ഷുവർ, തൃക്കാക്കരയിലേത് മതേതര വിജയം

കോവിഡ് മൂർധന്യത്തിലായപ്പോഴായിരുന്നു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. നേരിൽ കണ്ടിട്ടില്ലാത്ത സുന്ദിരമാരുടേയും സുന്ദരന്മാരുടേയും ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവോരങ്ങളിൽ സ്ഥാനം പിടിച്ചു. ജനം വോട്ട് ചെയ്തു. അതിന്റെ ചൂട് മാറുന്നതിന് മുമ്പേയാണ് 2021 ഏപ്രിലിൽ കേരള നിയമസഭയിലേക്ക്് തെരഞ്ഞെടുപ്പ് നടന്നത്. അപ്പോഴും നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നു. ഇതെല്ലാം മാറി സാധാരണ കാലത്ത് ഒരു തെരഞ്ഞെടുപ്പ് നടന്നുവെന്നതാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിന്റെ സവിശേഷത. മുഖംമൂടിയില്ലാതെ മനുഷ്യർ നേരിട്ടു കണ്ടു നടത്തിയ കാമ്പയിൻ. കൗമാരത്തിൽ എസ്.എഫ്.ഐയിൽ സജീവമായിരുന്നവരെ വളരെ ആഹ്ലാദിപ്പിച്ച ഫലം. പാർട്ടി ട്രാക്ക് തെറ്റി പോകുമ്പോൾ തിരുത്താൻ ആരെങ്കിലുമൊക്കെ വേണ്ടേ? തൃക്കാക്കരയിലെ വോട്ടർമാരോട് നന്ദി പറയാം. മലയാളം ടെലവിഷൻ ചാനലുകൾക്കിടയിൽ കിട മത്സരം എത്ര തീവ്രമാണെന്നറിയാൻ വെള്ളിയാഴ്ച പുലർന്നത് മുതൽ തുടങ്ങിയ കൗണ്ടിംഗ് ദിന സ്‌പെഷ്യൽ സംപ്രേഷണം കണ്ടാൽ മതി. രാവിലെ എട്ടിന് മാതൃഭൂമി ന്യൂസ് ഓൺ ചെയ്തപ്പോൾ ബഹുരസം. പി.ടി തോമസിന് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡ്. ഇതെന്ത് മറിമായം? തുടങ്ങി കുടുങ്ങി അവസ്ഥയിലായ മാതൃഭൂമി ന്യൂസ് അവതാരകർ പഴയ കഥ പറഞ്ഞ് നേരം കളയുകയായിരുന്നു അത്. 2021ലെ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഥയാണ് അവർ പറഞ്ഞിരുന്നത്. ഏഷ്യാനൈറ്റും മനോരമ ന്യൂസും റിപ്പോർട്ടറുമെല്ലാം മിതത്വം പാലിച്ചപ്പോൾ കൂടുതൽ ഓഡിയൻസിനെ ലഭിച്ചിരിക്കുക ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിനായിരിക്കും. പണ്ടു കാലത്ത് ദ ഹിന്ദു പത്രത്തിന്റെ എല്ലാ താളുകളും പൂർണമായും വായിച്ച് തൃപ്തരാവുന്നവരുണ്ടായിരുന്നു. ലോക വിവരവുമറിയാം, ഇംഗ്ലീഷ് ഭാഷയിലെ അറിവും മെച്ചപ്പെടുത്താം. ഇപ്പോൾ ആർക്കും ഒന്നിനും നേരമില്ല. ടിക് ടോക് ഇല്ലെങ്കിൽ റീൽസ്. രണ്ടു മിനുറ്റിനപ്പുറം ചെലവാക്കാൻ കഴിയില്ല. അതും കാണുന്നതിൽ ചിരിക്കാനുള്ള വകയും വേണം. ഈ മനശ്ശാസ്ത്രം ഉപയോഗപ്പെടുത്തിയാണ് 24 ന്യൂസിലെ അവതരണം. ഒരു എന്റർടെയ്ൻമെന്റ് ഷോ പോലെ ഉപ തെരഞ്ഞെടുപ്പ് ഫലം ജനം കണ്ടാസ്വദിച്ചു. ഇപ്പോൾ യു ട്യൂബിൽ ഒന്നര ലക്ഷം കാണികൾ. ഇപ്പോൾ ഒന്നേ മുക്കാൽ ലക്ഷം എന്നൊക്കെ ബസ് സ്റ്റാന്റിലെ അനൗൺസ്‌മെന്റ് രീതിയിൽ  എസ്.