Sorry, you need to enable JavaScript to visit this website.
Saturday , August   20, 2022
Saturday , August   20, 2022

'ആദ്യരാത്രി  അവസാന രാത്രിയാക്കാം'

ചിത്രങ്ങൾ 

രത്തൻ ടാറ്റ, ഷീല, നസീർ, നിഖില വിമൽ

ലാളിത്യത്തിന്റേയും   വിനയത്തിന്റേയും  മറ്റൊരു പേരാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർപേഴ്‌സൺ രത്തൻ ടാറ്റ.  ആശയങ്ങളും ആദർശങ്ങളും അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ വെളിപ്പെടുത്തുന്നു.  അടുത്തിടെ നടന്ന ഒരു സംഭവം അതിനുള്ള ഉത്തമ ഉദാഹരണമാണ്.  സുരക്ഷാ ഉദ്യോഗസ്ഥരുടെ പടയ്‌ക്കൊപ്പം സഞ്ചരിക്കുന്ന നേതാക്കളുടെ നാട്ടിൽ തികച്ചും വ്യത്യസ്തൻ.  ഇന്ത്യയിലെ തലയെടുപ്പുള്ള വ്യവസായി വില കുറഞ്ഞ കാറായ  ടാറ്റ നാനോയിൽ അംഗരക്ഷകരോ സുരക്ഷാ ഗാർഡുകളോ ഇല്ലാതെ താജ് ഹോട്ടലിൽ എത്തി.  ഏറെ ജനപ്രിയനും സമ്പന്നനും  വ്യവസായിയുമായിരുന്നിട്ടും  അദ്ദേഹം ഹോട്ടലിൽ എത്തിയത് നാനോ കാറിലാണ് എന്നത് ഏവരേയും ആശ്ചര്യപ്പെടുത്തി.  ഹോട്ടലിൽ എത്തിയ അദ്ദേഹത്തെ പിന്നീട് എല്ലാ കാര്യങ്ങളിലും സഹായിച്ചത്  ഹോട്ടൽ ജീവനക്കാരാണ്.  
ചെറിയ കുടുംബങ്ങളെ ലക്ഷ്യമാക്കിയാണ്  ടാറ്റാ ഇന്ത്യയിൽ നാനോ കാർ അവതരിപ്പിച്ചത്.  അതിനു പിന്നിലെ കാരണവും പ്രചോദനവും അദ്ദേഹം  വെളിപ്പെടുത്തിയിരുന്നു.  സ്‌കൂട്ടറിൽ ഇന്ത്യൻ കുടുംബങ്ങളെ നിരന്തരം കാണുന്നതും,  കൂടാതെ അമ്മയ്ക്കും അച്ഛനും ഇടയിൽ ഒരു കുട്ടിയും.  അവർ പോകുന്നത് പലപ്പോഴും വഴുവഴുപ്പുള്ള റോഡുകളിലൂടെയാവും- അദ്ദേഹം പറഞ്ഞു.  ഇത്തരം സംഭവങ്ങളാണ് നാനോയുടെ നിർമ്മിതിയ്ക്ക് പ്രചോദനമായത്. ദേശീയ മാധ്യമങ്ങളെ പോലെ മലയാളത്തിലെ ദൃശ്യ മാധ്യമങ്ങളും ഈ സന്ദർശനം റിപ്പോർട്ട് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലും ഇത് പോസ്റ്റി. അവിടെയും കുറ്റം കണ്ടു പിടിക്കാനുള്ള വിരുതായിരുന്നു പലർക്കും. ഇപ്പോൾ ഒരു ലക്ഷത്തിനൊന്നും നാനോ കാർ കിട്ടില്ലെന്നും അപ് ഡേറ്റഡ് വേർഷന് നാല് ലക്ഷം രൂപ വരെയാവുമെന്നാണ് ഒരു മഹാനുഭാവൻ പ്രതികരിച്ചത്. 

