഷേധിച്ചു. ഒടുവിൽ സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചിരുന്നത്. 
മലയാളത്തിൽ മനോരമ ന്യൂസും മാതൃഭൂമിയും ആദ്യ ദിനത്തിൽ ഈ വിഷയം സംവാദത്തിലുൾപ്പെടുത്തി. മനോരമയുടെ പാനലിസ്റ്റ് സെലക്്ഷൻ അതിദയനീയം. മുംബൈയിലുള്ള മലയാളിയും അല്ലാത്തതുമായ ചില ബി.ജെ.പിക്കാരെ തനിക്കറിയാമെന്നൊക്കെ ബി.ജെ.പിക്ക് വേണ്ടി സംസാരിക്കാനെത്തിയ ആൾ പറയുന്നത് കേൾക്കാമായിരുന്നു. മാതൃഭൂമി റിപ്പോർട്ടർ പഴയ കാല ശിവസേന മുംബൈ തെരുവുകളിൽ എങ്ങിനെയൊക്കെ പ്രതികരിക്കുമെന്ന് വിവരിച്ചു. ഇപ്പോഴത്തെ മാറ്റവും താനെയിലും മറ്റും വിമത നേതാവിന് അനുയായികൾ സിന്ദാബാദ് വിളിച്ചതുമൊക്കെ ഉൾപ്പെടുത്തി മെച്ചപ്പെട്ട കവറേജ് ഒരുക്കി. 
*** *** ***
ബിഗ് ബോസ് പല വീട്ടമ്മമാരുടേയും ഒഴിച്ചു കൂടാനാവാത്ത കാഴ്ച ശീലമാണിപ്പോൾ. സൂപ്പർ സ്റ്റാർ മോഹൻലാലാണ് മലയാളത്തിലെ ഷോ നയിക്കുന്നത്. ബോളിവുഡിലും ഇതൊരു ബിഗ് ബിസിനസാണ്.  ജനപ്രിയ പരിപാടിയായ ബിഗ് ബോസിലൂടെ കോടികളാണ് ഒരു എപ്പിസോഡിനായി സൽമാൻ ഖാൻ വാങ്ങിക്കുന്നത്.  ബിഗ് ബോസ് ഷോയുടെ അവതാരകനായ സൽമാൻ ഖാൻ ഒരു എപ്പിസോഡിനായി 20 കോടിയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്. റിയാലിറ്റി ഷോയിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതും സൽമാൻ ഖാനാണ്.
ഖത്രോൺ കെ ഖിലാഡിയുടെ അവതാരകനായ രോഹിത് ഷെട്ടി 49 മുതൽ 50 ലക്ഷം വരെയാണ് ഒരു എപ്പിസോഡിനായി വാങ്ങിക്കുന്ന പ്രതിഫലം. സൂപ്പർ ഡാൻസർ എന്ന റിയാലിറ്റിഷോയുടെ ജഡ്ജായ ശിൽപ ഷെട്ടി ഒരു എപ്പിസോഡിനായി 18 മുതൽ 20 ലക്ഷം വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത്. ഇന്ത്യൻ ഐഡൽ എന്ന റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിനായി 5 ലക്ഷമാണ് നേഹ കക്കർ വാങ്ങിക്കുന്ന പ്രതിഫലം.
കോൻ ബനേഗ കോർപതിയുടെ ഒരു എപ്പിസോഡിനായി 3 മുതൽ 4 കോടിവരെയാണ് ബിഗ് ബി വാങ്ങിക്കുന്ന പ്രതിഫലം.
പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിക്കാൻ ഇനി രണ്ടാഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ഷോ ആരംഭിച്ചത് മുതൽ ഏറെ കൗതുകത്തോടെയും വ്യത്യസ്ത വരുത്തിയും ജന ശ്രദ്ധ നേടുന്ന ഷോയാണ് ബിഗ് ബോസ്. കായികപരമായ ടാസ്‌ക്കുകളെ അടിസ്ഥാനമാക്കി വരുന്ന റിയാലിറ്റി ഷോയെന്ന  പ്രത്യേകതയും ബിഗ് ബോസിനുണ്ട്. ലാലേട്ടന് പകരം പി.സി ജോർജായിരുന്നു അവതാരകനെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി ഈസിയാവുമെന്ന് ഒരു രസികൻ കമന്റിയത് കണ്ടു. 