കെ നായർ കാണികളെ ഓർമപ്പെടുത്തുന്നുമുണ്ട്. അതാണ് മാർക്കറ്റിംഗ്. ഇതിനെല്ലാമിടയ്ക്ക് ജേണലിസം ബുക്കിൽ പഠിച്ചത് പോലെ ക്രെഡിബിലിറ്റി ഉറപ്പു വരുത്തി വാർത്ത കൊടുക്കുന്നവരുടെ കാര്യം കട്ടപ്പുക.  പി.ടി തോമസിന്റെ ഭാര്യ ഉമയാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്. ക്രിസ്ത്യൻ വോട്ടർമാർ കൂടുതലുള്ള മണ്ഡലമായിട്ടും കാൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇവർ ജയിച്ചത് വർഗീയതയ്ക്ക് മലയാളി സമൂഹത്തെ കിട്ടില്ലെന്ന സന്ദേശം നൽകിയാണ്. സഭയുമായി അത്ര സുഖത്തിലായിരുന്നില്ല. അതിജീവിതയ്ക്ക് ആദ്യം ആശ്വാസം പകർന്ന ജനപ്രതിനിധി. മഹാരാജാസിൽ പഠിക്കുമ്പോൾ കണ്ടു മുട്ടിയ കൂട്ടുകാരി ഉമയുടെ മതമൊന്നും പിടിക്ക് പ്രശ്‌നമേ ആയിരുന്നില്ല. പ്രചാരണത്തിന് ചുക്കാൻ പിടിച്ച വി.ഡി സതീശന് എസ്.എൻ.ഡി.പി യോഗവുമായി ബന്ധമൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ മതേതര ബോധം വടക്കൻ പറവൂരുകാർ തിരിച്ചറിഞ്ഞതിനാൽ തുടർച്ചയായി ജയിക്കുന്നു. 
ഇടതുപക്ഷം ആദ്യം നിർത്തിയത് അരുൺ കുമാറിനെയാണ്. മണ്ഡലത്തിൽ ചുവരെഴുത്തും തുടങ്ങി. പിന്നീടാണ് എന്തോ തിരിച്ചറിവിന്റെ ഫലമായി ലിസി ആശുപത്രിയിൽ പത്രസമ്മേളനം നടത്തി വലിയ ഡോക്കിട്ടറെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സഭയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വാർത്താ സമ്മേളനം.  പലതരം വർഗീയതയും കാമ്പയിൻ കാലത്ത് ഉറഞ്ഞു തുള്ളി. വോട്ടെണ്ണൽ വേളയിൽ ജലീലിന്റെ മുസ്്‌ലിം ഏരിയയിലേത് കൂടി എണ്ണിയിട്ട് മതി അന്തിമ വിജയിയെ പ്രഖ്യാപിക്കുകയെന്ന ട്രോളിൽ എല്ലാമുണ്ട്. 
 നെയ്യാറ്റിൻകരയും അനന്തപുരിയും ആലപ്പുഴയും വെണ്ണലയുമൊന്നും യൂറോപ്പിലും അന്റാർട്ടിക്കയിലുമൊന്നല്ലല്ലോ. അതിന്റെയെല്ലാം ഗുണം കിട്ടുന്നെങ്കിൽ ആയ്‌ക്കോട്ടെ എന്ന മട്ടിൽ ഭരണാധികാരികൾ മൗനം പാലിച്ചു. അതിന് കിട്ടിയ തിരിച്ചടി ഉഗ്രനായി. അതിലും പ്രധാനം മഞ്ഞ  കുറ്റികളാണ്. കെ-റെയിലെന്ന പേടിസ്വപ്‌നവുമായി കഴിയുന്ന മലയാളികൾക്ക് ഒന്നു തിരിഞ്ഞു കുത്താൻ കിട്ടിയ ആദ്യ സന്ദർഭം തന്നെ വേണ്ട വിധത്തിൽ പ്രയോഗിച്ചു. തൃക്കാക്കരയിലെങ്ങാൻ എൽ.ഡി.എഫ് ജയിച്ചിരുന്നുവെങ്കിലത്തെ കാര്യം ആലോചിക്കാനേ വയ്യ. എൽ.ഡി.എഫിന് ഭരണ തുടർച്ച കിട്ടിയത് സിൽവർ ലൈൻ വരണമെന്ന് ജനം തീവ്രമായി ആഗ്രഹിക്കുന്നതിനാലാണെന്ന് പറയുന്ന മന്ത്രി പുംഗവനുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അത് കോവിഡ് കാലത്തിറങ്ങിയ ഇടതു പ്രകടന പത്രികയിൽ ഉണ്ടായിരുന്നു പോലും. 

