ഒരു നാടിന്റെ ആതുര സേവന മേഖലയെ 'ആരോഗ്യത്തോടെ' നിലനിർത്താൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ള ഡോ. അസ്മാബി. ഗ്രാമവാസികളായ സാധാരണക്കാർക്ക് സേവനം ചെയ്യാൻ അവരുടെ മനസ്സും ശരീരവും സദാ ഉണർന്നിരിക്കുന്നു. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സ്നേഹാശ്രയമായി മാറിയ സ്ത്രീരോഗ വിദഗ്ധ ഡോ. അസ്മാബി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നിയമിതയായിരിക്കുന്നു. അവർ പിന്നിട്ട സേവനവഴികളിലൂടെ..
മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയാണ് അസ്മാബി. ഭർത്താവ്: കെ. മുഹമ്മദാലി (സമഗ്ര ശിക്ഷാ കേരള, മണ്ണാർക്കാട് ബി.ആർ.സി).മൂന്ന് മക്കൾ: നിഹാൽ, ആദിൽ, ഷാദിൽ. റിട്ടയേർഡ് അധ്യാപകരായ അബൂബക്കർ പിതാവും ആയിഷ മാതാവുമാണ്. രോഗശമനത്തിന് വാത്സല്യത്തോടെയുള്ള പെരുമാറ്റവും സ്‌നേഹമസൃണമായ പുഞ്ചിരിയും മരുന്ന് പോലെ പ്രധാനമെന്ന് അവർ തെളിയിച്ചു. ആയുർവേദ വന്ധ്യത ചികിത്സയിലൂടെയാണ് (ആയുർവേദ ഗൈനക്കോളജി സ്‌പെഷ്യാലിറ്റി) ഏറെ ശ്രദ്ധിക്കപ്പെട്ടത്. സംഘടനാ പ്രവർത്തനത്തിലൂടെയും നിസ്വാർത്ഥ സേവനത്തിലൂടെയും ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ ഡോക്ടർ അസ്മാബിക്ക് സാധിച്ചു. രോഗിയുടെയും ബന്ധുവിന്റെയും വിദ്യാഭ്യാസ നിലവാരം മനസ്സിലാക്കി അവർക്ക് ഗ്രഹിക്കാവുന്ന ലളിതമായ ഭാഷയിൽ വേണം സംസാരിക്കാൻ. പ്രായോഗികമായി ഇതു ചെയ്യണമെങ്കിൽ ഡോക്ടർക്ക് സമൂഹവുമായി ഇടപഴകി ശീലമുണ്ടാകണം. മറ്റേതു മേഖലയിലുമെന്നപോലെ വൈദ്യശാസ്ത്രത്തിലും ഒരു ശതമാനം കഴിവും തൊണ്ണൂറ്റൊമ്പത് ശതമാനം പരിശ്രമവും ആത്മാർത്ഥതയുമാണ് വിജയരഹസ്യം. സഹജീവികളെ നേരിട്ട് സഹായിക്കാൻ കഴിയുന്ന ഇതുപോലെ മറ്റൊരു പ്രൊഫഷനില്ല. അതിനാൽ ഒരു ഡോക്ടറായതിൽ, ഡോക്ടർമാരുടെ സംഘടനയുടെ നേതൃനിരയിൽ എത്തിയതിൽ അവർ അഭിമാനിക്കുന്നു
പഠനവും പരിശീലനവും
തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ നിന്ന് ആയുർവേദത്തിൽ ബിരുദവും (ബി.എ.എം.എസ്), അവിടെ നിന്ന് തന്നെ പ്രസൂതി-സ്ത്രീരോഗ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവും (ആയുർവേദ ഗൈനക്കോളജി സ്‌പെഷ്യാലിറ്റി) നേടി. വെറുമൊരു പരിശീലനം എന്നതിനുപരി മൂല്യബോധം പകർന്നുനൽകുന്ന, രോഗികളെ സമാശ്വാസത്തിലേക്ക് കൈപിടിച്ചുനടത്തുന്ന വഴികാട്ടി കൂടിയായിരുന്നു പഠന-പരിശീലന കാലം.
ആതുരസേവനത്തിന്റെ നാൾവഴി
പഠനത്തിന് ശേഷം പതിനൊന്ന് വർഷമായി ഗവൺമെന്റ് ആയുവേർദ ഡിസ്‌പെൻസറികളിൽ സേവനമനുഷ്ഠിച്ച് വരുന്നു. സർക്കാർ മേഖല ആയതു കൊണ്ട് തന്നെ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിൽ ഇടപെടാനും സമൂഹത്തിന്റെ താഴെ തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് സേവനമെത്തിക്കാനും കഴിയുന്നു.കുടുംബാരോഗ്യത്തെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനും ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യസംബന്ധമായ അന്വേഷണങ്ങൾ നടത്തുന്നതിനും സേവനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.
