Sorry, you need to enable JavaScript to visit this website.

അജയന്റെ അഭ്രജീവിതം....

അജയൻ. വലത്ത്: ഒരു പൂർവകാലചിത്രം.
സംവിധായകൻ അജയൻ തിലകൻ, എം.ടി, സന്തോഷ് ശിവൻ  എന്നിവർക്കൊപ്പം പെരുന്തച്ചന്റെ ഷൂട്ടിംഗ് വേളയിൽ.  
പെരുന്തച്ചന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ എം.ടി , തിലകൻ, നടീനടന്മാർ എന്നിവർക്കൊപ്പം.
സംവിധായകൻ അജയൻ പെരുന്തച്ചൻറെ ഷൂട്ടിംഗ് ലൊക്കേഷനിൽ.
അജയൻ അച്ഛൻ തോപ്പിൽ ഭാസിക്കൊപ്പം

നാടകത്തെ സാമൂഹികമാറ്റത്തിനുള്ള ശക്തമായ ആയുധമാക്കിക്കൊണ്ട് സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ കൊടുങ്കാറ്റുയർത്തിയ നാടകാചാര്യനും കമ്യൂണിസ്റ്റുമായിരുന്ന തോപ്പിൽ ഭാസിയുടെ മൂത്ത മകൻ അജയൻ സിനിമയെന്ന മാധ്യമത്തെ അച്ഛനോടൊപ്പം അടുത്തുനിന്നു കണ്ട കലാകാരനായിരുന്നു. വൈമാനികനാകാൻ കൊതിച്ച് സിനിമാ സംവിധായകനായി മാറിയ അജയൻ എന്നും ഭാവനയുടെ ആകാശത്താണ് വിഹരിച്ചിരുന്നത്. ആ മനസ്സിൽ മരണം വരെയും നിറഞ്ഞു നിന്നത് സിനിമ മാത്രമായിരുന്നു. സിനിമയെ ജീവിത ലഹരിയായി കണ്ട അദ്ദേഹം മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് റാങ്കോടുകൂടി ഡിപ്ലോമ നേടിയശേഷം അച്ഛനായ തോപ്പിൽഭാസിയുടെ സിനിമകളിൽ സഹായിയായിട്ടായിരുന്നു തുടക്കം. 

പെരുന്തച്ചൻ എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാള സിനിമയിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യ പ്രതിഭയായിരുന്നു സംവിധായകൻ അജയൻ. പറയി പെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ എന്ന വിസ്മയകരമായ മിത്തിനെ അതിമനോഹരമായൊരു ചലച്ചിത്ര ശിൽപമായി അഭ്രപാളികളിൽ  കൊത്തിയെടുത്ത ഭാവനാശാലി. ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടി ശ്രദ്ധേയമായ ആ സിനിമയുടെ ഓരോ ഫ്രെയിമും മലയാള സിനിമയിൽ വെല്ലുവിളികൾ ഉയർത്തികൊണ്ട് കാലത്തെ അതിജീവിക്കുന്ന ദൃശ്യവിസ്മയമായി ഇന്നും നിലനിൽക്കുന്നു. 
പ്രതിഭ കൊണ്ട് വിസ്മയിപ്പിച്ച സംവിധായകൻ അജയൻ പെരുന്തച്ചൻ എന്ന ഒറ്റച്ചിത്രത്തോടെ ഒടുങ്ങിപ്പോയത് എന്തുകൊണ്ടാണ് ? സിനിമയെന്ന മാന്ത്രികക്കുതിരമേൽ രാജകുമാരനെപ്പോലെ പറന്നുയർന്ന ആ പ്രതിഭയുടെ മനസിന്റെ ചെപ്പിൽ ജീവിതത്തിലുടനീളം സൂക്ഷിച്ചുവെച്ച സ്വപ്നചിത്രമായ 'മാണിക്യക്കല്ല്' നടക്കാതെ പോയത് എന്തുകൊണ്ടാണ് ? അജയൻ എന്ന പ്രതിഭാധനനായ സംവിധായകനെ മലയാള സിനിമയിൽ നിന്നും തുടച്ചുനീക്കാൻ വെള്ളിത്തിരയുടെ അണിയറയിലിരുന്ന് ചതിയുടെ വീതുളിയെറിഞ്ഞത് ആരാണ്? 
