Sorry, you need to enable JavaScript to visit this website.
Friday , August   12, 2022
Friday , August   12, 2022

നിലമ്പൂരിലൊഴുകിയ നിണച്ചാൽ അഥവാ കൊലക്കുറ്റത്തിലെ 'ഒറ്റമൂലി'

ഷെബിൻ അഷ്റഫിന്റെ ആഡംബര കാറുകളിൽ ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തുന്നു.
ഷാബാ ഷെരീഫ്
ഷാബാ ഷെരീഫിന്റെ ജഡം കൊത്തി നുറുക്കാൻ ഉപയോഗിച്ച തടിക്കഷ്ണത്തിനായിപോലീസ് വീട്ട് വളപ്പിൽ തെരച്ചൽ നടത്തുന്നു
തിരുവനന്തപുരത്ത് നൗഷാദും സംഘവും ആത്മഹത്യാ നാടകം നടത്തിയപ്പോൾ.

പതിനഞ്ച് മാസത്തോളം കൊട്ടാര സദൃശമായ തന്റെ വീട്ടിൽ ബന്ദിയാക്കി ഇഞ്ചിഞ്ചായാണ് ഷെബിൻ അഷ്‌റഫ്, ഒരു മനുഷ്യനെ ഇല്ലാതാക്കിയത്. വിദഗ്ധനായ കശാപ്പുകാരനെ  പോലെ ജഡം തുണ്ടം തുണ്ടമാക്കി കൊത്തി നുറുക്കി പാകപ്പെടുത്തുകയും ചെയ്തു. പിന്നീടതെല്ലാം നിരവധി പ്ലാസ്റ്റിക് കവറിനുള്ളിലാക്കി മലപ്പുറം-എടവണ്ണ സീതിഹാജി പാലത്തിന് മുകളിൽനിന്ന് ചാലിയാർ പുഴയിലേക്ക് അയാളും, കൂട്ടാളികളും വലിച്ചെറിയുകയായിരുന്നു. 

 

