Sorry, you need to enable JavaScript to visit this website.

അബുദാബി മോഡൽ സ്‌കൂളിലെ 49 വിദ്യാർഥികൾക്ക് ഗോൾഡൻ വിസക്ക് അർഹത

അബുദാബി- കേരള ഹയർ സെക്കന്ററി പരീക്ഷയിൽ യു.എ.ഇയിൽ മികച്ച വിജയം കരസ്ഥമാക്കിയ 49 വിദ്യാർഥികൾക്ക് ഗോൾഡൻ വിസക്ക് അർഹത. കേരള ബോർഡ് സിലബസ് പിന്തുടരുന്ന അബുദാബി മോഡൽ സ്‌കൂളിലെ എല്ലാ 107 വിദ്യാർഥികളും പ്ലസ് ടു പരീക്ഷയിൽ വിജയിച്ചു. സ്ഥാപനത്തിലെ 49 വിദ്യാർഥികൾക്ക് യു.എ.ഇ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ വി.വി. അബ്ദുൽ ഖാദർ പറഞ്ഞു. സയൻസ്, കൊമേഴ്‌സ് സ്ട്രീമുകളിൽ പെൺകുട്ടികളാണ് മികച്ച മാർക്ക് കരസ്ഥമാക്കിയത്. 
സ്‌കൂൾ 100 ശതമാനം വിജയം നേടിയപ്പോൾ ഉപരിപഠനത്തിന് അർഹരായ 107 വിദ്യാർഥികളിൽ 49 പേർ 95 ശതമാനത്തിലധികം മാർക്ക് കരസ്ഥമാക്കിയാണ് ഗോൾഡൻ വിസയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഗൾഫ് മേഖലയിലെ എ പ്ലസ് ഗ്രേഡുകളിൽ പകുതിയോളം തന്റെ സ്ഥാപനത്തിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സയൻസ് വിഭാഗത്തിൽ കെ. അമൽ ഈമാനാണ് യു.എ.ഇയിൽ ഒന്നാം സ്ഥാനത്ത്. 1200 മാർക്കിൽ 1195 മാർക്ക് കരസ്ഥമാക്കി. കൊമേഴ്‌സ് വിഭാഗത്തിൽ 1192 മാർക്ക് കരസ്ഥമാക്കി എസ്.എൻ. ഷെഹ്‌നയാണ് യു.എ.ഇയിൽ ടോപ്പറായത്.
ഗൾഫ് മേഖലയിൽ, സയൻസ് സ്ട്രീമിലെ ആറ് പേപ്പറുകളിലും 65 വിദ്യാർഥികൾ എ പ്ലസ് നേടി. കൊമേഴ്‌സ് സ്ട്രീമിൽ 40 വിദ്യാർഥികളാണ് ആറ് പേപ്പറുകളിലും എ പ്ലസ് നേടിയത്. 

Tags

Latest News