Sorry, you need to enable JavaScript to visit this website.

റെയ്ജ് ഓൺ ദ റെഡ് സീ

ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് പോരാട്ടത്തിന് രണ്ടാം തവണയും സൗദി അറേബ്യ വേദിയൊരുക്കുകയാണ്. റെയ്ജ് ഓൺ ദ റെഡ് സീ എന്നു പേരിട്ട പോരാട്ടത്തിൽ ഓഗസ്റ്റ് 20 ന് ജിദ്ദയിൽ ഒലക്‌സാണ്ടർ ഉസിക്കും ആന്റണി ജോഷ്വയും ഏറ്റുമുട്ടുമ്പോൾ ആഗോള സ്‌പോർട്‌സിന്റെ ശ്രദ്ധാകേന്ദ്രമാവും ജിദ്ദ. 2019 ഡിസംബറിൽ റിയാദിൽ നടന്ന മത്സരത്തിൽ ആൻഡി റൂയിസ് ജൂനിയറിനെ ആന്റണി ജോഷ്വ തോൽപിച്ചിരുന്നു. ഇത്തവണ ഉസിക്കിനാണ് വിദഗ്ധർ മുൻതൂക്കം നൽകുന്നത്.

ഇല്ലാത്ത നശീകരണായുധങ്ങളുടെ പേരിൽ ഇറാഖിനെ കുട്ടിച്ചോറാക്കിയ ബ്രിട്ടൻ ഒളിംപിക്‌സ് നടത്തുമ്പോഴും, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ രാജ്യങ്ങളിൽ ഇടപെട്ട് അലങ്കോലമാക്കിയ അമേരിക്ക ലോകകപ്പും ഒളിംപിക്‌സും നടത്തുമ്പോഴും പാശ്ചാത്യലോകത്തിന് മനുഷ്യാവകാശലംഘനത്തിന്റെ ദഹനക്കേടുണ്ടാവാറില്ല. ഫലസ്തീൻ അധിനിവേശത്തിന്റെ പേരിൽ ഇസ്രായിൽ കളിക്കാരെ ബഹിഷ്‌കരിച്ചാൽ ബഹിഷ്‌കരിക്കുന്ന താരം പിന്നീട് കായികരംഗത്തുണ്ടാവില്ല. എന്നാൽ റഷ്യൻ അധിനിവേശത്തിന്റെ പേരിൽ ബ്രിട്ടന് റഷ്യൻ കളിക്കാരെ അപ്പാടെ ബഹിഷ്‌കരിക്കാം. പ്രകടമാണ് മനുഷ്യാവകാശലംഘനങ്ങളുടെ കാര്യത്തിൽ പാശ്ചാത്യ ലോകം സ്വീകരിക്കുന്ന നഗ്നമായ ഇരട്ടത്താപ്പ്. ബ്രിട്ടന്റെയും അമേരിക്കയുടെയും അധിനിവേശങ്ങളിൽ ആയിരക്കണക്കിന് മനുഷ്യരാണ് കൊല്ലപ്പെട്ടത്. എന്നാൽ ഖത്തർ ലോകകപ്പ് നടത്തുമ്പോഴും സൗദി അറേബ്യ കായിക മത്സരങ്ങൾക്ക് വേദിയാവുമ്പോഴും മനുഷ്യാവകാശം സജീവ ചർച്ചയാവും.
ജിദ്ദയിൽ കഴിഞ്ഞയാഴ്ച നടന്ന പത്രസമ്മേളനത്തിൽ ആന്റണി ജോഷ്വ നേരിട്ടതും മനുഷ്യാവകാശത്തെക്കുറിച്ച ചോദ്യങ്ങളാണ്. ഓഗസ്റ്റ് 20 ന് നിശ്ചയിച്ച ജിദ്ദയിലെ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് പോരാട്ടത്തിന് മുന്നോടിയായാണ് ഒലക്‌സാണ്ടർ ഉസിക്കും ആന്റണി ജോഷ്വയും തുറമുഖ നഗരത്തിൽ മുഖാമുഖം വന്നത്. ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള റീമാച്ചിലാണ് ഇരുവരും ഏറ്റുമുട്ടുക. 
മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ജോഷ്വ മറുപടി നൽകിയത്. ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ് ജയിക്കാനാണ് ഞാൻ ഇവിടെ വരുന്നത്. സൗദി എനിക്ക് ഇഷ്ടമാണ്. നല്ല നാടാണ് സൗദി. ഇവിടെ വന്നപ്പോഴെല്ലാം ഞാൻ ആസ്വദിച്ചു. നല്ല രീതിയിലാണ് എന്നെ സ്വീകരിച്ചത്. ആരോപണങ്ങളിലൊന്നും എനിക്ക് താൽപര്യമില്ല. ഈ നാട്ടുകാരുമായി ഇടപഴകാനാണ് ഞാൻ വന്നത്. സൗദിക്ക് ആസ്വാദനം പകരാനും -ജോഷ്വ പറഞ്ഞു.
മുപ്പത്തിരണ്ടുകാരനായ ജോഷ്വക്ക് സൗദിയിൽ ഇത് രണ്ടാം പോരാട്ടമാണ്. ആദ്യ തവണത്തേതു പോലെ പകരം ചോദിക്കാനാണ് ഇത്തവണയും വരുന്നത്. തൊട്ടു മുൻവർഷം അമേരിക്കയിലെ മാഡിസൻ സ്‌ക്വയർ ഗാർഡനിൽ ഉണ്ടായ അപ്രതീക്ഷിത തോൽവിക്ക് പകരം ചോദിക്കാനാണ് 2019 ഡിസംബറിൽ റിയാദിൽ ആൻഡി റൂയിസ് ജൂനിയറുമായി ജോഷ്വ ഏറ്റുമുട്ടിയത്. ആൻഡി റൂയിസ് ജൂനിയറിനെ തോൽപിച്ച് നഷ്ടപ്പെട്ട ബെൽട്ടുകൾ ജോഷ്വ വീണ്ടെടുത്തു. 
ഇത്തവണ വരുന്നതും കണക്കു തീർക്കാൻ തന്നെ. കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടനിലെ ടോട്ടനം സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഉസീക്കിനോട് ജോഷ്വ തോറ്റിരുന്നു. തന്റെ ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.ഒ, ഐ.ബി.എഫ് അടിയറ വെക്കേണ്ടി വന്നു. അത് തിരിച്ചുപിടിക്കുകയാണ് ജിദ്ദയിലെ പോരാട്ടത്തിന്റെ ലക്ഷ്യം. ആ മത്സരത്തിനു ശേഷം നാട്ടിലേക്കു തിരിച്ചുപോയ മുപ്പത്തഞ്ചുകാരൻ ഉസീക്ക് റഷ്യൻ അധിനിവേശത്തിനെതിരെ പൊരുതുന്നവർക്കൊപ്പം ആയുധമെടുത്തു. നാടിന്റെ രക്ഷക്കായി സൈനികനായി. സൈനിക സേവനത്തിൽ നിന്ന് പ്രത്യേക അവധി നേടിയാണ് ഇപ്പോൾ ജിദ്ദയിലെ പോരാട്ടത്തിനായി ഒരുങ്ങുന്നത്. മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ വ്‌ലാദിമിർ ക്ലീഷ്‌കോയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഉസീക് പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരനും മുൻ ഹെവിവെയ്റ്റ് ബോക്‌സറുമായ വിറ്റാലി ക്ലീഷ്‌കോയാണ് ഇപ്പോൾ ഉക്രൈൻ നഗരമായ കിയേവിന്റെ മേയർ. ഇക്കാര്യത്തിൽ ഉസീക്കിനും ക്ലീഷ്‌കൊ സഹോദരന്മാർക്കും ഉക്രൈൻ ജനതക്കുമൊപ്പമാണ് താനെന്ന് ജോഷ്വ പ്രഖ്യാപിച്ചു. 