ഇക്കഴിഞ്ഞ ഏപ്രിൽ 27-ന് നിലമ്പൂർ പോലീസിൽ ഷെബിൻ അഷ്‌റഫ് എന്ന കോടീശ്വരന്റെ ഒരു പരാതി ലഭിച്ചു. താൻ ജോലിയിൽനിന്ന് പിരിച്ച് വിട്ട സുൽത്താൻ ബത്തേരിക്കാരനായ നവാസ് എന്ന ആളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം നിലമ്പൂർ-മുക്കട്ട പ്രദേശത്തുള്ള തന്റെ വീട്ടിൽ അതിക്രമിച്ച് കയറി, ഏഴ് ലക്ഷംരൂപയും, തന്റെ സ്വകാര്യ ലാപ്‌ടോപ്പും, വിലപിടിപ്പുളള നാല് ഫോണുകളും കവർന്നതായിട്ടായിരുന്നു ഷെബിൻ അഷ്‌റഫ് നൽകിയ പരാതി. തുടർന്ന് പോലീസ് ഊർജിതമായ അന്വേഷണവും തുടങ്ങി. 
ഇതിനിടെ, തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മൂന്ന് യുവാക്കൾ ആത്മഹത്യാ ശ്രമം നടത്തി. ഏപ്രിൽ 29-നായിരുന്നു ഈ സംഭവം. മാധ്യമങ്ങൾ അതിനത്ര തന്നെ പ്രാധാന്യം നൽകിയില്ല. യുവാക്കൾ ഒരു പെൻ ഡ്രൈവ് ഉയർത്തിക്കാട്ടിയായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയത്. തെരുവ്‌നാടകം പോലെയായിരുന്നു ഇവരുടെ ഷോ. പക്ഷേ, ഈ ഷോയ്ക്ക് പിന്നിൽ മറ്റ് പല മാനങ്ങളുണ്ടായിരുന്നു. അപസർപ്പക കഥകളെന്ന് തോന്നിപ്പിക്കുന്ന അവിശ്വസനീയമായ പല സംഭവങ്ങളും പുറംലോകത്തെ അറിയിക്കാനുള്ള ചെപ്പടിവിദ്യയായിരുന്നു അതെന്ന് പറയാം. അതിലവർ ലക്ഷ്യം കാണുകയും ചെയ്തു. കൊലക്കേസ്സിൽ ഇപ്പോൾ റിമാന്റിൽ കഴിയുന്ന നടുത്തൊടിക നിഷാദ് (32), പൊന്നക്കാരൻ ശിഹാബുദ്ദീൻ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവരായിരുന്നു ആത്മഹത്യാ നാടകം നടത്തിയത്.
നഷ്ടപ്പെട്ട തന്റെ ലാപ്‌ടോപ് വീണ്ടെടുക്കുന്നതിനായാണ് ഷെബിൻ അഷ്‌റഫ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അതീവ ബുദ്ധിമാനാണെന്ന് സ്വയം കരുതുന്ന ഷെബിൻ അഷ്‌റഫിന് നഷ്ടപ്പെട്ട തന്റെ ഫോണുകളും, ലാപ്‌ടോപ്പും തിരിച്ച് കിട്ടുക എന്ന മിനിമം ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ, കാര്യങ്ങൾ പാളുമെന്ന് അയാൾക്ക് മനസ്സിലാക്കാനായില്ല. പോലീസ് അവരുടെ ജോലി പൂർത്തീകരിച്ചതോടെ ഷെബിൻ അഷ്‌റഫ് അകത്താവുകയും ചെയ്തു. ക്വട്ടേഷൻ ടീം സിനിമാനടിയെ കാറിലിട്ട് മാനഭംഗപ്പെടുത്തിയ സംഭവം പുറംലോകം അറിഞ്ഞതോടെയാണ് കുറ്റകൃത്യങ്ങളിൽ ഹൈടെക് സംവിധാനത്തിന്റെ  പങ്കിനെക്കുറിച്ച് പൊതു ധാരണ കൈവരുന്നത്. ഹൈടെക് സംവിധാനം കുറ്റകൃത്യങ്ങളിൽ പലരും ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ ഇന്ത്യൻ തെളിവ് നിയമത്തിന് അത് വലിയ സാധ്യതയായി മാറിയിരിക്കുകയാണ്. 'മൂലക്കുരു' ചികിത്സക്കുള്ള ഒറ്റമൂലി രഹസ്യം സ്വായത്തമാക്കാനായി മലപ്പുറത്തെ ഒരു കോടീശ്വരൻ നടത്തിയ ഹൈടെക് ക്രൂരകൃത്യങ്ങൾ സേവന പാരമ്പര്യം ഏറെയുള്ള പോലീസ് ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കുടിലിൽനിന്ന് കൊട്ടാരത്തിലേക്ക്


