മുംബൈ- കുട്ടി ക്രിക്കറ്റിന്റെ ആവേശം വാനോളമുയരുന്ന ഐ.പി.എല്ലിന് ഇന്ന് തുടക്കം. മുംബൈയിൽ ആതിഥേയരായ മുംബൈ ഇന്ത്യൻസും, വിലക്കു കഴിഞ്ഞ് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. 51 ദിവസം നീളുന്ന ടൂർണമെന്റിന്റെ ഫൈനൽ മെയ് 27 നാണ്.
ഒത്തുകളിയുടെ പേരിൽ രണ്ട് സീസണുകളിൽ വിലക്ക് ഏർപ്പെടുത്തപ്പെട്ട ചെന്നൈയും രാജസ്ഥാൻ റോയൽസും തിരിച്ചെത്തുന്നു എന്നതു തന്നെയാണ് ഐ.പി.എൽ 11-ാം സീസണിന്റെ പ്രത്യേകത. ഇതോടെ ഇവരുടെ അസാന്നിധ്യത്തിൽ ലീഗിലുണ്ടായിരുന്ന ഗുജറാത്ത്, പൂനെ ടീമുകൾ ഒഴിവായി.
ക്യാപ്റ്റൻ മഹേന്ദ്ര ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ പഴയ പ്രതാപം വീണ്ടെടുക്കുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നുണ്ട്. കടുത്ത വെല്ലുവിളികൾ നേരിട്ടപ്പോഴും ടീമിനൊപ്പം ഉറച്ചുനിന്ന ആരാധകരാണ് ചെന്നൈയുടേത്.
2008ൽ അരങ്ങേറ്റ ടൂർണമെന്റിൽ ജേതാക്കളായ രാജസ്ഥാൻ, ഷെയ്ൻ വോണിന്റെ മേൽനോട്ടത്തിലാണ് കച്ച മുറുക്കുന്നത്.
എങ്കിലും ഇത്തവണ കിരീടത്തിനായി ഏറ്റവും ദാഹിക്കുന്ന ടീം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂരാണ്. താര നിബിഢമാണെങ്കിലും അതിനനുസരിച്ചുള്ള പ്രകടനം കഴിഞ്ഞ സീസണുകളിൽ റോയൽ ചലഞ്ചേഴ്‌സിന് കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണയും കോഹ്‌ലിയും എബി ഡിവിലിയേഴ്‌സും അടങ്ങുന്ന ബാറ്റിംഗ് നിര ശക്തം. ഉമേഷ് യാദവും യുസ് വേന്ദ്ര ചാഹലുമടങ്ങുന്ന ബൗളിംഗ് നിരക്ക് കരുത്ത് പകരാൻ വാഷിംഗ്ടൺ സുന്ദറും, മുഹമ്മദ് സിറാജുമുണ്ട്. ഇംഗ്ലീഷ് ഓൾറൗണ്ടർ ക്രിസ് വോക്‌സാണ് ടീമിന്റെ മറ്റൊരു ശക്തി. ഏതൊരു ആരാധകനേക്കാൾ താൻ ഐ.പി.എൽ ട്രോഫി കൊതിക്കുന്നുണ്ടെന്ന് കോഹ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പന്തു ചുരണ്ടൽ വിവാദവും പരിക്കുകളും മൂലം ഐ.പി.എല്ലിൽ തിളങ്ങേണ്ടിയിരുന്ന ഏതാനും താരങ്ങളുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്. പന്തു ചുരണ്ടലിന്റെ പേരിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഓരോ വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാണർക്കും കനത്ത നഷ്ടമാണ്. സ്മിത്ത് രാജ്സ്ഥാന്റെയും, വാണർ ഹൈദരാബാദിന്റെയും ക്യാപ്റ്റന്മാരായിരുന്നു. സി.എയുടെ വിലക്ക് വന്നതോടെ ഇരുവരും ഐ.പി.എല്ലിൽനിന്നും വിലക്കപ്പെട്ടു. രാജസ്ഥാന്റെ പുതിയ ക്യാപ്റ്റനായി അജിങ്ക്യ രഹാനെയും, ഹൈദരാബാദിന്റെ നായകനായി കെയ്ൻ വില്യംസണും എത്തുന്നു.
ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡയും പരിക്കുമൂലം ഐ.പി.എല്ലിൽനിന്ന് പിന്മാറി. സ്റ്റാർക്ക് കൊൽക്കത്തക്കും, റബാഡ ദൽഹിക്കുമാണ് കളിക്കേണ്ടിയിരുന്നത്.
വാണറുടെ അഭാവം ഹൈദരാബാദിന് വലിയ തിരിച്ചടിയാണ്. ഇംഗ്ലീഷ് താരം അലെക്‌സ് ഹെയ്ൽസാവും വാണർക്കുപകരം ശിഖർ ധവാനൊപ്പം ഓപൺ ചെയ്യുക. രാജസ്ഥാൻ സ്മിത്തിനു പകരം ദക്ഷിണാഫ്രിക്കൻ താരം ഹെൻട്രിച്ച് ക്ലാസ്സനെയാണ് ടീമിലെടുത്തിരിക്കുന്നത്.
ധോണിയുടെ ചെന്നൈ സുശക്തമായ ടീമാണ്. സുരേഷ് റെയ്‌ന, ഫാഫ് ഡുപ്ലസ്സി, ഡ്വെയ്ൻ ബ്രാവോ എന്നീ പ്രഗൽഭരും ടീമിലുണ്ട്.
ഏഴ് വർഷത്തിനു ശേഷം ഗൗതം ഗംഭീർ കൊൽക്കത്ത വിട്ടശേഷമുള്ള സീസൺ കൂടിയാണിത്. ദിനേശ് കാർത്തിക്കാണ് പുതിയ ക്യാപ്റ്റൻ. ഗംഭീർ ഇത്തവണ സ്വന്തം നാടായ ദൽഹിയുടെ ക്യാപ്റ്റനാണ്. റിക്കി പോണ്ടിംഗാണ് കോച്ച്.
ക്രിസ് ഗെയ്‌ലും, യുവരാജ് സിംഗും ഒരുമിക്കുന്ന പഞ്ചാബും കരുത്തരാണ്. ആരൺ ഫിഞ്ച്, ഡേവിഡ് മില്ലർ, കെ.എൽ. രാഹുൽ എന്നിവരാണ് മറ്റ് പ്രമുഖർ.
രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യൻസ് കിരീടം നിലനിർത്താൻ തന്നെയുള്ള ലക്ഷ്യത്തിലാണ്. കീരൺ പൊളാഡ്, ജസ്പ്രീത് ബുംറ, ഹർഭജൻ സിംഗ്, പാണ്ഡ്യ സഹോദരന്മാർ തുടങ്ങിയവരാണ് ടീമിന്റെ ശക്തി.