Sorry, you need to enable JavaScript to visit this website.

കാർമേഘം ഒഴിഞ്ഞു, പ്രതീക്ഷയോടെ ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിന്റെ പരസ്യവുമായി ഗോൾഡ് കോസ്റ്റ് നഗരത്തിലൂടെ നീങ്ങുന്ന ട്രാം.

ഗോൾഡ് കോസ്റ്റ്- ടീമിനെ ചൂഴ്ന്നുനിന്ന മരുന്നടി ആരോപണത്തിൽ കുറ്റവിമുക്തരായതോടെ ഇന്ന് കോമൺവെൽത്ത് ഗെയിംസിന് ഇറങ്ങാനിരിക്കുന്ന ഇന്ത്യൻ സംഘത്തിന് ആശ്വാസം. ഇന്ത്യൻ ടീം മരുന്നടിച്ചിട്ടില്ലെന്ന് ഗെയിംസ് ഫെഡറേഷൻ കോടതി വിധിച്ചു. എന്നാൽ സൂചി രഹിത ഗെയിംസ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് വിഘാതമാവുംവിധം അത്‌ലറ്റ്‌സ് വില്ലേജിൽ സിറിഞ്ച് ഉപയോഗിച്ചതിന് ബോക്‌സിംഗ് ടീം കോച്ച് അമോൽ പാട്ടീലിനെ കോടതി കടുത്ത ഭാഷയിൽ ശാസിച്ചു.
ഗെയിംസ് ആരംഭിക്കുന്നതിനു മുമ്പേ മരുന്നടിക്ക് പിടിക്കപ്പെടുമോ എന്ന ആശങ്കയിലായിരുന്ന ഇന്ത്യൻ ടീമിന് ഫെഡറേഷന്റെ തീരുമാനം വലിയ ആശ്വാസമാണ് നൽകിയത്. വൻ മെഡൽ പ്രതീക്ഷകളുമായി ഗെയിംസ് വില്ലേജിൽ കഴിയുന്ന 225 ഇന്ത്യൻ സംഘത്തിന് ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലും മാർച്ച് പാസ്റ്റിലും കാര്യമായ സമ്മർദമില്ലാതെ പങ്കെടുക്കാം. പി.വി. സിന്ധു, മേരികോം, ഗഗൻ നരംഗ്, സാക്ഷി മാലിക്, ജിത്തു റായി, കെ. ശ്രീകാന്ത് തുടങ്ങി ഒരു പിടി സ്വർണ പ്രതീക്ഷകൾ ടീമിലുണ്ട്. നാളെ മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ബാഡ്മിന്റൺ, ബോക്‌സിംഗ്, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളിൽ നാളെ ഇന്ത്യൻ താരങ്ങൾ ഇറങ്ങുന്നുണ്ട്.
ബാഡ്മിന്റണിൽ വനിതാ വിഭാഗത്തിൽ ഒളിംപിക് വെള്ളിമെഡൽ ജേതാവ് സിന്ധുവും, പുരുഷ വിഭാഗത്തിൽ ലോക രണ്ടാം നമ്പർ ശ്രീകാന്തുമാണ് ഒന്നാം സീഡുകാർ. മുൻ ലോക ഒന്നാം നമ്പർ സയ്‌ന നെവാൾ, എച്ച്.എസ്. പ്രണോയ് എന്നിവരും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്. വനിതാ ഡബിൾസിൽ സിക്കി റെഡ്ഡിയും അശ്വിനി പൊന്നപ്പയും രണ്ടാം സീഡാണ്. 
വനിതാ ബോക്‌സിംഗിൽ അഞ്ച് തവണ ലോക ചാമ്പ്യനും ഒളിംപിക് മെഡൽ ജേതാവുമായ മേരികോമിൽനിന്ന് സ്വർണത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. 48 കിലോ വിഭാഗത്തിലാണ് 35 കാരി മത്സരിക്കുന്നത്. ഷൂട്ടിംഗിൽ ഗഗൻ നരംഗും, ജിത്തു റായിയും ഒന്നിലേറെ സ്വർണങ്ങൾ നേടുമെന്നാണ് പ്രതീക്ഷ. വനിതാ ടീനേജ് താരം മെഹുലി ഘോഷിലും പ്രതീക്ഷയുണ്ട്. 

ഗെയിംസിന് മുന്നോടിയായി ഒരു ഡൈവിംഗ് താരം പരിശീലനത്തിൽ.


