എലിമിനേറ്ററിൽ ലഖ്‌നൗ വീണു, ബാംഗ്ലൂരിന് 14 റൺ ജയം

പിഴവുകളിൽ വിജയം കൈവിട്ടു

കൊൽക്കത്ത- ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ആദ്യ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ബാംഗ്ലൂർ നാലു വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് സ്വന്തമാക്കി. എതിരാളികളായ ലഖ്‌നൗ സൂപ്പർ ജെയിന്റ്‌സിന്റെ പിഴവുകളാണ് വൻ സ്‌കോർ നേടാൻ ബാംഗ്ലൂരിനെ സഹായിച്ചത്.  14 റൺസിനാണ് ബാംഗ്ലൂരിന്റെ ജയം. 
54 പന്തിൽ 112 റൺസ് നേടി പുറത്താകാതെനിന്ന രജത് പട്ടിദാർ ബാംഗ്ലൂരിന്റെ വിജയശിൽപിയായി. പന്ത്രണ്ട് ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു പട്ടിദാറിന്റെ ഇന്നിംഗ്‌സ്. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ സൂപ്പർ ജെയിന്റ്‌സിന് 193 റൺസ് മാത്രമേ നേടാനായുള്ളൂ. ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റൺ ലഖ്‌നൗ സ്വന്തമാക്കിയത്. 23 പന്തിൽ 37 റൺസ് നേടിയ ദിനേശ് കാർത്തികും ബാംഗ്ലൂർ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വിരാട് കോലി 24 പന്തിൽ 25ഉം മഹിപാൽ 14 റൺസും നേടി. 
ദിനേശ് കാർത്തികിന്റെയും പട്ടിദാറിന്റെയും ക്യാച്ചുകൾ കൈവിട്ടും മോശം ഫീൽഡിംഗിലൂടെയും ലക്‌നൗ റോയൽ ചലഞ്ചേഴ്‌സ് കളി തുടക്കത്തിൽ തന്നെ ബാംഗ്ലൂരിന് അനുകൂലമാക്കി. 10.3 ഓവറിൽ പ്രധാന താരങ്ങളെ നഷ്ടമായ ബാംഗ്ലൂർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 86 എന്ന നിലയിലായിരുന്നു. ആദ്യ ഓവറിൽ തന്നെ നായകൻ ഫഫ് ഡു പ്ലസിസിനെ ബാംഗ്ലൂരിന് നഷ്ടമായി. ഒൻപതാമത്തെ ഓവറിൽ വിരാട് കോലിയും കൂടാരം കയറി. പതിനൊന്നാം ഓവറിൽ ഗ്ലെൻ മാക്‌സ്‌വെലും പുറത്തായി. എന്നാൽ, തുടർന്ന് ക്രീസിൽ ഒരുമിച്ച കാർത്തികും പട്ടിദാറും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. രവി ബിഷ്‌ണോയി എറിഞ്ഞ 16ാം ഓവറിൽ ആദ്യ പന്തിൽ കാർത്തിക് സിംഗിൾ നേടി സ്‌ട്രൈക്ക് മാറി പട്ടിദാർ എത്തിയപ്പോൾ മൂന്ന് സിക്‌സും രണ്ട് ഫോറും പിറന്നു. ഈ ഓവറിൽ 27 റൺസാണ് പിറന്നത്. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 41 പന്തിൽ 92 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിന് വേണ്ടി നായകൻ കെ.എൽ രാഹുൽ 58 പന്തിൽ 79 റൺസ് നേടി. അഞ്ചു സിക്‌സും മൂന്നു ഫോറും അടങ്ങുന്ന ഇന്നിംഗ്‌സായിരുന്നു ഇത്. ദീപക് ഹൂഡ 26 പന്തിൽ 45 റൺസും അടിച്ചുകൂട്ടി. 11 പന്തിൽ 19 റൺസായിരുന്നു മനാൻ വോറയുടെ സമ്പാദ്യം. ബാംഗ്ലൂരിന് വേണ്ടോ ജോഷ് ഹേസൽവുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. പിഴവുകൾ വരുത്തിയില്ലെങ്കിൽ ലഖ്‌നൗവിന് കൈപിടിയിൽ ഒതുങ്ങാവുന്ന മത്സരമായിരുന്നു ഇത്.  


 

Latest News