Sorry, you need to enable JavaScript to visit this website.
Saturday , August   13, 2022
Saturday , August   13, 2022

പറിച്ചു നടുന്ന പൂമരം

യുണിവേഴ്സിറ്റി സ്കൗട്ട് ടീമിനൊപ്പം

പ്രാസചാരുതയുടെ വചനപ്രവാഹത്തിലൂടെ പ്രവാസമനസ്സുകളിൽ സ്വരഭംഗിയുടെ പാദസരം കിലുക്കിയ പ്രഭാഷകൻ ജിദ്ദയുടെ വേദികളിൽനിന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നു. പ്രവാസലോകത്തെ ഉൺമയാർന്ന ഉദ്‌ബോധനങ്ങൾക്ക് ഇനി ഉപസംഹാരം. അറിവിന്റെ പവിഴമൊഴികളുമായി പൂമരച്ചോട്ടിൽ എന്ന പ്രതിവാരകോളമെഴുതി മലയാളം ന്യൂസ് വായനക്കാരുടെ മനസ്സിലിടം നേടിയ ഡോ. ഇസ്മായിൽ മരിതേരി, ഒന്നര പതിറ്റാണ്ടിന്റെ അകന്മഷമായ അനുഭവങ്ങളുടെ കരുത്തും കരളുറപ്പുമായി പിറന്ന മണ്ണിന്റെ കാരുണ്യത്തിലേക്ക് - മാഹെസ്സലാമ. സർഗപരാഗം വിതറുന്ന സ്‌നേഹമരം ഇനി കടത്തനാട്ട് പൂവിടും.

പൂമരച്ചോട്ടിൽ എന്ന മലയാളം ന്യൂസ് വെള്ളിയാഴ്ചക്കോളം ഓരോ ആഴ്ചയും ആവേശത്തോടെ കാത്തിരിക്കുന്ന നിരവധി വായനക്കാരുണ്ട്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകൻ ഡോ. ഇസ‍്മായിൽ മരിതേരി സ്വാനുഭവങ്ങളുടേയും തന്റെ ആഴത്തിലുള്ള വായനയുടേയും പിൻബലത്തോടെ, അതീവ ലളിതമായി അവതരിപ്പിക്കുന്ന ഈ പംക്തി, ജ്ഞാനത്തിന്റെ മൊഴിമുത്തുകളാണ് വാരിവിതറുന്നത്. ജാപ്പനീസ് ഹൈക്കുവും സ്പാനിഷ് തത്ത്വചിന്തയും യവനപുരാണവുമെല്ലാം ഈ കുറിപ്പുകളിൽ വെളിച്ചം വിതറുന്നു. ഷാങ്‌ഷെനെയും കീർക്കെഗോറും കാമുവും കാഫ്കയുമെല്ലാം ഇവിടെ അണിനിരക്കുന്നു. വൈലോപ്പിള്ളിയും ചുള്ളിക്കാടും എച്ച്മുക്കുട്ടിയുമെല്ലാം ഇവിടെ പരാമർശിക്കപ്പെടുന്നു. ജീവിതവ്യഗ്രതയ്ക്കിടയിൽ നെട്ടോട്ടമോടുന്ന മനുഷ്യരേ,  അൽപം കടൽക്കാറ്റ് കൊള്ളൂ, മഴയുടെ സംഗീതം ആസ്വദിക്കൂ മനുഷ്യരേ എന്ന് കിതച്ചോടുന്നവരേ ഹൂഗാ.. എന്ന കുറിപ്പിലൂടെ ലേഖകൻ ആവശ്യപ്പെടുന്നു. വേനലും മഞ്ഞും മഴയുമായി കടന്നുപോകുന്ന കാലത്തെക്കുറിച്ച് എഴുത്തുകാരൻ ഖിന്നനാവുന്നു. അശുഭവാർത്തകൾ അരങ്ങ് വാഴുന്ന ഇക്കാലത്ത് ഹൃദയഹാരിയായൊരു ചിരി മതി കാലുഷ്യമകലാനെന്നും പൂമരച്ചോട്ടിൽ വിളംബരപ്പെടുത്തുന്നു.
പ്രഭാഷണം കലയാക്കിയ ഇസ്മായിൽ മരിതേരി, അധ്യാപകൻ, യാത്രികൻ, കൗൺസലിംഗ് വിദഗ്ധൻ, എച്ച്.ആർ. പരിശീലകൻ, സംഘാടകൻ, മോട്ടിവേറ്റർ എന്ന നിലകളിലും നാട്ടിലും പ്രവാസലോകത്തും അറിയപ്പെടുന്നു. അധ്യാപകജോലിയാണ് തന്റെ പാഷനെന്ന് പറയുന്ന ഈ ഗുരുവിന് എത്രയോ നല്ല ഏകലവ്യന്മാരെ, ജിദ്ദയിലും നാടിന്റെ വിവിധ ഭാഗങ്ങളിലും കിട്ടിയിട്ടുണ്ട്. ശിഷ്യസമ്പത്ത് അനുഗ്രഹമാണെന്നും ഇദ്ദേഹം കരുതുന്നു.
