കള്ളം എന്തെന്നറിയാത്ത കൈവിരൽപ്പാട്. ലോകത്തൊരു മനുഷ്യന്റേയും കൈരേഖയ്ക്ക് സമമായി മറ്റൊരു കൈരേഖയില്ല. തുല്യതയോ താരതമ്യമോ ഇല്ലാത്ത വിരൽമുദ്രയുടെ പിൻബലത്തോടെ, പ്രമാദവും അതിനിഗൂഢവുമായ നൂറുക്കണക്കിന് കേസുകൾക്ക് തുമ്പുണ്ടാക്കി, ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിൽ റെക്കാർഡ് സൃഷ്ടിച്ച പ്രമുഖ വിരലടയാള വിദഗ്ധൻ കെ. ഖാൻ സാഹിബ്, ഹ്രസ്വസന്ദർശനാർഥം ജിദ്ദയിലുണ്ട്. ഫിംഗർ പ്രിന്റിന്റേയും കൈയക്ഷരത്തിന്റേയും അറിയാരേഖ, കുറ്റവാളികളെ കുടുക്കിലാക്കിയ എത്രയോ കഥകൾ. കേരള പോലീസിലും സി.ബി.ഐയിലും ഇന്റർപോളിലും നാലര പതിറ്റാണ്ടിന്റെ അനുഭവങ്ങളുള്ള, ഇപ്പോഴും വിരലടയാളങ്ങളുടെ വിട്ടൊഴിയാത്ത
നിരീക്ഷണത്തിന്റെ ത്രില്ലിൽ മുഴുകുന്ന, സദാ കണ്ണുംകാതും തുറന്നുവെച്ച, ഖാൻ സാഹിബിന്റെ അന്വേഷണാത്മക ജീവിതത്തിലൂടെ...
മാഹിയിൽ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസ് പാടുപെടുമ്പോഴാണ് ക്ലോസ് ചെയ്യാനിരുന്ന ഈ ഫയൽ, ഖാൻ സാഹിബിലേക്കെത്തുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വയോധികയുടെ വധത്തിനാണ് തുമ്പുണ്ടാക്കാൻ സാധിക്കാതെ പോയിരുന്നത്. പല നിലയ്ക്കും അന്വേഷിച്ചിട്ടും പ്രതിയെ കിട്ടിയിരുന്നില്ല. ഈ സ്ത്രീ താമസിച്ച വീടിനടുത്ത് കൂടെ, സംഭവം നടന്ന ദിവസം ഒരാൾ നടന്നുപോകുന്നുവെന്ന അയൽവാസിയുടെ അവ്യക്തമായൊരു മൊഴി മാത്രമാണ് 'ക്ലൂ'. ഈ മൊഴിയിൽനിന്ന് വേണം നാടിനെ നടുക്കിയ കൊലക്കേസിന് തുമ്പുണ്ടാക്കാനും നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാനും. ഈ വെല്ലുവിളി ഏറ്റെടുത്ത് മാഹിയിൽ ക്യാംപ് ചെയ്ത് അവിടത്തേയും പരിസരങ്ങളിലേയും ആളുകളേയും അവിടെയെത്താറുള്ള മറുനാട്ടുകാരേയും ഖാൻ സാഹിബും സംഘവും സൂക്ഷ്മമായി നിരീക്ഷിച്ചു.
മഹാരാഷ്ട്രയിലെ മദ്യനിർമാണക്കമ്പനികളിൽനിന്ന് മദ്യക്കുപ്പികളുമായി മാഹിയിലേക്ക് സ്ഥിരമായി വരാറുള്ള ലോറി െ്രെഡവർമാരിലേക്കാണ് അന്വേഷണം നീണ്ടത്. ഖാൻസാഹിബും സംഘവും മുംബൈയിലെത്തി. അതിർത്തി കടന്നെത്തിയ എല്ലാ ലോറികളുടേയും വിവരവും പിന്നാലെ െ്രെഡവർമാരുടെ വിരലടയാളവും ശേഖരിച്ചു. ഒരാഴ്ച കൊണ്ടാണ് ഇത് സംഘടിപ്പിച്ചത്. കേരളത്തിലേക്ക് മദ്യവുമായി പോകുന്ന എല്ലാ െ്രെഡവർമാരേയും ക്യൂവിൽ നിർത്തിയാണ്, ഫിംഗർ പ്രിന്റ് എടുത്തത്. ഇതിനിടെ, തിരക്ക് അഭിനയിച്ച് പിൻവലിയുന്ന ഒരാളെ ഖാൻ സാഹിബ് ശ്രദ്ധിച്ചിരുന്നു. പക്ഷേ അപ്പോഴൊന്നും പറയാതെ, പിറ്റേ ദിവസം കേരളത്തിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ച്, സംഘം തൊട്ടടുത്ത് മറ്റൊരു ലോഡ്ജിൽ താമസമാക്കി. മൂന്നു ദിവസത്തിനുശേഷം വീണ്ടും ചില െ്രെഡവർമാരുടെ വിരലടയാളം വേണമെന്ന് ആവശ്യപ്പെട്ട് അവരെ വിളിച്ചുവരുത്തി. ലോറി നമ്പർ കൊടുത്തിരുന്നത് കൊണ്ട്, അന്ന് മുങ്ങിയ െ്രെഡവറും സ്ഥലത്തെത്തി. ഇയാളുടെ ഫിംഗർപ്രിന്റെടുത്ത് പരിശോധിച്ചപ്പോഴാണ് പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞതും മുംബൈ പോലീസിന്റെ സഹായത്തോടെ അയാളെ പൊക്കിയതും. പ്രതിയേയും കൊണ്ടാണ് ഖാൻസാഹിബും ടീമും മാഹിയിൽ തിരിച്ചെത്തിയത്. എഴുതിത്തള്ളേണ്ടിയിരുന്ന ഒരു കേസിനാണ് വിരലടയാളത്തിന്റെ ഒരൊറ്റ ബലത്തിൽ തെളിവുണ്ടായത്.
**********
പാലക്കാട് ജില്ലാ പോലീസ് ഓഫീസിൽ ജോലി ചെയ്യുമ്പോൾ കിഴക്കഞ്ചെരിയിൽ നിന്ന് ഒരു പരാതി ലഭിച്ചു. അത്യാവശ്യം സമ്പന്നനായ ഒരു കുടിയേറ്റക്കാരന്റെ വീട്ടിലെ മൂന്നു പോത്തുകൾ കൊല്ലപ്പെട്ടു. തലേ ദിവസം ലഭിച്ച ഒരു ഭീഷണിക്കത്തിൽ ഇക്കാര്യം പറഞ്ഞിരുന്നു. വീണ്ടും ഭീഷണിക്കത്ത് വന്നു. അതിൽ പറഞ്ഞത് പോത്തുകളുടെ അനുഭവം വീട്ടുടമയ്ക്കായിരിക്കും ഇനിയുണ്ടാവുകയെന്നതാണ്. ഖാൻ സാഹിബും സംഘവും സ്ഥലത്ത് ക്യാംപ് ചെയ്തു. വീടിനു കാവലേർപ്പെടുത്തി. പോത്തുകളെ കൊന്നതും ഭീഷണിക്കത്ത് ആരെഴുതിയെന്നതും അജ്ഞാതമായി തുടരവെ നാട്ടിൽ ആക്ഷൻ കമ്മിറ്റിയും പോലീസ് വിരുദ്ധ പ്രതിഷേധവും മറ്റുമുയർന്നു. മംഗലം ഡാമിനടുത്ത് ക്യാംപ് ചെയ്ത ഖാൻസാഹിബും സംഘവും പ്രദേശവാസികളുടെ മുഴുവൻ വിരലടയാളമെടുത്തു. പോത്തുകളുടെ കൊലപാതകിയും വീട്ടുടമയെ കൊല്ലാനൊരുങ്ങിയ ആളുമാരാണെന്ന് ഒരു വിരൽപ്പാട് വിളിച്ചു പറഞ്ഞു. അത് ആക്ഷൻ കമ്മിറ്റി കൺവീനർ തന്നെയായിരുന്നു! ആ വീട്ടിലെ പെൺകുട്ടിയുമായി പ്രേമത്തിലായിരുന്ന ഇയാളെ വഞ്ചിച്ച് അവൾ പട്ടാളത്തിലുള്ള ഒരുത്തനേയും കെട്ടി പഞ്ചാബിലേക്ക് പോയതിന്റെ നൈരാശ്യം തീർക്കാനാണത്രേ, ഈ പ്രതികാരത്തിനൊരുങ്ങിയത്.
