ഭുവനേശ്വർ- പൊരുതിക്കളിച്ച ഗോകുലം കേരളയെ ഇൻജുറി ടൈം ഗോളിലൂടെ 2-1ന് കീഴടക്കി ഐ.എസ്.എൽ റണ്ണേഴ്സപ്പായ ബംഗളൂരു ഇന്ത്യൻ സൂപ്പർ കപ്പ് ക്വാർട്ടറിൽ. ദിപാന്ത ഡിക്കയുടെ ഇരട്ട ഗോൾ മികവിൽ ചർച്ചിൽ ബ്രദേഴ്സിനെ 2-1ന് തോൽപിച്ച് മോഹൻ ബഗാനും ക്വാർട്ടറിലെത്തി.
ആദ്യ പകുതയിൽ ലീഡ് നേടിയ ഗോകുലത്തെ രണ്ടാം പകുതിയിൽ നേടിയ ഗോളുകൾക്കാണ് ബംഗളൂരു തോൽപ്പിക്കുന്നത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഗോകുലം 33-ാം മിനിറ്റിൽ ഹെൻട്രി കിസ്സെകയിലൂടെ മുന്നിലെത്തി. എന്നാൽ എഴുപതാം മിനിറ്റിൽ മികു ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ ഉദാന്ത സിംഗാണ് വിജയ ഗോൾ നേടുന്നത്.
ചർച്ചിലിനെതിരെ ബഗാനും ആദ്യം പിന്നിലായ ശേഷമാണ് വിജയം കുറിച്ചത്. മുപ്പതാം മിനിറ്റിൽ വില്ലിസ് പ്ലാസയിലൂടെ ചർച്ചിൽ മുന്നിലെത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഡിക്ക പെനാൽറ്റി കിക്കിലൂടെ ബഗാനെ ഒപ്പമെത്തിച്ചു. എഴുപതാം മിനിറ്റിലായിരുന്നു ആഫ്രിക്കൻ താരത്തിന്റെ വിജയ ഗോൾ.