റെയ്ജ് ഓൺ ദ റെഡ് സീ എന്നാണ് ജിദ്ദയിലെ പോരാട്ടത്തിന് പേരിട്ടിരിക്കുന്നത്. പുതിയ ട്രയ്‌നർ റോബർട് ഗാർസിയക്കൊപ്പമാണ് ജോഷ്വ ജിദ്ദയിലെത്തിയത്. ആദ്യ പോരാട്ടത്തിൽ ഒരുപാട് പിഴവുകൾ സംഭവിച്ചുവെന്നും മത്സരത്തിനായി നല്ല രീതിയിൽ തയാറെടുക്കാൻ സഹായിച്ചില്ലെന്നും  പറഞ്ഞാണ് ട്രയ്‌നർ റോബർട് മക്രാക്കനെ ജോഷ്വ ഒഴിവാക്കിയത്. പിഴവുകൾ തിരുത്തുമെന്ന് ബ്രിട്ടിഷ് താരം പ്രഖ്യാപിച്ചു. 
ലണ്ടനിലെ പോരാട്ടത്തിലൂടെ സ്വന്തമാക്കിയ കിരീടങ്ങൾ ഉസിക് നിലനിർത്തുമെന്ന് ഉസിക്കിന്റെ മാനേജർ എജിൽ കിൽമാസ് പ്രഖ്യാപിച്ചു. ഈ പോരാട്ടത്തിലെ വിജയി എതിരില്ലാത്ത ഹെവിവെയ്റ്റ് ചാമ്പ്യനായി പ്രഖ്യാപിക്കപ്പെടാനും സാധ്യതയുണ്ട്. അവശേഷിച്ച ഹെവിവെയ്റ്റ് ബെൽട്ടുകളിലൊന്നായ ഡബ്ല്യു.ബി.സി ബ്രിട്ടന്റെ തന്നെ ടൈസൻ ഫുറിയുടെ കൈയിലാണ്. ബ്രിട്ടന്റെ തന്നെ ഡിലിയാൻ വൈറ്റിനെ ഏപ്രിലിൽ ലണ്ടനിൽ നടന്ന പോരാട്ടത്തിൽ തോൽപിച്ചാണ് ഫുറി ഡബ്ല്യു.ബി.സി കിരീടം നിലനിർത്തിയത്. ജിദ്ദയിലെ പോരാട്ടത്തിലെ വിജയി എതിരില്ലാത്ത ഹെവിവെയ്റ്റ് ചാമ്പ്യനായി പ്രഖ്യാപിക്കപ്പെടണമെങ്കിൽ ഫുറിയെ കൂടി തോൽപിക്കണം. എന്നാൽ ഇനി മത്സരത്തിനില്ലെന്ന് ഫുറി ലണ്ടനിലെ വിജയത്തിനു ശേഷം പ്രഖ്യാപിച്ചിരുന്നു. 50 കോടി പൗണ്ട് തരുമെങ്കിൽ പോരാട്ടത്തിന് തയാറാണെന്ന് ഈയിടെ ഫുറി തിരുത്തിയിട്ടുണ്ട്. 
ഫുറി തയാറാണെങ്കിൽ എപ്പോഴും താൻ മത്സരത്തിനായി ഒരുങ്ങിയിട്ടുണ്ടാവുമെന്ന് ജോഷ്വ പ്രഖ്യാപിച്ചു. 'ഞാൻ ഇവിടെത്തന്നെയുണ്ട്, തയാറാണെങ്കിൽ അറിയിക്കൂ'.
2012 ലെ ലണ്ടൻ ഒളിംപിക്‌സിൽ ബോക്‌സിംഗ് സ്വർണം നേടിയ ജോഷ്വ അമച്വർ പദവിയിൽ നിന്നാണ് പ്രൊഫഷനൽ ബോക്‌സറായി ഉയർന്നത്. 

Latest News