Sorry, you need to enable JavaScript to visit this website.
Friday , August   12, 2022
Friday , August   12, 2022

ചുമർചിത്രകലയിലെ  'പ്രീതിസ്പർശം'

ചുമർചിത്രകല ഒരുപാട് ക്ഷമയും സൂക്ഷ്മതയും വേണ്ട കലാരൂപമാണ്. ഒരു തപസ്സുപോലെ മനസ്സും ശരീരവും തയ്യാറാക്കിവേണം ചിത്രരചന ആരംഭിക്കാൻ. പണ്ടുകാലത്ത് പ്രകൃതിദത്ത നിറങ്ങൾ കൊണ്ടാണ് ചിത്രരചന നടത്തിയിരുന്നത്. അഞ്ച് നിറങ്ങളാണ് കൂടുതലും ചുമർ ചിത്രങ്ങളിൽ ഉപയോഗിക്കുന്നത്. പച്ച, ചുവപ്പ്, കാവിമഞ്ഞ, കറുപ്പ്, വെളുപ്പ് എന്നിവയാണവ. പ്രകൃതിദത്ത നിറങ്ങളുടെ ലഭ്യതക്കുറവും ചുമരിൽനിന്നും ക്യാൻവാസിലേയ്ക്കുള്ള ചുവടുമാറ്റം കൊണ്ടും പ്രകൃതിദത്ത വർണ്ണങ്ങളിൽനിന്നും അക്രിലിക് പെയിന്റുകളാണ് ഇന്ന് കൂടുതലും ഉപയോഗിക്കുന്നത്.

 


ദ്രാവിഡ ചിത്രരചനാരീതിയുടെ പിൻതുടർച്ചയായി കേരളത്തിലും പിറവികൊണ്ട രചനാസങ്കേതമാണ് ചുമർചിത്രങ്ങൾ. പണ്ടുകാലത്ത് ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും പള്ളികളുടെയും ചുമരുകളിൽ മാത്രം കണ്ടുവന്നിരുന്ന ചുമർചിത്രങ്ങൾ ഇന്ന് ജനകീയമായിരിക്കുന്നു. വീടുകളുടെ അകത്തളങ്ങളിലും റിസോർട്ടുകളിലും ഹോട്ടലുകളിലും തുടങ്ങി പൊതു ഇടങ്ങളിൽവരെ ചുമർചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുകയാണ്. ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ ചുമർചിത്രങ്ങളെ മനസ്സിൽ ആവാഹിച്ച ഒരു പെൺകുട്ടിയുണ്ട് ഉത്തരകേരളത്തിൽ. പ്രീതി ആമി എന്ന കണ്ണൂരുകാരി ചുമർചിത്രരചനാരംഗത്ത് ദേശീയതലത്തിൽ തന്നെ അറിയപ്പെടുന്ന കലാകാരിയാണ്.
കണ്ണൂർ ജില്ലയിലെ മയ്യിൽ സ്വദേശിനിയായ പ്രീതി ശ്രീപത്മത്തിൽ പത്മനാഭൻ ആചാരിയുടെയും നൃത്താധ്യാപികയായ ശ്രീമതി ടീച്ചറുടെയും മകളാണ്. കുട്ടിക്കാലംതൊട്ടേ  ചിത്രരചനയിൽ തല്പരയായിരുന്നു പ്രീതി. ശാസ്ത്രീയമായ പഠനം ഒന്നുമില്ലെങ്കിലും കൂട്ടുകാർക്കെല്ലാം ചിത്രങ്ങൾ വരച്ചുനൽകും. ഒരിക്കൽ വടകരക്കടുത്ത ഇരിങ്ങലിലെ സർഗാലയയിലെത്തിയതാണ് വഴിത്തിരിവായത്. കേരള ആർട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജായ സർഗാലയയിലെ ഗാലറിയിൽ ഒരുക്കിയിരുന്ന ചുമർചിത്രങ്ങൾ ആ മനസ്സിനെ വല്ലാതെ ആകർഷിച്ചു. ചുമർചിത്രകലയെക്കുറിച്ച് കൂടുതലറിയാനുള്ള ആഗ്രഹമായിരുന്നു പിന്നീട്. ഗ്യാലറിയിലെ അധ്യാപകനായ നവീൻ കുമാറായിരുന്നു വഴികാട്ടി. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽ ചുമർചിത്രങ്ങൾ വരച്ചുതുടങ്ങി. നിറങ്ങളുടെ ലോകത്തേയ്ക്കുള്ള സഞ്ചാരമായിരുന്നു പിന്നീട് കണ്ടത്. ഒരു കലാകാരിയാവുക എന്നതിലുപരി ഇഷ്ടമുള്ള തൊഴിൽ ചെയ്യുക എന്നുള്ള സന്തോഷവും സംതൃപ്തിയും ഈ രംഗത്ത് നിലയുറപ്പിക്കാൻ പ്രീതിക്ക് സഹായമാവുകയായിരുന്നു.