**********
ഏറെക്കാലം പാലക്കാട് മുനിസിപ്പൽ ചെയർമാനും പിന്നീട് മന്ത്രിയുമായിരുന്ന പി.എസ്.പി നേതാവിന്റെ ഭാര്യയുടെ കഴുത്തിൽനിന്ന് മാല കവർന്ന കേസ്, ഖാൻസാഹിബ് തെളിയിച്ചതും ഫിംഗർപ്രിന്റിന്റെ സഹായത്തോടെയായിരുന്നു. വെളുപ്പിന് അഗ്രഹാരത്തിന്റെ പിന്നാമ്പുറത്തേക്കിറങ്ങിയ മന്ത്രിപത്നിയുടെ നേരെ ചാടിവീണ് കഴുത്തിൽനിന്ന് ആറുപവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചോടിയ കള്ളനെത്തേടി പാലക്കാട് പോലീസ് ഏറെ അലഞ്ഞെങ്കിലും കേസ് തെളിയാതെ കിടന്നത് വലിയ വാർത്തയായി. പ്രതിഷേധമുയർന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ജെ. അൻസാരി, ഖാൻസാഹിബിനെ ചുമതലയേൽപിച്ചു.
കൽപാത്തി അഗ്രഹാരത്തിന്റെ പിറകുവശത്തെ വാഴ പരിശോധിച്ചപ്പോൾ ലഭിച്ച അവ്യക്തമായ കൈമുദ്ര, അന്വേഷണത്തിലേക്കുള്ള പിടിവള്ളിയായി. ഇതിനിടെ. ജനരോഷം തണുപ്പിക്കാനായി ഏതോ രണ്ടു പ്രതികളേയും അവരിൽനിന്ന് കണ്ടെടുത്ത സ്വർണമാലയും പോലീസ് പരസ്യമാക്കിയിരുന്നു. അവരെ അഴികൾക്കകത്താക്കുകയും ചെയ്തു. ഖാൻ സാഹിബിനറിയാമായിരുന്നു യഥാർഥ കള്ളൻ, പുറത്താണെന്ന്. അതിനിടെയാണ് രാത്രി, പഴനി പോലീസ് സ്റ്റേഷനിൽ ഒരു കള്ളനെ പിടിച്ച വിവരമറിയുന്നത്. സമയം പാഴാക്കാതെ ഖാൻ സാഹിബും രണ്ടു പോലീസുകാരും എ.ആർ ക്യാംപിന്റെ ജീപ്പും പിടിച്ച് പഴനിയിലേക്ക് കുതിച്ചു. കസ്റ്റഡിയിലുള്ള കള്ളന്റേയും അഗ്രഹാരമുറ്റത്തെ വാഴയിൽ പതിഞ്ഞ വിരലടയാളവും ഒത്ത് നോക്കിയപ്പോൾ ഇയാൾ തന്നെയാണ് യഥാർഥ കവർച്ചക്കാരനെന്ന് തെളിഞ്ഞു. മാല അയാൾ തൃശൂരിലെ ജ്വല്ലറിയിൽ വിറ്റിരുന്നു. പിറ്റേന്ന് അത് കണ്ടെടുത്തു. പ്രതിയേയും തൊണ്ടിയും കൊണ്ടാണ് ഖാൻ സാഹിബ് പാലക്കാട്ട് മടങ്ങിയെത്തിയത്. അഴികൾക്കകത്തായിരുന്ന രണ്ടു ഡ്യൂപ്ലിക്കേറ്റ് മോഷ്ടാക്കളും മാലകളും അതോടെ മോചിപ്പിക്കപ്പെട്ടു.