***                  ***                  *** 

കെ.എസ്.ആർ.ടി.സി ശമ്പളം കൊടുക്കാനാവാതെ പ്രതിസന്ധി നേരിടുകയാണ്. അതിനിടയ്ക്കാണ് കേരളത്തിലെ മന്ത്രിയ്ക്ക് പുതിയ ആശയമുദിച്ചത്. എറണാകുളം തേവരയിൽ ചത്തു കിടക്കുന്ന വോൾവോ ബസുകളെ ക്ലാസ് മുറികളാക്കി മാറ്റാമെന്ന്. ഈ നിർദേശം സോഷ്യൽ മീഡിയ ഏറ്റു പിടിച്ചു. ഇതിലും ഭേദം  ഈ ബസുകൾക്ക് ചുവപ്പു നിറം നൽകി കെ-ബാർ തുടങ്ങുന്നതാണ് നല്ലതെന്നാണ് പൊതുവേ ഉയർന്ന നിർദേശം.  കേന്ദ്ര സർക്കാർ ജെൻറം പദ്ധതി പ്രകാരം അനുവദിച്ചതാണ്  ആഡംബര ബസുകൾ. നമുക്കത് ഉപയോഗിക്കാനറിയാത്തിനാൽ എല്ലാം നശിച്ചു. വോൾവോ ബസുകളിൽ കെ-ബാർ തുടങ്ങിയാൽ എന്നും ഗതാഗത സ്തംഭനമായിരിക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. എന്നാൽ പിന്നെ കൊച്ചി മെട്രോയും ലാഭത്തിലാക്കുന്ന കാര്യം ആലോചിച്ചു കൂടെ. അതിനുമുണ്ട് പുതിയ നിർദേശം. പ്രീ വെഡ്ഡിംഗ് ഷൂട്ടിന് പതിനായിരങ്ങൾ വാങ്ങി മെട്രോ കൊച്ചുകൾ വാടകയ്ക്ക് നൽകുക. നിശ്ചലമായി നർത്തുന്നതിന് വേറെ ചാർജ്. ഇപ്പോഴത്തെ ചില സേവ് ദ ഡേറ്റ് ഷൂട്ട് ചിത്രങ്ങൾ കാണാതിരിക്കുകയാണ് ഭേദം.ശിലായുഗത്തിലെ ആണും പെണ്ണും മണ്ണിൽ പൊതിഞ്ഞ് നിൽക്കുന്ന ചില ചിത്രങ്ങളാണ് കോവിഡാനന്തര കാലത്ത് സമൂഹ മാധ്യമങ്ങളിൽ കണ്ടത്. ഇവർക്കൊന്നും ആദ്യ രാത്രിയിലേക്ക് ഒരു കൗതുകവും ബാക്കിയുണ്ടാവില്ല തീർച്ച. പഴയ ഒരു കോമഡി മലയാള പടത്തിൽ കൽപന ജഗതിയോട് ആദ്യ രാത്രിയിൽ ഇത് നിന്റെ അവസാന രാത്രിയാക്കി തരാമെന്ന് പറഞ്ഞ പോലെയാവും കാര്യങ്ങൾ.  ബസിന്റേയും മെട്രോയുടേയും കാര്യത്തിൽ തീരുമാനമായെങ്കിൽ ലോകാവസാനം വരെ ലാഭമുണ്ടാക്കാനിടയില്ലാത്ത നമ്മുടെ സ്വന്തം കെ-റെയിലിനെ സഞ്ചരിക്കുന്ന മണിയറകളാക്കി മാറ്റിയും വരുമാനം ഉറപ്പിക്കാവുന്നതാണല്ലോ. ഏൻ ഐഡിയ കാൻ ചെയിഞ്ച് എനി ബൂർഷ്വാസി. 

