കാക്കയും മൈനയും പെരുകുന്നു, നടപടിയുമായി ഒമാന്‍

മസ്‌ക്കത്ത്- ഒമാനിലെ വിവിധ നഗരങ്ങളില്‍ ഇന്ത്യന്‍ കാക്കകളും മൈനകളും വലിയ തോതില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പരാതികളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. പൊതുവെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടുവരുന്ന കാക്കകള്‍ ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഒമാനില്‍ നഗര പ്രദേശങ്ങളിലും കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലുമാണ് കാക്കകളെ കൂടുതലായി കണ്ടുവരുന്നതെന്ന് ഒമാന്‍ പരിസ്ഥിതി ഏജന്‍സി അറിയിച്ചു. മലമ്പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്.

മരങ്ങളില്‍ കൂടുകൂട്ടി മാലിന്യങ്ങളില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്ന കാക്കകളുടെ ഭീഷണി ചെറുക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ഒമാന്‍ അധികൃതരിപ്പോള്‍. പാര്‍ക്കുകളും പൊതു ഇടങ്ങളുമൊക്കെ ഇവ വൃത്തികേടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇവയുടെ ഭീഷണി നേരിടാനുള്ള വഴികള്‍ ആലോചിക്കുകയാണെന്ന് പരിസ്ഥിതി ഏജന്‍സി അറിയിച്ചു.

 

Latest News