തന്റെ സർഗജീവിതത്തെ തകർത്തെറിഞ്ഞ ദുരനുഭവങ്ങളുടെ വേദനയിൽ നീറിപ്പുകഞ്ഞ മനസുമായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്ന് മൂന്നുദശാബ്ദത്തോളമുള്ള നീണ്ട മൗനത്തിനൊടുവിൽ ഈ ലോകത്തോട് വിടപറഞ്ഞ ആ ചലച്ചിത്ര പ്രതിഭയുടെ മനസിൽ എന്തായിരുന്നു ? മലയാള സിനിമാലോകത്ത് ദീർഘകാലം ഉയർന്നുകേട്ട അത്തരം നിരവധി ചോദ്യങ്ങളുടെ മനസുതുറന്ന ഉത്തരങ്ങളാണ് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച 'മകുടത്തിൽ ഒരു വരി ബാക്കി' എന്ന അജയന്റെ ആത്മകഥ. 
അർബുദം മൂർച്ഛിച്ച് മരണം മുന്നിൽ കണ്ടു കഴിഞ്ഞ നാളുകളിൽ ആ പ്രതിഭ താൻ കടന്നുപോയ ജീവിത മുഹൂർത്തങ്ങളും കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങളും ഓർത്തെടുത്ത് മനോഹരമായൊരു സിനിമയിലെന്നപോലെ ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു. മലയാള സിനിമാ ലോകത്ത് താൻ നേരിട്ട ചതിയുടെയും വഞ്ചനയുടെയും ദുരനുഭവങ്ങളുടെയും വെളിപ്പെടുത്തലുകളും ഒപ്പം അദ്ദേഹത്തിന്റെ ജീവിത ദർശനവും സ്നേഹവും പ്രണയവും തീവ്രമായ വ്യക്തി ബന്ധങ്ങളും സിനിമയുടെ അനുഭവപാഠങ്ങളുമെല്ലാം അദ്ദേഹം ഹൃദ്യമായി പങ്കുവെയ്ക്കുന്നു. എഴുതാൻ ആരോഗ്യം അനുവദിക്കാതിരുന്നതിനാൽ മറ്റൊരാളോട് പറഞ്ഞുകൊടുത്ത് എഴുതിച്ച ആത്മകഥയാണിത്. ആ പ്രതിഭയുടെ ഓർമകളുടെ വൈകാരികാംശം ഒട്ടും ചോരാതെ കേട്ടെഴുത്ത് ഭംഗിയായി നിർവഹിച്ചിരിക്കുന്നത് ചിത്രകാരനായ ലക്ഷ്മൺ മാധവാണ്. 
നാടകത്തെ സാമൂഹികമാറ്റത്തിനുള്ള ശക്തമായ ആയുധമാക്കികൊണ്ട് സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ കൊടുങ്കാറ്റുയർത്തിയ നാടകാചാര്യനും കമ്യൂണിസ്റ്റുമായിരുന്ന തോപ്പിൽ ഭാസിയുടെ മൂത്ത മകൻ അജയൻ സിനിമയെന്ന മാധ്യമത്തെ അച്ഛനോടൊപ്പം അടുത്തുനിന്നു കണ്ട കലാകാരനായിരുന്നു. വൈമാനികനാകാൻ കൊതിച്ച് സിനിമാ സംവിധായകനായി മാറിയ അജയൻ എന്നും ഭാവനയുടെ ആകാശത്താണ് വിഹരിച്ചിരുന്നത്. 
ആ മനസ്സിൽ മരണം വരെയും നിറഞ്ഞു നിന്നത് സിനിമ മാത്രമായിരുന്നു. സിനിമയെ ജീവിത ലഹരിയായി കണ്ട അദ്ദേഹം മദ്രാസിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് റാങ്കോടുകൂടി ഡിപ്ലോമ നേടിയശേഷം അച്ഛനായ തോപ്പിൽഭാസിയുടെ സിനിമകളിൽ സഹായിയായിട്ടായിരുന്നു തുടക്കം. 