***                  ***                  *** 

കഴിഞ്ഞ വർഷത്തെ മഴയ്ക്കിടെ പൂഞ്ഞാറിൽ കെ എസ് ആർ ടി സി ബസ് വെള്ളക്കെട്ടിലേക്ക് ഇറക്കിയ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യനെ സർവീസിൽ തിരിച്ചെടുത്തു. അച്ചടക്ക നടപടി നിലനിർത്തി കൊണ്ട് ഗുരുവായൂർ ഡിപ്പോയിലേക്ക് ജയദീപിനെ മാറ്റിയാണ് പുനർനിയമനം. 2021 ഒക്ടോബറിലാണ് അപകടകരമായ രീതിയിൽ വെള്ളക്കെട്ടിലൂടെ ഇയാൾ ബസ് ഓടിച്ചതിന് സസ്‌പെൻഷനിലായത്. ബസിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയിട്ടും ഇയാൾ ബസ് മുന്നോട് ഓടിച്ച് പോകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ട് ജയദീപിനെതിരെ നടപടി എടുത്തത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസും എടുത്തിരുന്നു.  ജയദീപ് സെബാസ്റ്റ്യൻ ബസ് വെള്ളക്കെട്ടിൽ ഇറക്കിയതിലൂടെ കെ. എസ്. ആർ. ടി. സിക്ക് 533000 രൂപ നഷ്ടം വരുത്തി എന്നാണ് പൊലീസ് രജിസ്റ്റർ ചെയ്തത് കേസിൽ പറഞ്ഞിരുന്നത്. ബസിന് മനപ്പൂർവ്വം കേടുപാട് വരുത്താൻ ജയദീപ് ഉദ്ദേശിച്ചിരുന്നുവെന്നും ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സർക്കാരിനെ വെല്ലുവിളിച്ച് ജയദീപ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.  തന്റെ നടപടി ജനങ്ങളെ രക്ഷിക്കാൻ വേണ്ടി എന്നായിരുന്നു ജയദീപ് സെബാസ്റ്റ്യന്റെ ന്യായീകരണം. കണ്ടക്ടറും യാത്രക്കാരും പറഞ്ഞതോടെയാണ് വാഹനമോടിച്ച് മുന്നോട്ടു പോയത് എന്നാണ് ജയദീപ് പറഞ്ഞത്. 

***                  ***                  *** 


സുവർണ കാലത്ത് മലയാള സിനിമയിലെ ഗോസിപ്പുകൾ പലപ്പോഴും നിത്യഹരിതനായകൻ നസീറിനെയും ഷീലയേയും പറ്റിയായിരുന്നു. ഷീലയുടെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജെബി ജംഗ്ഷനിൽ അവതാരകൻ ഷീലയോട് പ്രേംനസീറുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുന്നതാണിത്. നസീർ സാറുമായി പിണങ്ങി. മൂന്നു വർഷത്തോളം സിനിമയിൽ അഭിനയിച്ചില്ല. അതിനു ശേഷം ആണ് തുമ്പോലാർച്ചയിൽ നായിക ഷീലയും നസീർ നായകനും ആകുന്നത്. ഷീല അതിനു ഒരു കണ്ടീഷൻ വച്ചു. എനിക്ക് നസീർ സാറിന്റെ ഒപ്പം അഭിനയിക്കുന്നതിൽ വിഷമം ഒന്നും ഇല്ല. പക്ഷേ പ്രതിഫലം എനിക്ക് നായകനെക്കാളും കൂടുതൽ വേണം. ഒരു അയ്യായിരം രൂപ എങ്കിലും കൂടുതൽ ആയിരിക്കണം. നിർമ്മാതാവ് സമ്മതിച്ചു. ഷീലാമ്മ വന്നു എല്ലാ വികാര തീഷ്ണതയോടെയും അഭിനയിച്ചു. 
ഇതൊരു പുതിയ വിവരമല്ല. നാനയിലെ ഗോസിപ്പ് കോളത്തിൽ പണ്ട് അച്ചടിച്ചു വന്നതാണ്. അഭിമുഖത്തിന് കയറും മുൻപേ ഇത് കുമ്പസാരം ആണെന്ന് പറഞ്ഞിരുന്നുവെന്ന്   അവതാരകൻ പറയുന്നു.ഞാൻ എന്തിനു ഇവിടെ കുമ്പസരിക്കണം. കുമ്പസരിക്കണം എങ്കിൽ ഞാൻ പള്ളിയിൽ പോയാൽ പോരെ. നിങ്ങൾ പരിശുദ്ധൻ (ഫാദർ) ഒന്നും അല്ലല്ലോ. നിങ്ങളുടെ മുൻപിൽ കുമ്പസരിക്കേണ്ട ആവശ്യമെന്ത് എന്നായിരുന്നു ഷീലയുടെ മറുചോദ്യം. 

