Sorry, you need to enable JavaScript to visit this website.

ഫോൺ ബിൽ അടക്കാതെ ഫൈനൽ എക്‌സിറ്റ് ലഭിക്കുമോ?

ചോദ്യം: ദീർഘകാലമായി ഞാൻ മൊബൈൽ ബിൽ അടച്ചിട്ടില്ല. എനിക്ക് ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കുമോ?
ഉത്തരം: ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കണമെങ്കിൽ എല്ലാ തരത്തിലുമുള്ള കുടിശ്ശിക ബില്ലുകളും അടച്ചിരിക്കണം. ഫോൺ, വൈദ്യുതി തുടങ്ങിയ ബില്ലുകളോ മറ്റേതെങ്കിലും തരത്തിലുള്ള പിഴകളോ അവശേഷിക്കുന്നുണ്ടെങ്കിൽ ഫൈനൽ എക്‌സിററ് ലഭിക്കില്ല. എല്ലാ സാമ്പത്തിക  ബാധ്യതകളും തീർത്താൽ മാത്രമാണ് നാട്ടിലേക്കു മടങ്ങാനാവുക. 

ചോദ്യം: എന്റെ ഇഖാമ ഏഴു ദിവസം മുൻപ് കാലാവധി അവസാനിച്ചു. കാലാവധി അവസാനിക്കുന്നതിനു മുമ്പായി പുതുക്കാൻ കഴിഞ്ഞില്ല. സ്‌പോൺസർ പിഴയായി നൽകുന്നതിന് ഇപ്പോൾ ആയിരം റിയാൽ ആവശ്യപ്പെടുകയാണ്. കാലാവധി പൂർത്തിയാൽ എത്ര ദിവസം വരെ പിഴകൂടാതെ പുതുക്കാം? 
ഉത്തരം: കാലാവധി കഴിഞ്ഞ് മൂന്നു ദിവസം പിന്നിട്ടാൽ പുതുക്കുന്നതിന് പിഴ നൽകണം. മൂന്നു ദിവസത്തിനുള്ളിലാണെങ്കിൽ പിഴ വേണ്ട. നാലാം ദിവസമാണ് പുതുക്കുന്നതെങ്കിൽ 500 റിയാൽ പിഴയൊടുക്കണം. കാലാവധി കഴിഞ്ഞ് പുതുക്കുന്നത് ആദ്യ തവണയാണെങ്കിൽ പിഴ 500 റിയാൽ മതിയാകും. ഇത് രണ്ടാമതും ആവർത്തിക്കുകയാണെങ്കിൽ പിഴ ആയിരം റിയാലാവും. ഇതാണ് ജവാസാത്തിന്റെ നിയമം. 

ചോദ്യം: എന്റെ പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കാൻ ഇനി നാലു മാസമേയുള്ളൂ. അടിയന്തരമായി എനിക്ക് ഒരു മാസത്തേക്ക് നാട്ടിൽ പോകേണ്ടതുണ്ട്. എക്‌സിറ്റ് റീ എൻട്രി സാധ്യമാണോ?
ഉത്തരം: എക്‌സിറ്റ് റീ എൻട്രി ലഭിക്കാൻ പാസ്‌പോർട്ടിന് മിനിമം 90 ദിവസ കാലാവധി വേണം. അതിൽ കുറവാണെങ്കിൽ ലഭിക്കില്ല. എക്‌സിറ്റ് റീ എൻട്രി പ്രക്രിയ നടത്തുന്നതിന് ശ്രമിച്ചാലും സിസ്റ്റം സ്വീകരിക്കില്ല. 

ചോദ്യം: എനിക്ക് ഇന്റർനെറ്റ് കണക്ഷൻ ഇനത്തിൽ 2800 റിയാലിന്റെ ബിൽ കുടിശ്ശിക ഉണ്ട്. കണക്ഷൻ എന്റെ പേരിലുള്ളതായിരുന്നുവെങ്കിലും ഷെയറിംഗ് ആയിരുന്നു. ഷെയറിംഗ് വിഹിതം നൽകേണ്ടവരാരും തന്നില്ല. എനിക്ക് ഫൈനൽ എകസിറ്റ് ലഭിക്കുമോ?
ഉത്തരം: പിഴ ഇനത്തിലോ അതല്ലെങ്കിൽ സർക്കാരിന് നൽകേണ്ട മറ്റു ഫീസുകളുടെ ഇനത്തിലോ ബാധ്യതകൾ ഉണ്ടെങ്കിൽ അതു തീർക്കാതെ ഫൈനൽ എക്‌സിറ്റ് ലഭിക്കില്ല.

Latest News