കുവൈത്ത് സിറ്റി- ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാ വിഷയത്തിൽ ഖത്തറിനു പിറകെ കുവൈത്തും ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ വിവാദ പരാമർശത്തെ അപലപിക്കുന്ന കുറിപ്പ് അംബാസഡർക്കു കൈമാറി.
പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി ദേശീയ വക്താവ് നൂപുർ ശർമ്മയെ സസ്‌പെൻഡ് ചെയ്യുകയും ദൽഹി മാധ്യമ മേധാവി നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തിനിടയിൽ, ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തെടെ പാർട്ടി പ്രസ്താവന ഇറക്കുകയും ചെയ്തു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഏതെങ്കിലും മത വ്യക്തിത്വത്തെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
വിവാദ പരാമർശങ്ങൾ അറബ് ലോകത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന ട്വിറ്റർ ട്രെൻഡിന് കാരണമായിരുന്നു. ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഖത്തർ സന്ദർശിക്കുന്നതിനിടെയാണ് ഖത്തറിന്റെ പ്രതിഷേധം., ഉപരാഷ്ട്രപതി ഇന്ന് ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
വിവാദ ട്വീറ്റുകൾ ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അംബാസഡർ ദീപക് മിത്തൽ വിദേശകാര്യ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തർ അധികൃതരെ അറിയിച്ചു.
അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യൻ എംബസി വക്താവ് പറഞ്ഞു.
കുവൈത്തിലെ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി ഏഷ്യാ അഫയേഴ്‌സ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ഔദ്യോഗിക പ്രതിഷേധ കുറിപ്പ് കൈമാറിയതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.