ആയുർവേദം, പഠനത്തിനും തൊഴിലിനും സഹായകമായത് എങ്ങിനെ?
ഓരോ വ്യക്തിയുടെയും ജീവിതചര്യ കണക്കാക്കി ഒട്ടനേകം ഘട്ടത്തിലൂടെ മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്ന നന്മയാണ് ആയുർവേദം.
സ്വാഭാവികമായും ഉള്ളതു പോലെ മത്സര പരീക്ഷകളിലൂടെയാണ് ഞാൻ ആയുർവേദ കോഴ്‌സ് പഠനം തിരഞ്ഞെടുത്തത്.സ്ത്രീരോഗ വിഭാഗം സ്‌പെഷ്യാലിറ്റിയോടുള്ള പ്രത്യേക താത്പര്യം ചികിത്സയിൽ ഗുണകരമായി.ചികിത്സയിൽ നിന്ന് കിട്ടുന്ന ഗുണഫലങ്ങൾ തുടർന്ന് തൊഴിലിനോടുള്ള പ്രതിബദ്ധത വർദ്ധിപ്പിക്കാനും സഹായകമായി.
ചികിത്സാ പഠനത്തിന് അടിത്തറ പാകിയവർ
തിരുവനന്തപുരം ഗവ: ആയുർവേദ കോളേജിൽ നിന്ന് ലഭിച്ച പഠനവും അധ്യാപകരുടേയും മുൻഗാമികളുടേയും ചികിത്സാ അറിവുകളും ആണ് ആയുർവേദ ചികിത്സക്ക് അടിത്തറ ആയത്.സാമൂഹ്യ സാഹചര്യങ്ങളും കുടുംബാംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയും പഠനത്തിനും തൊഴിലിനും വഹിച്ച പങ്ക് തുലോം വലുതാണ്. എല്ലായ്‌പോഴും പ്രചോദനകരമായിരുന്നവരാണ് പഠിപ്പിച്ച അധ്യാപകർ.ആയുർവ്വേദം എന്ന മഹാമേരുവിൻറെ ആദ്യ പടവുകൾ ചവിട്ടിക്കയറാൻ ഇടയാക്കിയ ഗുരുവന്ദ്യരോട് എന്നും നന്ദി.
ആയുർവേദ ഗൈനക്കോളജി എന്ന പ്രസൂതി-സ്ത്രീരോഗ വിഭാഗത്തിൽ ആണ് സ്‌പെഷ്യാലിറ്റി പഠനം നടത്തിയത്. അതിൽ തന്നെ വന്ധ്യതാ നിവാരണ ചികിത്സയാണ് പ്രധാന മേഖല. ജീവിതശൈലിയിലും ആഹാരശൈലിയിലും വന്ന മാറ്റങ്ങളും മാനസിക സമ്മർദ്ദവും എല്ലാം സ്ത്രീ- പുരുഷ വന്ധ്യത അധികരിപ്പിക്കുമ്പോൾ ആയുർവേദ ചികിത്സയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം.താരതമ്യേന ചിലവ് കുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ചികിത്സയാണ് ലഭ്യമാക്കുന്നത്.വന്ധ്യത ഉണ്ടാക്കുന്ന രോഗങ്ങളിലും ആയുർവേദ ചികിത്സ ഫലപ്രദമാണ്. ചികിത്സകൾ പലതും ചെയ്തുമടുത്ത് പിന്നീട് ആയുർവേദ ചികിത്സയുടെ കാരുണ്യത്താൽ കുട്ടികൾക്ക് ജന്മം നൽകിയ മാതാപിതാക്കൾ ചികിത്സ അനുഭവത്തിലുണ്ട്.വളരെ സുരക്ഷിതമായ മരുന്നുകൾ ഉപയോഗിച്ച് ദമ്പതികളെ ആരോഗ്യമുള്ളവരാക്കുന്നതിനും പിന്നീട് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനും ആയുർവേദ പരിരക്ഷണത്തിലൂടെ എനിക്ക് കഴിഞ്ഞത് കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തിൽ സമൂഹത്തോട് ചെയ്യാൻ കഴിഞ്ഞ മാനുഷിക-സാക്ഷാത്ക്കാര പ്രവൃത്തിയാണ്.