സിനിമയുടെ എല്ലാ സാങ്കേതിക വശങ്ങളിലും അദ്ദേഹത്തിന് നല്ല പരിജ്ഞാനമുണ്ടായിരുന്നു. അസാമാന്യ പ്രതിഭകളായ ഭരതനും പത്മരാജനും കെ.ജി.ജോർജിനും അരവിന്ദനുമൊപ്പം  നിരവധി സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി ഒരേ മനസോടെ ആത്മമിത്രങ്ങളായി പ്രവർത്തിച്ചു. സിനിമയിൽ സ്വന്തമായ ആഖ്യാന രീതികളും പുതുമകളും പിന്തുടർന്ന അദ്ദേഹം സിനിമ എന്ന മാധ്യമത്തെ സമഗ്രമായി കണ്ടുകൊണ്ട് അതിന്റെ പൂർണമായ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കാണ് എന്നും പ്രാധാന്യം നൽകിയത്. സിനിമയുടെ കലാമൂല്യത്തിനും സൗന്ദര്യത്തിനും മേൽ വാണിജ്യതാൽപര്യങ്ങളുടെ യാതൊരു വിട്ടുവീഴ്ചകൾക്കും തയ്യാറാകാതിരുന്ന വേറിട്ട ചലച്ചിത്രകാരനായിരുന്നു അദ്ദേഹം.   
പ്രതിഭാശാലികളായ ഒരച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർചിത്രങ്ങൾ  പുസ്തകത്തിലുടനീളം അദ്ദേഹം വരച്ചിടുന്നുണ്ട്. കേരളത്തെ ഇളക്കിമറിച്ച ശൂരനാട് വിപ്ലവത്തിൽ പ്രതിയായിരുന്ന അച്ഛൻ തോപ്പിൽ ഭാസി ഒളിവിൽ കഴിയുമ്പോഴാണ് അജയന്റെ ജനനം. ഏതു നിമിഷവും പിടിക്കപ്പെട്ട് വധശിക്ഷവരെ ലഭിക്കാവുന്ന പിടികിട്ടാപ്പുള്ളിയായ ആ വിപ്ലവകാരി ഒളിവുകാലത്ത് ജനിച്ച മകനെ ആദ്യമായി കാണുന്ന രംഗം വിവരിക്കാൻ ഭാസിയുടെ 'ഒളിവിലെ ഓർമകളി'ലെ ഭാഗങ്ങൾ അതേപോലെ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. 
അച്ഛനും മകനുമായുള്ള തമാശകളും വിനോദങ്ങളും ഗൗരവമായ ചർച്ചകളുമെല്ലാം പുസ്തകത്തിൽ വിശദമാക്കുന്നു. അച്ഛനുമൊത്തുള്ള റഷ്യൻ യാത്ര, അച്ഛനും നെഹ്രുവുമായുള്ള ബന്ധം, പ്രമേഹം മൂർച്ഛിച്ച് ഒരു കാൽ മുറിച്ചുമാറ്റപ്പെട്ടപ്പോൾ അച്ഛനെ പരിചരിച്ചത്, സിനിമയിലും നാടകത്തിലും ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ ജീവിത മുഹൂർത്തങ്ങൾ അദ്ദേഹം വിവരിക്കുന്നു.  
അജയന്റെ മനസിൽ വല്ലാത്ത ഭ്രമകല്പനകൾ സൃഷ്ടിച്ച കഥയായിരുന്നു സ്‌കൂൾ പഠനകാലത്ത് ഉപപാഠപുസ്തകമായി പഠിച്ച എം.ടി.വാസുദേവൻ നായരുടെ കുട്ടികളുടെ നോവൽ മാണിക്കക്കല്ല്. അഡയാറിൽ നിന്ന് സിനിമാ പഠനം കഴിഞ്ഞ് നേരെ കോഴിക്കോട്ടെത്തി എം.ടിയോട് മാണിക്കക്കല്ല് സിനിമയാക്കണമെന്ന ആഗ്രഹമറിയിച്ചു. എം.ടി സ്വന്തം കൈപ്പടയിൽ തിരക്കഥയെഴുതി നൽകിയെങ്കിലും അജയന്റെ ആദ്യ സിനിമ അതായിരുന്നില്ല. പിന്നീട് പതിനഞ്ച് വർഷത്തോളം ഭരതനും പത്മരാജനുമടക്കമുള്ള പ്രതിഭകൾക്കൊപ്പം വിവിധ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച ശേഷമാണ് പെരുന്തച്ചൻ എന്ന സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. അതും അജയന്റെ മനസിലെ മറ്റൊരു സിനിമാ സ്വപ്‌നമായിരുന്നു. 
