Sorry, you need to enable JavaScript to visit this website.

ജിദ്ദ എനിക്കൊരു പാഠപുസ്തകം കൂടിയാണ്...

ഇരു ഹറമുകളിലേക്കുമുള്ള കവാട നഗരിയെന്നറിയപ്പെടുന്ന ജിദ്ദ പട്ടണം സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. തീരദേശ പട്ടണമായ ജിദ്ദക്ക് അവകാശപ്പെടാൻ ഏറെയുണ്ട്. താരതമ്യേന മിത ശീതോഷ്ണ കാലാവസ്ഥ ജിദ്ദയെ മറ്റു ഗൾഫ് നഗരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. തീർത്ഥാടന നഗരിക്ക് സമീപമുള്ള പട്ടണമായതിനാൽ മലബാറിൽ നിന്നുള്ള മലയാളികൾ വളരെ കാലം മുമ്പ് തന്നെ ഈ പട്ടണത്തിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
വറുതിയുടെയും പ്രയാസങ്ങളുടെയും നാളുകളിൽ ജിദ്ദയിലേക്ക് ചേക്കേറിയ മലയാളികൾക്കിടയിൽ ഉണ്ടായിരുന്ന ഐക്യബോധവും സഹകരണ മനോഭാവവും മറ്റു പ്രവാസികളിൽ നിന്നും കേരളീയരെ വേറിട്ടതാക്കി. സംഘടിച്ച് ശക്തരാകുവിൻ എന്ന മുദ്രാവാക്യത്തിന്റെ നാട്ടിൽ നിന്നെത്തുന്ന മലയാളികളിൽ നാലാൾ കൂടുമ്പോഴേക്കും ചിട്ടയായ  ഒരു സംഘടന സംവിധാനം നിലവിൽ വന്നിരിക്കുമല്ലോ?   പ്രാദേശികമായും രാഷ്ട്രീയമായും മതപരമായും രൂപപ്പെട്ടു വരുന്ന അത്തരം സൗഹൃദ കൂട്ടായ്മകൾ കൊണ്ടും കലാസാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രവാസികളുടെ ക്ഷേമകാര്യങ്ങളിലും  കൈമെയ് മറന്ന് പ്രവർത്തിച്ചതിന്റെ വീരകഥകൾ കൊണ്ടും  സമ്പന്നമാണ് ജിദ്ദ.
വളരെ കുറഞ്ഞ തൊഴിൽ നൈപുണികളുമായി അന്നം തേടി ഇവിടേക്ക് വന്നവർ കുടുംബത്തിന് നാട്ടിൽ സുരക്ഷിതമായ പാർപ്പിടമൊരുക്കിയും  ഉന്നത വിദ്യാഭ്യാസം നൽകിയും ക്ഷേമകരമായ ജീവിത നിലവാരം കൈവരിച്ചു. 
കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും ചിലർ വൻ വ്യവസായികളായി മാറി. മലയാളിത്തം കൈയൊപ്പ് ചാർത്താത്ത വൻകിട സ്ഥാപനങ്ങളും സംരംഭങ്ങളും ജിദ്ദയിൽ വളരെ കുറവായിരിക്കും. മലയാളിയുടെ സാന്നിധ്യം വല്ലാഹി ഹിന്ദീ കോയിസ് എന്നും  കേരള മിയ  മിയ എന്നും  അറബികളെക്കൊണ്ട് പറയിപ്പിക്കുന്ന തരത്തിൽ നിർണായകവും മാതൃകാപരവുമായത് കൈവെക്കുന്ന  സർവ മേഖലകളിലും നാം പുലർത്തുന്ന കാര്യക്ഷമതയും സത്യസന്ധതയും കൃത്യനിഷ്ഠയും കൊണ്ടു തന്നെയാണ്. ഒറ്റപ്പെട്ട ചിലരുടെ ക്ഷുദ്ര പ്രവർത്തനങ്ങൾ ഇന്ത്യക്കാരുടെയും പ്രത്യേകിച്ചും  മലയാളികളുടെയും പ്രതിഛായക്ക് മങ്ങലേൽപിച്ചിട്ടുണ്ട് എന്നത് പറയാതെ വയ്യ.
