Sorry, you need to enable JavaScript to visit this website.
Saturday , August   13, 2022
Saturday , August   13, 2022

സ്‌നാനഘട്ടത്തിലെ ദേവദാസികൾ

മാറുന്ന കാലത്തോട് സമരസപ്പെടുന്നതിനെ മാത്രം സ്വീകരിക്കുകയും  അല്ലാതുള്ളവയെ നിരാകരിക്കുകയും ചെയ്യുന്നു എന്നതാണ് പുതിയ ലോകക്രമത്തിന്റെ കാവ്യനീതി. എഴുത്തിലും, അതിന്റെ സ്വാഭാവിക പരിണതിയെന്നോണം കഥയിലും മാറ്റത്തിന്റെ ഈ ഉറയൂരൽ  പ്രത്യക്ഷപ്പെടുന്നു.
മാറുന്ന കാലത്തിന്റെ വാണിജ്യമുഖങ്ങൾക്കനഭിമതമായവയെന്തും ഭൂമിയിൽ നിന്നും നിഷ്‌കാസനം ചെയ്യുന്ന ലോക ക്രമങ്ങളിൽ ജൈവസമ്പത്തും സംസ്‌കാരങ്ങളും അക്ഷരങ്ങളും അറിവുകളും ആചാരങ്ങളും വിശ്വാസങ്ങളും
പെട്ടുപോകുന്ന ആധുനിക സംസ്‌കാരത്തിന്റെ വാണിജ്യകാലനീതിയുടെ  മാറ്റങ്ങളെ പരസ്പര പൂരകങ്ങളാക്കിയ'മാറ്റ'ങ്ങളുടെ താരതമ്യത്തെ വിശകലനം ചെയ്യുന്ന ഏതാനും  കഥകളടങ്ങിയ സമാഹാരമാണ്  ഷാജു  പാറയ്‍ക്കൽ എഴുതിയ 'അയ്യൻകുന്ന്' എന്ന പത്ത് കഥകളുടെ സമാഹാരം. 
എന്തും വാണിജ്യവത്കരിക്കപ്പെടുന്ന ഈ നവകാലത്ത് കുന്നുകളും മലകളും രമ്യഹർമ്യങ്ങളും മാളുകളുമായിത്തീരേണ്ട കോടികളുടെ നഷ്ട ഭൂമികയാണ്. മാത്രമല്ല, വികസന വിരുദ്ധവുമാണ്. ഇതാണ് അയ്യൻകുന്ന് എന്ന കഥയുടെ തന്തു. മസ്തകത്തിൽ മണ്ണ് വാരിയിട്ട് തുമ്പിക്കൈ ഉയർത്തി, ദ്രംഷ്ടങ്ങൾ കാട്ടി, നാവ് നീട്ടി ഗ്രാമസ്വത്വം കാർന്നു തിന്നാൻ ജെ സി ബി. എത്തുമ്പോൾ... തായ്‌വേരുകൾ നഷ്ടപ്പെട്ട് ഉണങ്ങി മരിച്ച് നിൽക്കുന്ന വൃക്ഷങ്ങൾ.. കുന്നിൻ ചെരുവിലെ വറ്റിപ്പോയ ഉറവകൾ.. ചെടികൾക്ക് മരണവിരി വിരിച്ച പൊടിപടലങ്ങൾ.. ഒഴുക്ക് നിലച്ച തോടുകൾ..  പാതി വഴിയിൽ അറച്ചു നിന്ന മഴക്കാടുകൾ..
പരക്കം പായുന്ന ജീവജാലങ്ങൾ.. നിലച്ചുപോയ കാട്ടരുവിയുടെ ചിലമ്പൽ..
ആകാശങ്ങളിലെങ്ങോ ഒടുങ്ങിപ്പോയ പക്ഷികളുടെചിറകടികൾ..
ഒക്കെ നിത്യകാഴ്ചകളായി മാറുന്നു.
'വികസനത്തിന്റെ മുറവിളികൾ' മലകളെ ഗ്രസിച്ച്.. മനുഷ്യ സ്വാർത്ഥതകൾ ഭൂമിയെ തുരന്ന്...നാവുനീട്ടി കയറിവന്ന യന്ത്രക്കൈകൾ മലകളും കാടുകളും പിഴുതെടുത്ത്,  തങ്ങളുടെ കുഴിമാടങ്ങൾക്ക് നേരെ പാഞ്ഞടുത്തപ്പോൾ.. വിഹായസ്സിലേക്ക് തലയുയർത്തി നിന്ന അഞ്ചു കുന്നുകൾ (അയ്യൻകുന്ന്) അംഗവിച്ഛേദം സംഭവിച്ച് മരണമണി മുഴക്കിയപ്പോൾ..
കാടിന്റെ മക്കളുടെ കാൽച്ചിലമ്പുകൾ കിലുങ്ങി. പെരുമൻമാർ  കാട്ടുതെയ്യമായ് ഉറഞ്ഞു തുള്ളി... തെയ്യത്തറക്ക് പുറത്ത് പിരാട്ടിമാർ മുടിയഴിച്ചിട്ട് ഉറഞ്ഞാടി..