*** *** ***
കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളിൽ എഡിറ്റോറിയൽ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തിൽ സംഘപരിവാർ സ്വാധീനമുണ്ടെന്ന റിപ്പോർട്ടർ ചാനൽ എം.ഡി. നികേഷ് കുമാർ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഈ വിഷയവുമായി ബന്ധപ്പെട്ട് പല തലത്തിലുള്ള ചർച്ചകളാണ് മലയാളത്തിലെ മാധ്യമപ്രവർത്തകർക്കിടയിൽ നടക്കുന്നത്. ആർഎസ്എസ് അനുഭാവമുള്ള എഡിറ്റർമാർക്ക് വേണ്ടിയുള്ള കടിപിടിയാണ് കേരളത്തിലെ ചാനലുകളിൽ നടക്കുന്നതെന്നായിരുന്നു ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എം.വി നികേഷ് കുമാർ അഭിപ്രായപ്പെട്ടത്. ടെലിവിഷൻ ന്യൂസ് റൂമുകളിലൂടെയാണ് കേരളത്തിൽ വർഗീയ രാഷ്ട്രീയം പടർന്നു പന്തലിച്ചത് എന്ന് ഭാവി കേരളം നിരീക്ഷിക്കുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നികേഷ് കുമാറിന്റെ ലേഖനത്തിന്റെ ചുവട് പിടിച്ച് മലയാളത്തിലെ ടിവി മാധ്യമപ്രവർത്തകരായ പ്രമോദ് രാമൻ, സ്മൃതി പരുത്തിക്കാട്, എംജി രാധാകൃഷ്ണൻ, എംപി ബഷീർ, സിഎൽ തോമസ് തുടങ്ങിയവരും വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നു. ട്രൂകോപ്പി തിങ്ക് നടത്തിയ അഭിമുഖത്തിൽ കേരളത്തിലെ ന്യൂസ് ഡസ്‌ക്കുകളിൽ മുമ്പ് നടന്നതും ഇപ്പോഴും നടക്കുന്നതുമായി നിരവധി കാര്യങ്ങൾ മാധ്യമ പ്രവർത്തകർ തുറന്ന് പറയുകയുണ്ടായി. നയങ്ങളിലും വാർത്തകളിലും സ്വീകരിക്കുന്ന സംഘപരിവാർ സ്വാധീനം, മാനേജുമെന്റ് താൽപര്യങ്ങളുടെ ഇടപെടൽ, ഇടതുവിരുദ്ധത, സെൻസേഷണലിസത്തിലൂന്നിയുള്ള റിപ്പോർട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ ഉയർന്ന വിമർശനം അടക്കമുള്ള കാര്യങ്ങളടക്കം മാധ്യമപ്രവർത്തകർ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു.
ചർച്ചകളിൽ വന്നിരിക്കുന്ന സംഘബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി അവതാരകരെ കൊണ്ട് 'വ്യക്തിപരമായി' മാപ്പ് പറയിച്ച ചരിത്രവും മുന്നിലുണ്ടെന്നും മലയാളത്തിലെ ചില മുൻനിര ചാനലുകളെ നിയന്ത്രിക്കുന്ന തരത്തിൽ സംഘപരിവാർ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിൽ സത്യമുണ്ടെന്നായിരുന്നു മീഡിയവൺ അവതാരക സ്മൃതി പരുത്തിക്കാട് പറഞ്ഞത്.വ്യക്തമായ വലതുപക്ഷ അജൻഡയോടുകൂടി തയ്യാറാക്കപ്പെടുന്ന പ്രോഗ്രാമുകൾ ഇപ്പോൾ ചില ചാനലുകളിൽ വന്നുകഴിഞ്ഞെന്നായിരുന്നു മീഡിയാ വൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞത്.