പന്ത്രണ്ട് വർഷം മുമ്പ് ഒരു സാദാ ഓട്ടോഡ്രൈവറായിരുന്നു ഷെബിൻ അഷ്‌റഫ്. കുറച്ച് കാലം ലോറി ക്ലീനറായും ഇയാൾ ജോലി നോക്കി. വയനാടാണ് സ്വദേശമെങ്കിലും, നിലമ്പൂർ മുക്കട്ടയിലാണ് ഇപ്പോൾ താമസം. പത്ത് വർഷം മുമ്പ് തൊഴിൽ തേടി അബൂദാബിയിലെത്തി. അവിടെയെത്തിയ ശേഷമുള്ള സംഭവവികാസങ്ങൾ അജ്ഞാതമാണ്. മുക്കട്ട പ്രദേശത്ത് നാട്ടുകാരായ ഒരാളുമായും ഇയാൾക്ക് ബന്ധമില്ല. സുഹൃദ് ബന്ധങ്ങൾ ഒട്ടും തന്നെയില്ല. 5 വർഷം മുമ്പാണ് ഇയാളിവിടെ വീട് വാങ്ങി താമസം തുടങ്ങുന്നത്. കൂറ്റൻ മണിമാളിക. ഇയാളുടെ ശിങ്കിടികൾ മാത്രമാണ് അവിടേക്ക് വരുന്നതും, പോകുന്നതും. ഷെബിൻ അഷ്‌റഫ് നടന്ന് പോകുന്നത് ആരും കണ്ടിട്ടില്ല. ആഡംബര കാറിനകം, വീടിനകം, പുറംലോക ബന്ധം അത്ര മാത്രം. ഇന്നിപ്പോൾ, 300 കോടിയുടെ ആസ്തിയുള്ള ധനികനാണ് ഇയാൾ. തന്റെ സമ്പാദ്യത്തെക്കുറിച്ചും, അതിന്റെ ഉറവിടത്തെക്കുറിച്ചും ഷെബിൻ അഷ്‌റഫിന് മാത്രമേ കൃത്യമായി അറിയൂ. അതിൽ പല രഹസ്യങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു. ആ രഹസ്യം വെളിവായിട്ടില്ല. ഗൾഫിൽ എണ്ണ വിൽപ്പന നടത്തിയാണ് താൻ പണക്കാരനായതെന്ന് അയാൾ അവകാശപ്പെട്ടിരുന്നു. സുൽത്താൻ ബത്തേരി പുത്തൻകുന്ന് ഊട്ടി റോഡിൽ കോടികൾ വിലയുള്ള കൊട്ടാര സമാനമായ വീട്. നിലമ്പൂർ മുക്കട്ടയിൽ കോടികളുടെ മറ്റൊരു മണിമാളിക. പത്തോളം ആഡംബര വാഹനങ്ങൾ. ബത്തേരിയിൽ ഓഫീസ്. ഒരു പാട് അനുചരൻമാർ. കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയിൽ വൻ ബിസിനസ് പ്രൊജക്ട്. മറ്റ് പലതരം സാമ്പത്തിക ഇടപാടുകൾ. 

ഷെബിൻ അഷ്‌റഫിന്റെ പുറംദൃശ്യങ്ങൾ


നിർധന കുടുംബമായിരുന്നു ഷെബിൻ അഷ്‌റഫിന്റേത്. പിതാവ് മെക്കാനിക്കായിരുന്നു. പ്ലസ്ടു വിദ്യാഭ്യാസവും, അൽപ്പം കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് ഷെബിൻ അഷ്‌റഫിന്റെ അക്കാദമിക് യോഗ്യത. അബൂദാബിയിൽ അറബിയുമൊന്നിച്ച് ഡീസൽ വ്യാപാരമാണ് തനിയ്‌ക്കെന്ന് ഇയാൾ പലരോടും പറഞ്ഞിരുന്നു. അവിടെ സ്വന്തമായി  റസ്റ്റോറന്റുണ്ടെന്നും ഷെബിൻ അവകാശപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ഒരു ദശാബ്ദം കൊണ്ട് ഷെബിൻ അഷ്‌റഫ് 300 കോടി ആസ്തിയുടെ ഉടമ ആയതെങ്ങനെ എന്ന ചോദ്യത്തിന് നാട്ടുകാർക്കും പോലീസിനുമൊക്കെ ഇപ്പോൾ പലവിധ ഉത്തരങ്ങളും നൽകാനാകും. അതീവ സമർത്ഥനും, ബുദ്ധിമാനുമായി നടിക്കുന്ന വ്യക്തിയാണ് ഷെബിൻ അഷ്‌റഫ്. ഇയാൾ നടത്തിയ അതിനീചമായ ഒരു കൊലപാതകം ഇതിനകം ചുരുളഴിഞ്ഞ് കഴിഞ്ഞു. ഗൾഫിലും മറ്റുമായി നടന്ന ചില ദുരൂഹ മരണങ്ങളിലേക്ക് ദിശാസൂചിക നൽകുന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കിഡ്‌നി രോഗിയാണ് ഷെബിൻഅഷ്‌റഫ്.  വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം അബൂദാബിയിൽ തന്നെയായിരുന്നു. ഇതിനിടയ്ക്ക് അവിടെ ഒരു കേസിൽ അകപ്പെട്ട് രണ്ട് വർഷം അവിടെ ജയിലിലായി. ജയിൽ മോചിതനായി നാട്ടിലെത്തിയ ശേഷമാണ് നിലമ്പൂരിൽ പുതിയ വീട് വാങ്ങി താമസമാക്കിയത്.  ഇപ്പോൾ അബൂദാബിയിലേക്ക് പോകാൻ ഇയാൾക്ക് വിലക്ക് ഉണ്ട്. പോലീസ് അന്വേഷണം അതിന് പിറകേയും നീങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ ഷെബിൻ അഷ്‌റഫ് എന്ന കൊടും കുറ്റവാളിയെ കൊണ്ട് മലപ്പുറം പോലീസിന് പിടിപ്പത് ജോലിയായിരിക്കുകയാണ്.