കോഴിക്കോട് ജില്ലയിലെ തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്ത് എന്ന ഗ്രാമത്തിൽ ജനിച്ച ഇസ്മായിൽ, മേപ്പയൂർ ഹൈസ്‌കൂളിലും ഫാറൂഖ് കോളേജിലും മേപ്പയൂർ സലഫി കോളേജിലും പഠനം പൂർത്തിയാക്കിയാണ് നൊച്ചാട് ഹയർസെക്കണ്ടറി സ്‌കൂളധ്യാപകനായി ചേരുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററിൽ നിന്ന് കുട്ടികളുടെ സർഗാത്മകപരിപോഷണം എന്ന വിഷയത്തിൽ ഇതിനിടെ ഡോക്ടറേറ്റ് കരസ്ഥമാക്കി. പഠിപ്പിക്കുമ്പോഴും പഠനം തുടരുകയായിരുന്നു. ഇംഗ്ലീഷ് വകുപ്പിനെ കാലോചിതമായി ആധുനികവൽക്കരിക്കുന്നതിനും ദേശീയോദ്ഗ്രഥനക്യാമ്പുകളിലൂടേയും നാഷനൽ സർവീസ് സ്‌കീമിലൂടേയും മറ്റും വിദ്യാർഥികളുടെ കർമശേഷി ഉപയോഗപ്പെടുത്തുന്നതിനും ഡോ. ഇസ്മായിൽ, സഹപ്രവർത്തകരോടൊപ്പം അക്ഷീണം യത്‌നിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ദേശീയോദ്ഗ്രഥന ക്യാമ്പ് ഏറെ ശ്രദ്ധേയമായിരുന്നു. ഒഡീഷയിലെ ബെറാംപൂർ യൂണിവേഴ്‌സിറ്റിയുൾപ്പെടെ നിരവധി ക്യാംപസുകളിൽ എൻ.സി.ആർ.ടി, എസ്.സി.ആർ.ടി ക്യാമ്പുകൾക്ക് നേതൃത്വം നൽകി. രണ്ടു ഡസൻ ക്ലബ്ബുകൾക്ക് മാനവവിഭവശേഷി പരിശീലന കോഴ്‌സുകൾ നൽകാനായതും വലിയ അനുഭവമായിരുന്നു. 
നിളാനദിയുടെ പുളിനങ്ങളിൽ, പാലക്കാട്-മലപ്പുറം ജില്ലകൾ കൈകോർക്കുന്ന പടിഞ്ഞാറങ്ങാടിയിലെ താമസവും കുമരനെല്ലൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപനവും ഇസ്മായിൽ മരിതേരിയിലെ സംവേദനതലങ്ങളിൽ പുതിയ സ്വപ്‌നക്കൊട്ടാരങ്ങൾ പണിതുയർത്തി. പി. സുരേന്ദ്രൻ, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവരുമായുള്ള സമ്പർക്കം, മനസ്സിൽ സർഗഭാവനയുടെ പുതിയ ഉദയങ്ങൾക്ക് നിമിത്തമായി.  
ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ ന്യൂക്ലിയർ എൻജിനീയറിംഗ് അധ്യാപകൻ പ്രൊഫ. മുഹമ്മദ് അൽ ജുഹൈനി, റിക്രൂട്ട് ചെയ്തതനുസരിച്ച് 2007 ഓഗസ്റ്റിലാണ് ജിദ്ദയിലെത്തുന്നത്. ഓഗസ്റ്റ് തന്റെ ജീവിതത്തിലെ നിർണായക മാസമാണെന്ന് മരിതേരിമാഷ്. വിവാഹം, ജോലി, പ്രവാസം.. ഇതെല്ലാം ഓഗസ്റ്റിൽ. ന്യൂറോ ലിംഗ്വിസ്റ്റിക്ക് പ്രോഗ്രാമിംഗ് പരിശീലനത്തിലും വൈഭവമുള്ളതിനാൽ നിരവധി കുട്ടികളേയും രക്ഷിതാക്കളേയും ഹിപ്‌നോ തെറാപ്പി വഴിയും മറ്റും ആത്മസംഘർഷങ്ങളിൽ മുക്തമാക്കാൻ ഇസ്മായിൽ മരിതേരിക്ക് സാധിച്ചിരുന്നു. ജിദ്ദയിലെത്തിയ നാൾ മുതൽ ഇവിടത്തെ സാമൂഹിക- സാംസ്‌കാരിക-ജീവകാരുണ്യ കൂട്ടായ്മകളിലൊക്കെ സജീവമാകാനും തന്റെ അറിവ് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനും അദ്ദേഹം പരിശ്രമിച്ചു. ആളുകളെ പെട്ടെന്നാകർഷിക്കുന്ന അദ്ദേഹത്തിന്റെ പൊട്ടിച്ചിരിയിൽ കുട്ടിത്തം നിറഞ്ഞു. ഉള്ളിൽ നിന്നുയരുന്ന ആ ചിരിയും ഒപ്പം നിസ്വാർഥവും നിഷ്‌കളങ്കവുമായ പെരുമാറ്റവും കൂടിയാകണം, പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോൾ, ജിദ്ദയിലെ മലയാളിക്കൂട്ടം ഇസ്മായിൽ മരിതേരിക്ക് നൽകുന്ന ഒട്ടേറെ യാത്രയയപ്പ് ചടങ്ങുകളിൽ വിങ്ങിനിൽക്കുന്ന വിഷാദഭാരത്തിന്റെയും കാരണം.
പ്രവാസലോകത്തെ കുടുംബങ്ങളിലും വ്യക്തികളിലും രഹസ്യമായും പരസ്യമായും ശിഥിലീകരണപ്രവണതയോടെ നിറഞ്ഞ് പൊങ്ങുന്ന അസംതൃപ്തിയുടേയും പൊരുത്തക്കേടുകളുടേയും തീക്ഷ്ണത കുറയ്ക്കുന്നതിനും പല കുടുംബബന്ധങ്ങളും വിളക്കിച്ചേർക്കുന്നതിനും ഇസ്മായിൽ മരിതേരിയുടെ പ്രായോഗികമായ കൗൺസലിംഗുകൾക്ക് സാധിച്ചിട്ടുണ്ട്. ഏറെ സംതൃപ്തി പകരുന്നതാണ് ഇത്തരം അനുഭവങ്ങളെന്ന് അദ്ദേഹം പറയുന്നു. ലൈഫ് കോച്ചിംഗിൽ അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ ഇസ്മായിൽ മാഷ്, അധ്യാപകർക്കും ട്രെയിനിംഗ് നൽകുന്ന പരിശീലകരുടെ പരിശീലകനാണ്. കോവിഡ് കാലത്തെ നിരവധി ക്രിയാത്മകമായ വർക്ക് ഷോപ്പുകൾ, കുട്ടികളേയും അധ്യാപകരേയും രക്ഷിതാക്കളേയും മോട്ടിവേറ്റ് ചെയ്യുന്നതിന് അവസരം നൽകി. ഓൺലൈൻ ക്ലാസുകളുടെ വൈരസ്യം മാറ്റാൻ, പാട്ടും കഥയുമായി അദ്ദേഹം വെബിനാറുകളെ സ്വാരസ്യത്തോടെ കൈകാര്യം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സൂമിലൂടെ പ്രത്യക്ഷപ്പെട്ടു. അവരുമായുള്ള ബന്ധം ഇന്നും അദ്ദേഹം തുടരുന്നു. ഓൺലൈൻ ലൈഫ് സ്‌കിൽ വർക്ക് ഷോപ്പുകളിലൂടെ വിയറ്റ്‌നാമിൽ നിന്നും ജപ്പാനിൽനിന്നുമുൾപ്പെടെയുള്ള വിദൂരപൂർവദേശങ്ങളിൽ നിന്നുള്ള അധ്യാപകസുഹൃത്തുക്കളെപ്പോലും ഇസ്മായിൽ മരിതേരി ആത്മതോഴരാക്കി മാറ്റിയെടുത്തു. അവരിൽ പലരും ഇന്നും സംശയനിവൃത്തിക്കായി അദ്ദേഹവുമായി സദാ ബന്ധപ്പെടുന്നു. 