**********
നിരവധി പേജുകളുള്ള വലിയൊരു െ്രെകംഡയറിക്ക് തന്നെ സാധ്യതയുള്ള അപസർപ്പക കഥകളുടെ രസകരവും സാഹസികവുമായ ലോകമാണ് ഖാൻസാഹിബിന്റെ ഔദ്യോഗിക ജീവിതം. ചില കുറ്റാന്വേഷണലേഖനങ്ങളും ഫീച്ചറുകളും അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. കൊല്ലം പുനലൂർ ഹൈസ്കൂൾ, കൊല്ലം എസ്.എൻ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ആഗ്രാ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ബിരുദം കരസ്ഥമാക്കി. ബാല്യം ക്ലേശഭരിതമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ് നേതാവുമായ ബാപ്പ കാസിം പിള്ള, ഖാൻ സാഹിബിന്റെ നാലാം വയസ്സിൽതന്നെ മരണപ്പെട്ടു. ആശാൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
രാഷ്ട്രീയം ബാപ്പയ്ക്ക് നൽകിയത് ദാരിദ്ര്യം മാത്രം. വാടകവീട്ടിലായിരുന്നു താമസം. ഉടനെ ജോലി കരസ്ഥമാക്കുകയെന്നതായിരുന്നു ലക്ഷ്യം. അതിനിടെ പി.എസ്.സി എഴുതി കേരള പോലീസിൽ ജോലി കിട്ടി. എം.എ ബിരുദമെടുക്കണമെന്ന ആഗ്രഹമാണ് ആഗ്രയിലെത്തിച്ചത്.
പോലീസിൽ നിന്ന് അവധി ലഭിച്ചു. അന്നത്തെ ഡി.ഐ. ജി ജയറാം പടിക്കലിനു നന്ദി. സ്റ്റുഡന്റ്സ് പുവർ എയിഡ്ഫണ്ടിന്റെ സഹായത്തോടയായിരുന്നു അലിഗഢിൽ ആഗ്രാ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനുള്ള ശ്രീവാഷ്നിയ കോളേജിൽ പി.ജി പഠനം. അന്നത്തെ തീവണ്ടിയാത്രക്കിടെ പരിചയപ്പെട്ട അതേ കോളേജിലെ സ്നേഹസമ്പന്നനായ പ്രൊഫ. ആർ.ബി ഗുപ്ത, ഖാൻ സാഹിബിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. എം.എ കരസ്ഥമാക്കി നാട്ടിൽ മടങ്ങിയെത്തി െ്രെകംബ്രാഞ്ച് വിഭാഗത്തിൽ ക്യാംപ് ക്ലാർക്കായി. തുടർന്ന് റെയിൽവെ പോലീസിലെത്തി.
1977 ലാണ് ഫോറൻസിക് വിഭാഗത്തിലെത്തുന്നതും ഫിംഗർപ്രിന്റിന്റേയും കൈയക്ഷരങ്ങളുടേയും രഹസ്യവാതിലുകൾ ഖാൻസാഹിബിനു മുന്നിൽ തുറന്നുകിട്ടിയത്. കോളേജധ്യാപകനാവുകയെന്നതായിരുന്നു ആഗ്രഹമെങ്കിലും അത് നടന്നില്ല. പക്ഷേ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് ഫോറൻസിക് പഠനത്തിന് സഹായിക്കുന്ന അധ്യാപകൻ കൂടിയാണ് ഖാൻ സാഹിബ്.