*** *** ***

പീഡന കേസുകളിൽ തുല്യനീതി വരികയാണെന്നാണ് സൂചന. ഹോളിവുഡ് താരം ജോണി ഡെപ്പും മുൻഭാര്യ ആംബെർ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ഡെപ്പിന് അനുകൂലമായി കോടതി വിധി. മുൻ ഭാര്യയായ ഹേർഡ് ഡെപ്പിന് 15 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണം എന്നാണ് കോടതി വിധി. വിധി ഹൃദയം തകർത്തെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു.
'ജൂറി എനിക്ക് എന്റെ ജീവിതം തിരികെ തന്നു. ഞാൻ തികച്ചും സന്തോഷവാനാണ്. ലോകത്തിന് മുന്നിൽ സത്യം വെളിപ്പെടുത്തുക എന്നതാണ് ഈ കേസ് കോടതിയിൽ കൊണ്ടുവന്നതിന്റെ ലക്ഷ്യം' ജോണി ഡെപ്പ് പറഞ്ഞു. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കേസാണ് ഇരുവരുടേതും. 2015ൽ വിവാഹിതരായ ഇവർ 2017ന് ശേഷം വേർപിരിഞ്ഞിരുന്നു. പിന്നീട് 2018ൽ താൻ ഗാർഹിക പീഡനത്തിന് ഇരയായെന്ന് ഹേഡ് തുറന്നുപറഞ്ഞതോടെ ഡെപ്പ് വലിയ രീതിയിൽ ആക്രമിക്കപ്പെട്ടിരുന്നു.
ആരോപണം ഡെപ്പിന്റെ സിനിമാ കരിയറിനെയും ബാധിച്ചിരുന്നു.  തുടർന്ന് കരിയറിലും തിരിച്ചടി നേരിട്ടതോടെ ഹേഡിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു ഡെപ്പ്. ഈ കേസിന്റെ വിചാരണ നടന്നതിനിടെ ഹേഡിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഡോ. ഷാനൻ കെറി കോടതിയെ അറിയിച്ചത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഹേഡ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ജോണി ഡെപ്പ് കോടതിയെ അറിയിച്ചത്. ഇവർ തനിക്ക് നേരെ കുപ്പി വലിച്ചെറിയുകയും അത് തട്ടി കയ്യിലെ എല്ല് പൊട്ടിയെന്നുമെല്ലാം ജോണി ഡെപ്പ് കോടതിയിൽ വെളിപ്പെടുത്തി.

*** *** ***

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376ാം വകുപ്പിൽ ലിംഗ സമത്വമില്ലെന്ന് കേരള ഹൈക്കോടതി. 'വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാൽ, അവർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. എന്നാൽ ഒരു പുരുഷൻ സമാനമായ കുറ്റം ചെയ്താൽ അയാളുടെ പേരിൽ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്- ഹൈക്കോടതി ചോദിച്ചു. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഹരജിയാണ് പരിഗണിച്ചിരുന്നത്. കേസിലെ ഭർത്താവ് ഒരിക്കൽ ബലാത്സംഗക്കേസിൽ പ്രതിയാണെന്ന കാര്യം കോടതിയിൽ ഉന്നയിച്ചപ്പോഴാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഈ പരാമർശം നടത്തിയത്. 
ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തിൽ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന്് ഒരു സ്ത്രീ, വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനത്തിൽ പരസ്പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ബലാത്സംഗത്തിന് ശിക്ഷിക്കാനാവില്ല. 
എന്നാൽ ഒരു പുരുഷൻ, ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നൽകുകയും സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നത് ബലാത്സംഗത്തിനുള്ള കേസ് നടപടികളിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം ലിംഗ സമത്വമുള്ളതായിരിക്കണമെന്നും ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടു.