നാട്ടിൽ അവധിക്കു പോകുമ്പോൾ ഈ അധ്യാപകൻ വിശ്രമിക്കാറില്ല. കേരളത്തിനകത്തും പുറത്തും സഞ്ചരിച്ച് പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകും. മോട്ടിവേഷണൽ രംഗത്ത് കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അശ്വിൻ രാജ്, ബൈജു, പേരാമ്പ്രയിലെ വ്യവസായി ആബിദ്, നിസാർ തുടങ്ങിയവരൊക്കെ ഇസ്മായിൽ മാഷുടെ ശിഷ്യരാണ്. കവയിത്രി അനീഷ പി., എഴുത്തുകാരി മീനു കൃഷ്ണൻ, ഡോ. അമീനത്ത് , സനൽ ജോർജ് തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശോഭിക്കുന്ന നിരവധി പേർ ഡോ. ഇസ്മായിൽ മരിതേരിയിൽനിന്ന് ഉന്നതപഠനത്തിന്റെ ഹരിശ്രീ കുറിച്ചവരാണ്. എല്ലാവരുമായും വാട്ട്‌സാപ്പിലൂടെ ബന്ധം നില നിർത്തുകയും സർഗാത്മകതയുടെ വസന്തം തീർക്കാൻ ശിഷ്യവലയത്തെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ സജീവമാക്കുകയും ചെയ്യുന്നു. സജീവമാക്കുകയല്ല, അവരെയത്രയും സർഗാത്മകമാക്കുകയാണ് താനെന്ന് അദ്ദേഹം പറയുന്നു. നൈപുണി വികസനത്തിനായി വിവിധ മേഖലകളിലെ പ്രൊഫഷനലുകളെ പരിശീലിപ്പിക്കാനും സമയം കണ്ടെത്തുന്നു. കവികളും കഥാകാരന്മാരുമടങ്ങുന്നവരുടെ കൂട്ടായ്മകളിലും സജീവം. കെ.ടി. സൂപ്പിയുമായുള്ള ആത്മബന്ധം എടുത്ത് പറയേണ്ടതുണ്ട്. എന്റെ അമൂല്യരത്‌നങ്ങൾ എന്നാണ് ഈ കൂട്ടായ്മയെക്കുറിച്ച് പറയുന്നത്.
നിരവധി ലോകരാജ്യങ്ങൾ സന്ദർശിക്കുകയും അവിടത്തെ സാംസ്‌കാരിക വിനിമയങ്ങളിലൂടെ തന്റെ സർഗപോഷണത്തെ ത്വരിപ്പിക്കുകയും ചെയ്യാൻ ഡോ. ഇസ്മായിൽ മരിതേരിക്ക് സാധിച്ചിട്ടുണ്ട്. ഓരോ രാജ്യത്ത് ചെല്ലുമ്പോഴും, ആ രാജ്യങ്ങളിലേക്കുള്ള യാത്രകളിലത്രയും കണ്ടുമുട്ടുന്ന മനുഷ്യരെ പരിചയപ്പെടാനും സൗഹൃദം വളർത്തിയെടുക്കാനുമുള്ള ഇദ്ദേഹത്തിന്റെ അത്യുൽസാഹം മറ്റു പലരിലും നാം കാണാത്ത ശീലമാണ്.
ഹജ് നിർവഹണത്തിനു ശേഷമുള്ള വിവിധ രാജ്യക്കാരായ തീർഥാടകർക്ക് ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്കിന്റെ കീഴിലുള്ള കമ്യൂണിറ്റി ഡവലപ്‌മെന്റ് വർക്ക് ഷോപ്പുകളിൽ ഇസ്മായിൽ മാഷ് പങ്കെടുക്കുകയും നേതൃപരിശീലനം നൽകി വരികയും ചെയ്ത് വരുന്നു. സൗദിയിലെ എല്ലാ സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെയും പ്രിൻസിപ്പൽമാർക്ക് കോച്ചിംഗ് നൽകിയിരുന്നതിലും പങ്ക് വഹിച്ചിട്ടുണ്ട്. ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവ് ( ജി.ജി.ഐ) എന്ന പേരിലുള്ള കൂട്ടായ്മയിൽ, ബാബു നഹ്ദി, ഹസൻ ചെറൂപ്പ തുടങ്ങിവരുടെ സഹായത്തോടെ, കേരളത്തിൽ വേരുകളുള്ള സൗദി പൗരന്മാരെ കണ്ടെത്തി അവരെ മലയാളികൾക്ക് പരിചയപ്പെടുത്താൻ നടത്തിയ വിജയകരമായ ശ്രമത്തിനു പിന്നിലും ഇസ്മായിൽ മരിതേരിയുടെ പങ്ക് സുവിദിതം. ലീഡ്‌സ്, ഹജ് വോളണ്ടിയർ ഫോറം എന്നിവയ്ക്കും ആവശ്യമായ മാർഗനിർദേശം നൽകി. ജിദ്ദയിലെ പി.ജി സ്മാരക പ്രതിമാസ വായനാവേദിയായ സമീക്ഷയിലെ നിത്യസാന്നിധ്യവുമാണ് ഇസ്മായിൽ മാഷ്. ഡിജിറ്റൽ എഴുത്തിന്റേയും വായനയുടേയും പുതിയ ഭൂമികയിലേക്ക് ഭാവുകത്വത്തെ ഉയർത്തുന്ന നൂതനപദ്ധതികളത്രയും മികച്ച വായനക്കാരൻ കൂടിയായ ഇദ്ദേഹത്തിന് സുപരിചിതം. 