ശാസ്ത്രീയമായ അടിത്തറയിലൂടെ പ്രവർത്തിച്ചു വരുന്ന പദ്ധതികൾ തന്നെയാണ് പ്രാവർത്തികമാക്കുന്നത്.വനിതാ ഡോക്ടർമാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പൊതുജനാരോഗ്യത്തിലെ പൊതുവെ ശ്രദ്ധ ലഭിക്കേണ്ട സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നതുമായ വനിതാ ക്ലിനിക്കുകൾ ഇത്തരം പദ്ധതികളാണ്. ഗവ:ഡിസ്‌പെൻസറികളിൽ നടപ്പിലാക്കിവരുന്ന സ്ത്രീ രോഗ ക്ലിനിക്, വന്ധ്യതാ നിവാരണ ക്ലിനിക് എന്നിവയും ഇത്തരത്തിലുള്ളവയാണ്. ശാസ്ത്രീയമായ ആരോഗ്യസംരക്ഷണത്തിന് രോഗം ബാധിച്ച് ചികിത്സിക്കുന്നതിനേക്കാൾ പ്രാധാന്യമുണ്ട്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ പോഷകാഹാരം ആവശ്യമാണ്. ഈ പോഷക ആവശ്യങ്ങൾ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങളിൽ മാറിക്കൊണ്ടിരിക്കും. വൈവിധ്യപൂർണമായ ഭക്ഷണക്രമം സ്ത്രീക്ക് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.
പൊതുജനങ്ങൾക്ക് നൽകിയ അവബോധം
സ്ത്രീരോഗ ചികിത്സയും വന്ധ്യതാ ചികിത്സയും ആയുർവേദത്തിലൂടെ പ്രാപ്യമാണെന്ന് പൊതു സമൂഹത്തിന് അവബോധം നൽകാൻ കഴിഞ്ഞു.കൗമാര ആരോഗ്യപ്രശ്‌നങ്ങൾ,സ്ത്രീകളിലെ കാൻസർ പ്രതിരോധം,ലക്ഷണങ്ങൾ,നേരത്തെ തിരിച്ചറിയപ്പെടേണ്ടതിന്റേയും ചികിത്സിക്കേണ്ടതിന്റെയും ആവശ്യകത തുടങ്ങിയവയിൽ പൊതു ജനം ബോധവാൻമാരാകേണ്ടതുണ്ട്.
രോഗം വർദ്ധിപ്പിക്കാതെ തുടക്കത്തിൽ തന്നെ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്. സ്ത്രീകൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് ചെലവ് കുറഞ്ഞതും കൂടുതൽ സുരക്ഷിതവുമായ ആയുർവേദ ചികിത്സകളാണ് അഭികാമ്യം.ആധുനിക ശാസ്ത്രീയ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് ആയുർവേദത്തിൽ ഗവേഷണം നടത്തുകയാണെങ്കിൽ, ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിന് ആയുർവേദം കൂടുതൽ മികച്ച സംഭാവന നൽകുന്നതായി മാറും.
ആയുർവേദത്തിന് അർഹമായ പ്രചാരം കിട്ടാതെ പോകുന്നത് എന്തു കൊണ്ട്?
ഫലസിദ്ധി ലഭിക്കുന്നത് വളരെ സാവകാശം മാത്രമേ ഉള്ളൂ എന്ന പൊതു ധാരണ ആയുർവേദത്തെ സംബന്ധിച്ച് നിലനിൽക്കുന്നുണ്ട്.പലപ്പോഴും കൃത്യമായ രീതിയിൽ ശാസ്ത്രീയമായി ഇടപെടുമ്പോൾ ഫലസിദ്ധി വേഗത്തിൽ ലഭിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.അതു പോലെ വാതരോഗങ്ങൾക്കു മാത്രമാണ് ആയുർവേദ ചികിത്സ എന്നതാണ് കൂടുതൽ പേരും അറിയുന്നത്. ബാലരോഗ ചികിത്സ,സ്ത്രീരോഗ ചികിത്സ,ത്വക് രോഗ/വിഷ ചികിത്സ, ഇ.എൻ.ടി വിഭാഗം,പഞ്ചകർമ ചികിത്സ, അർശോ- ഭഗന്ദര ചികിത്സ തുടങ്ങിയ ധാരാളം മേഖലകളിൽ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് ആയുർവേദ സമീപനം പ്രാപ്യമാണെന്ന പ്രചാരണം കുറച്ചു കൂടി വികസിപ്പിക്കേണ്ടതാണ്. കാലത്തിന്റെ പുതുമകൾ ഉൾക്കൊണ്ട പുരാതന ചികിത്സാരീതിയാണിത്. രോഗത്തിനല്ല, രോഗകാരണത്തിനാണ് ചികിത്സ. ഇല്ലാതാക്കേണ്ടത് രോഗകാരണമാണ്. ആയുർവേദത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പ്രചാരണ പരിപാടികൾ സമീപ കാലത്തായി നടക്കുന്നുണ്ട്. പഞ്ചായത്ത്തല ഫണ്ട് വകയിരുത്തുന്നതിൽ സർക്കാർ സമീപനം അഭിനന്ദനാർഹമാണ്. പക്ഷേ പബ്ലിക് ഹെൽത്ത് ആക്ടിലും ആർദ്രം പദ്ധതിയിലും ആയുർവേദത്തിന് അർഹമായ പ്രാധാന്യം നൽകേണ്ടതാണ്.
