Sorry, you need to enable JavaScript to visit this website.

നാടിന്  തീ പിടിപ്പിച്ച  നൂപുരധ്വനി 

പണ്ടു കാലത്ത് ചില പത്രലേഖകർ കലോത്സവം റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിച്ചിരുന്ന ക്ലീഷേ പ്രയോഗമാണ് നൂപുരധ്വനികളുയർന്നുവെന്നത്. കോവിഡ് കാലം വന്നപ്പോൾ പിന്നെ കലോത്സവങ്ങളുമില്ലാതായല്ലോ. ഇന്ത്യയിലെ ദേശീയ ചാനലുകളിൽ വന്നിരുന്ന് ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമയുണ്ടാക്കിയ പ്രശ്‌നങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഉത്തരേന്ത്യൻ നഗരങ്ങളിൽ വിദ്വേഷം കത്തിക്കാളുകയാണ്. അടുത്തെങ്ങാനും തെരഞ്ഞെടുപ്പുണ്ടെങ്കിൽ ഭരിക്കുന്ന പാർട്ടിയ്ക്ക് ഗുണം ലഭിക്കുമായിരിക്കും. അല്ലെങ്കിലും റിപ്പബ്ലിക്, ടൈംസ് നൗ, ആജ് തക് പോലുള്ള ടെലിവിഷൻ ചാനലുകൾക്ക് കുറച്ചു കാലമായി ഇതുതന്നെ ആയിരുന്നില്ലേ പണി? ഹിന്ദു-മുസ്‌ലിം സമുദായങ്ങളെ തമ്മിലകറ്റുന്ന വിധത്തിലായിരുന്നില്ലേ സംവാദങ്ങൾ? മനോഹരമായ രാജ്യത്തിന്റെ ഐക്യമാണ് നമ്മുടെ കരുത്തെന്ന് തിരിച്ചറിയാതെയുള്ള ചർച്ചകൾ. ഇതിന്റെ പാരമ്യത്തിലെത്തി ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ കുഴപ്പത്തിലാവുമെന്നു വന്നപ്പോൾ മാറ്റി പിടിക്കുന്നതും കണ്ടു. കേരളത്തിൽ സ്വപ്‌ന ബോംബുമായെത്തിയപ്പോൾ റിപ്പബ്ലിക് അതേ ദിവസം രാത്രി ചർച്ച ചെയ്തത് സ്വർണ-കറൻസി കടത്തായിരുന്നു. വാസ്തവത്തിൽ ആകാശത്തുനിന്ന് പൊട്ടി വീണ ഈ വിഷയം ഉത്തരേന്ത്യൻ ടി.വി ചാനലുകൾക്ക് രക്ഷാ മാർഗമാവുകയായിരുന്നു. കുത്തബ്മിനാറും താജ്മഹലും കിളച്ചു നോക്കലൊക്കെ ആയിരുന്നല്ലോ പ്രൈം ടൈമിലെ ഡിബേറ്റുകൾ. കേന്ദ്ര സർക്കാർ ഡാമേജ് തീർക്കാൻ ഫ്രിഞ്ച് എലമെന്റ്‌സാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും ഇന്ത്യയുടെ നയം എല്ലാവരേയും ഉൾക്കൊള്ളുന്നതാണെന്നുമൊക്കെ വിവരിക്കേണ്ടി വന്നു. ടൈംസ് നൗവിലെ ചർച്ചയുടെ സമയത്തിനും സവിശേഷതയുണ്ട്. ലോകത്ത് കോവിഡും വാനര വസൂരിയും ഏതാണ്ട് കെട്ടടങ്ങി. നൂറിലേറെ ദിവസം ഉക്രൈനെ ഉപദ്രവിച്ച് റഷ്യയ്ക്കും ബോറടിച്ച് തുടങ്ങി. അപ്പോഴാണ് ഇന്ത്യയിൽനിന്ന് ഇത്തരമൊരു സംഗതി വരുന്നത്. ആഗോള തലത്തിൽ മറ്റു സുപ്രധാന വിഷയമൊന്നുമില്ലാതിരുന്ന സാഹചര്യത്തിൽ  ബി. ജെ. പി നേതാക്കളുടെ പ്രവാചക നിന്ദ പരാമർശം ഗൾഫ് രാജ്യങ്ങളുടെ പ്രതിഷേധത്തോടെ ആഗോളതലത്തിൽ ചർച്ചയായി. ഖത്തറാണ് പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധം അറിയിക്കുകയായിരുന്നു. പിന്നീട് ഖത്തർ ശൂറാ കൗൺസിൽ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ സംഘപരിവാർ അനുകൂലികൾ ഖത്തറിനെതിരായ പ്രചാരണം കൊണ്ടാണ് നേരിട്ടത്. 
ഖത്തറിനെ ബഹിഷ്‌കരിക്കാൻ ട്വിറ്ററിൽ സംഘപരിവാർ പ്രചാരണം നടത്തിയിരുന്നു. ഈ ആഹ്വാനമുള്ള ട്വീറ്റിൽ അക്ഷര തെറ്റുണ്ടായതോടെ ട്രോളുകൾ ഇറങ്ങാൻ തുടങ്ങി. ബോയ്‌കോട്ട് ബൈ കോട്ടായി മാറി. കോവിഡ് രൂക്ഷമായ ഘട്ടത്തിൽ ഇന്ത്യ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. ഓക്‌സിജൻ സിലിണ്ടറിന്റെ ക്ഷാമം ഉൾപ്പെടെയുള്ള വെല്ലുവിളിയായിരുന്നു പ്രധാനം. ഈ വേളയിൽ ഖത്തർ എയർവേയ്‌സ് വഴി ഇന്ത്യയിലേക്ക് ആയിരത്തിലധികം ഓക്‌സിജൻ സിലിണ്ടറുകളും സൗജന്യമായി മരുന്നുകളും ഖത്തർ അയച്ചുകൊടുത്തിരുന്നു.  ഖത്തർ എയർവേയ്‌സ് ബഹിഷ്‌കരിക്കണമെന്നായിരുന്നു കാമ്പയിൻ. അതിനിടെ ഖത്തർ എയർവേയ്‌സിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്ന നാഗ്പൂരിൽനിന്ന് പറന്ന് ലോകം കാണാമെന്ന സ്ലോഗനും  ചർച്ചയായി. വിവാദ പരാമർശം നടത്തിയ ദേശീയ വക്താവ് നൂപുർ ശർമയെയും ദൽഹി ഘടകത്തിലെ നേതാവ് നവീൻ കുമാർ ജിൻഡാലിനെയും ബിജെപി സസ്‌പെന്റ് ചെയ്തു. 
ജിസിസി രാജ്യങ്ങൾക്ക് പുറമെ മറ്റു അറബ് രാജ്യങ്ങളും രംഗത്തുവന്നു. അൽ ജസീറ ചാനൽ ഇന്ത്യയിൽ കുറച്ചു വർഷങ്ങളായി എന്താണ് നടക്കുന്നതെന്ന് പ്രതിപാദിച്ച് സ്റ്റോറി ചെയ്തിരുന്നു. മറ്റു അറബിക് ചാനലുകളും ബാബരി മസ്ജിദ് മുതലുള്ള കാര്യങ്ങൾ വിവരിക്കുന്ന ഫീച്ചറുകൾ ചെയ്തു. നെഹ്‌റു-ഇന്ദിര ലെഗസിയുമായി കഴിയുന്ന അറബ് സമൂഹത്തിന് ഇന്ത്യയിലെ മാറ്റം മനസ്സിലാക്കാൻ സഹായകമായ റിപ്പോർട്ടുകളായിരുന്നു ഇതെല്ലാം. പതിനഞ്ച്  രാജ്യങ്ങൾ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.  ഈ മാസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 22ന് മുംബൈ  പോലീസ് നോട്ടീസ് നൽകി. നൂപുർ ശർമയ്‌ക്കെതിരെ മൂന്ന് കേസെടുത്തു. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി കേന്ദ്ര സർക്കാർ നടപടിയെടുത്തു തുടങ്ങി, തെരുവിലിറങ്ങി പ്രശ്‌നം സങ്കീർണമാക്കാതിരിക്കലാണ് വിവേകം. 

