Sorry, you need to enable JavaScript to visit this website.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ  ഇന്ന് റയലും യുവെന്റസും നേർക്കുനേർ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഇന്ന് റയൽ മഡ്രീഡിനെ ആദ്യ പാദത്തിൽ നേരിടുന്ന യുവെന്റസിന്റെ അർജന്റീനാ താരം പോളോ ദിബാല ടൂറിനിൽ പരിശീലനത്തിൽ.

മിലാൻ- റയൽ മഡ്രീഡും യുവെന്റസും നേർക്കുനേർ വരുമ്പോൾ അതൊരു മത്സരം തന്നെയായിരിക്കും. കഴിഞ്ഞ തവണ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഏറ്റുമുട്ടിയ ഈ വമ്പന്മാർ ഇത്തവണ മുഖാമുഖം വരുന്നത് ക്വാർട്ടറിലാണ്. ടൂറിനിൽ ഇന്ന് നടക്കുന്ന ആദ്യ പാദ മത്സരത്തെ തങ്ങൾ ഫൈനൽ തന്നെയായാണ് കാണുന്നതെന്ന് യൂവി വിംഗർ യുവാൻ ക്വാഡ്രാനോ പറഞ്ഞു. റയൽ കോച്ച് സിനദിൻ സിദാനാവട്ടെ ഈ മത്സരം ജീവന്മരണ പോരാട്ടമാണ്.
കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും റയലിന് ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രതിഭയാണെങ്കിലും പരിശീലക സ്ഥാനത്ത് സിദാന്റെ ആയുസ്സ് തീരുമാനിക്കുന്നതാവും തന്റെ മുൻ ക്ലബ്ബു കൂടിയായ യൂവെന്റസിനെതിരായ ക്വാർട്ടർ. ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബെർണബാവുവിൽ സിദാന് അധികം വാഴാൻ കഴിയില്ല, റയലിൽ തുടരണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഫ്രഞ്ചുകാരൻ കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും.
തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് നേടിയതിനു പുറമെ, ലാലീഗയും നേടി കഴിഞ്ഞ സീസണിൽ നേട്ടങ്ങളുടെ കൊടുമുടിയിലായിരുന്ന റയൽ ഈ സീസണിൽ മുടന്തുകയാണ്. ലാലീഗയിൽ ബാഴ്‌സലോണക്കും, അത്‌ലറ്റിക്കോ മഡ്രീഡിനും പിന്നിൽ മൂന്നാമതുമാത്രം. കോപ ഡെൽറേയിൽനിന്ന് പുറത്തായിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ചാമ്പ്യൻസ് ലീഗ് മാത്രം. അതുകൊണ്ടുതന്നെ ഇന്ന് ജയിക്കേണ്ടത് റയലിന്റെയും സിദാന്റെയും അഭിമാന പ്രശ്‌നം കൂടിയാവുന്നു. പ്രി ക്വാർട്ടറിൽ നെയ്മാറിന്റെ പി.എസ്.ജിയെ നേരിടുമ്പോഴും ഇതേ സമ്മർദം റയലിനുണ്ടായിരുന്നെങ്കിലും സിദാനും സംഘവും അതിനെ അതിജീവിച്ചു.
എങ്കിലും ഇന്ന് ടൂറിനിൽ ഇറങ്ങുമ്പോൾ റയലിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ ഏറെയുണ്ട്. കഴിഞ്ഞ വർഷം കാർഡിഫിൽ നേടിയ 4-1 വിജയത്തിന്റെ മുൻതൂക്കം മാത്രമല്ല അത്. കഴിഞ്ഞ 11 കളികളിൽ പത്തിലും ജയിച്ച് മിന്നും ഫോമിലാണവർ. ഇത്രയും മത്സരങ്ങളിലായി 36 ഗോളുമടിച്ചു. ശരാശരി മൂന്നിനും മേൽ. ഈ വിജയക്കുതിപ്പിൽ അത്‌ലറ്റിക്കോ മഡ്രീഡുമായുള്ള പോയന്റ് വ്യത്യാസം നാലായി കുറയ്ക്കാനും അവർക്കായി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോം തന്നെയാണ് റയലിന്റെ കരുത്ത്. കഴിഞ്ഞ ദിവസം സെവിയക്കെതിരെ രണ്ട് ഗോളടിച്ച ഗാരെത്ത് ബെയ്‌ലും ഫോമിലാണ്. 
മറുഭാഗത്ത് യൂവെന്റസും മിന്നും ഫോമിൽതന്നെ. കഴിഞ്ഞ ദിവസം എ.സി മിലാനെ 3-1ന് തോൽപ്പിച്ച അവർ ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ടോട്ടനമിലെതിരായ പ്രി ക്വാർട്ടറിൽ കാർഡ് കണ്ട ഡിഫന്റർ മെഹ്ദി ബനാത്തിയക്കും, മിഡ്ഫീൽഡർ മിറാലം പ്യാനിക്കിനും ഇന്ന് ഇറങ്ങാനാവില്ലെന്നതാണ് യൂവി കോച്ച് മാസ്സിമിലിലായനോ അലെഗ്രി നേരിടുന്ന മറ്റൊരു പ്രശ്‌നം.
ബയേൺ മ്യൂണിക്കും, സെവിയയും തമ്മിലാണ് ഇന്നത്തെ മറ്റൊരു മത്സരം. ജയന്റ് കില്ലർ എന്ന ഖ്യാതി നേടിക്കഴിഞ്ഞ സെവിയയെ ബയേൺ കോച്ച് യൂപ്പ് ഹെങ്കസ് ആശങ്കയോടെയാണ് കാണുന്നത്. പ്രി ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഓൾഡ് ട്രാഫോഡിൽ തോൽപ്പിച്ചുകൊണ്ടായിരുന്നു സെവിയയുടെ കുതിപ്പ്.
മൂന്ന് മാസം മുമ്പ് വിസെൻസോ മോണ്ടെല്ല പരിശീലകനായി എത്തിയതുമുതൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് സെവിയ നടത്തുന്നത്. അത്‌ലറ്റിക്കോ മഡ്രീഡിനെതിരെ ഹോം, എവേ വിജയങ്ങൾ നേടി. കഴിഞ്ഞ ദിവസം ബാഴ്‌സലോണക്കെതിരെ വിജയത്തിനടുത്തെത്തിയതാണ്. അവസാന മിനിറ്റുകളിൽ സുവാരസും മെസ്സിയും നേടിയ ഗോളുകളുമായി ബാഴ്‌സ ഒരുവിധം സമനില പിടിക്കുകയായിരുന്നു.
നാളെ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സ റോമയെ നേരിടുന്നുണ്ട്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലാണ് മറ്റൊരു മത്സരം.
 

Latest News