മാധ്യമ പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സൈബർ ഗുണ്ടകളെ നേരിടാൻ അടിയന്തിരമായി ട്രോൾ ആർമി തുടങ്ങണമെന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മാധ്യമ പ്രവർത്തകനായ വരുൺ രമേശ് അഭിപ്രായപ്പെട്ടത്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നൂറ് ശതമാനം ശരിയാണെന്ന അഭിപ്രായമില്ലെന്നും എന്നാൽ എല്ലാ മാധ്യമ പ്രവർത്തകരും മോശമാണെന്ന് ചാപ്പകുത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നുമായിരുന്നു വരുൺ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടത്. 
അഞ്ചു പൈസയുടെ പ്രൊഫഷണൽ മികവോ ഉത്തരവാദിത്തബോധമോ കാണിക്കാതെ, വസ്തുതാന്വേഷണം പത്രപ്രവർത്തനത്തിന്റെ എസൻഷ്യൽ ഇൻഗ്രീഡിയന്റാണെന്ന ബോധം പോലുമില്ലാതെ വായിൽ വരുന്നതൊക്കെ തുള്ളിയുറഞ്ഞാൽ ഇവിടെയും ആളുകൾ ഒരു ദയയും കാണിക്കില്ലെന്നായിരുന്നു ഡെക്കാൻ ക്രോണിക്കിൾ എക്‌സിക്യൂട്ടീവ് എഡിറ്റർ കെ.ജെ. ജേക്കബ് അഭിപ്രായപ്പെട്ടത്. 
ഷാഹിന കെകെയും വരുൺ രമേശിന്റെ അഭിപ്രായത്തോട് വിയോജിച്ച് രംഗത്ത് എത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ഒരു അനുഭവം പറയട്ടെ? സിപിഐ എമ്മിന്റെ ലീഡർ ഷിപ്പിൽ ഉള്ള ഒരു സുഹൃത്ത് പറഞ്ഞതാണ്.അദ്ദേഹത്തെ ഏഷ്യനെറ്റിൽ നിന്ന് വിളിച്ചു. വിളിച്ച റിപ്പോർട്ടറെ അദ്ദേഹത്തിന് പരിചയമില്ല.ജൂനിയർ ആയ ഒരാളാണ്. ലോക കേരള സഭയിൽ അനിത പുല്ലയിൽ പങ്കെടുത്തതിനെ കുറിച്ച് അറിയാൻ വിളിച്ചതാണ്. ഇപ്പോൾ ഒന്നും പറയാറായിട്ടില്ല എന്നും അന്വേഷണം നടക്കുകയാണ് എന്നും ചില സംശയങ്ങൾ ഉണ്ട് എന്നും അദ്ദേഹം മറുപടി പറഞ്ഞു.സൗഹൃദപരമായ സംഭാഷണം.കുറച്ച് കഴിഞ്ഞ് അദ്ദേഹത്തിന് കോളുകൾ വരാൻ തുടങ്ങി.അനിതയെ അസംബ്ലിയിൽ കയറ്റിയതുമായി ബന്ധപ്പെട്ട വാർത്ത.അദ്ദേഹത്തിന്റെ ഫോൺ സംഭാഷണം അങ്ങനെ തന്നെ എയറിൽ പോകുന്നു. തികച്ചും ഓഫ് ദി റെക്കോർഡ് എന്ന മട്ടിലുള്ള ഒരു കോൾ. അത് വിളിച്ചയാൾ അറിയാതെ റെക്കോർഡ് ചെയ്ത് സംപ്രേഷണം ചെയ്യുക. വരുൺ, ഇവിടെ പലരും പറഞ്ഞത് പോലെ വസ്തുതാന്വേഷണം നടത്തണം എന്ന് പോലും ഞാൻ പറയില്ല. മിനിമം മര്യാദ പാലിക്കണം.ജേർണലിസത്തിൽ പാലിക്കേണ്ട മുഴുവൻ എത്തിക്‌സും കയ്യൊഴിഞ്ഞ് പാപ്പരാസിത്തരത്തിന്റെ ഏറ്റവും വഷളായ അവസ്ഥയിൽ നിൽക്കുമ്പോൾ നാട്ടുകാരുടെ ബഹുമാനം വേണം എന്നത് ഒക്കെ വളരെ കൂടിയ ഡിമാൻഡ് ആണ്.' ഷാഹിന കെകെ കമന്റായി കുറിച്ചു. എഷ്യാനെറ്റ് ന്യൂസിലെ സാവിത്രി ടി.വി. ന്യൂസ് 18 ലെ വിനേഷ് കുമാർ തുടങ്ങിയവർ വരുൺ രമേശിന്റെ അഭിപ്രായത്തോട് യോജിക്കുകയാണ് ചെയ്യുന്നത്. 
