Sorry, you need to enable JavaScript to visit this website.
Friday , August   12, 2022
Friday , August   12, 2022

കറുപ്പു താൻ എനക്കു പിടിച്ച കളറ്...  

ഭൂപടത്തിൽ രണ്ടു കൊറിയകളുണ്ട്. ഇതിൽ ദക്ഷിണ കൊറിയ ബൂർഷ്വാ മുതലാളിത്ത രാജ്യം. എത്ര ഒളിംപിക്‌സ് വേണേലും ആതിഥേയത്വം വഹിക്കാൻ കെൽപുള്ള നാട്. സമ്പന്ന രാജ്യമാണ്, ആളോഹരി വരുമാനം 38,000 ഡോളർ. സാംസങ്, എൽജി പോലെ നമുക്ക് സുചരിചിതമായ പല മികച്ച ഇലേക്ട്രാണിക് ബ്രാൻഡുകളുടേയും ഹ്യുണ്ടായ് പോലെ നല്ല കാറുകളുടേയും തറവാട്. എൽജിയുടെ ഒരു ഇഫ്താർ പാർട്ടി ഗൾഫ് നഗരത്തിൽ ഏതാനും വർഷങ്ങൾക്കപ്പുറം നടന്നിരുന്നു. അന്ന് അതിന്റെ സി.ഇ.ഒ വിശിഷ്ടാതിഥികളോട് സംസാരിക്കുന്നത് അൽപനേരം ശ്രദ്ധിച്ചു. നിങ്ങളുടെ നാടെങ്ങിനെയാണ് ഇത്രയേറെ മുന്നേറിയതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു: ഞങ്ങളാരും വൈകുന്നേരം ആറിന് ശേഷം ഭക്ഷണം കഴിക്കില്ല. നേരത്തേ കിടന്നുറങ്ങും. രാവിലെ നാല് മണി മുതൽ ഞങ്ങളുടെ ദിവസം ആരംഭിക്കും. ഇതൊക്കെയാണ് തെക്കൻ കൊറിയയുടെ വിജയ രഹസ്യം. എന്നാൽ തൊട്ടു കിടക്കുന്ന ഉത്തര കൊറിയ വിശേഷപ്പെട്ട നാടാണ്. 1800 ഡോളറാണ് പെർകാപ്പിറ്റ ഇൻകം.   
ഒരുനാൾ മൂന്ന് കോവിഡ് കേസ് റിപ്പോർട്ട് ചെയ്യും. തൊട്ടടുത്ത ദിവസം അത്  ലക്ഷങ്ങളിലേക്ക് ഉയരും. പത്ത് ലക്ഷമൊക്കെ ആയാൽ പട്ടാളത്തെ ഇറക്കി കോവിഡിനെ നിയന്ത്രിക്കും കിം ജോങ് ഉൻ എന്ന  ഭരണാധികാരി. സൈനിക ഉദ്യോഗസ്ഥർ അനുസരണക്കേട് കാട്ടിയാൽ അക്വേറിയത്തിലെ വലിയ മീനുകളുടെ ഭക്ഷണമായി മാറും. സമത്വ സുന്ദരമായ രാജ്യമാവാനുള്ളതാണ്. അതു കൊണ്ട് വിരട്ടലിനും തള്ളലിനുമൊന്നും ഒരു കുറവുമില്ല. അടുത്തിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ  അന്താരാഷ്ട്ര ചങ്ങാതിമാരെ കാണാൻ ടോക്കിയോയിലേക്ക് പുറപ്പെട്ടു. വിവരമറിഞ്ഞ കിം  അണ്ണന്റെ പ്രതികരണം ഭയപ്പെടുത്തുന്നതായിരുന്നു. നിങ്ങൾ ടൂറൊക്കെ കഴിഞ്ഞു വരുമ്പോഴേക്ക് നമ്മൾ വലിയ ജാതി ബോംബ് തന്നെ പൊട്ടിക്കും. തള്ളു കാലഘട്ടത്തിന് ചേർന്ന ജനനായകൻ. കേരളത്തിന് വടക്കൻ കൊറിയയുമായി വലിയ ദൂരമില്ലെന്ന് ഓർമപ്പെടുത്തുന്ന ദിനങ്ങളാണ് പിന്നിട്ടതെന്ന് ഉള്ള്യേരിക്കാരൻ നേതാവ്  പറഞ്ഞിരുന്നു. കറുപ്പ് വസ്ത്രങ്ങൾക്ക് കർശന വിലക്കാണ് സംസ്ഥാനത്തുണ്ടായിരുന്നത്. തൊട്ടപ്പുറത്തെ തമിഴ്‌നാട്ടിൽ കറുപ്പ് ഔദ്യോഗിക വർണമാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. കറുപ്പു താൻ ... പാട്ടിൽ പോലും സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കറുപ്പ് നിറം പോലും ഒരു നേട്ടമായിട്ടാണല്ലോ പ്രതിപാദിക്കുന്നത്. കെ-റെയിൽ വന്നാൽ (അതിനി വരില്ലെന്നും തീർച്ചയായി) കേരളത്തിന്റെ ആകാശം നിറയെ വിമാനം വന്നു നിറയുമെന്ന് മൊഴിഞ്ഞ പാർട്ടി ബുജി ടിവി ചാനലുകളിൽ വന്നിരുന്ന് അൽപം കടുപ്പത്തിൽ തന്നെ മൊഴിഞ്ഞു: അതെന്താണെടോ കറുപ്പ് മാസ്‌ക് തന്നെ ധരിക്കണമെന്ന് നിർബന്ധം?  പ്രായത്തിന്റെ പക്വത പ്രസ്താവനകളിൽ പ്രകടമാക്കുന്ന നേതാവാണ് വൈറ്റ് ഹൗസിന്റെ സാരഥി ജോ ബൈഡൻ. അമേരിക്കയെന്ന മഹത്തായ രാജ്യമുണ്ടാക്കിയത് വിയർപ്പൊഴുക്കുന്ന പ്രോളിറ്റേറിയൻസും മധ്യവർഗവും ചേർന്നാണെന്ന് ബൈഡന്റെ തിയറി. ഇക്കാര്യം ലോകമറിയാൻ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. അമേരിക്കയുടെ ഓഹരി കമ്പോളമായ വാൾ സ്ട്രീറ്റിന് രാഷ്ട്ര നിർമിതിയിൽ ഒരു പങ്കുമില്ലെന്ന് ചുരുക്കം. ഏഴാം കടലിനക്കരെയുള്ള അതിസമ്പന്നർ ഞെളിഞ്ഞ് ആളാവാൻ നോക്കണ്ടെന്ന് സാരം.  കേരളത്തിൽ വി.ഡി സതീശൻ പറയുന്നു, ഞങ്ങളാണ് യഥാർഥ ഇടതുപക്ഷമെന്ന്. ആകെ കൺഫ്യൂഷനായല്ലോ. 

