ഫോർട്ട് കൊച്ചിയേയും മട്ടാഞ്ചേരിയേയും തഴുകിവരുന്ന തെന്നലിനൊരു കഥയുണ്ട്. അത് സംഗീതത്തിന്റേയും സംസ്‌കാരത്തിന്റേയും കഥയാണ്. തലമുറകളായി കേരളീയപൈതൃകത്തിന് പാട്ടിന്റെ മായിക ലഹരി പകർന്ന രാഗപരാഗങ്ങളുടെ കഥയാണ്, സഹസ്രാബ്ദങ്ങളായി കായലിനേയും കടലിനേയും സർഗോന്മാദത്തിലാക്കിയ ഈ ചരിത്രപഥത്തിന് പറയാനുള്ളത്. മെഹ്ബൂബ് ഭായിയുടേയും നൂറുക്കണക്കിന് ഉസ്താദുമാരുടേയും ഉന്മത്തമായ രാപകലുകളിൽ ഉൻമാദം ചുരത്തിയ എത്രയോ ഗസലുകളുടെ ഗാന്ധർവം തീർത്ത ഉൽസവകഥകളുമാണത്.
മട്ടാഞ്ചേരിയിലെ മട്ടുപ്പാവുകളിലേക്ക് വീശിയ ആ കാറ്റിനെ തരളിതമാക്കിയ ഉമ്പായിയുടെയും കൊച്ചിൻ ഇബ്രാഹിമിന്റെയും ഗാനനിശകൾ. നടനും സംഗീതജ്ഞനുമായ അഗസ്റ്റിൻ ജോസഫിന്റെ മകൻ യേശുദാസിനെ പാട്ടിന്റെ പൂഞ്ചിറകിൽ ഗഗനപഥങ്ങളിലേക്കുയർത്തിയ ഫോർട്ട് കൊച്ചി.
ഗസലുകളും മെഹ്ഫിലുകളും മുശായിറകളും കൊണ്ട് വിവിധ സംസ്‌കൃതികളുടെ സമന്വയമൊരുക്കിയ ആലാപനങ്ങളുടെ സംഗമഭൂമിക. രണ്ടു വ്യാഴവട്ടക്കാലം ഹിന്ദുസ്ഥാനി രാഗസദിരുകളെ ബുൾബുൾ തരംഗങ്ങളിലാറാടിച്ച മട്ടാഞ്ചേരിക്കാരൻ ഹാജി എസ്.എം ഇസ്മായിലിന്റെയും, പാട്ടുകൾ ഏറെ ഇഷ്ടമായിരുന്ന സുഹ്‌റയുടേയും പത്ത് മക്കളിൽ പത്താമനായാണ് അഫ്‌സൽ പിറന്നത്. മനസ്സിൽ സംഗീതം പിറവിയെടുക്കുകയെന്നത് ജന്മസിദ്ധം. പാട്ടുകൾ കേട്ട് വളർന്ന കുട്ടിയെ പാട്ട് കൈവിട്ടില്ല. പതിനേഴാം വയസ്സിൽ മട്ടാഞ്ചേരിക്കാരൻ എർലോ ഡിക്രൂസിന്റെ ഗാനമേളാട്രൂപ്പിൽ അഫ്‌സൽ പാടിത്തുടങ്ങി. ലളിതഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ആലപിച്ച അഫ്‌സലിന്റെ ശബ്ദത്തിന് അസാധാരണമായ ആകർഷകത്വം. തരുണ സുഭഗം ആ സ്വരത്തിന്. ഹൈസ്‌കൂൾ കഴിഞ്ഞ് കൊച്ചിൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. പാട്ട് ലഹരിയായി കൂട്ടിനൊപ്പം. എർലോ ഡിക്രൂസിന്റെ സഹായത്തോടെ ചില ഗാനമേളകളിലൊക്കെ പാടാനുള്ള അവസരം കിട്ടിയതും ഇക്കാലത്ത്. ഒരു ജന്മപുണ്യമായിരുന്നു അത്.