*** *** ***
പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിൽ നിന്നു ഉയർത്തെഴുന്നേറ്റ് വന്നതാണ് ഭാവനയെന്ന് സംയുക്ത വർമ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാവന കടന്നു പോയത് ചെറിയ മെന്റൽ ട്രോമ അല്ലായിരുന്നു. അടുത്ത് നിൽക്കുന്ന ആൾക്കാർ മാത്രമേ അത് കണ്ടിട്ടുള്ളൂവെന്നും ബിഹൈൻഡ്‌വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംയുക്ത പറഞ്ഞു.
'ഭാവനയെ പറ്റി എനിക്ക് ഒരു വാക്കിലൊന്നും പറയാൻ പറ്റില്ല. ഒന്നാമത് സിസ്റ്റർ പോലെയാണ്. എന്റെ അനിയത്തിയുടെ കൂടെയാണ് ഭാവന പഠിച്ചത്. അങ്ങനെ ഒരു പരിചയം കൂടി ഭാവനയുമായിട്ടുണ്ട്. നിങ്ങൾ കാണുന്നത് പോലെ സ്‌ട്രോങ് ആണെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആ കുട്ടി കടന്നു പോയത് ചെറിയ മെന്റൽ ട്രോമ അല്ലായിരുന്നു. അടുത്ത് നിൽക്കുന്ന ആൾക്കാർ മാത്രമേ അത് കണ്ടിട്ടുള്ളൂ. പൊട്ടിച്ചിതറി താഴെ വീണ് കരിഞ്ഞ അവസ്ഥയിൽ നിന്നു ഉയർത്തെഴുന്നേറ്റ് വന്നതാണ് ഭാവന. പലപ്പോഴും എന്റെയടുത്തും മഞ്ജുവിന്റെയടുത്തും പറഞ്ഞിട്ടുണ്ട് 'അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന്. അച്ഛൻ മരിച്ചിട്ട് അധികമായിരുന്നില്ല. ആ ഷോക്കിൽ നിന്നും ആന്റിയും മോചിതയായിട്ടില്ല. അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ വളരെ നല്ലൊരു ഹസ്ബൻഡും ഫാമിലിയും ബ്രദറും നല്ല ഫ്രണ്ട്‌സും ഉള്ള ആളാണ് ഭാവന. ആ ഒരു സപ്പോർട്ട് ഉണ്ട്. പിന്നെ ഉള്ളിൽ ഒരു ദൈവാംശം ഉണ്ടാവില്ലേ,' സംയുക്ത പറഞ്ഞു.
*** *** ***
ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തായ ജെറിനാണ് വരൻ. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. നടൻ സുരേഷ് ഗോപി, ഗായകൻ ജി. വേണുഗോപാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവാഹത്തിന് ശേഷമുള്ള വിരുന്നു സത്കാരം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്. മസ്‌കറ്റിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് മഞ്ജരിയും ജെറിനും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ എച്ച് ആർ മാനേജരാണ് പത്തനംതിട്ട സ്വദേശിയായ ജെറിൻ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് താൻ വിവാഹിതയാവുന്ന വിവരം മഞ്ജരി അറിയിച്ചത്. ഒപ്പം മെഹന്ദി ചടങ്ങിന്റെ ഒരു റീലും മഞ്ജരി പങ്കുവെച്ചിരുന്നു. 2005ൽ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ പാട്ട് പാടിക്കൊണ്ടാണ് മഞ്ജരി മലയാള ചലച്ചിത്ര രംഗത്തേയ്ക്ക് വരുന്നത്. കർണാടിക്, ഹിന്ദുസ്ഥാനി ആലാപന ശൈലികളിൽ ഉൾപ്പെടെ മഞ്ജരി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2005ൽ മകൾക്ക് എന്ന ചിത്രത്തിലെ “മുകിലിൻ മകളേ'' എന്ന ഗാനത്തിന് സംസ്ഥാന അവാർഡും മഞ്ജരി സ്വന്തമാക്കി. ഈ വിവാഹ വാർത്ത മഞ്ചേരി സുമംഗലിയായി എന്ന് 24 ന്യൂസ് റിപ്പോർട്ട്് ചെയ്തുവെന്ന് സോഷ്യൽ മീഡിയ. കുന്ന് നിറഞ്ഞു നിൽക്കുന്ന വയനാടിനേയും നിലമ്പൂരിനേയും മറന്ന് ഇളയവളായ മഞ്ചേരിയെ ഇത്ര പെട്ടെന്ന് കെട്ടിച്ചു വിട്ടത് ശരിയായില്ലെന്നാണ് പലരുടേയും ആക്ഷേപം. 