അപ്പോൾ,
വംശരക്ഷകന്റെ പ്രതീകമായ ചാമിപ്പെരുമൻ ഊരു കാക്കാൻ മലയിറങ്ങി. കാൽ ചിലമ്പണിഞ്ഞ് കാട്ടു തെയ്യത്തിന്റെ അനുഗ്രഹം വാങ്ങി പരിഷ്‌കൃത ലോകത്തിന്റെ  മഞ്ഞച്ചിരിക്കുമുന്നിൽ ആവലാതികൾ ബോധിപ്പിച്ച്, ഊരുകാക്കണേയെന്ന് കെഞ്ചിക്കരഞ്ഞ വിഫലശ്രമമോർത്ത് പടവുകളിറങ്ങുമ്പോൾ ദൂരെ പാറമടകളിൽ ഉഗ്രസ്‌ഫോടനം നടന്നു..
അപ്പോൾ അന്ധകാരം പെരുമന്റെ കണ്ണുകളെ മൂടി. ശത്രുസംഹാരത്തിനായി മഞ്ഞളും കുങ്കുമവും ഭസ്മവും തിരുനെറ്റിയിൽ പൂശി ഉറഞ്ഞു തുള്ളുന്ന കാട്ടുതെയ്യങ്ങൾ അപ്പോൾ ഇറങ്ങി വന്നില്ല... കാട്ടുപൂക്കളും കാട്ടുനീർച്ചോലകളും മണ്ണും ആദിവാസികളും നിറഞ്ഞ കാനനഭാഷയുടെ കരുത്തും ഓജസ്സുമുള്ള, ഭൂമിയുടെ തായ് വേരിൽ കുരുത്ത, വന്യമായ കാടുകളുടെ തുടി താളംകൊട്ടുന്ന അനുഗൃഹീതമായ ഒരു ഭാഷകൊണ്ട് കാടിനെയും കാട്ടുഭാഷയെയും നിർവ്വചിക്കുന്ന ഒരപൂർവ്വ ശൈലി ഈ കഥയെ വിസ്മയിപ്പിച്ചെങ്കിൽ 'ഒരു വായനശാലയുടെ മരണം' എന്ന കഥ ഇതേ കഥയുടെ തുടർച്ചയെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുമാറ്  ഘടനാപരമായ കരുത്ത് പ്രകാശിപ്പിക്കുന്നു.
മലകളും കുന്നുകളും കാടുകളും വിപണന സാധ്യതയില്ലാത്തതും, വികസനവിരുദ്ധവുമായതിന്റെ പേരിൽ നിഷ്‌കാസനം ചെയ്യപ്പെടുന്നതാണ് 'അയ്യൻകുന്നി'ലെങ്കിൽ കൊടുക്കൽ വാങ്ങലുകൾ നടക്കാത്ത'സ്ഥലംമുടക്കി' യായതിന്റെ പേരിൽ ഇടിച്ചു നിരത്തപ്പെടുന്ന വായനശാലയുടെ ദുരന്തമാണ് 'വായനശാലയുടെ മരണം'  എന്ന കഥ.
ലോകം മൊത്തം വിപണിയായിത്തീർന്ന  കാലത്ത് പുസ്തകവായനയും സാഹിത്യ ചർച്ചയും നടക്കുന്ന വായനശാല ഒരധികപ്പറ്റാണ്. ലാഭമുണ്ടാക്കാൻ പര്യാപ്തമല്ലാത്തതിനാൽ വായനശാല ഇടിച്ചു നിരത്തപ്പെടുകയാണ്. ഒരു കാലത്ത് സാഹിത്യവും സംസ്‌ക്കാരവും സംഗീതവും മനവികതയും പുസ്തകങ്ങളും ചർച്ച ചെയ്ത നേരംപോക്ക് റോഡിലെ വായന ശാലയുടെ ഉച്ഛ്വശ്വാസം കേൾക്കുന്നത് ജനുമാഷും ഹംസക്കയും മാത്രമാണ്.
ഈ രണ്ടു കഥകൾക്കും ഒരു ഏകതാനതയുണ്ട്.
മൊട്ടയടിക്കപ്പെടുന്ന കുന്നുകളെക്കുറിച്ചുള്ള ആധിമൂലം മേലാളൻമാരോട്
സങ്കടമുണർത്തിക്കാൻ കാടിറങ്ങിവന്ന ആദിവാസി മൂപ്പൻ ചാമിപ്പെരുമന്റെ കണ്ണീർ നിലവിളി വനരോദനമായി പിളരുകയാണ് അയ്യൻകുന്നിലെങ്കിൽ, വഴിമുടക്കുന്ന
നഗരവിവികസന വസ്തുവെന്ന നിലയിൽ നിലംപരിശാക്കേണ്ട കെട്ടിട പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന നഗരകാര്യാലയത്തിന്റെ അറിയിപ്പ്‌കേട്ട് വ്രണിത ഹൃദയരായി പടിയിറങ്ങുകയാണ് ജനുമാഷും ഹംസക്കയും 'വായനശാലയുടെ മരണ'ത്തിൽ.