***  ***  ***

കാനഡ ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറുന്നു. 2023 ആകുമ്പോഴേക്കും പുതിയ തീരുമാനം രാജ്യത്ത് മുഴുവനായും നടപ്പാക്കുമെന്നും അത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. ഓരോ സിഗരറ്റിലും അച്ചടിക്കുന്ന സന്ദേശങ്ങളിൽ മാറ്റമുണ്ടാകുമെങ്കിലും നിലവിലുള്ള നിർദേശം 'ഓരോ പഫിലും വിഷം' എന്ന് അച്ചടിക്കാനാണ്.
ജനങ്ങളിൽ പത്ത് ശതമാനത്തിൽ അധികം പേർ ദിവസവും പുകവലിക്കുന്നവരാണ്. 2035ഓടെ ഈ നിര പകുതിയായി കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇത്തരം സന്ദേശങ്ങളുടെ പുതുമയും സ്വാധീനവും ഇന്നത്തെ കാലത്ത് കുറഞ്ഞു വരികയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനസികാരോഗ്യ മന്ത്രി കരോലിൻ ബെനറ്റ് അഭിപ്രായപ്പെട്ടു. കാനഡ സർക്കാരിന്റെ നിർദ്ദേശത്തെ ഹൃദ്രോഗ വിദഗ്ധരും കാൻസർ രോഗ വിദഗ്ധരും സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മുന്നറിയിപ്പ് ലോകത്തിന് മാതൃക സൃഷ്ടിക്കുമെന്നും പുകവലിക്കുന്നവർക്ക് ഇത് ഒഴിവാക്കാൻ കഴിയാത്ത മുന്നറിയിപ്പായിരിക്കുമെന്നും കാൻസർ സൊസൈറ്റിയിലെ സീനിയർ പോളിസി അനലിസ്റ്റ് റോബ് കണ്ണിംഗ്ഹാം പറഞ്ഞു.