സംഭവങ്ങളുടെ നിഗൂഢത


മൈസൂർ രാജീവ് നഗറിൽ മൂലക്കുരുവിന് ഒറ്റമൂലി ചികിത്സ നടത്തിയിരുന്ന പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫി(60)നെയാണ് അതിക്രൂരമായി ഷെബിൻ അഷ്‌റഫ് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ ചികിത്സയെക്കുറിച്ച് കേട്ടറിഞ്ഞാണ് കേരളത്തിൽനിന്ന് ഷെബിൻ അഷ്‌റഫും സംഘവും 2019 ജൂലൈ 30 ന് തങ്ങളുടെ വീട്ടിൽ വന്നതെന്ന് ഷാബാ ഷരീഫിന്റെ ഭാര്യ 45-കാരിയായ ജെബീന താജ് പറയുന്നു. ഒരു രോഗിയെ ചികിത്സിക്കാനെന്ന് പറഞ്ഞാണ് സംഘം അവിടെയെത്തിയത്. അവരൊടൊപ്പം പുറപ്പെടണമെന്നായിരുന്നു ആവശ്യം. ഭർത്താവതിന് തയ്യാറായില്ല. രോഗിയെ മൈസൂരിൽ എത്തിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞതിനെ തുടർന്നാണ് ഷാബാ ഷരീഫ് പിന്നീട് അവരോടൊപ്പം ബൈക്കിന് പിറകിലിരുന്ന് പുറപ്പെട്ടത്. പത്ത് മിനിറ്റിനകം തിരിച്ചെത്തിക്കാമെന്നും അവർ പറഞ്ഞിരുന്നു. ഏറെ കഴിഞ്ഞും ഭർത്താവ് തിരിച്ച് വരാതായതോടെ ഭാര്യ ജെബീന ഓഗസ്റ്റ് രണ്ടിന് മൈസൂർ-സരസ്വതീപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ഇവർ പറയുന്നു. ഭർത്താവ് എവിടെ പോയെന്ന ഒരു ധാരണയും ഇവർക്കില്ലായിരുന്നു. അയാൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനിടയ്ക്കാണ് നിലമ്പൂർ പോലീസ് തങ്ങളെ അന്വേഷിച്ചെത്തുന്നത്. ലാപ്‌ടോപ്പിൽ ഭർത്താവിനെ ഉപദ്രവിക്കുന്ന ദൃശ്യം അവർ കാണിച്ച് തന്നതായും ജെബീന താജ് പറയുന്നു. ദൃശ്യത്തിൽ കണ്ട ആൾ ഭർത്താവ് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഷാബാ ഷരീഫ് കൊല്ലപ്പെട്ട വിവരം അവരറിയുന്നതും. എട്ട് മക്കളാണ് ഷാബാ ഷരീഫ്- ജെബീന താജ് ദമ്പതിമാർക്കുള്ളത്. ഇവരിൽ രണ്ട് ആൺമക്കളും, രണ്ട് പെൺമക്കളും ജെബീനയ്‌ക്കൊപ്പമാണ് താമസം. മറ്റുള്ളവർ മൈസൂരിൽ പലയിടങ്ങളിലായി അവരവരുടെ കുടുംബത്തോടൊപ്പം കഴിയുന്നു.