അയ്യൻകുന്നും വായനശാലയും ലോകവിപണന മാർക്കറ്റിൽ വിലയില്ലാത്ത പാഴ് വസ്തുവായി ഗണിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. പഞ്ചായത്ത്, നഗരസഭ ആയതോടെ നഗരവൽക്കരണം എന്നത് ധനവൽക്കരണമായി ചുരുങ്ങി എന്ന സൂചന കൂടിയാണത്.
മറ്റൊന്ന്, അറിവിന്റെ വെളിച്ചം വീശി മനുഷ്യനെ ധാർമ്മികമായി ഉയർത്തുന്ന വായനശാല നിലംപരിശാക്കപ്പെടുമ്പോൾ ഭൂമിയുടെയും ജീവജാലങ്ങളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്ന (അയ്യൻ) കുന്നുകൾ പിഴുതെടുക്കുന്നു. അക്ഷരവെളിച്ചത്തെ ഇരുട്ട് കൊണ്ട് മറക്കാതിരിക്കാൻ ജനുമാഷിന് കവിതകളും,  മല കാക്കാൻ കാടിറങ്ങി വരുന്ന കാട്ടുമൂപ്പന് തെയ്യത്തറയിലെ തോറ്റംപാട്ടുകളും ഉറഞ്ഞു തുള്ളുന്ന പിരാട്ടിമാരുടെ തെയ്യക്കോലങ്ങളും ഊർജ്ജം നൽകുന്നു. മലകളുടെ സംരക്ഷകനായ മൂപ്പന്റെയും വായനശാലയുടെ സൂക്ഷിപ്പുകാരനായ ജനുമാഷിന്റെയും
മൃത്യുവിനുപോലും സമാനതയുണ്ട്. ജെ.സി.ബിയുടെ വിറപൂണ്ട ഗർജ്ജനത്തിനിടയിൽ  ഞരക്കത്തോടെ നിലംപൊത്തിയ വായനശാലയുടെ ചുവരിന്റെ മുഴക്കങ്ങൾക്കിടയിൽ  ജനുമാഷിന്റെ ആത്മാവ് പുസ്തകങ്ങൾക്കിടയിൽ നിന്ന് ചിറകടിച്ച് പറന്ന ഒച്ച ആരും കേട്ടില്ല..
അപഹാസിതനായി,
നഗരകാര്യാലയത്തിന്റെ പടിയിറങ്ങവെ, അങ്ങ് ദൂരെ പാറമടയിലുയർന്ന സ്‌ഫോടനം പെരുമന്റെ ചെവികളിൽ അലറിപ്പതിച്ചു. ആ താണ്ഡവത്തിലെപ്പോഴോ പെരുമന്റെ ചെമ്പട്ട് ദേഹമില്ലാതെ കാറ്റിൽ പറന്നു..
അപ്പോഴും അയ്യൻകുന്നിനും വായനശാലയ്ക്കും ഇടയിൽ മതത്തിന്റെയും മദ്യത്തിന്റെയും ലഹരിയിൽ മയങ്ങുന്ന സൂര്യ ബാറും കുരിശുപള്ളിയും പരിക്കുകളൊന്നുമില്ലാതെ തലഉയർത്തി നിന്നു.
ആഢ്യസവർണ്ണതയുടെ യാഥാസ്ഥിക മന്ത്രോച്ഛാരണത്തിൽ ദേവകോപം ഏറ്റുവാങ്ങാൻ വിധിച്ച ബ്രാഹ്മണ്യത്തിന്റെ  ശിക്ഷയ്ക്ക് വിധേയരായി സ്വയം മരണമേറ്റുവാങ്ങാൻ നിർബന്ധിതരായ, 'ശുഭകാര്യം' എന്ന രണ്ട് കമിതാക്കളുടെ കഥയ്ക്കും പശ്ചാത്തലമായത് ഗോദാവരി നദിക്കരതന്നെ. നീരുറവയും പുഴയും പുൽനാമ്പുകളും വൻമരങ്ങളും കാടും മലകളും ഗ്രാമവും പട്ടണവുമുൾപ്പെട്ട വലിയ ഒരു ഭൂമികയിൽ പണിതീർത്ത, എൺപത് പേജിന് നൂറ് രൂപ വിലയിട്ട് പായൽ 
ബുക്‌സ് പ്രസിദ്ധീകരിച്ച 'അയ്യൻകുന്നി'ൽ പക്ഷെ ഒരു കൈവിരലിലെങ്കിലും എണ്ണാവുന്ന  അക്ഷരത്തെറ്റുകളില്ലാത്ത പേജുകൾ ഇല്ല എന്ന പ്രസാധകരുടെ അനാസ്ഥ പറയാതെ വയ്യ.

അയ്യൻകുന്ന്
ഷാജു  പാറയ്‍ക്കൽ
പായൽ ബുക്‌സ് 
വില 100 രൂപ

Latest News