പെരുന്തച്ചൻ എന്ന സിനിമയുടെ സങ്കൽപം തനിക്ക് നൽകിയതും  മുഖ്യപ്രേരണയും അജയനായിരുന്നുവെന്ന് എം.ടി പിന്നീട് പലപ്പോഴും എഴുതിയിട്ടുണ്ട്. ലോക ക്ലാസിക് സിനിമകളിൽപ്പെടുത്താവുന്ന മലയാളത്തിലെ അത്യപൂർവ ചിത്രങ്ങളിലൊന്നായി മാറി പെരുന്തച്ചൻ. മലയാള സിനിമയ്ക്ക് അതുവരെ പരിചയമില്ലാത്ത ഒട്ടേറെ പുതുമകൾ നിറഞ്ഞ ഒരു അസാധാരണ ചിത്രമായിരുന്നു അത്. 1990 ൽ പുറത്തിറങ്ങിയ ആ ചിത്രം മൂകാംബികയ്ക്കടുത്ത കുന്ദാപുരിയിൽ വെച്ച് വെറും 32 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. സൂപ്പർ താരങ്ങളും പാട്ടും സംഘട്ടനങ്ങളുമില്ലാത്ത ആ സിനിമ തിയേറ്ററുകളിൽ 110 ദിവസിത്തിലധികം ഓടി ബോക്‌സോഫീസിൽ വൻവിജയം നേടി. 
തിലകൻ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച് മലയാളിയുടെ മനസിലെ ഐതിഹ്യകഥാപാത്രമായ സാക്ഷാൽ പെരുന്തച്ചനായി  മാറി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് തിലകന് ആദ്യമായി ലഭിച്ചത് ആ സിനിമയിലാണ്. 1990 ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം അജയനും ഛായാഗ്രാഹകനുള്ള അവാർഡ് സന്തോഷ് ശിവനും നേടിയ ചിത്രം നിരവധി സംസ്ഥാന അവാർഡുകളും വാരിക്കൂട്ടി.  ആഗോളതലത്തിൽ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ പെരുന്തച്ചൻ ലൊക്കാർണോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ ലെപ്പേർഡ് അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. 
പെരുന്തച്ചൻ സിനിമയുടെ ലൊക്കേഷൻ, നടീനടന്മാരെ കണ്ടെത്തൽ തുടങ്ങി ചിത്രത്തിന്റെ പ്രധാന കാര്യങ്ങൾ മുതൽ ചെറിയ ചെറിയ കാര്യങ്ങൾ വരെ അതീവ ശ്രദ്ധയോടും സൂക്ഷ്മതയോടെയുമാണ് അജയൻ നിർവഹിച്ചത്. ഒരു സംവിധായകൻ എന്നതിലുപരി മനസും ശരീരവും പൂർണമായി സമർപ്പിച്ചുകൊണ്ട് ആ സിനിമയ്ക്കായി താൻ എങ്ങനെ പ്രവർത്തിച്ചുവെന്ന് പുസ്തകത്തിൽ ഏഴോളം അദ്ധ്യായങ്ങളിലായി അദ്ദേഹം വിശദമാക്കുന്നുണ്ട്.   
എം.ടി യുടെ മാണിക്യക്കല്ല് ലോകോത്തര നിലവാരമുള്ള ഒരു സിനിമയായി മലയാളം അടക്കം അഞ്ചു ഭാഷകളിൽ സിനിമയാക്കാനായിരുന്നു പിന്നീട് അജയന്റെ പദ്ധതി. അതിനായി പഴയ തിരക്കഥ എം.ടിയെക്കൊണ്ട് ഒന്നുകൂടി തിരുത്തിയെഴുതിച്ചു. കൂടുതൽ വിഷ്വൽ ഇഫക്റ്റുകൾ ആവശ്യമായ ആ ചിത്രത്തിനായി നിർമ്മാതാവ് ഗുഡ്‌നൈറ്റ് മോഹനും ഛായാഗ്രാഹകൻ മധു അമ്പാട്ടുമായി അമേരിക്കയിൽ പോയി ഡിജിറ്റൽ-ഗ്രാഫിക് സാങ്കേതിക വിദഗ്ധരുമായി ചർച്ചകൾ നടത്തി. 
