ഷാര്‍ജയില്‍ ശ്രീലങ്കന്‍ വീട്ടുജോലിക്കാരി ഓടുന്ന കാറില്‍ നിന്ന് ചാടി

ഷാര്‍ജ- സ്‌പോണ്‍സറുടെ വീട്ടിനടുത്തുള്ള കഫ്റ്റീരിയയില്‍ നിന്ന് ഷവര്‍മ വാങ്ങാന്‍ ഒറ്റയ്ക്കു പുറത്തു വിടാത്തതില്‍ പ്രതിഷേധിച്ച് ശ്രീലങ്കന്‍ വീട്ടുജോലിക്കാരി ഓടുന്ന കാറില്‍ നിന്ന് പുറത്തേക്കു ചാടി. ഒറ്റയ്ക്കു പുറത്തു പോകാന്‍ ഇമാറാത്തി വീട്ടിലെ ഡ്രൈവര്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് സംഭവം. സ്‌പോണ്‍സര്‍ വിദേശ യാത്രയിലാണ്. വീട്ടുകാര്‍ക്കോ ശ്രീലങ്കന്‍ ജോലിക്കാരിക്കോ പുറത്തു പോകണമെങ്കില്‍ കാറില്‍ കൂടെ കൊണ്ടു പോയാല്‍ മതിയെന്ന് സ്‌പോണ്‍സര്‍ വീട്ടിലെ ഡ്രൈവറെ ചട്ടംകെട്ടിയതായിരുന്നു. ഇതുകൊണ്ടാണ് ശ്രീലങ്കക്കാരിയെ ഒറ്റയ്ക്കു പുറത്തുവിടാതിരുന്നതെന്ന്  ഡ്രൈവര്‍ പറഞ്ഞു.

ഷവര്‍മ വാങ്ങാനായി ശ്രീലങ്കക്കാരിയെ കൊണ്ടു പോകുന്നതിനിടെയാണ് ഇവര്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തേക്ക് എടുത്തു ചാടിയത്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്കു മാറ്റി. ആത്മഹത്യ ശ്രമത്തിനു ഇവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Latest News