ഗായിക മഞ്ജരി വിവാഹിതയാവുന്നു,  വരന്‍ ബാല്യകാല സുഹൃത്ത് ജെറിന്‍ 

തിരുവനന്തപുരം- പ്രശസ്ത ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം.
ഒന്നാം ക്ലാസ് മുതല്‍ഒരുമിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്‌കറ്റിലായിരുന്നു ഇരുവരുടേയും സ്‌കൂള്‍ കാലഘട്ടം. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജരാണ് ജെറിന്‍. പത്തനംതിട്ട സ്വദേശിയാണ്. വിവാഹവിശേഷങ്ങള്‍ മഞ്ജരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. കയ്യില്‍ മൈലാഞ്ചി ഇട്ടിരിക്കുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. 
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ 'താമരക്കുരുവിക്കു തട്ടമിട്' എന്ന ഗാനത്തിലൂടെയാണ് താരം മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്. സ്വതന്ത്രസംഗീത ആല്‍ബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയും ഗായിക സംഗീതലോകത്തു സജീവമാണ്. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷന്‍ എന്നീ ആലാപനശൈലികളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. 'പിണക്കമാണോ', 'ആറ്റിന്‍ കരയോരത്തെ', 'കടലോളം വാത്സല്ല്യം' തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങള്‍ക്ക് മഞ്ജരി ശബ്ദം നല്‍കി. 2004 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. 
 

Latest News