*** *** ***

മൂന്ന് നേരവും ഭാര്യ മാഗി നൂഡിൽസ് തയ്യാറാക്കുന്നതിൽ പ്രതിഷേധിച്ച് ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടതായി മൈസൂരുവിൽനിന്ന്് റിപ്പോർട്ട്. മൈസൂരു സ്വദേശിയായ യുവാവാണ് ബന്ധം വേർപെടുത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതെന്ന് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എം.എൽ രഘുനാഥ് ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ബല്ലാരിയിൽ ജില്ലാ ജഡ്ജിയായിരിക്കെയാണ് മാഗിയുടെ പേരിൽ ദമ്പതികൾ തമ്മിലുള്ള പ്രശ്‌നം താൻ കൈകാര്യം ചെയ്തതെന്ന് രഘുനാഥ് പറഞ്ഞു. 'മാഗി നൂഡിൽസ് ഒഴികെയുള്ള ഭക്ഷണം തയ്യാറാക്കാൻ ഭാര്യക്ക് അറിയില്ലെന്നായിരുന്നു യുവാവിന്റെ പരാതി. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഭാര്യ നൂഡിൽസ് മാത്രമാണ് തയ്യാറാക്കിയിരുന്നത്. കടയിൽ നിന്നും ഇൻസ്റ്റന്റ് ന്യൂഡിൽസ് മാത്രം വാങ്ങിയിരുന്ന ഭാര്യയ്ക്ക് മറ്റൊന്നും വാങ്ങാനും പാചകം ചെയ്യാനും അറിയില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. 'മാഗി കേസ്' എന്ന് പേരിട്ട ഈ വിവാഹമോചന ഹരജിയിൽ ഭാര്യയും ഭർത്താവും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചിതരായത്' എന്നും രഘുനാഥ് വ്യക്തമാക്കി.
മാട്രിമോണിയൽ കേസുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ജഡ്ജി എം.എൽ രഘുനാഥ് ഇക്കാര്യം പറഞ്ഞത്. 

*** *** ***

ശശി തരൂർ എം.പി ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയ പുതിയ ഇംഗ്ലീഷ് വാക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കാലഘട്ടത്തിന്റെ  വാക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഡൂംസ്‌ക്രോളിങ് എന്ന പ്രയോഗമാണ് തരൂർ ട്വിറ്ററിൽ പങ്കുവച്ചത്. മോശം വാർത്തകൾ കണ്ടെത്തി വായിക്കുന്നത് എന്നതാണ് ഡൂംസ്‌ക്രോളിങിന്റെ  അർഥമെന്നും തരൂർ ട്വീറ്റിൽ വ്യക്തമാക്കി. 
'കാലഘട്ടത്തിന്റെ വാക്ക്! നെഗറ്റീവ് വാർത്തകൾ രാഷ്ട്രീയമായി മാത്രമല്ല മാനസികമായും ദോഷഫലങ്ങൾ സൃഷ്ടിക്കും' - തരൂർ ട്വിറ്ററിൽ കുറിച്ചു. 'ഡൂംസ്‌ക്രോളിങ്' എന്ന വാക്കിന്റെ  അർത്ഥവും ഉച്ചാരണവുമടങ്ങിയ ചിത്രവും തരൂർ പങ്കുവെച്ചിട്ടുണ്ട്.
തരൂർ റെയിൽവേയെ കളിയാക്കിക്കൊണ്ട് ട്വിറ്ററിൽ പങ്കുവെച്ച 'ക്വൊമെഡോകൊൺക്വിസ്' എന്ന വാക്കും ഈയിടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 'ക്വൊമെഡോകൊൺക്വിസ്' എന്ന വാക്കിന്റെ  അർത്ഥം ഏത് വിധേനെയും പണം സമ്പാദിക്കുക എന്നതാണ്. 'സീനിയർസിറ്റിസൺസ് കൺസഷൻസ്' എന്ന ഹാഷ്ടാഗോടെ റെയിൽവേയെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020ൽ 60 വയസിന് മുകളിലുള്ളവർക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനുള്ള ഇളവ് റെയിൽവേ റദ്ദ് ചെയ്തിരുന്നു. കോവിഡ് കുറഞ്ഞിട്ടും ഇത് പുനഃസ്ഥാപിക്കാത്തതിനെ തുടർന്നാണ് പരിചയമില്ലാത്ത പദപ്രയോഗവുമായി ശശി തരൂർ എത്തിയത്. 