എന്നാൽ അജയന്റെ ഭാവനയിൽ വികസിപ്പിച്ചെടുത്ത മാണിക്യക്കല്ല് സിനിമ ഒരു കൊമേഴ്‌സൽ സിനിമയായി വ്യാപാര തന്ത്രങ്ങൾക്കനുസരിച്ച് മാറ്റാൻ മോഹൻ വാശിപിടിച്ചതോടെ അഭിപ്രായഭിന്നതകൾ ഉടലെടുത്തു. പിന്നീട് മോഹനൻ അണിയറയിൽ നടത്തിയ ഗൂഢനീക്കങ്ങൾ തികച്ചും വഞ്ചനാപരമായിരുന്നു.  മാണിക്യക്കല്ലിന്റെ മലയാളം ഒഴിച്ചുള്ള അവകാശം മോഹൻ സ്വന്തമാക്കുകയും മലയാളത്തിലെ പ്രമുഖനായ മറ്റൊരു സംവിധായകനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യാൻ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാണിക്യക്കല്ലിന്റെ മലയാളം അവകാശം കൂടി മോഹൻ ചോദിച്ചുവന്നതോടെ താൻ പൂർണ്ണമായും വഞ്ചിക്കപ്പെട്ടുവെന്നും മാണിക്യക്കല്ല് നഷ്ടമായെന്നും അജയന് ബോധ്യമായി. അപഖ്യാതികൾ പറഞ്ഞുപരത്തി ഒരു നിർമ്മാതാവും തന്റെ മുന്നിലേക്ക് വരാത്ത തരത്തിൽ സിനിമാ മേഖലയിൽ ഒരു ഉപരോധം സൃഷ്ടിച്ചത് എന്തിനായിരുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു.' നിഷ്‌കളങ്കമായി നിന്നാൽ ചതിപറ്റുമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. അതാണ് സിനിമാരംഗം എനിക്ക് തന്ന സമ്മാനം.' എന്നാണ് ആ ചതിയെപ്പറ്റി അജയൻ പുസ്തകത്തിൽ പറയുന്നത്. സിനിമാ രംഗത്തെ ആ ദുരനുഭവം അദ്ദേഹത്തിന്റെ സർഗ്ഗജീവിതത്തെ തകർത്തെറിഞ്ഞെങ്കിലും മാണിക്യക്കല്ലിന്റെ അദ്ഭുതകരമായ സാധ്യതകൾ ജീവിതത്തിലുടനീളം അദ്ദേഹം സ്വപ്‌നം കണ്ടു. 'മാണിക്യക്കല്ല് എനിക്ക് വിട്ടുകളയാൻ പറ്റാത്ത സത്യമാണെ'ന്ന് അദ്ദേഹം എഴുതുന്നു.
സഹോദരസ്ഥാനീയരായിരുന്ന ഭരതനും പത്മരാജനുമായുള്ള ഊഷ്മളമായ ബന്ധത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ പുസ്തകത്തിലുണ്ട്. അവർ ഇരുവരുമായി ചേർന്നു പ്രവർത്തിച്ച സിനിമകളിൽ രചനയുടെ ഘട്ടം മുതൽ എല്ലാത്തിനും ഒപ്പം നിന്ന് പ്രവർത്തിച്ച അനുഭവങ്ങൾ, മദ്രാസിലെ ഒരുമിച്ചുള്ള ജീവിതം എന്നിവയെല്ലാം വിവരിക്കുന്നുണ്ട്. 'ഭരതേട്ടന് എന്നെ ജീവനാണ്. സിനിമയുടെ കാര്യമായാലും മറ്റെന്ത് കാര്യമായാലും ഭരതേട്ടൻ എന്റെ അഭിപ്രായം ചോദിച്ചിട്ടേ ചെയ്യുകയുള്ളൂ' ഭരതനുമായുള്ള അടുപ്പത്തെ അജയൻ അനുസ്മരിക്കുന്നു. ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്ന ഭരതനും പത്മരാജനുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം അദ്ദേഹം പുസ്തകത്തിൽ തുറന്നെഴുതുന്നു. പപ്പേട്ടൻ എന്ന് അജയൻ സ്‌നേഹപൂർവം വിളിച്ചിരുന്ന പത്മരാജൻ സ്വന്തം അനുജനായാണ് തിരിച്ചും കണ്ടിരുന്നത്. പക്ഷെ ഒരിക്കൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് പത്മരാജൻ പറഞ്ഞ പരുഷമായ വാക്കുകൾ മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ചതായും വേദനയോടെ അദ്ദേഹം ഓർക്കുന്നുണ്ട്. ആ പിണക്കങ്ങൾ പറഞ്ഞുതീർക്കാതെയുള്ള പത്മരാജന്റെ ആകസ്മിക വിയോഗം സൃഷ്ടിച്ച ആഘാതം അതിനേക്കാൾ വലുതായിരുന്നു.   