െ്രെകംബ്രാഞ്ച് സി.ഐ.ഡിയിൽ വിരലടയാള വിദഗ്ധനായി എല്ലാ വടക്കൻ ജില്ലാ ആസ്ഥാനങ്ങളിലും പ്രവർത്തിച്ചു. സ്റ്റേറ്റ് െ്രെകം റെക്കാർഡ്സ് ബ്യൂറോ, നാഷനൽ െ്രെകം റെക്കാർഡ്സ് ബ്യൂറോ എന്നിവിടങ്ങളിലും ജില്ലാ ഫിംഗർ പ്രിന്റ് ഓഫീസറായും സേവനമനുഷ്ഠിച്ചു. ഇക്കാലമത്രയും കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കും പിറകെ നടന്ന് ഡിപ്പാർട്ടുമെന്റിന്റെ യശസ്സുയർത്തിപ്പിടിച്ച നിസ്വാർഥനായ ഓഫീസറായി ഖാൻസാഹിബ് മാറി. നിരവധി പുരസ്കാരങ്ങളും തേടിയെത്തി. അതേ സമയം പല പ്രമാദമായ കേസുകളും രാഷ്ട്രീയ ഇടപെടലിലൂടെ അട്ടിമറിക്കപ്പെട്ടതിനും ഉയർന്ന പോലീസുദ്യോഗസ്ഥരിൽ ചിലരുടെയെങ്കിലും കടുത്ത സമ്മർദ്ദങ്ങൾക്കും ശുപാർശകൾക്കും മുന്നിൽ പതറിപ്പോകേണ്ടി വന്നതിന്റെ നിരാശാജനകമായ പല അനുഭവങ്ങളുമുണ്ട്. തെളിവിലേയ്ക്ക് അടുക്കുമ്പോഴേക്ക്, പ്രതിയിലേക്ക് വിരൽനീളുമ്പോഴേയ്ക്ക്, കേസുകൾ പൊടുന്നനെ ക്ലോസ് ചെയ്യേണ്ടിവന്ന നിരവധി ദുരനുഭവങ്ങൾ.
അവയെക്കുറിച്ച് കൂടുതൽ പറയാൻ, പോലീസ് ഡിസിപ്ലിനിൽ വിശ്വാസം കാത്ത് സൂക്ഷിക്കുന്ന ഖാൻസാഹിബ് തയാറായില്ല. അഴിമതിയുടെ കറ പുരണ്ട, അനാശാസ്യത്തിന്റെ നിഴൽവീണ, അധോലോകബന്ധമുള്ള പല നേതാക്കളുടേയും കറുത്ത ജീവിതരഹസ്യങ്ങൾ പക്ഷേ, ഇദ്ദേഹത്തിനറിയാം.
സർവീസിൽ നിന്ന് വിരമിച്ച് ഒരാഴ്ചക്കകം തന്നെ ഹൈക്കോടതി ഖാൻസാഹിബിന്റെ സേവനം ഉപയോഗപ്പെടുത്തി. അതിനിടെ ഈഗിൾ ഐ എന്ന പേരിൽ കേസന്വേഷണത്തിനുള്ള ഹൈടെക് സാധ്യത കണ്ടെത്തി, പരാതിക്കാരെ സഹായിക്കാനുള്ള വിപുലമായ സ്വകാര്യ ഏജൻസിക്ക് തുടക്കമിട്ടു. ഫോറൻസിക് വിദഗ്ധരായ ഡോ. ഉമാദത്തൻ, ജസ്റ്റിസ് വി. ഖാലിദ് തുടങ്ങിയവരും ഈ സംരംഭത്തിനു പിന്നിലുണ്ടായിരുന്നു. രണ്ടു വർഷം ഇത് നന്നായി പ്രവർത്തിച്ചു.
മികച്ച സേവന റെക്കാർഡുള്ള ഈ സ്ഥാപനം ഹൈക്കോടതി, സ്റ്റേറ്റ് ബാങ്ക്, ഇൻഷൂറൻസ് കമ്പനികൾ എന്നിവയ്ക്കെല്ലാം വിരലടയാളമുൾപ്പെടെയുള്ള സേവനങ്ങൾ നൽകി സഹായിക്കുകയും കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ഉപോദ്ബലകമായ രേഖകൾ കണ്ടെത്തി നൽകുകയും ചെയ്തു. പല ബാങ്ക് തട്ടിപ്പ് കേസുകളുടേയും ചുരുളഴിച്ച ഈ സ്ഥാപനത്തിന്റെ ആസ്ഥാനം കോഴിക്കോടായിരുന്നു. ഈ ഭൂമുഖത്തെ ഓരോ വിരലടയാളവും ഒന്ന് മാത്രം.