കൊടിയ പീഡനങ്ങൾ


ഷാബാ ഷെരീഫിനെ തന്ത്രത്തിൽ നിലമ്പൂരിലെത്തിച്ച ഷെബിൻ അഷ്‌റഫും സംഘവും അയാളെ കൊട്ടാര സദൃശമായ വീടിനുള്ളിൽ രഹസ്യമായി പാർപ്പിക്കുകയായിരുന്നു. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി രഹസ്യം മനസ്സിലാക്കാനായിരുന്നു ഇതെന്നും പറയുന്നു. ഔഷധ ചേരുവ മനസ്സിലാക്കി, വൻ തോതിൽ മരുന്ന് നിർമ്മിച്ച് വിപണനം നടത്തുക എന്നതായിരുന്നു പ്ലാൻ. നയത്തിലും, അല്ലാതെയും ഒക്കെ പെരുമാറിയിട്ടും ഷാബാ ഷരീഫ് ഔഷധ ചേരുവയുടെ വിവരം വെളിപ്പെടുത്തിയില്ല. ഭീഷണിയും, മർദ്ദനവുമായി പിന്നീട്. അതൊന്നും ഫലിച്ചതുമില്ല. ഇതിങ്ങനെ തുടർന്നു. മരുന്നിന്റെ രഹസ്യം മനസ്സിലാക്കാനായി ഷെബിൻ അഷ്‌റഫും, സംഘവും നടത്തിയ അതിഭീകരമായ ഭേദ്യങ്ങൾക്കൊടുവിൽ ഷാബാ ഷരീഫ് 2020 ഒക്‌ടോബറിൽ കണ്ണടച്ചു. ജഡം ബാത്ത് റൂമിൽ വെച്ച് പല കഷ്ണങ്ങളാക്കി കൊത്തി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി കാറിനുള്ളിൽ അടുക്കി ക്രമീകരിച്ചു. ആദ്യം പുറപ്പെട്ട ഒരു കാറിൽ ഷിഹാബുദ്ദീനും, മറ്റൊരു ആഡംബര കാറിൽ ഷെബിൻ അഷ്‌റഫും ഡ്രൈവർ നിഷാദും, അതിന് പിറകിൽ മറ്റൊരു കാറിലായി നൗഷാദുമാണ് ജഡാവശിഷ്ടങ്ങൾ പുലർച്ചെ എടവണ്ണ പാലത്തിന് മുകളിൽ നിന്ന് ചാലിയാർ പുഴയിലേക്കെറിഞ്ഞത്. 
പിന്നീട് അഷ്‌റഫിന്റെ വീട്ടിലെത്തിയ പ്രതികൾ എല്ലാവരും ചേർന്ന് ബാത്ത്‌റൂം വൃത്തിയാക്കുകയായിരുന്നുവെന്നാണ് നൗഷാദ് പോലീസിന് നൽകിയ മൊഴി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത, ഇവർക്ക് പുറമെ ഷാബാ ഷരീഫിനെ മൈസൂരിൽ നിന്ന് തട്ടിക്കൊണ്ട് വരാൻ സഹായിച്ച മറ്റ് നാല്‌പേർകൂടി ഇനി പിടിയിലാകാനുണ്ട്. പുറംലോകമറിയാതെ ഇത്രയും നാൾ ഷാബാ ഷരീഫിനെ റൂമിൽ ഒളിപ്പിച്ചത് എങ്ങനെയെന്ന് പോലീസ് പഠിച്ച് വരികയാണ്.
കൊലപാതകത്തിന് ശേഷം ഷെബിൻ അഷ്‌റഫുമായി സഹായികളായ മൂവരും ഇടഞ്ഞു. കൂട്ടാളികളെ മോഹിപ്പിച്ച വാഗ്ദാനങ്ങളൊന്നും ഷെബിൻ അഷ്‌റഫ് പാലിച്ചില്ല. ഇതിനെ തുടർന്നാണ് ഷാബാ ഷരീഫിനെ പീഡിപ്പിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച ലാപ്‌ടോപും, ഫോണുകളും കൈക്കലാക്കുന്നതിനായി ഇവർ ഷെബിൻ അഷ്‌റഫിന്റെ വീട്ടിൽ അതിക്രമിച്ച് കേറി കവർച്ച നടത്തിയത്. ഈ ലാപ്‌ടോപ് തിരിച്ച് കിട്ടുന്നതിന് വേണ്ടിയാണ് 'ബുദ്ധിമാനായ'ഷെബിൻ അഷ്‌റഫ്' പോലീസിൽ പരാതിയുമായി സമീപിച്ചതും. ക്വട്ട്വേഷൻ സംഘത്തെ വിട്ട് തങ്ങളെയും ഷെബിൻ അഷ്‌റഫ് വക വരുത്തുമെന്ന് സ്വാഭാവികമായും ഇവർ ഭയപ്പെട്ടിരുന്നു. കാര്യങ്ങളെല്ലാം പുറത്തറിയിച്ചില്ലെങ്കിൽ ഷെബിൻ അഷ്‌റഫിന്റെ ക്രൂരതയെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഇവർ, തുടർന്നുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാൻമാരായിരുന്നു. ക്രൂരമായ കൊല ഇനിയും ആവർത്തിക്കുമെന്ന ഭയപ്പാടിലായിരുന്നു സംഘം. എങ്ങനെയെങ്കിലും വിവരം പുറംലോകത്തെ അറിയിക്കുക എന്ന ലക്ഷ്യമിട്ടാണ് തലസ്ഥാന നഗരിയിലെത്തി ആത്മഹത്യാ നാടകം ആവിഷ്‌കരിച്ചതത്രെ.