***  ***  ***

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തപ്പോൾ അതിനെതിരെ ശബ്ദം ഉയർത്തിയവരിൽ പ്രമുഖനാണ് നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്‌നൻ സിൻഹ. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഏതാണ്ട് ഒരു മാസക്കാലമാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ എടുത്തത്. എൻ.സി.ബിയുടെ ഈ പ്രവൃത്തിയെ നിശിതമായ ഭാഷയിലാണ് ശത്രുഘ്‌നൻ സിൻഹ വിമർശിച്ചത്. എൻ.സി.ബി മനപ്പൂർവം ആര്യൻ ഖാനെ ഇരയാക്കുകയായിരുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്. കഴിഞ്ഞ ആഴ്ച ആര്യൻ ഖാന് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു.   മകന് ഇത്രയധികം പിൻതുണ നൽകിയ എനിക്ക് ഷാരൂഖ് ഖാൻ ഒരു നന്ദി അറിയിക്കാൻ പോലും തയ്യാറായില്ലെന്ന് ശത്രുഘ്‌നൻ സിൻഹ അടുത്തിടെ ഒരു ടി.വി അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ എൻ.സി.ബി മുംബൈയിലെ ഒരു ക്രൂസ് കപ്പൽ റെയിഡ് ചെയ്തതിന് പിന്നാലെയാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ മാസം എൻ.സി.ബി സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യന്റെ  പേര് പരാമർശിക്കാത്തതിനെത്തുടർന്നാണ്  കുറ്റവിമുക്തനാക്കിയത്.  ആര്യൻ ഖാനെ എൻ.സി.ബി കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് താരപുത്രനെ വിമർശിച്ച്‌കൊണ്ട് നിരവധി മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു.  ടി.വി ചർച്ചകളിലും സാമൂഹിക മാധ്യമങ്ങളിലും ആര്യനെ ഏറ്റവും കൂടുതൽ പിന്തുണച്ചത്  ശത്രുഘ്‌നൻ സിൻഹ ആയിരുന്നു. ഇക്കാലത്ത് നന്ദി പ്രതീക്ഷിച്ച് ഒന്നും ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. 