ബാല്യകാലസഖിയായിരുന്ന അമ്മാവന്റെ മകൾ ഡോ.സുഷമകുമാരിയുമായുള്ള പ്രണയവും വിവാഹവും മക്കളുമൊത്തുള്ള കുടുംബജീവിതവുമെല്ലാം ഒരു അപൂർവ പ്രണയകഥപോലെ ഹൃദ്യമായി അദ്ദേഹം വിവരിക്കുന്നു. പ്രണയത്തിന്റെ നിർവചനം സുഷമയിൽ തുടങ്ങി സുഷമയിൽ അവസാനിക്കുന്ന യാഥാർഥ്യവും ആവിഷ്‌കാരവുമാണെന്ന് അദ്ദേഹം പറയുന്നു. മാണിക്യക്കല്ല് എന്ന തന്റെ ജീവിത സ്വപ്‌നം എങ്ങനെയെങ്കിലും സാക്ഷാത്കരിക്കാൻ കഴിയുമെന്ന് മരണം വരെയും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അച്ഛൻ തോപ്പിൽ ഭാസിയുടെ 'ഒളിവിലെ ഓർമകൾ' സിനിമയാക്കണമെന്ന സ്വപ്‌നവും നടക്കാതെപോയി. ഐതിഹ്യകഥയിലെ ദുരന്തനായകനായിരുന്ന പെരുന്തച്ചനെപ്പോലെ ശിൽപ മകുടത്തിൽ ഒരു വരി ബാക്കിയാക്കി സംവിധായകൻ അജയൻ 2018 ഡിസംബർ 13 ന് ഈ ലോകത്തോട് വിട പറഞ്ഞു.
അജയന്റെ ജീവിതത്തിലുടനീളം താങ്ങും തണലുമായി നിലകൊണ്ട സഹധർമ്മിണി ഡോ. സുഷമ കുമാരിയുടെ തീവ്രമായ പ്രേരണയും പരിശ്രമവും പിന്തുണയുമാണ് ഈ ആത്മകഥയുടെ സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്. പുസ്തകം പുറത്തിറക്കാൻ പ്രയത്‌നിച്ച സിനിമാ സംവിധായകൻ പ്രമോദ് പയ്യന്നൂരിനെയും മാധ്യമപ്രവർത്തകനായ ജയൻ മഠത്തിലിനെയും കുറിച്ചും പുസ്തകത്തിന്റെ ആദ്യ അധ്യായത്തിൽ പറയുന്നുണ്ട്. അജയന്റെ മരണശേഷം 2019 ൽ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ആത്മകഥയുടെ രണ്ടാം പതിപ്പാണ് പുറത്തുവന്നിരിക്കുന്നത്. 
എം.ടി.വാസുദേവൻ നായർ, പെരുന്തച്ചൻ സിനിമയുടെ നിർമാതാവ് ജി. ജയകുമാർ, അജയന്റെ ഭാര്യ ഡോ.സുഷമ കുമാരി, മകൾ ലക്ഷ്മി എന്നിവരുടെ ഓർമ്മക്കുറിപ്പുകളും അജയന്റെ ജീവിതത്തിലെ അപൂർവ ചിത്രങ്ങളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. 

മകുടത്തിൽ ഒരുവരി ബാക്കി
അജയൻ  
ആത്മകഥ 
ഡി.സി.ബുക്‌സ് 
പേജ് 168 
വില : 199 രൂപ  

Latest News