ഇനിയും അഴിയാനുള്ള കുരുക്കുകൾ


ഷെബിൻ അഷ്‌റഫിന്റെ വീട്ടിൽ നിന്ന് പ്രതികൾ കവർന്ന നാല് ഫോണുകൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഭരണിക്കുള്ളിലാക്കി മണ്ണിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ഫോണുകളിലും ഓഡിയോ, വീഡിയോകൾ ചിത്രീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, പ്രതികളിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുള്ള ലാപ്‌ടോപ്പും, പെൻഡ്രൈവും രഹസ്യങ്ങളുടെ കലവറയാണ്. കുറേ വീഡിയോ ദൃശ്യങ്ങൾ ഇതിൽ നിന്ന് ലഭ്യമായിട്ടുണ്ട്. ഷാബാഷെരീഫിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് പുറമെ, മറ്റ് ഒരു പാട് കാര്യങ്ങൾ ഈ ഡിജിറ്റൽ സ്റ്റോറിലുണ്ട്. പാസ്‌വേഡ് വാങ്ങൽ, പെണ്ണിനെ തീർക്കൽ, ഏരിയ വീതിക്കൽ, അവളെ വലിക്കൽ, തീർക്കൽ, സെർച്ചിംഗ് തുടങ്ങി വിവിധ തലക്കെട്ടുകളിലായി പെട്ടന്ന് കാര്യം പിടി കിട്ടാത്ത തരത്തിൽ പല ഫയലുകളായാണ് ഡിജിറ്റൽ സ്റ്റോറിലുള്ളത്. ഓരോ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നതിന് മുമ്പുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇതിലുണ്ട്. ഡിലിറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താനുള്ള പോലീസ് ശ്രമം തുടരുകയാണ്. ഷാബാ രീഫിനെ പീഡിപ്പിക്കുന്നത് അടക്കമുള്ള ചില വീഡിയോകൾ ചിത്രീകരിച്ചിട്ടുള്ളത് നൗഷാദാണ്. പോലീസിന് പ്രധാന മൊഴി നൽകിയിട്ടുള്ളതും ഇയാൾ തന്നെയാണ്. ഷെബിൻ ഷ്‌റഫിൽ നിന്ന് തനിയ്ക്ക് എന്തെങ്കിലും ഉപദ്രവമുണ്ടാകുമെന്ന് ഭയന്ന്, സ്വയരക്ഷയ്ക്ക് വേണ്ടിയാണ് താൻ വീഡിയോ ചിത്രീകരിച്ചതെന്നും നൗഷാദ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ആത്മഹത്യയാണെന്ന് തോന്നുന്ന വിധത്തിൽ രണ്ട് പേരെ വക വരുത്തുന്നതിനായി തയ്യാറാക്കിയ ചാർട്ടും ലാപ്‌ടോപ്പിലെ ഡിജിറ്റൽ സ്റ്റോറിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ചാർട്ടിൽ വിവരിക്കുന്നത് പ്രകാരം ഷഫീക്ക്, അജ്മൽ, നൗഷാദ് എന്നിവർ ചേർന്ന് ഹാരിസ് എന്നയാളെ കെട്ടിയിട്ട് ബന്ധിച്ച്, കാലിനടിയിൽ വെൽവെറ്റ് തുണിക്കഷ്ണം വെക്കണമെന്നും, സ്ത്രീയുടെ മൂക്ക് പൊത്തി, വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തണമെന്നും വിവരിക്കുന്നുണ്ട്. സ്ത്രീയുടെ വായിൽ തുണിയോ, നൂൽക്കഷ്ണമോ കുരുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും രൂപരേഖയിൽ പറയുന്നു. സ്ത്രീയുടെ ജഡത്തിനടുത്ത് ഹാരിസിനെ കിടത്തണമെന്നും രൂപരേഖയിൽ വിവരിക്കുന്നു. കൂട്ടാളികൾ ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഈ രൂപരേഖയിൽ നിർദ്ദേശങ്ങളുണ്ട്. ലാപ്‌ടോപ്പിൽ നിന്ന് ലഭ്യമായ ഈ വിവരങ്ങളെല്ലാം അബൂദാബി പോലീസിനും കൈമാറും.