***  ***  ***

കൊച്ചി വിമാനത്താവളത്തിൽ കഴിഞ്ഞ വാരത്തിൽ മുഴങ്ങി കേട്ട മുദ്രാവാക്യമാണ് ഡോ: റോബിൻ സിന്ദാബാദ്. കേട്ടവരെല്ലാം അതിശയിച്ചു. തൊട്ടടുത്ത തൃക്കാക്കരയിലെ തെരഞ്ഞെടുപ്പിൽ തോറ്റ ഡോക്ടർക്കു വേണ്ടിയും മുദ്രാവാക്യം വിളിയോ? സംഗതി പെയ്ഡ് പ്രൊമോഷൻ പരിപാടിയാണ്. ബിഗ് ബോസ് മലയാളം സീസൺ 4ൽ നിന്നും പുറത്തായ ഡോ: റോബിന് ഫാൻസിന്റെ വക സ്വീകരണം. 
പുറത്ത് പോയിട്ടും അവിടുത്തെ സംസാര വിഷയമായി റോബിനും ജാസ്മിനും. ഇരുവരെയും പിന്തുണയ്ക്കുന്ന ബാക്കി ഹൗസ്‌മേറ്റ്‌സ് പരസ്പരം ഓരോ കാര്യങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ജാസ്മിന്റെ കോഫി പൗഡർ ആയിരുന്നു വിഷയം. ജാസ്മിനെ വിഷമിപ്പിച്ചവർ അവളുടെ കോഫി പൗഡർ ഉപയോഗിക്കരുത് എന്ന് റിയാസ് പറഞ്ഞതോടെ ബിഗ് ബോസ് വീട്ടിൽ വീണ്ടും തർക്കം ഉണ്ടാകുകയായിരുന്നു.  പല മേഖലയിൽ കഴിവ് തെളിയിച്ച മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന ബിഗ്‌ബോസിൽ എത്തിയതിന് ശേഷം മത്സരാർത്ഥികൾ പലരും സെലിബ്രിറ്റികളായി മാറുന്നത് പതിവാണ്. ഇത്തരത്തിൽ മലയാളികൾക്കിടയിൽ ചർച്ചയായ പേരാണ് നിമിഷ. ബിഗ്‌ബോസിൽ കണ്ട് പരിചയമായ നിമിഷ.  പക്ഷെ സമൂഹമാധ്യമങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവാണ്.  താരം പുതുതായി ഷോർട്ട് ഡ്രസിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്റെ ഷോർട്ട് ഡ്രസ് കണ്ട കുലസ്ത്രീകൾക്കും, പുരുഷന്മാർക്കും ഭ്രാന്തായി കാണും എന്ന കാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
റോബിന്റെ പുറത്താകലിന് വഴിവച്ചവരിൽ അവശേഷിക്കുന്ന റിയാസിനെ പുറത്താക്കുക എന്നതാണ് ഇപ്പോൾ ഫാൻസിന്റെ ലക്ഷ്യം. അതിന് വേണ്ടി നോമിനേഷനിൽ ഉള്ള മറ്റുള്ളവർക്ക് വോട്ട് ചെയ്യുക എന്നത് മാത്രമാണ് അവരുടെ മുന്നിലുള്ള വഴി. ഡോ. റോബിൻ പറഞ്ഞാൽ പോലും ബിഗ് ബോസ് ഇനി കാണുകയോ, മറ്റേതെങ്കിലും മത്സരാർത്ഥികളെ പിന്തുണയ്ക്കുകയോ ചെയ്യരുത് എന്നാണ് മറ്റൊരു ആഹ്വാനം. 