സാമൂഹ്യ ക്ഷേമത്തിൽ  പ്രവാസി സമൂഹം വഹിച്ച നിസ്തുലമായ സംഭാവനയുടെ ഫലമാണ് ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിലും കാണാത്തത്ര മെച്ചപ്പെട്ട ജീവിത നിലവാരം നമ്മുടെ നാടിന് ലഭ്യമായത്.  നാട്ടിൽ കാണുന്ന അഭിവൃദ്ധികളിൽ വിദ്യാഭ്യാസ വികസന മുന്നേറ്റങ്ങളിൽ മറ്റു പല നിർണായക ഘടകങ്ങളോടൊപ്പം  പ്രവാസികളുടെ ധനവും വിയർപ്പും അലിഞ്ഞു ചേർന്നിട്ടുണ്ട്. 
നിരവധി കൂട്ടായ്മകളുടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നാട്ടിലേക്ക്   പ്രവഹിക്കുന്ന സാമ്പത്തിക പിന്തുണയും ഏറെക്കുറെ കൃത്യമായ ദിശാബോധത്തോടെയുള്ള  ഇടപെടലും ഓരോ പ്രദേശത്തും പടുത്തുയർത്തിയ വിദ്യാഭ്യാസ വ്യാവസായിക  സേവന സംരംഭങ്ങൾ അനിഷേധ്യമാണ്.
ജിദ്ദയിൽ ഉരുവം കൊണ്ട പ്രവാസി  കൂട്ടായ്മകൾ  ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് സമാനമായ മേഖലകളിൽ അസൂയാവഹമായ മുന്നേറ്റങ്ങൾ നടത്തുന്നതും നാം കണ്ടുവരുന്നു. ഇതിൽ നാട്ടിലും പ്രവാസ ലോകത്തും കെ.എം.സി.സി നടത്തുന്ന സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ അതുല്യം തന്നെയെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
സംഘടനകളുടെ മികവിന് ഒരു ഗിന്നസ്  പുരസ്‌കാരമുണ്ടെങ്കിൽ അതല്ലെങ്കിൽ ഒരു യു.എൻ അവാർഡുണ്ടെങ്കിൽ പ്രവാസ ലോകത്ത് മാതൃകാപരമായ മഹനീയ പ്രവർത്തനങ്ങളുടെ പേരിൽ ഈ പ്രസ്ഥാനം ലോകത്തിന്റെ നെറുകയിൽ നിലയുറപ്പിച്ചേനേ.
ഒ.ഐ.സി.സി,  നവോദയ തുടങ്ങി വിവിധ രാഷ്ട്രീയ ധാരകളുടെ  പോഷക സംഘടനകളുടെ പ്രവർത്തനങ്ങളും ഏറെ മാതൃകാപരം തന്നെ.
മത, സാമൂഹിക, സാംസ്‌കാരിക കലാ രംഗങ്ങളിലും  ഒത്തിരി  സംഘടനകളുടെ സാന്നിധ്യം ജിദ്ദക്ക് സ്വന്തമാണ്.
വാരാന്ത്യ സായാഹ്നങ്ങളെയും രാവുകളെയും ഏറെ സജീവമാക്കുന്ന ഈ സംഘടനകളും കൂട്ടായ്മകളും ജിദ്ദയിൽ വേറിട്ടതാവുന്നത് ഇവിടെ ജാതി മത പ്രാദേശിക ഭേദമെന്യേ  എല്ലാവരും പരസ്പരം സഹകരിച്ച്
പ്രവാസ ജീവിതം പരമാവധി സമ്പന്നവും  സ്വാദിഷ്ടമാക്കുന്നുവെന്നത് തന്നെ. 
ഇവയെല്ലാം  കോർത്തിണക്കി ജനങ്ങളിലെത്തിക്കാനും മലയാളികളുടെ വിനിമയത്തിനും  സർഗ പരിപോഷണത്തിനും  കളമൊരുക്കാനുമായി ഒരു അറബ് വംശജൻ മുന്നിട്ടറിങ്ങി സ്ഥാപിച്ച മലയാളം ന്യൂസ് എന്ന പത്രം   വഹിക്കുന്ന അദ്വിതീയമായ  പങ്ക്  എടുത്തു പറയേണ്ടത് തന്നെ.    വിദേശത്ത് ഇറങ്ങിയ ലോകത്തിലെ തന്നെ ആദ്യ പ്രാദേശിക ദിനപത്രമെന്ന ബഹുമതി ആ പത്രത്തിനുള്ളതായിരിക്കണം. മലയാള  ഭാഷ സ്‌നേഹികളും ഗവേഷകരും പഠന വിഷയമാക്കേണ്ട ഒരു മാധ്യമ സംരംഭമാണ്  മലയാളം ന്യൂസ്. നാട്ടിലെയും മറുനാട്ടിലെയും സംഘടനാ പ്രവർത്തകർക്ക് ജിദ്ദക്കാരിൽ  നിന്ന് ഒട്ടേറെ പഠിക്കാനുണ്ട് എന്നത് ഒരു വീമ്പ് പറച്ചിലല്ല തന്നെ. ജിദ്ദ എനിക്കൊരു പാഠപുസ്തകവുമാണ്.

Latest News