തന്റെ മകൻ ഹാരിസ് തന്നെയെന്ന്
    

കോഴിക്കോട് സ്വദേശി കുറുപ്പൻതൊടിക ഹാരിസും (35) ഷെബിൻ അഷ്‌റഫും അബൂദാബിയിൽ ബിസിനസിൽ പങ്കാളിയായിരുന്നതായി പറയുന്നുണ്ട്. ഇടയ്ക്ക് ഹാരിസും, ഷെബിൻ അഷ്‌റഫും തമ്മിൽ തെറ്റിപ്പിരിഞ്ഞു. ഇതോടെ ഹാരിസിന്, ഷെബിൻ അഷ്‌റഫിൽ നിന്ന് ഭീഷണി നില നിന്നിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹാരിസ് നാട്ടിൽ പോലീസിന് പരാതി നൽകിയിരുന്നതായും, സ്വയരക്ഷയ്ക്ക് വേണ്ടി അയാൾ തോക്കിന് അപേക്ഷ നൽകിയതായും ഹാരിസിന്റെ ബന്ധുക്കൾ പറയുന്നു. അബൂദാബിയിലേക്ക് തിരികെ പോയ ഹാരിസ് നാട്ടിലേക്ക് വരാനിരിക്കെ, 2020 മാർച്ച് 5-ന് അവിടുത്തെ ഫഌറ്റിൽ കൈ രമ്പ് മുറിച്ച് മരണപ്പെട്ട നിലയിൽ ഇയാളുടെ ജഡം കണ്ടെത്തുകയായിരുന്നു. ഹാരിസിന്റെ മാനേജർ എറണാകുളം സ്വദേശിനിയായ യുവതിയും സമാന രീതിയിൽ മരണപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് ആത്മഹത്യയാണെന്ന നിഗമനത്തിൽ അബൂദാബി പോലീസ് കേസ് ഫയൽ ക്ലോസ് ചെയ്തു. എന്നാൽ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, ഷെബിൻഅഷ്‌റഫ് തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും ഹാരിസിന്റെ മാതാവ് സാറാബിയും, സഹോദരി ആരിഫയും തറപ്പിച്ച് പറയുന്നു. ഷെബിൻ അഷ്‌റഫിനുള്ള സ്വാധീനം വ്യക്തമായി അറിയുന്നത് കൊണ്ട് ഭയം മൂലമാണ് ഇക്കാര്യത്തിൽ പരാതിയുമായി മുന്നോട്ട് പോകാതിരുന്നത്. നാട്ടിലെത്തി വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഹാരിസ്. മരണപ്പെടുന്നതിന് തൊട്ട് മുമ്പുള്ള ദിവസവും കൂട്ടുകാരുമായി അയാൾ ഫോണിൽ വളരെ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നും, ഹാരിസ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അയാളുടെ സുഹൃത്തുക്കളും പറയുന്നു. ഈ രണ്ട് ദുരൂഹ മരണങ്ങളും ആസൂത്രിത കൊലയായിരുന്നുവെന്നും, ഷെബിന് ഇതിൽ പങ്കുണ്ടെന്നും ഇപ്പോൾ റിമാന്റിൽ കഴിയുന്ന നൗഷാദ് ചിത്രീകരിച്ച വീഡിയോവിലൂടെ വ്യക്തമാകുന്നുണ്ട്. ഈ രണ്ട് മരണങ്ങളും കൊലപാതകമാണെന്ന സൂചന ഇതിനകം വെളിപ്പെട്ട് കഴിഞ്ഞു.