***  ***  ***

മലയാളം ടെലിവിഷൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിരവധി ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള ബീന ആന്റണി ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടനായ മനോജ് നായരാണ് താരത്തിന്റെ ഭർത്താവ് ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ബീന ആന്റണി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഫ്ലവേഴ്‌സ് ചാനലിന്റെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് അവതാരകനായ ശ്രീകണ്ഠൻ നായരുമായി സംസാരിക്കുകയായിരുന്നു താരം. 
എന്റെയത്ര അപവാദങ്ങൾ കേട്ട ഒരു ആർട്ടിസ്റ്റ് വേറെ ഉണ്ടാകില്ല എന്നാണ് ജീവിതത്തിൽ നേരിടേണ്ടി വന്ന ഒരു അനുഭവം പറഞ്ഞുകൊണ്ട് താരം വ്യക്തമാക്കിയത്.  ട്രെയിനിൽ തന്റെയും അമ്മയുടേയും മുന്നിൽ വച്ച് തന്നെ കുറിച്ചെഴുതിയ അശ്ലീല മാസിക വിറ്റഴിച്ചതിനെക്കുറിച്ചും തങ്ങളുടെ വിവാഹം നടക്കാതിരിക്കാൻ ചിലർ ശ്രമിച്ചതിനെക്കുറിച്ചും താരം തുറന്ന് പറയുന്നു. ബീന ആന്റണിയെ കല്യാണം കഴിക്കരുതെന്നും പറഞ്ഞുകൊണ്ടുള്ള ഊമക്കത്ത് മനുവിന്റെ വീടിന് മുന്നിലെ ലെറ്റർ ബോക്‌സിൽ കൊണ്ടിട്ടിട്ടുണ്ട്. ബീന ആന്റണി ഇങ്ങനെയാണ്, അങ്ങനെയാണ് അവരെ കല്യാണം കഴിക്കരുത് എന്നൊക്കെയായിരുന്നു അതിലുണ്ടായിരുന്നത്. അതുപോലെ മനോജിനെ കെട്ടരുത്, അവൻ വൃത്തികെട്ടവനാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കത്ത് എനിക്കും വന്നിരുന്നുവെന്നും ബീന ആന്റണി പറയുന്നു. ഒരു ദിവസം ട്രെയിനിലെ എസി കമ്പാർട്ട്‌മെന്റിൽ കയറിയിരിക്കുമ്പോഴാണ് എന്നെക്കുറിച്ച് അശ്ലീലമായി അച്ചടിച്ചിട്ടുള്ള മാഗസിൻ ഒരാൾ വന്ന് എല്ലാവരേയും കാണിച്ച് വിൽക്കുന്നത്. എന്റെ നേരെ മുന്നിലാണ് ഇത് നടക്കുന്നത്. എന്നാൽ ഒരക്ഷരം മിണ്ടാൻ ഞാൻ നിന്നില്ല. എന്റെ കൂടെ അമ്മച്ചിയും ഉണ്ടായിരുന്നു. എന്നെക്കണ്ടുകൊണ്ട് തന്നെയാണ് അയാൾ അത് വിറ്റത്. ഒരു അന്തസുള്ള കുടുംബത്തിന്റെ ടേബിളിൽ വെക്കുന്ന മാസികയാണോ അത് എന്നാണ് അപ്പോൾ ഞാൻ ചിന്തിച്ചത്. അന്തസുള്ള വ്യക്തി അത് വാങ്ങുമോ? ഇല്ല. തെരുവിൽ പട്ടി കുരയ്ക്കുന്നതിനെ ഞാനെന്തിന് കാര്യമാക്കണം? മാനസികമായി ഒരുപാട് തളർത്താൻ സാധിക്കും. കോളേജിൽ പോവുന്ന എന്റെ സഹോദരിയെ ഇതൊക്കെ പറഞ്ഞ് വിഷമിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ മാനസികമായി ഞാൻ തളർന്ന് പോയെങ്കിലും ദൈവം എന്നെ തളർത്തിയില്ല. അതിന് ശേഷവും ഒരുപാട് അവസരങ്ങൾ എന്നെ തേടി വന്നു. കല്യാണം കഴിഞ്ഞതോടെ ഇത്തരം പ്രചാരണങ്ങൾക്കൊക്കെ അവസാനം വന്നിട്ടുണ്ടെന്നും ബീന ആന്റണി വ്യക്തമാക്കി. 