'വിജയഭേരി' പദ്ധതിയിൽ ടി. സലീം കോ ഓർഡിനേറ്ററായി നാട്ടിൽ നടത്തി വന്ന ആദ്യകാലപരിശീലക സംഘത്തിലും സ്‌റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണായ മരിതേരി മാഷ് സജീവമായി പങ്കെടുത്തിരുന്നു. ഫാറൂഖ് കോളേജിലെ പ്രൊഫ. കെ.വി ഉമർഫാറൂഖും പ്രൊഫ. ടി. അബ്ദുല്ലയും പ്രിയപ്പെട്ട ഗുരുനാഥന്മാരാണ്. അത് പോലെ ഗോവിന്ദൻമാഷ്, ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻമാഷ് എന്നീ മാതൃകാധ്യാപകരെയൊന്നും തനിക്ക് മറക്കാനാവില്ലെന്ന് ഇവരുടെ പ്രിയശിഷ്യനായ ഇസ്മായിൽ മാഷ് പറയുന്നു. വിദ്യാർഥികൾക്കായി സ്മാർട്ട് എന്ന പേരിൽ പ്രഭാഷണപരമ്പരയും ( ടോക്ക് സീരീസ്) ഇദ്ദേഹം നടത്തിയിരുന്നു.
- പ്രവാസികളുടെ മനസ്സ് പ്രവിശാലമാണ്. അവരുടെ കഴിവുകൾ അപാരം. ഓരോ പ്രവാസിയും ഈ കഴിവുകൾ സർഗാത്മകമായി പ്രയോജനപ്പെടുത്തണം. യാത്ര ചെയ്യുക, ജീവിതം കാണുക. സഞ്ചരിക്കാത്തവരുടെ മനസ്സും ശരീരവും പെട്ടെന്ന് മലിനമാകും. സംസ്‌കൃതികളുടെ വീണ്ടെടുപ്പ് അനിവാര്യമാണ്. മനുഷ്യമനസ്സുകൾ മലീമസമാക്കുന്നതിൽ ഇന്നത്തെ മാധ്യമങ്ങൾക്കും നല്ല പങ്കുണ്ട്. വർഗീയതയെ ചെറുക്കുകയും മതമൈത്രി വളർത്തുകയും വേണം. പുരോഹിതരുടെ കടുംപിടിത്തത്തിൽ നിന്ന് മതങ്ങളെ മോചിപ്പിക്കണം. മാനവികതയുടെ കൊടിക്കൂറ ഉയർത്തിപ്പിടിക്കണം.
ഇന്ത്യൻ സ്‌കൂളുകളിൽ വിനിമയഭാഷ - കമ്യൂണിക്കേറ്റീവ് ലാംഗ്വേജ് - എന്ന പേരിൽ നമ്മുടെ കുട്ടികളെ നന്നായി ഇംഗ്ലീഷ് പഠിപ്പിക്കേണ്ടതുണ്ട്. ഒപ്പം മാതൃഭാഷയുടെ മഹത്വവും അവരെ മനസ്സിലാക്കണം. പരിസ്ഥിതി സംരക്ഷണത്തിലേക്കും കാർഷികവൃത്തികളിലേക്കും പ്രവാസികൾ മടങ്ങേണ്ടതുണ്ട്. പുതിയ തലമുറയ്ക്ക് കൃഷിപാഠങ്ങൾ പകർന്നു നൽകാൻ രക്ഷിതാക്കൾ പരിശ്രമിക്കണം - ഇതാണ് ഡോ. ഇസ്മായിൽ മരിതേരിക്ക് പ്രവാസികൾക്ക് നൽകാനുള്ള ഉപദേശം.
സമീറയാണ് ഡോ. ഇസ്മായിൽ മരിതേരിയുടെ ജീവിതപങ്കാളി. എം.എസ്‌സി ഫിസിക്‌സ് വിദ്യാർഥിനി റൂഹി ബാസിമ, പ്ലസ് ടു വിദ്യാർഥിനി നജാ ഫാത്തിമ, പത്താം ക്ലാസ് വിദ്യാർഥി റയാൻ എന്നിവർ മക്കൾ.

Latest News