***                  ***                  *** 

പുതിയ കാലത്തെ മാധ്യമ പ്രവർത്തകരെ ആരാണ് പരിശീലിപ്പിച്ചെടുക്കുന്നതാണാവോ? അമ്മാതിരി ചോദ്യങ്ങളാണ് ചില വിദ്വാന്മാർ സെലിബ്രിറ്റികളോട് ചോദിക്കുന്നത്. സന്തോഷ് ശിവന്റെ മറുപടി നിഖിലയുടെ പുതിയ ചിത്രം ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈൽ സ്‌റ്റോൺ എന്ന യുട്യൂബ് ചാനലിന് നൽകിയ ഭിമുഖത്തിനിടയിൽ അവതാരകന്റെ ചോദ്യം ഭയങ്കരം. 'ചെസ്സ് കളിയിൽ ജയിക്കാൻ എന്താണ് വഴി? കുതിരയ്ക്ക് പകരം പശുവിനെ വെച്ചാൽ മതി. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ കഴിയില്ലല്ലോ' എന്ന അവതാരകന്റെ വാക്കുകൾക്കാണ് നിഖിലയുടെ മറുപടി. 'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കിൽ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ് -നിഖില പറഞ്ഞു.   നമ്മുടെ നാട്ടിൽ  കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാൻ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കിൽ നിങ്ങൾ മുഴുവനായും വെജിറ്റേറിയൻ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാൻ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാൻ എന്തും കഴിക്കും. നിർത്തുകയാണെങ്കിൽ എല്ലാം നിർത്തണം'  നിഖില കൂട്ടിച്ചേർത്തു. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ വേർതിരിവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നടി നിഖില വിമലിനെതിരെ സൈബർ ആക്രമണമുണ്ടായി. നടിയുടെ നിലപാട് വ്യക്തമാക്കിയുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സൈബർ ആക്രമണം ശക്തമായത്.

***                  ***                  *** 

ഇന്ത്യയിലെ ദേശീയ ചാനലുകൾ അത്യാഹ്ലാദത്തിലാണ്. റിപ്പബ്ലിക് ചാനലിലെ അർണബ് ഗോസ്വാമിയുടെ അട്ടഹാസം ഒരു ഇലക്ഷൻ ഇങ്ങെത്തിയ പ്രതീതി സൃഷ്ടിക്കുന്നു. ഇന്ത്യാ ടുഡേ ടിവിയും അവരുടെ ഹിന്ദി ചാനലായ ആജ് തകും പുതിയ എക്‌സ്‌ക്ലൂസീവുകൾ പൊട്ടിക്കുന്ന തിരക്കിലാണ്. ന്യൂസ് ബുള്ളറ്റിൻ തുടങ്ങുമ്പോൾ നീല ഷർട്ടും വെള്ള പാന്റുമിട്ട പെൺകുട്ടി ഇതാ വി ഗോട്ട് ക്ലിയർ പ്രൂഫ് ഓഫ് അനദർ ലിംഗം ഫൗണ്ട് ഇൻ എ മോസ്‌ക്. ഇന്ത്യയിൽ നിന്ന്  ബില്യൺ കണക്കിന് ഡോളർ പിൻവലിഞ്ഞതും രൂപ തകർന്നിടിഞ്ഞതും പാചകവാതകത്തിനും ഇന്ധനത്തിനും റോക്കറ്റ് പോലെ വില കുതിച്ചയുർന്നതൊന്നും ദേശീയ ചാനലുകൾക്ക് വിഷയമേ അല്ല. നടക്കട്ടെ, 2024ൽ വിദ്വേഷ വിത്തുകൾ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണല്ലോ ശമ്പളക്കാരായ മാധ്യമ പ്രവർത്തകർ വൻ വ്യവസായികളായ ചാനൽ ഉടമകൾക്ക് വേണ്ടി ഇതിനൊക്കെ കൂട്ടു നിൽക്കുന്നത്. ഇവരൊക്കെ കേരളത്തിലെ പഴയ കാര്യം ഓർക്കുന്നത് കൊള്ളാം. ഡി.വൈ.എഫ്.ഐയുടെ വസന്തകാലത്ത് മനുഷ്യചങ്ങല എന്ന പേരിലൊരു സമരം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി വന്ന മനുഷ്യക്കോട്ടയും മനുഷ്യമതിലുമൊന്നും ആരും മൈൻഡ് ചെയ്തില്ല. ആവർത്തനത്തിന് ഇങ്ങിനെയൊരു പ്രശ്‌നമുണ്ട്. അയോധ്യ പോലെ വരാണസിയും മഥുരയും ക്ലിക്കാവണമെന്നില്ല. 

Latest News