ഭ്രൂണാവസ്ഥ മുതൽ മണ്ണിൽ അലിയുംവരെ അവയ്ക്ക് മാറ്റമില്ല. ബന്ധപ്പെട്ട വ്യക്തി മരിച്ചുപോയാലും ലഭ്യമായ വിരലടയാളത്തിന് വർഷങ്ങളുടെ കാലപ്പഴക്കമുണ്ടെങ്കിലും താരതമ്യപഠനം നടത്തി സത്യം വെളിച്ചത്ത് കൊണ്ടുവരാൻ സാധിക്കുമെന്ന് ഖാൻസാഹിബ് വിശദീകരിച്ചു.
നിരവധി യൂണിവേഴ്സിറ്റികളിലെ ഫോറൻസിക് ഗസ്റ്റ് ഫാക്കൽട്ടിയാണ് ഖാൻ സാഹിബ്. കേന്ദ്ര ആഭ്യന്തരവകുപ്പിലെ റിസർച്ച് ആന്റ് ഡവലപ്മെന്റ് വിഭാഗത്തിലെ സബ്ജക്ട് എക്സ്പെർട്ടുമാണ്.
1897 ജൂലൈ 27 നാണ് ലോകത്തിലെ ആദ്യത്തെ ഫിംഗർപ്രിന്റ് ബ്യൂറോ ഇംഗ്ലണ്ടിലാരംഭിച്ചതെങ്കിൽ കൃത്യം എൺപത് വർഷം കഴിഞ്ഞാണ് 1977 ജൂലൈ 27 ഇന്ത്യയിലെ ആദ്യത്തെ ബ്യൂറോ കൊൽക്കത്തയിലാരംഭിച്ചത്. തിരുവനന്തപുരത്താണ് രണ്ടാമത്തെ ഫിംഗർപ്രിന്റ് ബ്യൂറോ കേരള ഫിംഗർ പ്രിന്റ് ബ്യൂറോ തുടങ്ങിയത്.
ആദ്യത്തെ ഫിംഗർപ്രിന്റ് എക്സ്പെർട്ടായി ചുമതലയേറ്റ ഖാൻസാഹിബ്, 1980 ൽ അഖിലേന്ത്യാ പരീക്ഷയിൽ ഒന്നാം റാങ്കുകാരനായി. അമേരിക്കയിലെ നാഷനൽ അസോസിയേഷൻ ഓഫ് ഡോക്യുമെന്റ് എക്സാമിനേഴ്സ് (നെയ്ഡ്) എന്ന സംഘടനയിൽ പ്രൊഫഷനൽ മെംബർഷിപ്പ് കരസ്ഥമാക്കിയ ഇന്ത്യക്കാരനെന്ന ബഹുമതിയും ഖാൻ സാഹിബിന് സ്വന്തം.
ഖാൻ സാഹിബിന്റെ ജീവിതപങ്കാളി നദീറ, ഏഴു വർഷം മുമ്പ് അന്തരിച്ചു. കോഴിക്കോട് സാമൂഹിക നീതി വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന ഡോ. റോഷൻ ബിജ്ലി, ജിദ്ദയിലുള്ള ഡോ. റോഷ്നി ബിന്ദ്യ എന്നിവരാണ് മക്കൾ. (അന്നത്തെ ആഗ്രാട്രെയിനിലെ സഹയാത്രികനായ, തന്റെ ഭാവിജീവിതത്തെ നിർണായകമായി സ്വാധീനിച്ച അധ്യാപകൻ ആർ.ബി ഗുപ്തയുടെ മക്കളുടെ പേരാണ് തന്റെ രണ്ടു മക്കൾക്കുമിട്ടതെന്ന് ഖാൻ സാഹിബ്).
നടനും ഇന്ത്യാവിഷൻ ചാനലിലെ അവതാരകനുമായിരുന്നു ഡോ. റോഷൻ. ഡോ. കവിതയാണ് റോഷന്റെ പത്നി. മകൾ റോഷ്നി ബിന്ദ്യയുടെ ഭർത്താവ് മുഹമ്മദ് സാലി ജിദ്ദയിൽ എസ്.ടി.സിയിൽ ജോലി ചെയ്യുന്നു.