***  ***  ***

പ്രേമത്തിലെ നായിക സായ് പല്ലവിയെ ഓർമയില്ലേ? ആ കുട്ടി പോലീസ് കേസിലൊക്കെ പെട്ട് പുലിവാല് പിടിച്ചിരിക്കുകയാണിപ്പോൾ. 
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും രാജ്യത്ത് പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് സായ് പല്ലവിയ്‌ക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്. വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് നടക്കുന്നത്. ബോയ്‌കോട്ട് സായ് പല്ലവി എന്ന ഹാഷ് ടാഗിലാണ് വിഷലിപ്തമായ പ്രചാരണം. റാണ ദഗ്ഗുബട്ടി നായകനാകുന്ന വിരാടപർവ്വം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സായ് പല്ലവി അഭിപ്രായം പ്രകടിപ്പിച്ചത്.  ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനത്തിൽ അല്ലെന്നും താൻ ഒരുപക്ഷവും പിടിക്കാറില്ലെന്നും  സായ് പല്ലവി പറയുന്നു. എന്നാൽ മതത്തിന്റെ പേരിൽ കാണിച്ച് കൂട്ടുന്ന അക്രമങ്ങൾക്കെതിരെ എതിർപ്പുണ്ടെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. ഞാനൊരു ന്യൂട്രൽ കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ട് അവിടെ രാഷ്ട്രീയമായ തുല്യതയുണ്ട്. നല്ലൊരു മനുഷ്യനാവാനാണ്  കുടുംബം പഠിപ്പിച്ചത്.   കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ ആ സമയത്ത് കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നതാണ് കാണിച്ചത്. ഇതൊരു മതപരമായ പ്രശ്‌നമായി കാണുന്നുണ്ടെങ്കിൽ, അടുത്തിടെ പശുക്കളെയും കൊണ്ടുപോവുകയായിരുന്ന ഒരു മുസ്‌ലിം ഡ്രൈവറെ ഇതേ പോലെ തല്ലിച്ചതച്ചിരുന്നു. മാത്രമല്ല, അദ്ദേഹത്തിന് ജയ് ശ്രീറാം വിളിക്കേണ്ടി വന്നു. കശ്മീരിലെ സംഭവവും ഇതും തമ്മിൽ എന്താണ് വ്യത്യാസം എന്നും നമ്മൾ നല്ല മനുഷ്യരായിരിക്കുകയാണ് വേണ്ടത് എന്നുമായിരുന്നു താരം  പറഞ്ഞത്. നല്ലവരാണെങ്കിൽ നമ്മൾ ആരെയും വേദനിപ്പിക്കില്ല എന്നുമായിരുന്നു അഭിമുഖത്തിൽ സായ് പല്ലവി വ്യക്തമാക്കിയത്. നിങ്ങൾ ശക്തനാണെങ്കിൽ, മറ്റൊരാളെ അടിച്ചമർത്തുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഭാഗത്താണ് തെറ്റ് എന്നും വലിയൊരു വിഭാഗം ചെറിയൊരു വിഭാഗത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നത് തെറ്റാണ്.   