ഇടയ്ക്ക് ഹിന്ദുസ്ഥാനിയും കർണാടക സംഗീതവും പഠിക്കാനും സമയം കണ്ടെത്തി. പള്ളുരുത്തി നടേശൻഗുരുവിന്റെ ശിക്ഷണത്തിലായിരുന്നു കർണാട്ടിക് സംഗീതം അഭ്യസിച്ചത്. സംഗീതാ ആർട്‌സിന്റെ ബാനറിൽ മൂത്ത സഹോദരിയും പാടുമായിരുന്നു. എളാപ്പയുടെ മകൻ നവാസും അഫ്‌സലിന്റെ സഹോദരന്മാരായ ഷക്കീർ, ഷംസ് എന്നിവരും, ഗാനമേളകളിൽ പാടുകയും ഹാർമോണിയമുൾപ്പെടെയുള്ള ഉപകരണങ്ങൾ വായിക്കുകയും ചെയ്ത് പോന്നു. നേരെ മൂത്ത സഹോദരൻ അൻസാറും നല്ല ഗായകൻ. കേരളത്തിലെ ആദ്യത്തെ റിയാലിറ്റി ഷോ വിജയി അൻസാറാണ്. സംഗീതസാന്ദ്രമായ കുടുംബപശ്ചാത്തലം അഫ്‌സലിന്റെ സംഗീതസാധനയ്ക്ക് സർഗബലം പകർന്നു. പ്രീഡിഗ്രി പഠനശേഷം ഇരുപത്തിരണ്ടാം വയസ്സിൽ എന്തെങ്കിലും കൈത്തൊഴിൽ പഠിക്കുകയെന്ന ഉദ്ദേശ്യത്തോടെ അഫ്‌സൽ, വീടിനു മുൻവശത്തെ തോമസ് ആശാന്റെ വർക്ക് ഷോപ്പിൽ വെൽഡിംഗ് പണി ചെയ്തു. ബഹ്‌റൈനിലുള്ള സഹോദരന്മാരുടെ നിർദേശമായിരുന്നു അതിനു പിന്നിൽ. ഒന്നര കൊല്ലം അവിടെ ജോലിയെടുത്തു. അപ്പോഴും ജ്യേഷ്ഠന്റെ കാസറ്റ് ഷോപ്പിൽ സഹായിയായിരുന്നു. ഇതിനിടെ ഗാനമേളകളിൽ പാടാൻ പോകും. ആശാൻ നല്ല പിന്തുണ നൽകി. വെൽഡിംഗ് ജോലിയിൽ മിടുക്കനായ അഫ്‌സലിന്റെ ജീവിതസ്വപ്‌നങ്ങൾ വിളക്കിയെടുത്തതും ഇതേ വർക്ക് ഷോപ്പും പരിസരവുമായിരുന്നു.
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകളോടായിരുന്നു കൂടുതൽ കമ്പം. സ്ഥിരമായി എസ്.പി.ബിയുടെ പാട്ട് കേൾക്കുകയും അതിൽ നിന്ന് ആവേശമുൾക്കൊള്ളുകയും ചെയ്തു. കൊച്ചി നാവിക ക്യാമ്പിലെ കലാപരിപാടികളിൽ പങ്കെടുക്കാനും ഹിന്ദി പാട്ടുകൾ പാടാനും അവസരം കിട്ടി. ട്രൂപ്പ് നയിച്ച എർലോ ഡിക്രൂസായിരുന്നു ഇതിനുള്ള ചാൻസ് നൽകിയത്. പഠനം ഇടയ്ക്ക് ഉഴപ്പിയെങ്കിലും ബാപ്പയുടെ പ്രോൽസാഹനത്തോടെ സംഗീതം പഠിക്കാൻ തുടങ്ങി. കൊച്ചിയിലെ പ്രശസ്തമായ ചില ഓർക്കെസ്ട്ര ട്രൂപ്പുമായി സഹകരിക്കാൻ കൂടി ഈ സന്ദർഭം വിനിയോഗിച്ചു.
വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ, കെ.എസ്. ചിത്രയോടൊപ്പം ചില തമിഴ് പാട്ടുകൾ പാടാനുള്ള അവസരം കിട്ടിയത് വലിയ അനുഗ്രഹമായി. ജോലി വിട്ട് പൂർണമായും പാട്ടിലേക്ക് തിരിഞ്ഞ ഒരു വഴിത്തിരിവിന്റെ കാലം കൂടിയായി അത്. നിരവധി സംഗീതമേളകളിൽ അകമ്പടിക്കാരോടൊപ്പം ചേർന്ന കാലത്ത് രവീന്ദ്രൻ മാഷ്, മോഹൻ സിതാര, ബേണി ഇഗ്‌നേഷ്യസ് തുടങ്ങിയവരുമായി പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും സാധിച്ചത് പിന്നീടുള്ള കലാജീവിതത്തിൽ വലിയ വഴിത്തിരിവായി. പാൽനിലാ പുഞ്ചിരി.. തുടങ്ങി നിരവധി പാട്ടുകളുടെ റിഥം പ്രോഗ്രാമിന്, സഹായിയായും മ്യൂസിക് റെക്കാർഡിംഗിന്റെ സാങ്കേതിക സഹായിയായും പ്രവർത്തിക്കാൻ കഴിഞ്ഞു. സഹോദരൻ ഷക്കീർക്കയായിരുന്നു അക്കാലത്തെ നിരവധി കാസറ്റുകളുടെ റിഥം പ്രോഗ്രാം ചെയ്തിരുന്നത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായത് സംഗീതലോകത്തെ ഒട്ടേറെപ്പേരുമായി ബന്ധപ്പെടാനും അത് പിൽക്കാല കലാജീവിതത്തിൽവഴിവെളിച്ചമാകാനുമുള്ള അവസരമായി മാറി. ജീവിതം കുറെക്കൂടി ചിട്ടയോടെ മുന്നോട്ടുപോയത് ഇക്കാലത്താണെന്ന് അഫ്‌സൽ ഓർക്കുന്നു. നിരവധി ഓർക്കെസ്ട്രകളിൽ അഫ്‌സൽ പാടി. മിൻമിനിയോടൊപ്പം നിരവധി പാട്ടുകൾ പാടിയതും ഇക്കാലത്താണ്. ഫുൾടൈം മ്യൂസിക് എന്ന അവസ്ഥയിലേക്കുള്ള സർഗപരമായ വളർച്ചയായിരുന്നു അത്. 1996 ൽ യേശുദാസിന്റെ കൂടെ ജർമനിയിലേക്ക് പ്രോഗ്രാമിനു പോയി. ആദ്യവിദേശയാത്ര. തുടർന്ന് അതേ വർഷം യേശുദാസിന്റെ സംഘത്തിൽ അമേരിക്കയിലേക്ക് പോകാനും സാധിച്ചു. ആയിടയ്ക്കാണ് തന്റെ ബന്ധത്തിൽപെട്ട സിനിയെ ഇരുപത്തിരണ്ടാം വയസ്സിൽ വിവാഹം കഴിച്ചത്.
1998 ൽ തിരുവനന്തപുരം സാഗര ഓർക്കെസ്ട്രയുമായി സഹകരിച്ച് പ്രവർത്തിക്കുകയും കൂടുതൽ തമിഴ് ഗാനങ്ങൾ പാടാനും നിരവധി സ്‌റ്റേജ് പ്രോഗ്രാമുകളിലും പങ്കെടുക്കാനായതും പുതിയ അനുഭവമായി. ദാദാസാഹിബ് എന്ന പടവുമായി സഹകരിച്ച് മോഹൻ സിതാരയ്‌ക്കൊപ്പം പ്രവർത്തിച്ചതും ഇക്കാലത്താണ്. അല്ലിയാമ്പൽപൂവേ, ചൊല്ല് ചൊല്ല് പൂവേ... എന്ന പാട്ടിന്റെ റിഥം പ്രോഗ്രാം ചെയ്തു. തൃശൂർ ചേതനയുടെ ഹാർട്ട് ബീറ്റ്‌സ് എന്ന ബാൻഡിനു വേണ്ടി സോളോ പാടിയതും മറക്കാനാവില്ല.