കോവിഡ് പ്രതിരോധത്തിനും ചികിത്സക്കും ആയുർവേദം സഹായകമോ?
പ്രതിരോധത്തിൽ ഊന്നിയ ചികിത്സാ നയവുമായാണ് ആയുർവേദ ഡോക്ടർമാർ തുടക്കം മുതലേ കോവിഡിനെ നേരിട്ടത്. കോവിഡ് രോഗബാധ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചത് ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെട്ടവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമാണ്.ആയുർവേദ മരുന്നുകളും നിർദേശങ്ങളും ഒരു പരിധി വരെ പ്രതിരോധത്തിനും ചികിത്സയിലും പങ്ക് വഹിച്ചിട്ടുണ്ട്. അതിനേക്കാൾ പ്രധാനമായി നിരീക്ഷിച്ചത് പ്രത്യാഘാതങ്ങൾ കുറക്കാൻ കഴിഞ്ഞു എന്നതാണ്. പോസ്റ്റ് കോവിഡ് അനുബന്ധമായി വരുന്ന ധാരാളം ആരോഗ്യപ്രശ്‌നങ്ങൾക്ക് ആയുർവേദം നല്ല രീതിയിൽ പ്രയോജനപ്പെടുന്നുണ്ട്.
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ആർത്തവപ്രശ്‌നങ്ങൾക്കും നല്ല രീതിയിൽ സംവേദനം ചെയ്യാൻ കഴിയുന്നുണ്ട്.ആർത്തവ തകരാറുകൾ,അധിക രക്തസ്രാവം,വെള്ളപോക്ക്,വിളർച്ച തുടങ്ങി ആരോഗ്യ ച്യുതി സംഭവിക്കുന്ന പല അവസ്ഥകളിലും ഗുണകരമായി പ്രവർത്തിക്കുന്നു.വന്ധ്യതാ ചികിത്സയിലും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ ഗർഭിണി ആവുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുകളും ഗർഭിണി പരിചരണവും പ്രസവരക്ഷയും ശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നാണ് ആയുർവേദ സ്ത്രീ രോഗ ചികിത്സാ വിഭാഗം. കൗമാരക്കാരിലെയും ഗർഭിണികളിലെയും വിളർച്ച, തുടർച്ചയായുള്ള അബോർഷൻ എന്നിവയിലും ഗുണകരമായി സമീപിക്കാവുന്ന ചികിത്സ വിഭാഗമാണ്.സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങളോട് സംവേദനക്ഷമതയുള്ള ആരോഗ്യ സംവിധാനമാണ് ആയുർവേദം.പ്രസവത്തിനു മുമ്പുള്ളതും,പ്രസവാനന്തരവും, നവജാതശിശു സംരക്ഷണത്തിനും ആരോഗ്യ പരിചരണ മരുന്നുകൾ ആയുർവേദത്തിൽ ലഭ്യമാണ്.
അമിതവണ്ണവും ശരീരഭാരവും കുറയ്ക്കാൻ/ജീവിത ശൈലീരോഗങ്ങൾക്ക് ആയുസ്സിന്റെ വേദം എത്രകണ്ട് ഫലപ്രദമാണ്?
ജീവിത ശൈലീ രോഗങ്ങളിൽ പെടുന്ന ഒന്നാണ് അമിത വണ്ണം,കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയവ. ദിനചര്യകളും ഭക്ഷണ രീതിയിലുള്ള നിർദേശങ്ങളും വ്യായാമത്തിന്റെ പ്രാധാന്യവും ആവർത്തിച്ച് പറയുന്ന ചികിത്സാ രീതിയാണ് ഇത്.
അതിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ തന്നെയാണ് സ്ത്രീകളിൽ പ്രത്യേകിച്ച് കൗമാരപ്രായം മുതൽ തന്നെ പി.സി.ഒ.ഡി.,അമിത വണ്ണം എന്നിവക്ക് കാരണമാവുന്നത്. അതുകൊണ്ട് തന്നെ ചിട്ടയായ ആഹാര,വ്യായാമ രീതികൾ കൊണ്ടും ഔഷധങ്ങൾ, പഞ്ചകർമ്മ ചികിത്സ എന്നിവയിലൂടെയും അമിത വണ്ണത്തെ ചികിത്സിക്കാം. ആയുർവേദ ചികിത്സാ കേന്ദ്രങ്ങളും ആശുപത്രികളും സ്പാകേന്ദ്രങ്ങളും കേരളത്തിലുടനീളമുണ്ട്.
ആയുർവേദത്തെ എങ്ങനെ സമഗ്രമായി ഉന്നതിയിലെത്തിക്കാം?
ടൂറിസം വകുപ്പുമായി ചേർന്ന് ഇത്തരം കേന്ദ്രങ്ങളിലൂടെ ആയുർവേദ ചികിത്സയ്ക്കു കൂടി പ്രാധാന്യം നൽകണം. ഗവ: പോളിസികളുടെ ഭാഗമായി ആയുർവേദത്തെ കൂടി പരിഗണിക്കുകയും അതിലൂടെ വികസനം സാധ്യമാക്കുകയും വേണം. ആയുർവേദത്തിന്റെ വികാസത്തിന് തനത് രീതി ഉണ്ട്.ഇന്നുവരെ ആയുർവേദം വികസിച്ചത് ആന്തരികമായി തനിമ നിലനിർത്തിക്കൊണ്ട് ബാഹ്യമായി കാലത്തിന് അനുസരിച്ച് മാറിയാണ്.
അംഗീകാരങ്ങൾ, പുരസ്‌കാരങ്ങൾ
വനിതാ ക്ലിനിക് പരിശീലനത്തിന്റെ ഭാഗമായി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ രംഗത്തുള്ള ഇടപെടലുകൾക്ക് സംഘടനകളുടെ നേതൃത്വത്തിലും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.പ്രധാന പുരസ്‌കാരം എഎംഎഐ യുടെ ഭിഷക് പ്രതിഭാ അവാർഡ് ലഭിച്ചതാണ്. നിങ്ങൾ കാണിക്കുന്ന സ്‌നേഹം ഏറ്റവും വലിയ അംഗീകാരമായി കാണുന്നു.
സംസ്ഥാന പദവിയെ എങ്ങനെ വിനിയോഗിക്കാനാണ് തീരുമാനം?
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ എന്ന നിലയിൽ വനിതാ ഡോക്ടർമാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. ഗവ:പോളിസികളോട് ചേർന്ന് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള സഹകരണങ്ങൾ ഏർപ്പെടുത്തുക,ആത്മവിശ്വാസം വർധിപ്പിക്കുന്ന രീതിയിൽ ട്രെയിനിംഗ് പരിപാടികൾ സംഘടിപ്പിക്കുക, പരിശീലനങ്ങൾ നൽകുക പൊതുജനാരോഗ്യ ഘടകത്തിന്റെ ഭാഗമാവുക തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.ആധുനികവും ആയുർവേദത്തിന്റെ തനിമയും നിലനിർത്തിക്കൊണ്ടുള്ള വ്യവസ്ഥാപിത ഭാവി പ്രവർത്തനങ്ങളാണ് സംഘടനക്കുള്ളത്.
ആയുർവേദം സമർപ്പണത്തോടെ ആചരിക്കുന്നവർ വിദേശികളാണല്ലോ
അത് തെറ്റിദ്ധാരണയാണ്. വിദേശികൾ പൊതുവെ സുഖചികിൽസ എന്ന രീതിയിൽ ആണ് ആയുർവേദത്തെ സമീപിപ്പിക്കുന്നത്.പക്ഷേ അസുഖ ചികിത്സക്കായി ഉപഭോക്താക്കളാവുന്നത് നമ്മുടെ നാട്ടിലെ പൊതുജനങ്ങൾ തന്നെയാണ്.എങ്കിലും ഉയർന്ന പ്രതീക്ഷയോടെയാണ് വിദേശികൾ ആയുർവേദത്തെ കാണുന്നത്.