*** *** ***

വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ഷഹാനയുടെ ഡയറിക്കുറിപ്പുകൾ പോലീസിന് ലഭിച്ചു. ക്രൂരമായ പീഡനത്തിന് ഇരയായിയെന്ന് വെളിപ്പെടുത്തുന്ന ഡയറിക്കുറിപ്പുകളാണ് പുറത്തുവന്നത്. ഭർത്താവ് സജാദിൽനിന്നും ഭർതൃവീട്ടിൽ നിന്നും നിരന്തരം കൊടിയ പീഡനങ്ങൾക്ക് വിധേയയായി എന്ന് ഷഹാനയുടെ ഡയറിക്കുറിപ്പുകൾ വെളിപ്പെടുത്തുന്നു. വീട്ടിൽ പട്ടിണിക്കിട്ടു.. ഒരു വേലക്കാരിയുടെ പരിഗണന പോലും അവർ നൽകിയില്ല... ചില ദിവസങ്ങളിൽ ഒന്നോ രണ്ടോ ബ്രഡ് കഷ്ണമാണ് കഴിക്കാൻ കിട്ടിയിരുന്നത്.
മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദ്ദിച്ചെന്നും ഷഹാന തന്റെ ഡയറി എഴുതിയിരുന്നു. 
 നടിയും മോഡലുമായ ഷഹാനയെ മെയ് 13  ന് ദുരൂഹ സാഹചര്യത്തിൽ വാടക മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഷഹാനയുടെ മൃതദേഹം. ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിലുളള വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പറമ്പിൽ ബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. 
സംഭവത്തിന് പിന്നാലെ, യുവതിയുടെ ബന്ധുക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. ഇതെല്ലാം സഹിച്ച്് കഴിയുന്നതിന് പകരം ആ കുട്ടിക്ക്് രക്ഷപ്പെടാൻ പാടില്ലായിരുന്നുവോ? സിനിമയിലും പരസ്യത്തിലുമൊക്കെ അഭിനയിച്ചിരുന്ന സെലിബ്രിറ്റിയല്ലേ? 

*** *** ***

പ്രസ് ക്ലബുകളും പത്ര പ്രവർത്തക യൂനിയനും കാലക്രമത്തിൽ ഇല്ലാതാവുമെന്ന ആശങ്ക ഒരു ജേണലിസ്റ്റ്് പ്രകടിപ്പിക്കുന്നത് അടുത്തിടെ കേട്ടു. അതിന് അയാൾ പറയുന്ന കാരണം. ഇപ്പോൾ ഒരു പത്രസ്ഥാപനവും സ്ഥിരം നിയമനം നടത്താറില്ലെന്നാണ്. എല്ലായിടത്തും കരാർ. കേരള പത്ര പ്രവർത്തക യൂനിയന്റെ നിയമാവലി ഒരു മാധ്യമ പ്രവർത്തകനെ ജോലിയിൽ സ്ഥിരപ്പെടുത്തിയതായി മാനേജ്‌മെന്റ് കത്ത് നൽകിയാലേ അംഗമാക്കാൻ കഴിയൂ. കരാറുകാർക്ക് കത്തും കിട്ടില്ല. 
അപ്പോൾ പിന്നെ യൂനിയൻ അംഗമാവാനുള്ള അപേക്ഷകരും കാണില്ല. കോഴ്‌സ് പഠിച്ചിട്ടും കാര്യമില്ലെന്നാവുമ്പോൾ പ്രസ് ക്ലബ് ഇൻസ്റ്റിറ്റിയൂട്ടുകളിൽ വിദ്യാർഥികൾ വരാതെയുമാവും. ഇതെല്ലാം നെഗറ്റീവ് ചിന്തകൾ.. നമുക്ക് അഗവണിക്കാം. ടിവിയും ഇന്റർനെറ്റുമൊക്കെ വന്നിട്ടും പത്രങ്ങൾ നിലനിൽക്കുന്നില്ലേ. അതവിടെ നിൽക്കട്ടെ. കുടുംബങ്ങൾ ചേരുന്നതാണല്ലോ സമൂഹം. 
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് ഇങ്ങിനെയാണ്- എന്റെ മകൻ പെണ്ണിനെയും മകൾ ആണിനെയും ഇണയായി സ്വകരിക്കാനിടയാക്കട്ടെയെന്ന് ദൈവത്തോട് പ്രാർഥിക്കാം. ഇതിന് കാരണഭൂതമായത് അസ്ഥിയ്ക്ക് പിടിച്ച ബന്ധം പറയുന്ന കുമാരിമാരുടെ ഓൺലൈൻ അഭിമുഖങ്ങളായിരിക്കാം. 
ഇത്തരം ബന്ധങ്ങൾ പൂത്തുലയാൻ തുടങ്ങിയാൽ പിന്നെ നമുക്ക് അങ്കണവാടികളും നഴ്്‌സറികളും വിദ്യാലയങ്ങളുമെല്ലാം അടച്ചു പൂട്ടാം. ഏകദേശം നാല് ദശകങ്ങൾക്കപ്പുറം വി.ടി നന്ദകുമാർ എഴുതിയ രണ്ടു പെൺകുട്ടികൾ എന്ന നോവലിന്റേയും പത്മരാജന്റെ ദേശാടനക്കിളികൾ കരയാറില്ല സിനിമയുടേയും വിഷയം ഇതു തന്നെയായിരുന്നുവല്ലോ.

Latest News