പുരുഷ ബോക്‌സിംഗിൽ വികാസ് കൃഷ്ണൻ, ജാവലിൻ ത്രോയിൽ നീരജ് ചോപ്ര, ഗുസ്തിയിൽ സാക്ഷി മാലിക്, വിനീഷ് ഫോഗത്, ഭാരോദ്വഹത്തിൽ സഞ്ജിത ചാനു തുടങ്ങിയവരും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. 
ഇന്ത്യയുടേതടക്കം ഒരുപിടി ലോകോത്തര താരങ്ങൾ 21ാമത് കോമൺവെൽത്ത് ഗെയിംസിന് താരപ്പൊലിമ നൽകുന്നുണ്ട്. ഉസൈൻ ബോൾട്ടിന്റെ പിൻഗാമിയായ ജമൈക്കൻ സ്പ്രിന്റർ യോഹാൻ ബ്ലെയ്ക്കാണ് അവരിൽ പ്രധാനി. വനിതാ സ്പ്രിന്റർ എലൈൻ തോംസണാണ് മറ്റൊരു ജമൈക്കൻ സൂപ്പർ താരം. ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യ, ബഹാമാസിന്റെ ഷോണി മിലർ ഉയ്‌ബോ, ഓസ്‌ട്രേലിയയുടെ സാലി പിയേഴ്‌സൺ, ഇംഗ്ലണ്ടിന്റെ കാതറീന ജോൺസൻ തോംപ്‌സൺ, ന്യൂസിലാന്റിന്റെ വലേറി ആഡംസ്, ടോം വാൽഷ്, കാനഡയുടെ ഡാമിയൻ വാർണർ, ആരൺ ബ്രൗൺ തുടങ്ങി ഒളിംപിക്‌സിലും ലോക അത്‌ലറ്റിക് മീറ്റുകളിലും തിളങ്ങിയവലുടെ സാന്നിധ്യം ഗോൾഡ് കോസ്റ്റിലെ ട്രാക്കിലും ഫീൽഡിലും താരത്തിളക്കം നൽകും. ഇവർക്കു പുറമെ ഓസ്‌ട്രേലിയയുടെ നീന്തൽ താരം കെയ്ൽ ചേംബേഴ്‌സ്, ഇംഗ്ലണ്ടിന്റെ ഡൈവിംഗ് താരം ടാം ഡാലി, ജിംനാസ്റ്റിക്‌സ് താരം മാക്‌സ് വിറ്റ്‌ലോക്, വെയിൽസിന്റെ ടി.ടി താരം അന്ന ഹേഴ്‌സി, മലേഷ്യയുടെ സ്‌ക്വാഷ് താരം നിക്കോൾ ഡേവിഡ്, ഓസ്‌ട്രേലിയയുടെ ബാസ്‌കറ്റ്‌ബോൾ താരം ലിസ് കാംബേജ് തുടങ്ങിയവും കോമൺവെൽത്ത് ഗെയിംസിന് താരപ്പൊലിമ നൽകും.
കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യമരുളുന്ന അഞ്ചാമത്തെ ഓസ്‌ട്രേലിയൻ നഗരമാണ് ക്വീൻസ് ലാന്റ് സംസ്ഥാനത്തെ ഗോൾഡ് കോസ്റ്റ്. ഇന്ന് മുതൽ ഈ മാസം 15 വരെ നീളുന്ന ഗെയിംസിൽ ഇന്ത്യയടക്കം 71 രാജ്യങ്ങളിൽനിന്നുള്ള 6600 ലേറെ അത്‌ലറ്റുകൾ മാറ്റുരക്കും. 275 സ്വർണമെഡുകളാണ് ഗെയിംസിൽ സമ്മാനിക്കുന്നത്.
ഉദ്ഘാടന, സമാപന ചടങ്ങുകളും അത്‌ലറ്റിക്‌സ് മത്സരങ്ങളും നടക്കുന്നത് ഗോൾഡ് കോസ്റ്റിലെ കരാറ സ്റ്റേഡിയത്തിലാണ്. ട്രാക്ക് സൈക്ലിംഗ്, ഷൂട്ടിംഗ് മത്സരങ്ങൾ ബ്രിസ്‌ബെയിനിലാവും നടക്കുക. ചില ബാസ്‌ക്കറ്റ് ബോൾ മത്സരങ്ങൾ ടൗൺസ്‌വില്ലി, കെയിൻസ് എന്നീ പട്ടണങ്ങളിലും നടക്കും.



 

Latest News