ഇരുപത്തിരണ്ടു വർഷം മുമ്പാണ് വല്യേട്ടൻ എന്ന സിനിമയിൽ 'കണ്ണിലമ്പും വില്ലും' എന്ന ഗാനം പാടാൻ അഫ്‌സലിന് അവസരം ലഭിക്കുന്നത്. ആ പാട്ട് രംഗം പക്ഷേ ചിത്രത്തിലുണ്ടായിരുന്നില്ല. തൊട്ടടുത്ത വർഷം (2001) രാക്ഷസി എന്ന ചിത്രത്തിലെ 'എൻ കരളിൽ താമസിക്കാൻ'.. എന്ന പാട്ട് പിന്നണിഗാനരംഗത്ത് അഫ്‌സലിന്റെ എൻട്രി കുറിച്ചു. മോഹൻ സിതാര എന്ന മഹാനായ സംഗീതജ്ഞനാണ് അഫ്‌സലിന്റെ ജാതകം തിരുത്തിയെഴുതിയത്. അത് നന്ദിയോടെ അഫ്‌സൽ എപ്പോഴുമോർക്കുന്നു. തുടർന്നങ്ങോട്ട് അഫ്‌സലിന് നിരവധി അവസരങ്ങൾ ലഭിച്ചു. കൈത്തുടിതാളം, ഇഷ്ടമില്ലെടാ എനിക്കിഷ്ടമില്ലെടാ, ശാബാ ശാബാ, മെഹ്‌റുബാ, ചിരിമണി മുല്ലേ, പെണ്ണേ എൻ പെണ്ണേ, വെളുവെളുത്തൊരു പെണ്ണ്, ജില്ലം ജില്ലാ, തിങ്കളേ, പൂത്തിങ്കളേ, പച്ചമാങ്ങ പച്ചമാങ്ങ.. ഏറെ പ്രസിദ്ധമായ, ഇന്നും മലയാളികളുടെ കാതിന് ഇമ്പം പകരുന്നനിരവധി പാട്ടുകൾ അഫ്‌സൽ പാടി.
ഓരോ പാട്ടും ഒന്നിനൊന്ന് വ്യത്യസ്തം. വിവിധ റേഞ്ചുകളിൽ എല്ലാ ഗാനങ്ങളും അഫ്‌സലിന് അനായാസം വഴങ്ങി. വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചതും അഫ്‌സലാണ്. എം. ജയചന്ദ്രൻ, റിമി ടോമി തുടങ്ങിയവരോടൊപ്പം സിനിമകളിലും സ്‌റ്റേജ് ഷോകളിലും നിരവധി ഗാനങ്ങൾ ആലപിച്ചു. മാപ്പിളപ്പാട്ടുകളിൽ പുതിയ ആലാപനശൈലി കൊണ്ടു വന്നതും ഈ ഗായകനാണ്.
അഞ്ച് ഭൂഖണ്ഡങ്ങളിലേയും നിരവധി രാജ്യങ്ങളിൽ പര്യടനം നടത്താനും വേദികളിൽ പാടാനുമുള്ള സുവർണാവസരം ലഭിച്ചിട്ടുള്ള അഫ്‌സൽ ജിദ്ദയിൽ മൂന്നാമത്തെ തവണയാണ് എത്തുന്നത്. കോവിഡ് കാലത്ത് പൂർണമായും സംഗീതഭ്യാസനത്തിൽ മുഴുകി. ലോക്ഡൗൺ കാലത്തെ കഠിനമായ ശിക്ഷണം. കേരളത്തിലെ ആദ്യകോവിഡ് മരണം അഫ്‌സലിന്റെ നാട്ടിലായിരുന്നു. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ മുഴുകിയ ഇക്കാലത്ത് സംഗീതം ഒരു ചികിൽസാപദ്ധതികൂടിയാണെന്ന് സംഗീതം ജീവിതമാക്കിയ ഈ പ്രതിഭാശാലി തെളിയിച്ചു. ശാസ്ത്രീയസംഗീതത്തിൽ മുഴുകി ഒരു ദിവസം ഒരു പാട്ട് എന്ന രീതിയിലായിരുന്നു പഠനം. പാട്ടിന്റെ വഴിയിൽ കൂടുതൽ സഞ്ചരിക്കാനും പുതിയ തലമുറയെ യഥാർഥ സംഗീതത്തിന്റെ ആത്മാവ് കണ്ടെത്താനുള്ള പരിശീലനത്തിൽ പങ്കാളികളാക്കുകയെന്ന ധർമം നിറവേറ്റുകയുമാണ് തന്റെ ലക്ഷ്യമെന്ന് അഫ്‌സൽ പറയുന്നു. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ടു മെൻ എന്ന സിനിമയിലാണ് അഫ്‌സലിന്റെ പുതിയ ഗാനം. തികച്ചും വ്യത്യസ്തമായ ആലാപനശൈലിയാണ് ഇതിലെന്ന് അഫ്‌സൽ പറയുന്നു. പതിനേഴാം വയസ്സിൽ പൊതുവേദികളിൽ പാടിത്തുടങ്ങിയ അഫ്‌സലിന്റെ വേറിട്ട സ്വരശൈലിയാണ് ടുമെൻ എന്ന ചിത്രത്തിലുള്ളത്.
