Sorry, you need to enable JavaScript to visit this website.

യു.എന്‍ പൊതുസഭയില്‍ ഹിന്ദി ഭാഷയ്ക്ക് പ്രത്യേക പരാമര്‍ശം

ജനീവ- ബഹുഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യു.എന്‍ പൊതുസഭ പ്രമേയത്തില്‍ ഹിന്ദിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചതായി യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി അറിയിച്ചു. ആദ്യമായാണ് ഹിന്ദി ഇത്തരമൊരു പരാമര്‍ശത്തിന് അര്‍ഹമാകുന്നത്. ഇതോടെ യു.എന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ മെസ്സേജുകള്‍ക്കും മറ്റുപ്രധാന വിനിമയ പ്രക്രിയകള്‍ക്കും ഉപയോഗപ്പെടുത്തി ഹിന്ദി പ്രചരിപ്പിക്കുന്നതിന് വഴി തുറക്കുമെന്ന് ടി.എസ് തിരുമൂര്‍ത്തി വിശദമാക്കി. 

യു.എന്നിന്റെ ഔദ്യോഗിക അനൗദ്യോഗിക ആശയവിനിമയങ്ങളില്‍ വിവിധ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളത്. യു.എന്‍ പൊതുസഭ കൊണ്ടുവന്ന പ്രമേയത്തിലാണ് ഹിന്ദിക്ക് പ്രത്യേകം പരാമര്‍ശം ലഭിച്ചത്. കൂടാതെ ഉര്‍ദു, ബംഗ്ലാ ഭാഷകളും യു.എന്‍ പ്രമേയത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 

യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യടക്കമുള്ള നിരവധി രാജ്യങ്ങള്‍ വിവിധ ഭാഷകള്‍ തുല്യ മാനദണ്ഡങ്ങള്‍ പാലിച്ച് യു എന്നിന്റെ ആശയവിനിമയങ്ങളുടെ ഭാഗമാക്കണമെന്ന നിലപാടാണ് സ്വീകരിച്ചുപോരുന്നത്. യു.എന്‍ ആശയവിനിമയങ്ങളില്‍ ബഹുഭാഷ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ പ്രതിനിധി തിരുമൂര്‍ത്തി ചൂണ്ടിക്കാണിച്ചു. ഇത്തരം നേട്ടം കൈവരിക്കാന്‍ യു.എന്നിന് ഇന്ത്യയുടെ എല്ലാ പിന്തുണയും ലഭിക്കുമെന്ന് തിരുമൂര്‍ത്തി പ്രസ്താവിച്ചു. ഇത് സംബന്ധിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിനെ ഇന്ത്യന്‍ പ്രതിനിധി തിരുമൂര്‍ത്തി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. 

അറബിക്ക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് എന്നീ ആറുഭാഷകളെയാണ് യു.എന്‍ ഔദ്യോഗിക ഭാഷകളായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ യു.എന്നിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സുഗമമാക്കുന്നതിന് ബഹുഭാഷാ സംവിധാനം സ്വീകരിക്കുന്നത് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്.
 

Latest News