ചേകനൂർ കേസിന് സമാനം
കുത്തൊഴുക്കുള്ള ചാലിയാർ പുഴയിലേയ്ക്ക് വലിച്ചെറിഞ്ഞ ഷാബാഷെരീഫിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ഇപ്പോഴും തിരച്ചിൽ നിർത്തിയിട്ടില്ല. അതേസമയം ജഡാവശിഷ്ടം കേസിൽ നിർണായകവുമാണ്. മാസങ്ങൾക്ക് മുമ്പ് ചാലിയാറിൽ നിന്ന് ഒരു തലയോട്ടി കണ്ടെത്തിയിരുന്നു. പോലീസ് ഈ തലയോട്ടി സൂക്ഷ്മ പരിശോധന നടത്തുന്നുണ്ട്. ചേകനൂർ കേസിലേത് പൊലെ, ഈ കേസിലും ജഡാവശിഷ്ടങ്ങൾ കണ്ടെത്തുക എന്നത് ദുഷ്‌ക്കരമായിരിക്കെ, ദൃക്‌സാക്ഷി മൊഴികളും, ഡിജിറ്റൽ തെളിവുകളും പോലീസിന് ആശ്വാസമാവുകയാണ്. മാത്രമല്ല സമാനമായ കേസുകളിൽ സുപ്രീംകോടതി വിധികൾ അനുകൂലവുമായിട്ടുണ്ട്. ഷൈബിൻ അഷ്‌റഫിന്റെ വീട്ടിൽ നവാസുമായി രണ്ട് ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ എബ്രാഹം, ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി കെ.എം ബിജു, നിലമ്പൂർ സി ഐ. പി വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരോടൊപ്പമായിരുന്നു തെളിവെടുപ്പ്. ഷാബാഷെരീഫിനെ തടങ്കലിൽ പാർപ്പിച്ചിരുന്ന മുറിയിൽ നിന്നും, ജഡം കൊത്തി നുറുക്കിയ ബാത്ത് റൂമിൽ നിന്നും, പുഴയിൽ വലിച്ചെറിയാൻ കൊണ്ട് പോയ കാറിൽ നിന്ന് ലഭിച്ച ഷാബാഷെരീഫിന്റെ മുടിയും ഉൾപ്പടെ, അത്യാവശ്യം വേണ്ട സുപ്രധാന തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധന കൂടാതെ, ഡി.എൻ.എ തെളിവുകളും പോലിസ് ശേഖരിച്ചിട്ടുണ്ട്. ജഡം കൊത്തി നുറുക്കിയ ബാത്ത്‌റൂമിലെ ടൈലുകൾ, ക്ലോസറ്റ് എന്നിവയെല്ലാം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കൃത്യം നടത്തിയ 2020 ഒക്‌ടോബറിന് ശേഷം ഈ വീട് പല തവണ പെയ്ന്റ് ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരു കൂട്ടം ക്രിമിനലുകൾ സംഘടിതമായി നടത്തിയ അരുംകൊലയും, അവർ നൽകുന്ന വിവരങ്ങളും അത്ര എളുപ്പം വിശ്വസിക്കാനാകുമോ.? കാരണം മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം അറിയാനാണ് കൊല നടത്തിയതെന്നാണ് ഒന്നാംകിട ക്രിമനലുകളായ ഇവർ പറയുന്നത്. ഒറ്റമൂലി രഹസ്യം ഇവർക്ക് പറഞ്ഞ് കൊടുത്തു എന്നിരിക്കട്ടെ. എങ്കിൽ ഷാബാ ഷരീഫിനെ കൊലപ്പെടുത്താതെ ഇവർ വിടുമായിരുന്നോ,,? ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് പോലീസ് തന്നെയാണ്. അവർ ഉത്തരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.
 

Latest News