രാഗമാലികയിൽ കൊരുത്തെടുത്ത പാട്ട്കുടുംബം
ഒരു കുടുംബം മുഴുവൻ സംഗീതത്തിനായി സമർപ്പിക്കപ്പെട്ട ചരിത്രമാണ് അഫ്‌സലിന്റേത്്. ബാപ്പ ഹാജി ഇസ്മായിലും ഉമ്മ സുഹ്‌റയും പാട്ടിൽ പ്രിയമുള്ളവർ. ജ്യേഷ്ഠന്മാരും സഹോദരിമാരും സംഗീതജ്ഞർ. ഒരു ജ്യേഷ്ഠൻ - ഷക്കീർ - യേശുദാസിന്റെ ട്രൂപ്പിലെ അറിയപ്പെടുന്ന ഡ്രമ്മർ. മറ്റൊരു ജ്യേഷ്ഠൻപ്രസിദ്ധഗായകനും റിയാലിറ്റി ഷോ താരവുമായ കൊച്ചിൻ അൻസാർ. ജ്യേഷ്ഠന്റെ മകൻ നവാസും നല്ല ഗായകൻ.
ഷംസ് എന്ന സഹോദരനും ഉപകരണസംഗീതത്തിൽ പ്രാവീണ്യമുള്ളയാൾ. പുതിയ തലമുറയിൽ സഹോദരപുത്രൻയാസർ, സഹോദരപുത്രിമാരായ നബീലാ ഹക്കീം, നഫ്‌ല എന്നിവരുംമികച്ച ഗായകർ. യു ട്യൂബിൽ തരംഗമായി മാറിയ നബീലയും നഫ്‌ലയുംഇതിനകം ഏറെ പ്രസിദ്ധരായി. ഫ്ളവേഴ്‌സ് ടോപ് സിംഗർ ഷോയിലൂടെ ആരാധകരുടെ മനം കവർന്ന മിയക്കുട്ടി എന്ന കൊച്ചു മിടുക്കി, അഫ്‌സലിന്റെ കസിന്റെ മകളാണ്.
അഫ്‌സലിന്റെ ഭാര്യ സിനി സംഗീതത്തിൽ ഏറെ താൽപര്യമുള്ള വീട്ടമ്മ. മക്കളായ മുബീന, മുഹമ്മദ് ഇസ്മായിൽ, മുഹ്‌സിന, മിന്നാഹ് മറിയം എന്നിവർക്കും പാട്ടിൽ കമ്പമുണ്ട്.
ഇളയ മകൾ മിന്നാഹ് നന്നായി പാടും. സംഗീതപ്രിയനായ മരുമകൻ മുഹമ്മദ് സജാദ്്, സകുടുംബം ജർമനിയിലെ സ്റ്റുഡ്ഗാർട്ടിലാണ്. ഇവരുടെ മക്കൾ: ഐദിൻ, ഐഹാൻ. -ഫോട്ടോ : നൗഷാദ് കിളിമാനൂർ