ചിത്രകലാരംഗത്ത് നിലയുറപ്പിക്കുമ്പോഴും പഠനത്തിൽ ഒട്ടും പിറകിലായിരുന്നില്ല പ്രീതി. ഫംഗ്ഷണൽ ഇംഗഌഷിൽ ബിരുദവും ഏവിയേഷനിൽ ഡിപ്േളാമയും സ്വന്തമാക്കി. കുറച്ചുകാലം ജോലിയും നോക്കി. എന്നാൽ നിറങ്ങളുടെ മായികലോകം അവളെ മാടിവിളിക്കുകയായിരുന്നു. അതോടെ ചിത്രരചനാരംഗത്ത് നിലയുറപ്പിക്കാനായിരുന്നു പ്രീതിയുടെ തീരുമാനം.
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ വഴിയൊരുക്കിയത് ഇന്ത്യൻ റെയിൽവെ ആയിരുന്നു. ഒരു പത്രവാർത്തയിലൂടെയാണ് ഇന്ത്യൻ റെയിൽവേയും സെൻട്രൽ വിജിലൻസ് കമ്മീഷനും സംയുക്തമായി അഖിലേന്ത്യാ തലത്തിൽ പോസ്റ്റർ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നുണ്ടെന്ന് അറിയുന്നത്. അഴിമതി ഇല്ലാതാക്കി പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കുക എന്നതായിരുന്നു വിഷയം. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രം റെയിൽവേയുടെയും വിജിലൻസിന്റെയും കലണ്ടറുകളിൽ അച്ചടിക്കുമെന്നായിരുന്നു അവർ നൽകിയ വാഗ്ദാനം.
ഇന്ത്യയിലെ പൊലീസുകാർ, വക്കീലന്മാർ, മറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ, രാഷ്ടീയക്കാർ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവർ ഒത്തുചേർന്ന് കൈകോർത്തു തീരുമാനിച്ചാൽ ഇന്ത്യയെ അഴിമതിരഹിത രാജ്യമാക്കി മാറ്റാം എന്നതായിരുന്നു ഞാൻ വരച്ചത്. ഡൽഹിയിൽവച്ചായിരുന്നു മത്സരമെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വരച്ച ചിത്രം പോസ്റ്റലായി അയച്ചുകൊടുത്തു. ഏഴായിരത്തോളം ചിത്രങ്ങൾ മത്സരത്തിനുണ്ടായിരുന്നെങ്കിലും അവയിൽ ഒന്നാമതെത്തിയത് എന്റെ ചിത്രമായിരുന്നു. ഫലപ്രഖ്യാപനത്തിനുശേഷം ഇറങ്ങിയ ബുള്ളറ്റിനിൽ എന്റെ ചിത്രവും അച്ചടിച്ചുവന്നിരുന്നു. ക്യാഷ് പ്രൈസും പ്രശംസാപത്രവും അവർ അയച്ചുതന്നു. എല്ലാറ്റിലുമുപരി  റെയിൽവേയുടെയും വിജിലൻസിന്റെയും കലണ്ടറിൽ ഇടംപിടിച്ച ആദ്യത്തെ മലയാളി ചിത്രകാരിയാണ് താനെന്ന് അറിഞ്ഞപ്പോൾ സന്തോഷവും അതിലേറെ അഭിമാനവും തോന്നി. കൂടുതൽ ഉയരങ്ങളിലേയ്ക്കുള്ള കുതിക്കാനുള്ള പ്രചോദനമായിരുന്നു ഈ വിജയം. 2021 ആഗസ്റ്റ് മാസത്തിൽ ഡൽഹിയിൽ വച്ചുനടന്ന ആൾ ഇന്ത്യാ നാഷണൽ ലെവൽ ഇന്ത്യൻ ആർട്ട് മത്സരത്തിലും എന്റെ ചുമർചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.
നൂറോളം ചിത്രങ്ങൾ ഇതിനകം വരച്ചിട്ടുണ്ട്. ധ്യാനശ്‌ളോകം അടിസ്ഥാനമാക്കിയാണ് ചിത്രങ്ങളെല്ലാം വരയ്ക്കുന്നത്. വരച്ച ചിത്രങ്ങൾ മറ്റു വീടുകളിലെ ചുമരിനെ അലങ്കരിക്കുന്നതു കാണുമ്പോഴാണ് ഏറെ സന്തോഷം.
