Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിനിസിയൂസ് വിധിയെഴുതി, പതിനാലാമതും റയല്‍

പാരിസ് - റയല്‍ മഡ്രീഡിന്റെ സ്വപ്‌നതുല്യമായ തിരിച്ചുവരവുകള്‍ക്ക് യൂറോപ്യന്‍ കിരീടമുദ്ര. വിനിസിയൂസ് ജൂനിയറിന്റെ ഏക ഗോളിന് ലിവര്‍പൂളിനെ കീഴടക്കി റയല്‍ മഡ്രീഡ് പതിനാലാം തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായി. 2018 ലെ ഫൈനല്‍ തോല്‍വിക്ക് പകരം ചോദിക്കാനിറങ്ങിയ ലിവര്‍പൂളിന് മറ്റൊരു തോല്‍വിയുടെ വേദന ഏറ്റുവാങ്ങേണ്ടി വന്നു. അമ്പത്തൊമ്പതാം മിനിറ്റില്‍ ഫെഡെ വാല്‍വെര്‍ദെയുടെ പാസില്‍ നിന്ന് വിനിസിയൂസ് റയലിന്റെ വിജയ ഗോള്‍ കണ്ടെത്തി. ഈ സീസണില്‍ നാലു കിരീടങ്ങള്‍ സ്വപ്‌നം കണ്ട ലിവര്‍പൂളിന് രണ്ടെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ ഒരു പോയന്റിന്റെ വ്യത്യാസത്തില്‍ ലിവര്‍പൂളിന് കിരീടം നഷ്ടപ്പെട്ടിരുന്നു. ഒമ്പതു സീസണില്‍ അഞ്ചാം തവണയാണ് റയല്‍ കിരീടം നേടിയത്. ഈ സീസണിലെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍ കൂടിയാണ് അവര്‍. 
ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ അടക്കിഭരിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ തിബൊ കോര്‍ടവയുടെ മിന്നുന്ന പ്രകടനമാണ് റയലിനെ രക്ഷിച്ചത്. സാദിയൊ മാനെയുടെ ഷോട്ട് കോര്‍ടവ തട്ടിത്തെറിപ്പിച്ചു.
സ്റ്റേഡിയത്തിനു മുന്നിലെ കുഴപ്പങ്ങള്‍ കാരണം ടിക്കറ്റുള്ളവര്‍ക്ക് അകത്തു പ്രവേശിക്കാന്‍ സാധിക്കാതിരുന്നതോടെ 35 മിനിറ്റ് വൈകിയാണ് കലാശക്കളി ആരംഭിച്ചത്. ചിലര്‍ അതിര്‍ത്തി വേലി കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. 
അതിന്റെ പ്രത്യാഘാതം മത്സരത്തിലും പ്രതിഫലിച്ചു. പതിനാറാം മിനിറ്റിലാണ് ശ്രദ്ധേയമായ ആദ്യ നീക്കമുണ്ടായത്. 21ാം മിനിറ്റില്‍ മാനെയുടെ ഷോട്ട് റയല്‍ ഗോളി പോസ്റ്റിലേക്ക് തട്ടിത്തെറിപ്പിച്ചു. റയല്‍ ക്യാപ്റ്റന്‍ കരീം ബെന്‍സീമയെ ലിവര്‍പൂള്‍ പ്രതിരോധം കൂച്ചുവിലങ്ങിട്ടു നിര്‍ത്തി. ഇടവേളക്ക് അല്‍പം മുമ്പ് ബെന്‍സീമ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡിന് വിസിലുയര്‍ന്നു. 
രണ്ടാം പകുതിയില്‍ റയലിന്റെ ചെറുത്തുനില്‍പ് ഫലം കണ്ടു. വലതു വിംഗിലൂടെ കുതിച്ച വാല്‍വെര്‍ദെ ഗോള്‍മുഖത്തേക്കു സമാന്തരമായി പായിച്ച ക്രോസ് വിനിസിയൂസ് വലയിലേക്ക് തിരിച്ചുവിട്ടു. ബ്രസീല്‍ ടീമില്‍ വിനിസിയൂസിന്റെ സഹതാരമായ അലിസന് അത് തൊടാനായില്ല. 
ലിവര്‍പൂള്‍ ഇരമ്പിക്കയറിയെങ്കിലും കോര്‍ടവ അജയ്യനായി നിന്നു. മുഹമ്മദ് സലാഹ് വളച്ചുവിട്ട ഷോട്ട് ഗോളി വലത്തോട്ട് ചാടി തെറിപ്പിച്ചു. ഡിയേഗൊ ജോടയുടെയും സലാഹിന്റെയും തുടരെയുള്ള ശ്രമങ്ങളും പാഴായി. സലാഹിന്റെ മറ്റൊരു കിടിലന്‍ ഷോട്ട് കോര്‍ടവ തട്ടിയുയര്‍ത്തിയതോടെ ലിവര്‍പൂളിന്റെ കണ്ണീരില്‍ സ്റ്റെയ്ഡ് ദെ ഫ്രാന്‍സ് നനഞ്ഞു. 
 

Latest News