***  ***  ***

മലയാളികൾക്ക്  മറക്കാനാവാത്ത നായികയാണ് ഐശ്വര്യ ഭാസ്‌കർ. മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി അവർ മാറിയിരുന്നു. ബട്ടർഫ്‌ളൈസിലൂടെ ഇരട്ട നായികയായി വന്ന ഐശ്വര്യ പിന്നീട് മോഹൻലാലിനൊപ്പം തന്നെ നരസിംഹം, പ്രജ എന്നീ  ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിലും തെലുങ്കിലുമൊക്കെയായി നടി അഭിനയിച്ചിരുന്നു. താരത്തിന്റെ ദുരിതപൂർണമായ ജീവിതമാണ് സോഷ്യൽ മീഡിയയിലാകെ ചർച്ചയാവുന്നത്. താരപ്പകിട്ടുള്ള ജീവിതമല്ല താൻ നയിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു. താനിപ്പോൾ തെരുവുകളിൽ സോപ്പുവിറ്റാണ് ജീവിക്കുന്നതെന്ന് നടി തുറന്നു പറഞ്ഞു. ഗലാട്ടാ തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തൽ.  ആംഗ്‌സൈറ്റി സിൻഡ്രം ഉണ്ടായിരുന്നുവെന്നും മെഡിക്കേഷനിലായിരുന്നു താനെന്നും അവർ പറഞ്ഞു. ഇപ്പോൾ ഒരാഴ്ച്ചയായി തെരുവിലെല്ലാം പോയി സോപ്പു വിൽക്കുകയാണ്.  ആ സാഹചര്യം മാറണമെങ്കിൽ തീർച്ചയായും ജോലി കിട്ടണം. ജോലിയുമില്ല, സാമ്പത്തികമായി ഒന്നുമില്ല. അതുകൊണ്ട് സന്തോഷത്തോടെ തന്നെ സോപ്പു വിൽക്കേണ്ടി വരുന്നത്. 
കാസ്റ്റിംഗ് കൗച്ച് എന്നത് താരപുത്രന്മാർക്കോ താരപുത്രിമാർക്കോ നേരിടേണ്ടി വന്നിട്ടില്ല.  ആർക്ക് മുന്നിലും കോംപ്രമൈസ് ചെയ്യാതെ തന്നെ വളരാൻ സാധിക്കുമെന്ന് ഐശ്വര്യ വ്യക്തമാക്കി.  കൂടുതൽ വലുതാവാൻ അഡ്ജസ്റ്റമെന്റ് ചെയ്തവർക്കെല്ലാം, എത്രത്തോളം സമാധാനപരമായി ഉറങ്ങാൻ സാധിക്കുന്നുണ്ടെന്ന് ഞങ്ങളെല്ലാവരും കാണുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. വിർജിനിറ്റി എന്നത് വലിയ വിഷയമൊന്നുമല്ല. അത് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. സൈക്ലിംഗോ കുതിരയോട്ടമോ ഒക്കെ നടത്തിയാൽ നഷ്ടമാകാവുന്നതാണ്.  മെഡിക്കലി ഇത് തെളിയിക്കപ്പെട്ടതാണെന്നും ഐശ്വര്യ വ്യക്തമാക്കി. ഇപ്പോൾ കന്യകാത്വം തിരിച്ചുകിട്ടാൻ എന്തൊക്കെയോ ശസ്ത്രക്രിയകൾ ഒക്കെയുണ്ട്. ശരിക്കും ഇതിലൊക്കെ വിശ്വസിക്കുന്ന പുരുഷന്മാരാണ് മണ്ടന്മാരെന്ന് ഐശ്വര്യ പറയുന്നു. 
വിവാഹമോചനം ആവുന്ന സമയത്ത് എനിക്ക് വല്ലാത്ത പ്രശ്‌നങ്ങളായിരുന്നു. പക്ഷേ അത് വളരെ ആവശ്യമായ കാര്യമായിരുന്നു. കാരണം വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴേ ഇത് അധിക കാലം മുന്നോട്ട് പോകില്ലെന്ന് മനസ്സിലായിരുന്നു.  വിവാഹമോചനത്തിന് ശേഷം അതാലോചിച്ചിരുന്നിട്ട് കാര്യമില്ല. അദ്ദേഹത്തിന് ഇപ്പോൾ ഭാര്യയും രണ്ട് കുട്ടികളുണ്ട്. നല്ല നിലയിൽ ജീവിക്കുകയാണ്. അതുകണ്ട് തനിക്ക് അസൂയ തോന്നേണ്ട കാര്യമില്ലെന്നും നടി പറഞ്ഞു. വിവാഹമോചനം കഴിഞ്ഞത് കൊണ്ട് ഞാൻ അവെയ്‌ലബിൾ ആണെന്ന് അർത്ഥമില്ല. സമൂഹം അങ്ങനെ കരുതേണ്ടതില്ല.- ഉർവശി ലക്ഷ്മിയുടെ മകൾ കാര്യം തുറന്നു പറഞ്ഞു. 