*** *** ***
പത്ത്് മുപ്പത് കൊല്ലം മുമ്പ് കേരളത്തിലെ ഏതെങ്കിലും പ്രദേശത്ത് പ്രമുഖ വ്യക്തികളായി കണക്കാക്കിയിരുന്നത് ജനപ്രതിനിധികളും മന്ത്രിമാരും മുഖ്യമന്ത്രിയും പേരെടുത്ത ഡോക്ടർമാരെയും കരിയറിൽ തിളങ്ങി നിൽക്കുന്ന അപൂർവം മാധ്യമ പ്രവർത്തകരെയുമാണ്. ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളുമായപ്പോൾ ഈ സങ്കൽപങ്ങൾ മാറി. ഇക്കഴിഞ്ഞ വ്യാഴാഴ്ച കാലത്ത് കോഴിക്കോട്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവുണ്ടായിരുന്നു. കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്തിനെ കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചു. ജ്വല്ലറി ഗ്രൂപ്പിന്റെ നക്ഷത്ര ഹോട്ടലിൽ വേദിയിലും സദസിലും അണി നിരന്നത് അതേ പാർട്ടിക്കാർ. ഇതേ ദിവസം രാത്രി ബൈപാസ് റോഡിൽ മെട്രോ കാർഡിയോളജി ആശുപത്രിയ്ക്ക് എതിർവശമുള്ള കുന്നിൻ മുകളിലെ അറബിക് തീം റെസ്റ്ററന്റിലെ എല്ലാ ക്യാബിനുകളിലും വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കുടുംബങ്ങളും കൂട്ടുകാരും. കാട്ടുതീ പോലെ പെട്ടെന്നാണ് യുവാക്കൾക്കിടയിൽ വാർത്ത പരന്നത്. ഒരു സെലിബ്രിറ്റി ഭോജനശാലയിൽ എത്തിയിരിക്കുന്നു. 
യുവതലമുറയിലെ മെഡിക്കൽ, ഡെന്റൽ ബിരുദമുള്ള ഡോക്ടർമാരടക്കം പലർക്കും  ഈ ദമ്പതികൾക്കൊപ്പം സെൽഫിയെടുക്കാനുള്ള വെപ്രാളം. ഗ്രൂപ്പ് ഫോട്ടോക്കാരുടെ കൂടെയും ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു. കോട്ടയം കുഞ്ഞച്ചനിൽ മോഹൻലാൽ വരുമെന്ന പ്രതീക്ഷയിൽ ജനം കാത്തു നിന്നത് പോലൊരു സീൻ. ആരാണീ സെലിബ്രിറ്റിയെന്നല്ലേ. മലയാളത്തിലെ തലയെടുപ്പുള്ള എന്റർടെയ്ൻമെന്റ് ചാനലിലെ ആങ്കർമാർ. സംഗീത മത്സരം നിയന്ത്രിച്ചവരാണ് ഈ ദമ്പതികൾ. വിശേഷപ്പെട്ട വസ്ത്രങ്ങളണിഞ്ഞ് ഇൻസ്റ്റയിലും ഇവർ വരാറുണ്ട് പോലും. കാലം പോയൊരു പോക്ക്. നമ്മുടെയൊക്കെ ജി.കെ അത്ര അപ്്‌ഡേറ്റഡല്ലെന്ന് തിരിച്ചറിയാൻ ഓരോ കാരണങ്ങൾ.

Latest News