ചുമർചിത്രങ്ങളിലെ രൂപങ്ങൾക്ക് ഓരോന്നിനും ശാസ്ത്രീയമായ അളവുകോലുണ്ട്. അതനുസരിച്ചാണ് രേഖാചിത്രം തയ്യാറാക്കുന്നത്. വരയ്ക്കാനുള്ള ചുമരുകൾ ഒരുക്കലാണ് ആദ്യഘട്ടം. കുമ്മായം തേച്ചതിനുശേഷം കുമ്മായതെളി പൂശിയാണ് പ്രതലമൊരുക്കേണ്ടത്. അതിനു മുകളിലാണ് ചിത്രരചന നടത്തുക. ആദ്യമായി ബാഹ്യരേഖകൾ വരയ്ക്കുന്നു. ഇതിന് മഞ്ഞയോ ചുവപ്പോ ആണ് ഉപയോഗിക്കുന്നത്. വരച്ചുതുടങ്ങുമ്പോൾ ആദ്യമായി ആഭരണങ്ങൾക്കാണ് ചായം നൽകുന്നത്. ചായം പലതവണ മേൽക്കുമേൽ വരച്ചാണ് ചിത്രങ്ങൾ രൂപപ്പെടുത്തുന്നത്. കുത്തുകൾ ഇട്ടുകൊണ്ടുള്ള ബിന്ദുജം, ഒരേ ദിശയിൽ രേഖകളിട്ട് ചെയ്യുന്ന രേഖികം, നേരെയും കുറുകെയും വരയ്ക്കുന്ന പത്രകം തുടങ്ങിയ ഷേഡിംഗ് രീതികളാണ് ചുമർചിത്രങ്ങൾക്കുള്ളത്. നിറം കൊടുത്തുകഴഞ്ഞാൽ കറുപ്പ് രേഖകൾ കൊണ്ട് മഷിയെഴുതി ചിത്രം പൂർത്തിയാക്കുന്നു. അവസാനമായി ചിത്രത്തിലെ രൂപത്തിന്റെ കണ്ണുകൾ വരച്ചു പൂർണ്ണമാക്കുന്നു. ഇതിനെ ഉന്മീലനം അഥവാ മിഴിതുറക്കൽ എന്നാണ് പറയാറുള്ളത്. ഇത്തരത്തിൽ യഥാവിധി ചെയ്യുന്ന ചിത്രങ്ങൾ കാലങ്ങളോളം കേടുകൂടാതെ നിലനിൽക്കുന്നവയാണ്. 
പണ്ടുകാലത്ത് ഈയപുല്ലുകൾ കൊണ്ട് നിർമ്മിച്ച ബ്രഷുകൾ ആണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് വിപണിയിൽ നാച്വറൽ ബ്രഷുകളും സിന്തറ്റിക് ബ്രഷുകളും ലഭ്യമാണ്. അനുയോജ്യമായവ തിരഞ്ഞെടുത്ത് ഉപയോഗിക്കാം.
ചുമർചിത്രകല ഒരുപാട് ക്ഷമയും സൂക്ഷ്മതയും വേണ്ട കലാരൂപമാണ്. ഒരു തപസ്സുപോലെ മനസ്സും ശരീരവും തയ്യാറാക്കിവേണം ചിത്രരചന ആരംഭിക്കാൻ. പണ്ടുകാലത്ത് പ്രകൃതിദത്ത നിറങ്ങൾ കൊണ്ടാണ് ചിത്രരചന നടത്തിയിരുന്നത്. അഞ്ച് നിറങ്ങളാണ് കൂടുതലും ചുമർ ചിത്രങ്ങളിൽ ഉപയോഗിക്കുന്നത്. പച്ച, ചുവപ്പ്, കാവിമഞ്ഞ, കറുപ്പ്, വെളുപ്പ് എന്നിവയാണവ. പ്രകൃതിദത്ത നിറങ്ങളുടെ ലഭ്യതക്കുറവും ചുമരിൽനിന്നും ക്യാൻവാസിലേയ്ക്കുള്ള ചുവടുമാറ്റം കൊണ്ടും പ്രകൃതിദത്ത വർണ്ണങ്ങളിൽനിന്നും അക്രിലിക് പെയിന്റുകളാണ് ഇന്ന് കൂടുതലും ഉപയോഗിക്കുന്നത്. വില കൂടിയതും ഗുണനിലവാരമുള്ളതുമായ പെയിന്റുകളാണ് ഉപയോഗിക്കുന്നത്.
ചുമർചിത്രങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. കൂടുതലും വീടുകളിലാണ് ചിത്രങ്ങളൊരുക്കുന്നത്. ചുമരിന്റെ അളവിനനുസരിച്ച് ആവശ്യംപോലെ വരയ്ക്കുകയാണ്. ക്രിസ്ത്യൻ മ്യൂറലുകളും ചുമർചിത്രങ്ങൾക്ക് വിഷയമാകാറുണ്ട്. കൂടാതെ പ്രകൃതിദൃശ്യങ്ങളും ഒരുക്കുന്നു. ലാസ്റ്റ് സപ്പറും പൂന്തോട്ടത്തിൽ പ്രാർത്ഥനാനിരതനായിരിക്കുന്ന യേശുവുമെല്ലാം അക്കൂട്ടത്തിലുള്ളവയാണ്.