***  ***  ***

വടകരയിലെ നാട്ടുഭാഷയിൽ കേൾക്കാറുള്ള ഒരു പ്രയോഗമാണ് പട്ടാളത്തി ച്ചേര, പണിയെടുക്കാണ്ട് ശമ്പളം മാങ്ങ. അതായത് സൈനിക സേവനത്തിനായി ചേർന്നാൽ സംഗതി കുശാൽ. പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ ശമ്പളം വാങ്ങാമെന്ന് മലയാളം. പി.എസ്.സിയും യു.പി.എസ്.സിയും എസ്.എസ്.സിയും എഴുതിയിട്ടും ഭാവി  തെളിയാത്ത നിരവധി യുവാക്കൾ കടത്തനാടൻ പ്രദേശങ്ങളിൽ നിന്ന് പട്ടാളത്തിൽ ചേർന്നിട്ടുണ്ട്. അതിന്റെ ഒരു ഗുണം നാൽപത് വയസ്സിലോ മറ്റോ വിരമിച്ചെത്തിയാൽ ബാങ്കിംഗ് സർവീസ് റിക്രൂട്ട്‌മെന്റ് ബോർഡ് അനുവദിക്കുന്ന പ്രത്യേക ക്വാട്ട വഴി ദേശസാൽകൃത ബാങ്കിൽ ജോലിയും ലഭിക്കുമായിരുന്നു. അതൊക്കെ പണ്ട്. ഇപ്പോൾ തൊഴിൽ ദാതാവ് എന്ന നിലയിൽ സർക്കാരുകളുടെ പ്രാധാന്യം വളരെ കുറഞ്ഞിരിക്കുകയാണല്ലോ. അതു കൊണ്ടായിരിക്കുമല്ലോ ഇന്ത്യയുടെ പല ഭാഗങ്ങളിലും നാല് വർഷത്തെ സൈനിക റിക്രൂട്ട്‌മെന്റിനെതിരെ ഭീകരമായ പ്രക്ഷോഭങ്ങൾ നടക്കുന്നത്. നാല് വർഷം കഴിഞ്ഞാൽ ഈ ചെറുപ്പക്കാർ പിന്നെന്ത് ചെയ്യും? ട്രെയിനിന് തീയിട്ട് യാത്രക്കാരെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതൊക്കെ ക്രൂരതയാണ്. ബസും ട്രെയിനും കത്തിക്കുന്നവരാണോ പട്ടാളത്തിൽ ചേരാൻ വരുന്നതെന്ന് മുൻ സൈനിക മേധാവി ചോദിച്ചതും ശ്രദ്ധേയമാണ്. ഈ നിയമലംഘകരുടെ വീടുകൾ ഇടിച്ചു നിരത്താൻ എത്രയെത്ര ബുൾഡോസറുകൾ വേണ്ടി വരും? 

***  ***  ***

രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട റെയിൽവേ സ്‌റ്റേഷനുകളിൽ നൽകിവരുന്ന ഫ്രീ വൈഫൈ സംവിധാനം ആളുകൾ ഉപയോഗിച്ചത് പോൺ കാണുവാനെന്ന് കണക്കുകൾ. സൗത്ത് സെൻട്രൽ റെയിൽവേയുടെ കണക്കുകൾ അടിസ്ഥാനമാക്കി ദേശീയമാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. റെയിൽവേ സ്‌റ്റേഷന് കീഴിലുള്ള ഫ്രീ വൈഫൈ ഉപയോഗിക്കണമെങ്കിൽ ആദ്യം റെയിൽ ടെകിന്റെ ഗേറ്റ്‌വേയിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. 
അതിനാൽ ഉപഭോക്താക്കൾ കേറുന്ന സൈറ്റുകൾ ഏതെന്ന് റെയിൽവേയ്ക്ക് നിരീക്ഷിക്കാൻ കഴിയും. റിപ്പോർട്ട് പ്രകാരം സെക്കന്തരാബാദിലാണ് ഏറ്റവും കൂടുതൽ പോൺ കണ്ടന്റ് ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഹൈദരാബാദ്, വിജയവാഡ,തിരുപ്പതി സ്‌റ്റേഷനുകളാണ് പിന്നിൽ. റെയിൽ ടെലിന്റെ കണക്കുകൾ പ്രകാരം ആകെ ഉപയോഗിക്കപ്പെട്ട ഡാറ്റയിലെ 35% ഉള്ളടക്കവും അശ്ലീലമാണ്. റെയിൽ ടെൽ ഗേറ്റ്‌വേ പ്രകാരം നിരവധി പോൺസൈറ്റുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടാണ് ഈ കണക്കുകൾ. എന്തു മാത്രം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ജനതയാണ് നമ്മളെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.               ■

Latest News