ആദമിന്റെ ആലാപന ശ്രുതി

ആദം അഹമ്മദ് ഫിർദൗസ് 

 

ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ മലയാളി വിദ്യാർഥി ആദം അഹമ്മദ് ഫിർദൗസ് പിയാനോയിൽ വിരിയിക്കുന്ന ഈണങ്ങൾ ജിദ്ദയിലെ സൗദികളെയും വിദേശികളെയും ഒരു പോലെ ആകർഷിക്കുന്നു. ഇതിനകം ലക്ഷക്കണക്കിനാളുകൾ നെഞ്ചേറ്റിയ ജിദ്ദ സീസണിലെ മ്യൂസിക് സ്‌റ്റേജുകളിൽ പാശ്ചാത്യ - പൗരസ്ത്യ സംഗീതത്തിന്റെ രാഗപ്രപഞ്ചം തീർത്ത പത്ത് വയസ്സുകാരനായ ആദം മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. സൗദി കെ.എം.സി.സി സ്ഥാപക നേതാവും തിരൂരങ്ങാടി നഗരസഭാ ചെയർമാനുമായ കെ.പി. മുഹമ്മദ് കുട്ടിയുടെ പേരമകനും ഫിർദൗസ് ആമിറിന്റെ മകനുമാണ് ആദം. 
ആറാം വയസ്സ് തൊട്ടേ പിയാനോയിൽ പ്രിയമുണ്ടായ ഈ മിടുക്കനെ ബീഥോവന്റെ സിംഫണിയും പാശ്ചാത്യ സംഗീതത്തിലെ പുതിയതും പഴയതുമായ ട്രെന്റ് സെറ്റുകളുടെ ശാസ്ത്രീയ സംഗീതവും സ്വാധീനിച്ചത് വിസ്മയകരമായ അനുഭവമാണ്. യുട്യൂബ് നോക്കി പിയാനോ സ്വയം പ്രാക്ടീസ് ചെയ്തു തുടങ്ങിയ ആദമിന്റെ കഴിവ് തിരിച്ചറിഞ്ഞത് കോഴിക്കോട്ടെ ഗ്രൂവ് ബാൻഡിലെ പാട്രിക് ജോസഫാണ്. പാട്രിക് പിയാനോയിലെ അടിസ്ഥാന പരിശീലനം നൽകി. ഇൻസ്റ്റഗ്രാമിലൂടെ സ്വയം വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടുള്ള പഠനവും പരിശീലനവും ആദം മുന്നോട്ടു കൊണ്ടുപോയി. പിയാനോയിലെ ചില തിയറികൾ പഠിച്ചത് പ്രസിദ്ധ പിയാനോ വാദകൻ ജാക്‌സൺ വർഗീസിൽ നിന്നാണ്. ജാസ് സംഗീതത്തിന്റെയും റാപ് സംഗീതത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാനും വെസ്റ്റേൺ മ്യൂസിക് രീതികളെ പരിചയപ്പെടാനും ജാക്‌സൺ വർഗീസിന്റെ ശിക്ഷണം ആദമിനെ തുണച്ചു.
അറബ് സംഗീതജ്ഞരോടൊപ്പം ചേർന്നുള്ള 'മകാൻ പ്രോ '' എന്ന ഗ്രൂവ് ടൗൺ ബ്രാന്റിൽ ചേർന്നുള്ള ആദമിന്റെ പ്രകടനം എട്ടാം വയസ്സിലായിരുന്നു. പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ചു ഈ പരിപാടി. കോൾഡ് പ്ലേ നൈറ്റ് എന്ന ആദം കൂടി പങ്കാളിയായ പ്രോഗ്രാം അറബ് പ്രേക്ഷകരുൾപ്പെടെയുള്ളവരെ ആനന്ദത്തിലാറാടിച്ചു. 
ജിദ്ദ സീസണിൽ പാക്കിസ്ഥാനി ബാൻഡിലാണ് ആദം പിയാനോ വായിച്ചത്. റാണാ ഫാറൂഖ്, അദ്‌നാൻ ഖാൻ, റസിൻ റഫീഖ്, ഫിർദൗസ് അമീർ എന്നിവരടങ്ങിയ ബാൻഡ് പാക്കിസ്ഥാൻ നൈറ്റിലെ ഏറ്റവും ആകർഷകമായ ഇനമായി. ആദമിന്റെ ലീഡ് പിയാനോ വായനയിൽ ജനം മതിമറന്നു. എ.ആർ. റഹ്മാന്റേതുൾപ്പെടെയുള്ള ഹിന്ദി - തമിഴ് - മലയാളം ഗാനങ്ങളും ഇവർ ആലപിച്ചു.
അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ആദം. ബാപ്പ ഫിർദൗസ് അമീറും മികച്ച കലാകാരനാണ്. റോക്ക് - ജാസ് ഗാനസങ്കേതങ്ങൾക്കൊപ്പം ആളുകളുടെ മനസ്സിൽ നിന്ന് മായാത്ത ഭാവഗാനങ്ങൾക്കും പിയാനോയിൽ ആദം അകമ്പടി നൽകുന്നു. മാലിക് എന്ന മലയാള സിനിമയുടെ കവർസോംഗ് റിലീസിനിടെ സംഗീത സംവിധായകൻ സുശിൻ ശ്യാം ആദമിന്റെ സർഗ സിദ്ധിയെ ഏറെ പ്രശംസിക്കുകയുണ്ടായി.
  
  

Latest News