***  ***  ***

അരിയിടാതെ തന്നെ കേരള  രാഷ്ട്രീയത്തിൽ ബിരിയാണി ചെമ്പ് പുകഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് തമിഴ്‌നാട്ടിൽ ഒരു ബിരിയാണി ഹിറ്റായത്. കാര്യം ബിരിയാണി അത്ര വലിയ സംഭവമാണോ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിലൽപ്പം കാര്യമുണ്ടെന്ന് തന്നെ പറയണം. അതാണ് 'കാതൽ  ബിരിയാണി'. നയൻതാര-വിഘ്‌നേഷ് ശിവൻ ജോഡികളുടെ വിവാഹത്തിലാണ്  ഒരു പുത്തൻ വിഭവം  ഭക്ഷണ പ്രേമികൾക്കായി അവതരിപ്പിച്ചത്. പേര് കേട്ട് ഇതെന്താണെന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റില്ല. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന സാക്ഷാൽ ചക്ക തന്നെയാണ് കാതൽ ബിരിയാണിയുടെ ഹൈലൈറ്റ് ഇൻഗ്രീഡിയന്റ്. തമിഴ്‌നാട്ടിൽ ചക്കക്ക് പറയുന്ന പേരാണ് കാതൽ.
കാതൽ ബിരിയാണി മാത്രമല്ല ശുദ്ധ വെജിറ്റേറിയൻ വിഭവങ്ങളും കല്യാണ സദ്യക്ക് മാറ്റ് കൂട്ടി. ഇതിൽ പനീർ പട്ടാണി കറി, അവിയൽ, മോര്, മിക്കൻ ചെട്ടിനാട് കറി, ചീപ്പക്കിഴങ്ങ്  പുളി കൊഴമ്പ്, പൂണ്ട് മിളകാ രസം, ബ്രഡ് ഹൽവാ, ഇളനീർ പായസം എന്നിവയൊക്കെയായിരുന്നു സദ്യയിലെ ഹൈലൈറ്റ്. മഹാബലിപുരത്തെ റിസോർട്ടിലായിരുന്നു ചടങ്ങുകൾ. വിവാഹദിനത്തിൽ ഒരു ലക്ഷത്തിലേറെ പേർക്കാണ് ഇരുവരും അന്നദാനം ഒരുക്കിയത്. 18000 കുട്ടികൾക്ക് സദ്യയും ഉണ്ടായിരുന്നു. കാത്തിരുന്ന നിക്കാഹിന്റെ ഏറ്റവും മികച്ച സവിശേഷത ഇതു തന്നെയാണെന്ന് പറയാം. ഇരുപത് കോടിയുടെ ബംഗ്ലാവും എട്ട് ലക്ഷത്തിന്റെ ആഡംബര കാറുമൊക്കെ നയൻസ് മണവാളന് സമ്മാനമായി കൊടുത്തിട്ടുണ്ടെന്നത് വേറെ കാര്യം. 

***  ***  ***

തലശേരിയിൽ  ഒഴിവുദിനത്തിൽ പോലും കോട്ടയിലും പാർക്കിലും കമിതാക്കൾ വരുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ആളനക്കമില്ലാത്ത കോട്ട ഇവർക്ക് മണിയറയായി മാറുന്നു. വീട്ടിൽ നിന്ന് സ്‌പെഷ്യൽ ക്ലാസുണ്ടെന്ന് പറഞ്ഞാണ് വരവ്. ഇവരുടെ ഫ്രീഷോ ഒപ്പിയെടുക്കാൻ കശ്മലന്മാർ രഹസ്യ ക്യാമറകൾ വെക്കാറുണ്ട്. എല്ലാവരും ഒരേ പാർട്ടിക്കാരായതിനാൽ കേസിനൊന്നും വലിയ ആയുസ് കാണില്ല. അതല്ല കാര്യം, തലശേരിയിലെ ദൃശ്യങ്ങൾ പോൺ വീഡിയോ സൈറ്റുകളിൽ ലോക പ്രശസ്തി നേടുന്നതായി കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ട് വായിച്ചു. കോഴിക്കോട് നഗരത്തിൽ രാത്രി 12.45ന് സ്‌റ്റേഡിയം പരിസരത്ത് വെച്ച് പോലീസ് പടികൂടിയ അർധ നഗ്നരായ കുട്ടികൾ കാല് നിലത്തുറക്കാത്ത പരുവത്തിലായിരുന്നു. 
ആണും പെണ്ണുമുണ്ട് സംഘത്തിൽ. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകുന്ന കസബ പോലീസിനോട് കൂട്ടത്തിൽ ഒരുത്തൻ ഇത് നീതിയാണോ എന്ന് കയർത്ത് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. മാരകമായ മയക്കുമരുന്നുകൾ വിറ്റഴിക്കുന്നത് നമ്മുടെ കൗമാരത്തിനാണ്. കേരളം മെക്‌സിക്കോ, തായ്‌ലന്റ് എന്നീ രാജ്യങ്ങളെ പോലെ മാറുകയാണോ? 

 

Latest News