ഏറ്റവും കൂടുതൽ വരച്ച ചുമർചിത്രമേതെന്ന് ചോദിച്ചാൽ രാധാമാധവം എന്നു പറയാം. മുപ്പതോളം സ്ഥലങ്ങളിൽ രാധാമാധവം വരച്ചിട്ടുണ്ട്. രാധയും കൃഷ്ണനും പ്രകൃതിയും ചേരുന്ന പ്രണയമാണ് ചിത്രത്തിന് വിഷയമാകുന്നത്. ഗണേശചിത്രങ്ങളും ഏറെ വരച്ചിട്ടുണ്ട്. കൂടാതെ കൃഷ്ണനും ഗോപികമാരും പ്രകൃതിയും മാനും പൈക്കിടാവും മയൂരവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഗോപികാവല്ലഭം എന്ന ചിത്രവും ഒരുക്കി. യേശുക്രിസ്തു പന്ത്രണ്ടു ശിഷ്യന്മാരോടൊപ്പം ചേർന്നുള്ള ലാസ്റ്റ് സപ്പർ.. കൂടാതെ തൃശൂർ പൂരം, കേരളീയ കലകളായ കഥകളി, കളരിപ്പയറ്റ്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, നങ്ങ്യാർകൂത്ത്, വള്ളംകളി, തെയ്യം, തിറ എന്നിവയും ചിത്രങ്ങൾക്ക് വിഷയമാക്കിയിട്ടുണ്ട്.
ചുമർചിത്രങ്ങൾക്ക് വിദേശത്തും ആവശ്യക്കാരേറെയുണ്ടെന്ന് പ്രീതി പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ഓൺലൈനായാണ് കൂടുതൽ വില്പന നടക്കുന്നത്. ആർട്ടിസ്റ്റ് പ്രീതി ആമി എന്ന ഫേസ് ബുക്ക് പേജിലൂടെയും പ്രീതി ആമി എന്ന ഇൻസ്റ്റാഗ്രാമിലൂടെയുമാണ് ആവശ്യക്കാരെത്തുന്നത്.  
അമേരിക്കയിൽനിന്നും യു.കെയിൽനിന്നും ഓസ്‌ത്രേലിയയിൽനിന്നും ഗൾഫനാടുകളിൽനിന്നുമെല്ലാമുള്ളവർക്ക് കൃത്യമായി ചിത്രങ്ങളെത്തിച്ചുനൽകാനും പ്രീതിക്ക് കഴിഞ്ഞിട്ടുണ്ട്. പെയിന്റിങ്ങുകൾ ഭദ്രമായി റോൾ ചെയ്ത് പാക്ക് ചെയ്താണ് അയക്കുന്നത്.
മലയാള സാഹിത്യത്തിലെ അനശ്വര കാവ്യങ്ങൾക്ക് ചായക്കൂട്ടൊരുക്കണമെന്ന മോഹവും ഈ കലാകാരിക്കുണ്ട്. സോളോ എക്‌സിബിഷനുള്ള ഒരുക്കത്തിനിടയിലാണ് കോവിഡും ലോക് ഡൗണും വില്ലനായെത്തിയത്. പഴയതുപോലെ ഒരു എക്‌സിബിഷനുള്ള ഒരുക്കവും നടക്കുന്നുണ്ട്. ചുമർചിത്രങ്ങളെപ്പോലെ റിയലിസ്റ്റിക്, മോഡേൺ ആർട്ടുകളും നൈഫ് പെയിന്റിംഗും ചെയ്യാറുണ്ട്. എല്ലാത്തരം ചിത്രങ്ങളും നിറഞ്ഞ ഒരു ആർട്ട് ഗ്യാലറിയാണ് ഇനിയുള്ള സ്വപ്‌നം- പ്രീതി പറയുന്നു.
കണ്ണൂർ വേങ്ങാട് സ്വദേശിയും കൊച്ചിൻ റിഫൈനറീസിൽ സേഫ്റ്റി ഓഫീസറുമായ ജിജീഷ് കിഴക്കയിൽ ആണ് പ്രീതിയുടെ ഭർത്താവ്. ചിത്രരചനയിൽ മാതാപിതാക്കളോടൊപ്പം തികഞ്ഞ പിന്തുണയും പ്രോത്സാഹനവുമായി ജിജീഷ് കൂടെയുണ്ട്. ചിത്രകാരൻ കൂടിയായ ജിജീഷ് ചിത്രരചനയിലും പ്രീതിക്ക് സഹായിയാകാറുണ്ട്.

Latest News